ഇഷ്ടരുചികൾ പലതിനെയും പടിക്ക് പുറത്ത് നിർത്തുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഉയർന്ന കൊളസ്ട്രോൾ. എന്നാൽ ഉയർന്ന രക്തസമ്മർദത്തിനും, പ്രമേഹത്തിനും നൽകുന്ന പരിഗണന പലരുംപൊതുവെ കൊളസ്ട്രോളിന് നൽകാറില്ല. കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ചിട്ടയായ ആഹാരശീലവും കൃത്യമായ വ്യായാമവും ആവശ്യമായതിനാലാവാം ഈ അലംഭാവം.

To advertise here,

ഉയർന്ന കൊളസ്ട്രോൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കുന്നത് അപകടങ്ങൾക്കിടയാക്കിയേക്കും.

എന്താണ് കൊളസ്‌ട്രോൾ
കോശകലകളിലും ശരീരഭിത്തികളിലും കാണുന്ന കൊഴുപ്പാണ് കൊളസ്ട്രോൾ. പല ശാരീരികപ്രവർത്തനങ്ങൾക്കും ഇത് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ കൊളസ്ട്രോ ളിന്റെ 80 ശതമാനവും കരളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിലൂടെയും ചെറിയൊരളവ് കൊളസ്ട്രോൾ ലഭിക്കുന്നു. എന്നാൽ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ ധാരാളം കൊഴുപ്പുഘടകങ്ങൾ ഉള്ളിലെത്തുകയും വേണ്ടതിലധികം കൊളസ്ട്രോൾ അടിയാൻ ഇടയൊരുക്കുകയും ചെയ്യും. ഇതാണ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.

ആർക്കും വരാം
പ്രായമേറുമ്പോൾ വരുന്ന അസുഖമായാണ് മുൻപ് കൊളസ്ട്രോളിനെ കണ്ടിരുന്നത്. ഇന്ന് സ്ഥിതിമാറി. മുപ്പതു വയസ്സുമുതലേ കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങൾ കണ്ടുവരുന്നു. പലപ്പോഴും ഒരുതരത്തിലുമുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കാതെയാണ് കൊളസ്ട്രോൾ കൂടുന്നത്. രക്തക്കുഴലിൽ ബ്ലോക്കോ മറ്റെന്തെങ്കിലും രോഗങ്ങളോ ഉണ്ടാവുമ്പോൾ മാത്രമാണ് പ്രശ്നം തിരിച്ചറിയുന്നത്. അമിതവണ്ണമുള്ളവർക്ക് മാത്രമാണ് കൊളസ്ട്രോൾ പ്രശ്നങ്ങൾ ഉണ്ടാവുക എന്ന ധാരണ തെറ്റാണ്. മെലിഞ്ഞവരിലും കൊളസ്ട്രോൾ സംബന്ധിച്ചുള്ള പ്രയാസങ്ങൾ കാണുന്നുണ്ട്. വയറിനുൾഭാഗത്ത് കൊളസ്ട്രോൾ അടിഞ്ഞുകൂടുന്ന വിസറൽ ഒബിസിറ്റി ഇന്ന് സാധാരണമാണ്.

ലിപ്പിഡ് പ്രൊഫൈൽ പരിശോധന
അമിത കൊഴുപ്പിന്റെ സാന്നിധ്യമറിയാനുള്ള രക്തപരിശോധനയാണ് ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റ്. ശരീരത്തിലുടനീളം കാണുന്ന കൊഴുപ്പുഘടകങ്ങളാണ് ലിപ്പിഡുകൾ. ആകെ കൊളസ്ട്രോളിന്റെ അളവ് കൂടാതെ കൊളസ്ട്രോൾ ഘടകങ്ങളായ എൽ.ഡി.എൽ, എച്ച്.ഡി.എൽ., വി.എൽ.ഡി.എൽ., ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവും ഈ പരിശോധനയിലൂടെ മനസ്സിലാക്കാനാകും. പന്ത്രണ്ട് മണിക്കൂർ നേരം ഭക്ഷണം കഴിക്കാതെ വേണം ലിപ്പിഡ് പ്രോഫൈൽ പരിശോധന നടത്താൻ. രോഗാണുബാധയോ മറ്റെന്തെങ്കിലും അസുഖമോ ഉള്ള സമയം പരിശോധന പാടില്ല.

45 വയസ്സാകുമ്പോഴേക്കും കൊളസ്ട്രോൾ പരിശോധന നടത്തണമെന്നാണ് അന്താരാഷ്ട്ര മാനദണ്ഡം. എന്നാൽ മാറിയ ചുറ്റുപാടിൽ 20 വയസ്സ് കഴിഞ്ഞാലുടൻ സ്‌ക്രീനിങ് തുടങ്ങുന്നതാണ് ഉചിതം. ലിപ്പിഡ് പ്രൊഫൈൽ പരിശോധനയാണ് സ്‌ക്രീനിങിൽ പ്രധാനം. പ്രത്യേകിച്ച് രോഗങ്ങളൊന്നുമില്ലാത്തവർ വർഷത്തിലൊരിക്കൽ ലിപ്പിഡ് പ്രൊഫൈൽ പരിശോധിക്കണം. പാരമ്പര്യമായി കൊളസ്ട്രോൾ ഉള്ളവർ പരിശോധനയ്ക്ക് ഒട്ടും വൈകരുത്.

ആദ്യപരിശോധനയിൽ കൊളസ്ട്രോൾ നില ഉയർന്നതായി കണ്ടാൽ ആശങ്കപ്പെടേണ്ടതില്ല. ഒരു മാസംമുതൽ മൂന്നു മാസം വരെ ഭക്ഷണവും ജീവിതശീലങ്ങളും മാറ്റിനോക്കുക. തുടർന്ന് വീണ്ടും പരിശോധിക്കുക. കുഴപ്പങ്ങളൊന്നും കാണുന്നില്ലെങ്കിൽ ഈ ജിവിതരീതിതന്നെ തുടരാം. പ്രശ്നങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തുടങ്ങാം.

മരുന്നു കഴിക്കുമ്പോൾ
സ്റ്റാറ്റിൻ വിഭാഗത്തിൽപ്പെട്ട മരുന്നുകളാണ് അമിതകൊഴുപ്പിന്റെ നിയന്ത്രണത്തിന് ഉപയോഗിക്കുന്നത്. അറ്റോർവസ്റ്റാറ്റിൻ, റൊസൂവസ്റ്റാറ്റിൻ എന്നിവയാണ് പ്രധാനപ്പെട്ട സ്റ്റാറ്റിൻ മരുന്നുകൾ. രോഗാവസ്ഥയും രോഗിയുടെ ആരോഗ്യവും കണക്കിലെടുത്താണ് മരുന്നിന്റെ ഡോസ് നിർണയിക്കുന്നത്. കൊളസ്ട്രോൾ നില ഉയർന്ന് സ്ട്രോക്കോ ഹൃദയാഘാതമോ വന്ന രോഗിക്ക് ഉയർന്ന അളവിലുള്ള സ്റ്റാറ്റിൻ മരുന്നുകൾ നൽകും. ഒരിക്കൽ ഹൃദയാഘാതം വന്നവർക്ക് അതുണ്ടാവാതെ സംരക്ഷിക്കാൻ സ്റ്റാറ്റിൻ മരുന്നുകൾ സഹായിക്കും.

എത്രകാലം
കൊളസ്‌ട്രോൾ മരുന്നുകൾ ദീർഘകാലം കഴിക്കേണ്ടവയാണ്. ജീവിതച്ചിട്ടകൾ പാലിച്ച് കൃത്യമായി മരുന്നു കഴിക്കുന്നവർക്ക് കൊളസ്ട്രോൾ നില നിയന്ത്രിക്കാൻ കഴിയും. മരുന്ന് നിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ്. ഭക്ഷണത്തിലും ജീവിതശൈലിയിലും വരുത്തുന്ന മാറ്റങ്ങൾ പ്രധാനമാണ്.

അമിതവണ്ണമുള്ളവരിൽ കൊഴുപ്പടിയാനുള്ള സാധ്യതയേറെയാണ്. പ്രമേഹരോഗികളിലും വിവിധതരത്തിലുള്ള കൊഴുപ്പിന്റെ പ്രശ്നങ്ങൾ കാണാറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നീ പ്രശ്നങ്ങളുള്ളവർ അതിനുള്ള മരുന്ന് കഴിക്കുന്നതിനൊപ്പം കൊളസ്ട്രോൾ ചികിത്സയും തേടണം. ഹൃദയാഘാതമോ സ്ട്രോക്കോ വന്നവർ രോഗം ഭേദമായാലും ചെറിയ അളവിൽ കൊളസ്ട്രോൾ മരുന്നുകൾ തുടരേണ്ടതുണ്ട്.

ആഹാരവും മരുന്നാണ്
കൊളസ്ട്രോൾ നിയന്ത്രണം മരുന്നുകൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ല. ജീവിത ശൈലീ മാറ്റങ്ങളും ഗുണപരമായ ആഹാരശീലങ്ങളും വേണ്ടതുണ്ട്. മാംസാഹാരം കുറയ്ക്കുന്നത് കൊളസ്ട്രോൾ നില നിയന്ത്രിക്കാൻ സഹായിക്കും. എണ്ണയിൽ വറുത്തതും പൊരിച്ചതുമായവ നിയന്ത്രിക്കണം. പകരം പച്ചക്കറികളും സാലഡും ഭക്ഷണത്തിന്റെ ഭാഗമാക്കണം.

  • ഒമേഗ-3 ഫാറ്റി ആസിഡ് ലഭിക്കുന്ന ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്.
  • നത്തോലി പോലെയുള്ള മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡിന്റെ സ്രോതസ്സുകളാണ്.
  • കൊഴുപ്പുനീക്കിയതും പാടനീക്കിയതുമായ പാലും കുടിക്കാം.
  • ബാർലി പോലുള്ള മുഴുധാന്യങ്ങളുടെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്.
  • വെളിച്ചെണ്ണ ഉപയോഗം ഒന്നോ രണ്ടോ ടേബിൾസ്പൂൺ എന്ന രീതിയിൽ കുറയ്ക്കാം.
  • ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ പഴവർഗങ്ങൾ നല്ലതാണ്.
  • ആപ്പിൾ, മുന്തിരി, പേരക്ക, പപ്പായ എന്നിവയിൽ അടങ്ങിയ പെപ്ടിൻ എൽ.ഡി.എൽ. കുറയ്ക്കാൻ സഹായിക്കും.
  • രാത്രിഭക്ഷണം മിതമായി കഴിക്കാം.
  • ഈറ്റിങ് ഔട്ട് നിയന്ത്രിക്കാം.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.

വ്യായാമം ശീലമാക്കാം
വ്യായാമങ്ങൾ ശീലമാക്കുന്നത് കൊളസ്ട്രോൾ നിയന്ത്രണത്തിൽ പ്രധാനമാണ്. നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് കൂട്ടാൻ വ്യായാമമാണ് ഏകവഴി. ഇത് രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയും. എല്ലാദിവസവും മുപ്പതു മുതൽ നാൽപ്പത്തിയഞ്ചുമിനിറ്റു വരെ നടക്കുന്നത് നല്ലതാണ്. ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും നടത്തം തുടരണം. നീന്തലും സൈക്ലിങ്ങുമെല്ലാം നല്ല വ്യായാമങ്ങളാണ്. കാൽമുട്ടുവേദനയുള്ളവർക്ക് ഇരുന്നുകൊണ്ടുള്ള വ്യായാമങ്ങളും ചെയ്യാം.

മുട്ട ഒഴിവാക്കണോ
ഏറ്റവും ഗുണകരമായ സമ്പൂർണമായ പ്രോട്ടീനാണ് മുട്ടയിലേത്. കൊളസ്ട്രോളിന്റെ പേരിൽ മുട്ട പൂർണമായി ഒഴിവാക്കേണ്ടതില്ല. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ മഞ്ഞക്കരുവിന്റെ ഉപയോഗം പരിമിതപ്പെടുത്തണം. 40 വയസ്സിന് മുകളിലുള്ളവർ കഴിക്കുന്ന മഞ്ഞക്കരുവിന്റെ എണ്ണം ആഴ്ചയിൽ രണ്ടായി ചുരുക്കുന്നതാണ് ഉചിതം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi