ആളുകൾക്ക് ഏറ്റവുമധികം ഗൃഹാതുരത്വം അനുഭവപ്പെടുന്ന സമയമാണ് ഉത്സവകാലം. ഇഷ്ടപ്പെട്ടവർക്കൊപ്പമുള്ള നല്ല ഓർമകൾ ഉത്സവകാലത്ത് മാനസികമായി ഏറെ സ്വാധീനം ചെലുത്തും. വിദ്യാർഥികളും യുവ പ്രൊഫഷണലുകളും കുടിയേറ്റക്കാരുമടക്കമുള്ള വലിയൊരു ശതമാനം ആളുകൾക്ക് ഉത്സവകാലത്തുപോലും കുടുംബങ്ങളിൽ നിന്ന് മാറിത്താമസിക്കേണ്ടി വരാറുണ്ട്. പലരേയും ഇത് മാനസികമായി ബാധിക്കുകയും ചെയ്യും.

ഉത്സവകാലത്ത് ഈ അകൽച്ച മാനസികാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെയെന്ന് ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ ഡോ. ഹംസ ഹുസൈൻ വിശദീകരിക്കുന്നതിങ്ങനെയാണ്. ഏകാന്തത എന്നത് ശാരീരികമായി ഒറ്റയ്ക്കാവുന്നതല്ലെന്നും, അർത്ഥവത്തായ ബന്ധങ്ങളിൽ നിന്ന് വേർപെടുന്നുവെന്ന തോന്നലാണെന്നും അദ്ദേഹം പറയുന്നു. ഒരാൾ സഹപ്രവർത്തകരാലോ സുഹൃത്തുക്കളാലോ ചുറ്റപ്പെട്ടിരിക്കുമ്പോഴും, തങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ നിന്ന് വൈകാരികമായി അകന്നുനിൽക്കുന്നതായി തോന്നുകയാണെങ്കിൽ അയാൾക്ക് ഏകാന്തത അനുഭവപ്പെടാം.

സോഷ്യൽ മീഡിയയിൽ കുടുംബ ഒത്തുകൂടലുകളുടെ ഫോട്ടോകളും വീഡിയോകളും കാണുമ്പോൾ മറ്റെല്ലാവരും സന്തോഷത്തോടെ ആഘോഷിക്കുകയാണെന്നും തനിക്ക് അത് നഷ്ടപ്പെടുന്നുവെന്നും തോന്നിയേക്കാം. ഇത് സങ്കടം, ഗൃഹാതുരത്വം, ദേഷ്യം അല്ലെങ്കിൽ ഒറ്റപ്പെടൽ എന്നിവയ്ക്ക് കാരണമാകും. ഇത് സ്വാഭാവികമായ ഒരു കാര്യമാണ്, ഉത്സവവേളയിൽ ഏകാന്തത അനുഭവപ്പെടുന്നത് ഒരു രോഗാവസ്ഥയെ സൂചിപ്പിക്കുന്നതല്ലെന്ന് ഡോ. ഹുസൈൻ പറഞ്ഞു. ഏകാന്തത തുടരുകയും ദൈനംദിന കാര്യങ്ങളെ ബാധിക്കുകയും ചെയ്യുമ്പോഴേ അത് പ്രശ്നമായി കരുതേണ്ടതുള്ളൂ.

ചില വ്യക്തികൾ സാമൂഹികമായ ഇടപെടലുകളിൽ നിന്ന് പിന്മാറി, ലഹരി ഉപയോഗമടക്കമുള്ളവയിലേക്ക് നീങ്ങാറുണ്ട്. വിഷമങ്ങൾ ഈ കാലയളവിനുശേഷവും തുടരുമ്പോൾ ഇത്തരം പ്രവണതകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഏകാന്തത കുറയ്ക്കാൻ 
ഉത്സവകാലത്ത് ഒരാൾ വീടുവിട്ടു നിൽക്കുകയാണെങ്കിലും ബന്ധങ്ങൾ നിലനിർത്തുന്നത് ഏകാന്തത കുറയ്ക്കാൻ സഹായിക്കും.

കുടുംബവുമായി വീഡിയോ കോൾ ചെയ്യുക, സുഹൃത്തുക്കളോടൊപ്പം ഭക്ഷണം പങ്കിടുക, ആഘോഷങ്ങളിൽ പങ്കെടുക്കുക, അല്ലെങ്കിൽ വ്യക്തിപരമായ പരിപാടികളുണ്ടാക്കുക എന്നിവ വൈകാരികമായ തുടർച്ച നൽകും. ഉത്സവമായതുകൊണ്ട് മാത്രം സന്തോഷത്തോടെ ഇരിക്കണമെന്ന് സ്വയം സമ്മർദ്ദം ചെലുത്താതിരിക്കേണ്ടതും പ്രധാനമാണ്. വീടുവിട്ടുനിൽക്കുന്നു എന്നതിനർത്ഥം സ്വന്തം വേരുകളുമായുള്ള ബന്ധം നഷ്ടപ്പെടുന്നു എന്നല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഏകാന്തതയെ പൂർണമായും ഇല്ലാതാക്കുകയല്ല ലക്ഷ്യം, മറിച്ച് അതിനെ അംഗീകരിക്കുക, ആളുകളുമായി ബന്ധം നിലനിർത്തുക, എവിടെയായിരുന്നാലും അർഥവത്തായ അനുഭവങ്ങൾ കെട്ടിപ്പടുക്കുക”-അദ്ദേഹം കൂട്ടിച്ചേർത്തു.

(പൊതുവായ വിവരങ്ങൾ മാത്രമാണിത്. കൃത്യമായ വിവരങ്ങൾക്ക് ആരോഗ്യവിദഗ്ധന്റെ നിർദേശം തേടുക)

കടപ്പാട്: എച്ച്ടി

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi