കരള്‍വീക്കം ഭയാനകമായ ഒരു അവസ്ഥയാണെങ്കിലും തുടക്കം മുതല്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ രക്ഷപ്പെടാം. വളരെ കാലമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യം പുറന്തള്ളാന്‍ ശരീരത്തിന് സാധിക്കാതെ വരുമ്പോള്‍ മാലിന്യം വിഷമായി മാറുന്നു. അത് കരളില്‍ അടിഞ്ഞുകൂടി ആദ്യം കരള്‍വീക്കമായും പിന്നീട് ലിവര്‍ സിറോസിസായും ഏറ്റവുമൊടുവില്‍ കാന്‍സറായും മാറുന്നു. 

ആയുര്‍വേദപഞ്ചകര്‍മ്മ ചികിത്സ ചെയ്യുന്നത് കരള്‍വീക്കത്തിന് വളരെ പ്രയോജനപ്രദമാണ്. ആദ്യംചെറിയ ശോധനപ്രക്രിയയാണ് ചെയ്യുക. അതുവഴി നമ്മുടെ ദഹനപ്രക്രിയയിലെ അപാകതകള്‍ പരിഹരിക്കാവുന്നതാണ്. വൈദ്യനിര്‍ദേശപ്രകാരം ഉചിതമായ ചികിത്സ തെരഞ്ഞെടുക്കേണ്ടതാണ്.

കരള്‍വീക്കത്തിനുപിന്നില്‍
മാനസികസമ്മര്‍ദം, അമിത മദ്യപാനം, പുകവലി, വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ, ക്രമമല്ലാത്ത ഭക്ഷണരീതി, രാത്രികാലങ്ങളിലുള്ള തൈരിന്റെ അമിത ഉപയോഗം, ഫ്രിഡ്ജില്‍ വച്ച ഭക്ഷണം കുറേ തവണ ചൂടാക്കി ഉപയോഗിക്കുന്നത്, എരിവ് അമിതമായി ഉപയോഗിക്കുന്നത്, റെഡ് മീറ്റിന്റെ അമിത ഉപയോഗം, അടിവയറ്റില്‍കൊഴുപ്പ് അടിഞ്ഞുകൂടുന്നത്...ഇതൊക്കെയാണ് പ്രധാനമായുള്ള കാരണങ്ങള്‍. 

ചില ഗൃഹവൈദ്യങ്ങള്‍

  1. പപ്പായയുടെ കുരുക്കളെടുത്ത് ചതച്ച് പിഴിഞ്ഞ് നീര് എടുക്കുക. അതില്‍ പത്തുതുള്ളി നാരങ്ങാനീര് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക.
  2. തക്കാളി നീരില്‍ ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വൈകുന്നേരം കഴിക്കുക. തക്കാളി നീര് പുതിയതായിരിക്കണം, ഫ്രിഡ്ജില്‍ എടുത്തുവച്ചത് ഉപയോഗിക്കരുത്.
  3. ഒരു ടീസ്പൂണ്‍ മാതളനീരിനൊപ്പം തുല്യഅളവില്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം.
  4. മദ്യപാനം മൂലം ഉണ്ടായ കരള്‍വീക്കത്തിന് പാവയ്ക്കയുടെ ഇലകൊണ്ടുള്ള ജ്യൂസ് നല്ലതാണ്.
  5. മദ്യപാനം മൂലമുള്ള കരള്‍ വീക്കമാണെങ്കില്‍ ചുവന്ന മുളകിന്റെ ഉപയോഗം കുറയ്ക്കണം. ഒപ്പം അച്ചാറും ശീതളപാനീയങ്ങളും ഉപേക്ഷിക്കുകയും  ഉണക്കമീനിന്റെ ഉപയോഗം കുറയ്ക്കുകയും വേണം.