രോ വ്യക്തിയും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതായ അടിസ്ഥാന ജീവന്‍രക്ഷാരീതിയാണ് സി പി ആര്‍ (കാര്‍ഡിയാക് പള്‍മനറി റെസസിറ്റേഷന്‍). എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് നമ്മുടെ പാഠ്യപദ്ധതിക്ക് രൂപം നല്‍കുന്നവര്‍ ഇപ്പോഴും ബോധവാന്മാരാകാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്ന എത്രയെത്ര ജീവനുകളാണ് ഈ ഒരു കാര്യത്തിലുള്ള അറിവില്ലായ്മകൊണ്ട് മാത്രം പൊലിഞ്ഞില്ലാതായിപ്പോകുന്നത്. ഹൃദയത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ എന്ന നിലയില്‍ ഈ വിഷയത്തിലെ അറിവില്ലായ്മമൂലം പൊലിഞ്ഞുപോകുന്ന അനേകം ജീവനുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരാറുണ്ട്. ഏതാനും നാളുകള്‍ക്ക് മുന്‍പും അതുപോലൊരു അവസ്ഥ വന്നു. ഇത്തവണ എന്റെ മുന്‍പിലെത്തിയത് പഴയ സഹപാഠിയും സുഹൃത്തുമായിരുന്ന രമേഷ് (ശരിയായ പേരല്ല) ആണ്.

To advertise here,

ഒന്നാം ക്ലാസ്സ് മുതല്‍ എന്റെ കൂടെ പഠിച്ചവന്‍. ഞാന്‍ മെഡിസിന്‍ സ്വപ്നം കണ്ടപ്പോള്‍ അവന്‍ പൂക്കളേയും പൂമ്പാറ്റകളേയുമൊക്കെ സ്വപ്നം കണ്ടു. തുടര്‍പഠന കാലയളവില്‍ ഞങ്ങളുടെ യാത്ര ഇരുവഴികളിലേക്ക് പിരിഞ്ഞു. അവന്‍ കൊയിലാണ്ടിയിലെ വലിയൊരു പൂക്കടയുടെ ഉടമയായി മാറി. കുഞ്ഞുന്നാളിലെ ബന്ധങ്ങളൊക്കെ കൊയിലാണ്ടിയുമായി ചേര്‍ത്ത് നിര്‍ത്തുന്നതായതിനാല്‍ ആ നാടിനോടും നാട്ടുകാരോടും വല്ലാത്തൊരു സ്നേഹവും ആത്മബന്ധവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് പഠനശേഷം ആഴ്ചയിലൊരിക്കല്‍ അവിടെയൊരു ആശുപത്രിയില്‍ 'സന്ദര്‍ശക ഡോക്ടര്‍' പദവിയുമായി എത്തിച്ചേരാനുള്ള അവസരം സ്വീകരിച്ചതും.

സ്‌കൂള്‍ ഗ്രൂപ്പും മറ്റും സജീവമായതോടെ അവന്‍ ഉള്‍പ്പെടെയുള്ള പഴയകാല സഹപാഠികളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി. പലരും വിളിക്കും. കാര്യങ്ങള്‍ അന്വേഷിക്കും, ആഘോഷങ്ങളില്‍ എല്ലാവരും ഒത്തുചേരും. പഴയ വിദ്യാലയകാലത്തിന്റെ പ്രായത്തിലേക്ക് ആ സമയങ്ങളിലൊക്കെ ഞങ്ങളറിയാതെ തന്നെ തിരിച്ച് പോവുകയും ചെയ്യും. അങ്ങനെയിരിക്കെയാണ് ഒരു ഞായറാഴ്ച ദിവസം രാവിലെ ശ്രീജിത്തിന്റെ ഫോണ്‍ വന്നത്. പള്ളിയിലേക്ക് പോകാനുളള തയ്യാറെടുപ്പിലായിരുന്നു ഞാനും ഭാര്യയും മക്കളും.

“സുദീപേ, നല്ല നെഞ്ച് വേദന. ഇവിടെ ഹോസ്പിറ്റലില്‍ കാണിച്ചപ്പോള്‍ പെട്ടെന്ന് കോഴിക്കോട്ടേക്ക് പോകാനാണ് പറഞ്ഞത്. ഞാന്‍ ഇ സി ജി വാട്സ് ആപ്പ് ചെയ്തിട്ടുണ്ട്. നീ ഒന്ന് നോക്കണേ”. വേദനയുടെ തീവ്രത അവന്റെ വാക്കുകളിലുണ്ട്.

ഇ സി ജി യില്‍ വലിയ പ്രശ്നം കാണാനുണ്ട്. ഒട്ടും സമയം പാഴാക്കാനില്ല.

“ഡാ, നീ കാറിനൊന്നും വരാന്‍ നില്‍ക്കണ്ട, എത്രയും പെട്ടെന്ന് ആംബുലന്‍സ് വിളിച്ചിങ്ങ് പോര്. ടെന്‍ഷനടിക്കേണ്ട, വേഗം വാ”.

ഭാര്യയോട് കാര്യം പറഞ്ഞു. പള്ളിയിലേക്ക് അവരെ പറഞ്ഞയച്ചു. ഞാന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് വിളിച്ച് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താന്‍ പറഞ്ഞു. അല്‍പ്പസമയം കഴിയും മുന്‍പേ അവന്റെ കോള്‍ വീണ്ടും വന്നു. അവര്‍ പകുതി വഴിയിലെത്തിയിട്ടുണ്ട്. പെട്ടെന്ന് തന്നെ ആശുപത്രിയിലേക്കെത്തുമെന്ന് പറഞ്ഞുകൊണ്ടിരിക്കെ അവന്റെ ശബ്ദം പെട്ടെന്ന് നിശ്ശബ്ദമായി. പിന്നീട് കേട്ടത് വലിയ അലറിക്കരച്ചിലാണ്, ഭാര്യയും കുട്ടികളുമാണ് കരയുന്നത്. ഫോണ്‍ മക്കളാരോ എടുത്തു.

“ഡോക്ടറെ, അച്ഛന്‍.....” അവനും കരയുകയായിരുന്നു.

എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ. മക്കളോട് പെട്ടെന്ന് സി പി ആര്‍ കൊടുക്കാന്‍ പറഞ്ഞു. പക്ഷെ അവര്‍ക്കത് അറിയുമായിരുന്നില്ല. എങ്ങനെയാണ് സി പി ആര്‍ ചെയ്യേണ്ടതെന്ന് ഫോണിലൂടെ പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ ആ സമയത്ത് അതൊന്നും മനസ്സിലാക്കാനുള്ള മാനസികാവസ്ഥ മക്കള്‍ക്കില്ലായിരുന്നു. ഞാന്‍ ജോലി ചെയ്യുന്ന ആശുപത്രിയി വരെ എത്തിച്ചേരാന്‍ കാത്തുനില്‍ക്കണ്ട, അവര്‍ എത്തിയ സ്ഥലത്ത് നിന്ന് ഏറ്റവും അരികിലുള്ള ആശുപത്രിയുടെ പേര് പറഞ്ഞുകൊടുത്തു. ഞാന്‍ അവിടെ എത്താമെന്ന് പറഞ്ഞു.

ഫോണ്‍ കട്ട് ചെയ്ത ശേഷം ആ ആശുപത്രിയിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. എമര്‍ജന്‍സി വിഭാഗത്തില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. മേജര്‍ ഹാര്‍ട്ട് അറ്റാക്കായിരുന്നു. രക്തക്കുഴലുകള്‍ അടഞ്ഞ് കിടക്കുകയും ചെയ്തിരുന്നു. അതീവഗുരുതരമായിരുന്നു അവസ്ഥ. ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാള്‍ തൊട്ട് മുന്‍പില്‍ മരണത്തിന് കീഴടങ്ങുന്ന അവസ്ഥ. ഡോക്ടര്‍ എന്ന നിലയില്‍ എന്നാല്‍ സാധിക്കുന്നതെല്ലാം ചെയ്തു. രണ്ടര മണിക്കൂറോളം ഞങ്ങള്‍ പരിശ്രമിച്ചു. പക്ഷേ ചില അവസ്ഥകളിങ്ങനെയാണ്. എത്രയൊക്കെ പരിശ്രമിച്ചാലും അനിവാര്യമായ വിധിക്ക് മുന്നില്‍ നമ്മള്‍ നിസ്സഹായരായി മാറും. യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിക്കേണ്ടതായിരുന്നില്ല. ഹൃദയാഘാതം സംഭവിച്ച നിമിഷം മുതല്‍ സി പി ആര്‍ നല്‍കിയിരുന്നെങ്കില്‍ രമേഷിന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഒപ്പമുണ്ടായിരുന്നവരില്‍ ആര്‍ക്കും തന്നെ അതെക്കുറിച്ച് അറിയുമായിരുന്നില്ല.

പരാജയം ആരുടേതാണ്? ഡോക്ടറുടേതോ, ചികിത്സയുടേതോ, വൈദ്യശാസ്ത്രത്തിന്റേതോ അല്ല, മറിച്ച് നമ്മുടെ പഠന സംവിധാനങ്ങളുടേതാണ്. എനിക്കുറപ്പുണ്ട്, പ്രിയപ്പെട്ടവന്റെയൊപ്പം അവന്റെ അവസാന നിമിഷങ്ങളില്‍ കൂടെയുണ്ടായിരുന്നവരിലാര്‍ക്കെങ്കിലും സി പി ആറില്‍ അറിവുണ്ടായിരുന്നെങ്കില്‍ അവന്‍ ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ടാകുമായിരുന്നുവെന്ന്. ഒന്നാം ക്ലാസ്സിലെ പാഠ്യപദ്ധതി മുതല്‍ സി പി ആര്‍ പഠനത്തിന്റെ ഭാഗമാക്കണം. ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ പ്രായത്തിനനുസരിച്ച് പ്രായോഗിക പരിശീലനം ലഭ്യമാക്കണം. വിദേശങ്ങളിലൊക്കെ ഈ രീതി എന്നേ നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ ഇനിയെന്നാണ് കണ്ണ് തുറക്കുക എന്നേ അറിയേണ്ടതുള്ളൂ...

എങ്ങനെയാണ് ഇത്തരം ഘട്ടങ്ങളില്‍ സി പി ആര്‍ ചെയ്യേണ്ടത്?

വളരെ അനായാസകരമായി നിര്‍വ്വഹിക്കാവുന്ന ജീവന്‍ രക്ഷാരീതിയാണ് സി പി ആര്‍. ഹൃദയസ്പന്ദനം നിലച്ചു എന്ന അവസ്ഥയിലാണെങ്കിലാണ് സി പി ആര്‍ നല്‍കേണ്ടത്. രോഗി നിരപ്പായ പ്രതലത്തിലാണ് കിടക്കുന്നത് എന്ന് ആദ്യം ഉറപ്പ് വരുത്തണം. തുടര്‍ന്ന് രോഗിയുടെ നെഞ്ചില്‍ ഇരു നിപ്പിളുകളുടേയും മധ്യത്തില്‍ മാറെല്ലിന് മുകളിലായി ഇടത് കൈപ്പത്തിയും അതിന് മുകളില്‍ വലത് കൈപ്പത്തിയും ചേര്‍ത്ത് വെക്കുക. എന്നിട്ട് കൈമുട്ടുകള്‍ മടക്കാതെ പരമാവധി ശക്തിയില്‍ താഴേക്ക് അമര്‍ത്തുക. മുതിര്‍ന്നവരില്‍ കുറഞ്ഞത് 2 ഇഞ്ച് ആഴത്തിലും (5 സെന്റിമീറ്റർ), കുഞ്ഞുങ്ങളില്‍ കുറഞ്ഞത് 1.5 ഇഞ്ച് താഴ്ചയിലേക്കും പോകണം. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഹൃദയത്തിന്റെ അറകളിലെ രക്തം പുറത്തേക്ക് പ്രവഹിക്കും. ഒരു മിനുട്ടില്‍ 100-120 തവണയെങ്കിലും ഇങ്ങനെ നിര്‍ത്താതെ അമര്‍ത്തണം. രോഗിയുടെ ഹൃദയമിടിപ്പ് പ്രത്യക്ഷപ്പെടുന്നത് വരെയോ അല്ലെങ്കില്‍ മികച്ച ഹൃദയ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയില്‍ എത്തുന്നത് വരെയോ സി പി ആര്‍ തുടരണം. നെഞ്ചില്‍ അമര്‍ത്തുന്നതതോടൊപ്പം തന്നെ വായിലേക്ക് ശക്തിയായി ഊതി കൃത്രിമ ശ്വാസോച്ഛ്വാസവും നല്‍കണം.

ഏത് അപത്ഘട്ടങ്ങളിലും ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്ന ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സി പി ആര്‍ ഉള്‍പ്പെടുത്തുന്നത് സഹായകരമാകും എന്നതില്‍ തര്‍ക്കമില്ല.