അർധരാത്രിയിൽ വിശക്കുമ്പോൾ അടുക്കളയിൽ ചെന്ന് നൂഡിൽസ് ഉണ്ടാക്കി നിമിഷനേരം കൊണ്ട് വിശപ്പകറ്റുന്ന വിദ്യ നമുക്കറിയാം. എന്നാൽ ദിവസവും ഇത് പതിവാക്കുന്നത് ആരോഗ്യത്തിന്, പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് ഗുണകരമല്ലെന്നാണ് ഹൃദ്രോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

To advertise here,

രക്തസമ്മർദം, ഉറക്കത്തിന്റെ ഗുണനിലവാരം, ദഹനപ്രക്രിയ എന്നിവയെ പ്രതികൂലമായി ബാധിക്കാമെന്ന് കൊൽക്കത്തയിലെ നാരായണ ഹെൽത്ത് ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. അയൻ കാർ പറയുന്നു. നൂഡിൽസിലെ ഉയർന്ന സോഡിയം അളവാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്.

ഒരു പാക്കറ്റ് നൂഡിൽസിൽ തന്നെ 800 മുതൽ 1200 മില്ലിഗ്രാം വരെ സോഡിയം അടങ്ങിയിരിക്കാം. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ഒരു മുതിർന്ന വ്യക്തിയുടെ പ്രതിദിന സോഡിയം പരിധി 2000 മില്ലിഗ്രാമിൽ താഴെയാണ്.

അധിക സോഡിയം ശരീരത്തിൽ വെള്ളം നിലനിർത്തുകയും ഇതുകാരണം രക്തക്കുഴലുകളിലെ സമ്മർദം കൂടുകയും ഹൃദയം കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. ദീർഘകാലം ഇത് തുടരുമ്പോൾ ഉയർന്ന രക്തസമ്മർദത്തിനും ഹൃദ്രോഗങ്ങൾക്കും സാധ്യത കൂടാം.

സാധാരണയായി രാത്രി ഉറക്കസമയത്ത് രക്തസമ്മർദം കുറയുന്ന ഒരു സ്വാഭാവിക പ്രക്രിയ ശരീരത്തിലുണ്ട്. ഇത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും വിശ്രമം നൽകുന്നു. എന്നാൽ രാത്രി വൈകി സോഡിയം കൂടുതലുള്ള ഭക്ഷണം ഈ പ്രക്രിയയെ തടസപ്പെടുത്താം.
ശരീരത്തിലെ അധിക സോഡിയം നീക്കം ചെയ്യാനുള്ള പ്രധാന ചുമതല വൃക്കകൾക്കാണ്. എന്നാൽ രാത്രിയിൽ വൃക്കകളുടെ പ്രവർത്തനവേഗവും കുറവായിരിക്കും. അപ്പോൾ രാത്രിയിൽ കഴിക്കുന്ന ഉപ്പുകൂടിയ ഭക്ഷണത്തിന്റെ ദോഷഫലങ്ങൾ കൂടുതൽ നേരം ശരീരത്തിൽ നിലനിൽക്കും. രാത്രിയിൽ ഇൻസുലിൻ സെൻസിറ്റിവിറ്റിയും കുറവായതിനാൽ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള നൂഡിൽസ് കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവിൽ പെട്ടെന്നുള്ള വർധനവുണ്ടാകാം. ഒപ്പം ദഹനപ്രശ്നങ്ങളും അസ്വസ്ഥതയും ഉണ്ടായേക്കാം. മാത്രമല്ല, ഉറക്കത്തിന് ആവശ്യമായ മെലറ്റോണിൻ ഹോർമോണിന്റെ പ്രവർത്തനത്തെയും ഇത് ബാധിക്കും. അതുകാരണം ഉറക്കത്തിന്റെ ഗുണനിലവാരം കുറയാനും അടുത്ത ദിവസം ക്ഷീണം അനുഭവപ്പെടാനും സാധ്യതയുണ്ട്.
അടുത്ത ദിവസം കാണുന്ന ലക്ഷണങ്ങൾ:
രാവിലെ തലവേദന
ഉറക്കമുണർന്നശേഷവും ക്ഷീണം
രക്തസമ്മർദത്തിൽ നേരിയ വർധന
ശരീരം വീർത്തിരിക്കുന്നതുപോലെയും ഭാരവും അനുഭവപ്പെടുക

രാത്രിയിൽ ആരോഗ്യകരമായ ചില ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം
ഒരു ചെറിയ കപ്പ് പരിപ്പ് കറി (ദാൽ)
വറുത്ത മഖാന
ഒരു വാഴപ്പഴവും ഉപ്പില്ലാത്ത നട്സുകളും
മഞ്ഞൾ ചേർത്ത ചൂടുപാൽ
ഗോതമ്പ് ബ്രെഡിൽ ചെറുതായി പീനട്ട് ബട്ടർ പുരട്ടിയത്

ഇൻസ്റ്റന്റ് നൂഡിൽസ് പൂർണമായും ഉപേക്ഷിക്കണമെന്നില്ല. എന്നാൽ അത് പതിവ് രാത്രിഭക്ഷണമോ അർധരാത്രി ലഘുഭക്ഷണമോ ആകരുത്. പ്രത്യേകിച്ച് രാത്രി പത്ത് മണിക്ക് ശേഷമുള്ള ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. കഴിക്കേണ്ടി വന്നാൽ ചെറിയ അളവിൽ മാത്രം കഴിക്കുകയും, ഉപ്പും പഞ്ചസാരയും കുറഞ്ഞ വകഭേദങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi