ആമിർ ഖാൻ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നു. രണ്ടുവർഷമായി ആമിറിന്റെ പങ്കാളിയായിരുന്ന ഗൗരി സ്പ്രാറ്റാണ് വധു. ജൂലായ് 5-നായിരിക്കും വിവാഹം. ഇരുവരുടെയും കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്നും അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആമിറിന്റെ വീട്ടിൽവെച്ചായിരിക്കും ചടങ്ങുകൾ. വലിയ ആഘോഷങ്ങളോ വമ്പൻ താരങ്ങളോ ഉണ്ടാവില്ലെന്നും അറിയുന്നു. എങ്കിലും ആമിറിന്റെ അടുത്തസുഹൃത്തുക്കളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർ ചിലപ്പോൾ പങ്കെടുത്തേക്കുമെന്നുമറിയുന്നു.

To advertise here,

2024-ലാണ് ആമിറും ഗൗരിയും ഡേറ്റിങ് തുടങ്ങിയത്. ബംഗളൂരുവിൽവെച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. 25 വർഷത്തെ അടുപ്പമാണത്രെ ഇരുവരും തമ്മിലുള്ളത്. അന്നൊരു സലൂൺ ഗ്രൂപ്പിലായിരുന്നു ഗൗരി ജോലി ചെയ്തിരുന്നത്. പിന്നീട് ബംഗളൂരുവിൽവെച്ച് 2024-ൽ വീണ്ടും കണ്ടുമുട്ടുകയും അവർ പ്രണയത്തിലാവുകയുമായിരുന്നു. തന്റെ 60-ാം പിറന്നാളിന് മാധ്യമപ്രവർത്തകർക്കുമുന്നിൽ തന്റെ പങ്കാളിയെന്ന നിലയിൽ ഗൗരിയെ പരിചയപ്പെടുത്തുകയും ചെയ്തു ആമിർ.

60-ാം വയസ്സിൽ താൻ വീണ്ടും പ്രണയം കണ്ടെത്തുമെന്ന് കരുതിയിരുന്നതേയില്ലെന്നാണ് അന്ന് ആമിർ പറഞ്ഞത്. ഗൗരിയെ കണ്ടുമുട്ടിയതിൽ താൻ ഭാഗ്യവാനാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ''അവൾക്കൊപ്പമിരിക്കുമ്പോൾ എന്റെയുള്ളിൽ സമാധാനം നിറയും. ഞങ്ങളൊരുമിച്ച് ഒരുപാട് സന്തുഷ്ടരാണ്. ഇപ്പോൾ ഞാൻ പൂർണനാണെന്ന് എനിക്ക് തോന്നുന്നു''.

ഇതിനുമുമ്പ് രണ്ടുതവണ വിവാഹിതനായിട്ടുണ്ട് ആമിർ. 1986-ലായിരുന്നു റീന ദത്തയുമായുള്ള വിവാഹം. ആമിറിന് അന്ന് 21 വയസ്സേയുള്ളൂ, റീനയ്ക്ക് 19-ഉം. ആ ബന്ധത്തിൽ രണ്ടുമക്കളാണുള്ളത്, നടൻ ജുനൈദ് ഖാനും ഇറാ ഖാനും. 16 വർഷത്തിനുശേഷം റീനയും ആമിറും വിവാഹമോചിതരായി.

2005-ലാണ് സംവിധായികയും നിർമാതാവുമായ കിരൺ റാവുവിനെ ആമിർ വിവാഹം കഴിക്കുന്നത്. എന്നാൽ, 16 വർഷത്തിനുശേഷം ഇരുവരും പിരിഞ്ഞു. അതിലൊരു മകനാണുള്ളത്, ആസാദ്.

വിവാഹമോചനം നേടിയെങ്കിലും മുൻപങ്കാളികളുമായി മനോഹരമായ ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് ആമിർ. ''ഞങ്ങൾ പിരിഞ്ഞെങ്കിലും പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും നഷ്ടപ്പെട്ടിട്ടില്ല'', ആമിർ ഒരിക്കൽ പറഞ്ഞതിങ്ങനെ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi