ഒരുകാലത്ത് വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്ന താരമാണ് ഖുഷ്ബു. അവർക്കുവേണ്ടി ഒരു ക്ഷേത്രം വരെ ആരാധകർ നിർമിച്ചു. സർബത്ത്, സാരി, കോഫി, കോക്ടെയിൽ, ജുംക, ഇഡ്ഡലി...ഇങ്ങനെ ഖുഷ്ബുവിന്റെ പേരിൽ പലതുമിറങ്ങി. അത്രയ്ക്കായിരുന്നു അവരോടുള്ള ആരാധന.

ഒരുകാലത്ത് 99 കിലോ ആയിരുന്നു അവരുടെ ഭാരം. കഠിനമായ കാൽമുട്ട് വേദനയും മറ്റു ചില ശാരീരിക അസ്വസ്ഥതകളും ബുദ്ധിമുട്ടിച്ചു. നടക്കുമ്പോഴും ഓടുമ്പോഴും കോണിപ്പടികൾ കയറുമ്പോഴുമെല്ലാം അവർക്ക് വേദനയും അസ്വസ്ഥതയും തോന്നി. അതിനിടെ ഷൂട്ടിങ് സെറ്റിൽവെച്ച് കാൽമുട്ടിന് പരിക്കേറ്റപ്പോൾ, ശസ്ത്രക്രിയ ആവശ്യമായി വന്നു. അതുകഴിഞ്ഞപ്പോഴാണ് ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ഡോക്ടർ അവരോട് സംസാരിക്കുന്നത്. അങ്ങനെയാണ് ഭാരം കുറയ്ക്കാൻ ഖുഷ്ബു തീരുമാനിക്കുന്നതും.

ഒടുവിൽ നാലുവർഷം കൊണ്ട് അവർ കുറച്ചത് 40 കിലോ ഭാരമാണ്. ഭക്ഷണശീലങ്ങളും കൃത്യമായ വ്യായാമക്രമവും പാലിച്ചാണ് താൻ ശരീരഭാരം കുറച്ചതെന്ന് അവർ വ്യക്തമാക്കുന്നു. ''രാവിലെ ഒരു മണിക്കൂർ വ്യായാമം ചെയ്യും, വൈകുന്നേരം 45-50 മിനിറ്റ് നടക്കും. നടക്കാൻ സാധിച്ചില്ലെങ്കിൽ വ്യായാമത്തിന്റെ സമയം ഇരട്ടിയാക്കും-രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം'', അവർ പറഞ്ഞു.

ഫുഡ് സെൻസിറ്റിവിറ്റിയെക്കുറിച്ച് അറിയുന്നതിനായി ഡോക്ടറെ കണ്ടു. അപ്പോഴാണ് ഗ്ലൂട്ടനോട് തന്റെ ശരീരത്തിന് അസഹിഷ്ണുത (Gluten Intolerance) ഉണ്ടെന്ന് മനസ്സിലാക്കുന്നത്. അതോടെ ചപ്പാത്തി ഉൾപ്പെടെയുള്ള പലതും ഒഴിവാക്കി. അതേസമയത്ത് ഏറെ ഇഷ്ടമുള്ള ചില വിഭവങ്ങൾ ഒഴിവാക്കാതെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. മട്ടൺ ബിരിയാണി അവർക്കേറെ ഇഷ്ടമാണ്. കൂടുതൽ അളവിൽ കഴിക്കുന്നതിനുപകരം ഒരു ബൗൾ ബിരിയാണി എന്നതിലേക്ക് ഒതുക്കി. പരിപ്പ് വർഗ്ഗങ്ങൾ, പച്ചക്കറികൾ, മിതമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഉൾപ്പെടുത്തിയുള്ള ലളിതമായ ഉച്ചഭക്ഷണമാണ് അവരുടേത്. അമിതമായി കഴിക്കാതെ തന്നെ വയറുനിറഞ്ഞെന്ന തോന്നലുണ്ടാക്കാൻ ഇത് ഉപകരിച്ചു.

വർഷങ്ങളായുള്ള പരിക്കുകളും ശസ്ത്രക്രിയകളും കാരണം ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, അതൊന്നും തന്നെ തളർത്താൻ അനുവദിച്ചില്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ''എന്റെ കണങ്കാലുകൾക്ക് കുഴപ്പമൊന്നുമില്ല, പക്ഷേ രണ്ട് കാൽമുട്ടുകളും വല്ലാതെ മോശമായിരുന്നു''. അതിനാൽ, ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിനേക്കാൾ ഉപരിയായി, ചലനശേഷി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനുമാണ് അവർ ഈ മാറ്റത്തിന് മുൻഗണന നൽകിയത്. 'ഡബിൾ ഒക്യുപെൻസി' എന്ന തമിഴ്ചിത്രത്തിലാണ് ഖുഷ്ബു അവസാനമായി അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi