
പുരുഷന്മാരിൽ സാധാരണയായി കാണുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. പ്രധാനമായും പ്രായം കൂടിയവരിലാണ് ഇത് കൂടുതലായി കാണുന്നത്. പല പ്രോസ്റ്റേറ്റ് കാൻസറുകളും വളരെ പതുക്കെ വളരുന്നതിനാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള ചികിത്സ ആവശ്യമില്ല. രോഗത്തിന്റെ വ്യാപനം, അതിന്റെ സ്വഭാവം, രോഗിയുടെ ആരോഗ്യനില എന്നിവ വിലയിരുത്തിയാണ് ചികിത്സ തീരുമാനിക്കുന്നത്.
1. പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ പറ്റുമോ?
ആദ്യഘട്ടത്തിലെ പ്രോസ്റ്റേറ്റ് കാൻസർ പലപ്പോഴും യാതൊരു ലക്ഷണവും ഉണ്ടാക്കാറില്ല. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ കാത്തിരിക്കാതെ, അനുയോജ്യമായ പ്രായത്തിൽ പ്രോസ്‌റ്റേറ്റ്-സ്‌പെസിഫിക് ആന്റിജൻ (PSA Test) പരിശോധനയെക്കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്യുന്നതാണ് നേരത്തെ കണ്ടെത്താനുള്ള പ്രധാന മാർഗം. സംശയമുള്ളവരിൽ കൂടുതൽ പരിശോധനകൾ നടത്തി രോഗം തുടക്കത്തിലേ കണ്ടെത്താം.
2. ആദ്യഘട്ടത്തിൽ എന്തെല്ലാം ലക്ഷണങ്ങളുണ്ടാകാം?
പലർക്കും ലക്ഷണങ്ങളൊന്നുമുണ്ടാകില്ല. ചിലർക്കു മൂത്രമൊഴിക്കാൻ തുടങ്ങുമ്പോഴുള്ള ബുദ്ധിമുട്ട്, മൂത്രധാരയുടെ ശക്തി കുറയുക, രാത്രിയിൽ പലതവണ മൂത്രമൊഴിക്കുക, മൂത്രാശയം പൂർണമായി ഒഴിഞ്ഞില്ലെന്ന തോന്നൽ തുടങ്ങിയവ ഉണ്ടാകാം. അപൂർവമായി മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണാം. രോഗം അസ്ഥികളിലേക്ക് പടർന്നാൽ പുറം, അരക്കെട്ട്, തുട എന്നിവിടങ്ങളിൽ സ്ഥിരമായ വേദന ഉണ്ടാകാം.
3. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതും മൂത്രധാര കുറയുന്നതും കാൻസറിന്റെ ലക്ഷണമാണോ?
ഇവ പ്രോസ്റ്റേറ്റ് കാൻസറിൽ കാണാം. എങ്കിലും പ്രായമാകുമ്പോൾ ഉണ്ടാകുന്ന ബിനൈൻ പ്രോസ്‌റ്റേറ്റിക് ഹൈപ്പർപ്ലാസിയ എന്ന കാൻസറല്ലാത്ത പ്രോസ്‌റ്റേറ്റ് വളർച്ചയുടെ ലക്ഷണങ്ങളായിട്ടാണ് ഇത് കൂടുതലായും കണക്കാക്കപ്പെടുന്നത്. അതിനാൽ ഈ ലക്ഷണങ്ങൾ മാത്രം കണ്ട് കാൻസർ എന്ന് കരുതേണ്ടതില്ല. എന്നാൽ പുതിയതായി തുടങ്ങിയതോ ക്രമേണ കൂടുന്നതോ ആയ മൂത്രലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണണം.
4. ഏതെല്ലാം പരിശോധനകളിലൂടെയാണ് രോഗം കണ്ടെത്തുന്നത്?
പ്രോസ്‌റ്റേറ്റ്-സ്‌പെസിഫിക് ആന്റിജൻ എന്ന രക്തപരിശോധനയാണ് പ്രധാന സ്‌ക്രീനിങ് പരിശോധന. ആവശ്യമായാൽ digital rectal examination-ഉം നടത്താം. പി.എസ്.എ ഉയർന്നാൽ അതുകൊണ്ട് മാത്രം കാൻസർ സ്ഥിരീകരിക്കാനാവില്ല. ബിനൈൻ പ്രോസ്‌റ്റേറ്റിക് ഹൈപ്പർപ്ലാസിയ, പ്രോസ്‌റ്റൈറ്റിസ് തുടങ്ങിയ കാരണങ്ങളാലും പി.എസ്.എ ഉയരാം. തുടർന്ന് മൾട്ടിപാരമെട്രിക് എം.ആർ.ഐ (multiparametric MRI) പോലുള്ള സ്‌കാനുകളും ആവശ്യമായാൽ ബയോപ്‌സിയും നടത്തുന്നു. കാൻസർ സ്ഥിരീകരിക്കുന്നത് ബയോപ്‌സി വഴിയാണ്.
5. ചികിത്സകൾ എന്തെല്ലാം?
രോഗത്തിന്റെ ഘട്ടം, പി.എസ്.എ, ബയോപ്‌സിയിലെ ഗ്രേഡ്, രോഗിയുടെ പ്രായം, പൊതുആരോഗ്യം എന്നിവയെ ആശ്രയിച്ചാണ് ചികിത്സ. വളരെ കുറഞ്ഞ അപകടസാധ്യതയുള്ള ചില രോഗികളിൽ ആക്ടീവ് സർവെയ്‌ലൻസ് (active surveillance) മതിയാകാം. തുടക്കഘട്ടത്തിൽ ശസ്ത്രക്രിയയോ റേഡിയോതെറാപ്പിയോ രോഗമുക്തി ലക്ഷ്യമിട്ട് നൽകാം. കൂടുതൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ ഹോർമോൺ തെറാപ്പി പ്രധാനമാണ്. ആവശ്യമായ സാഹചര്യങ്ങളിൽ കീമോതെറാപ്പി, ഹോർമോണൽ ഡ്രഗ്‌സ്, ടാർഗറ്റഡ് തെറാപ്പി, റേഡിയോലിഗന്റ് തെറാപ്പി എന്നിവയും ഉപയോഗിക്കുന്നു.
6. ചികിത്സയ്ക്കുശേഷം സാധാരണജീവിതത്തിലേക്ക് മടങ്ങാനാകുമോ?
മിക്ക രോഗികൾക്കും സാധിക്കും. തുടക്കത്തിൽ കണ്ടെത്തിയ പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സാഫലം സാധാരണയായി വളരെ കൂടുതലാണ്. ശസ്ത്രക്രിയയ്‌ക്കോ റേഡിയേഷനോ ശേഷം ചിലരിൽ മൂത്രം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടുകളോ ലൈംഗിക പ്രവർത്തനത്തിലെ മാറ്റങ്ങളോ ഉണ്ടാകാം. ഹോർമോൺ തെറാപ്പി ലഭിക്കുന്നവരിൽ ക്ഷീണം, ശരീരത്തിൽ ഏറ്റവുമധികം ചൂടനുഭവപ്പെടുക (Hot Flashes), അസ്ഥികളുടെ ബലക്കുറവ് തുടങ്ങിയവ ഉണ്ടാകാം. മരുന്നുകൾ, പെൽവിക് ഫ്‌ളോർ വ്യായാമങ്ങൾ, റീഹാബിലിറ്റേഷൻ, സ്ഥിരമായ ഫോളോ അപ്പ് എന്നിവയിലൂടെ പല പ്രശ്‌നങ്ങളും നിയന്ത്രിക്കാനാകും.
7. ഏത് പ്രായത്തിലാണ് കൂടുതലായി കാണുന്നത്? എല്ലാവരും വർഷത്തിലൊരിക്കൽ സ്‌ക്രീനിങ് നടത്തണമോ?
50 വയസ്സിന് താഴെ പ്രോസ്റ്റേറ്റ് കാൻസർ താരതമ്യേന അപൂർവമാണ്; പ്രായം കൂടുന്തോറും സാധ്യത ഉയരുന്നു. സാധാരണ അപകടസാധ്യതയുള്ള പുരുഷന്മാർ ഏകദേശം 50 വയസ്സുമുതൽ പി.എസ്.എ സ്‌ക്രീനിങ്ങിന്റെ ഗുണദോഷങ്ങൾ ഡോക്ടറുമായി ചർച്ച ചെയ്യാം. അടുത്ത ബന്ധുവിന് ചെറുപ്പത്തിൽ പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടായിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ പാരമ്പര്യ ജനിതകമാറ്റങ്ങൾ ഉള്ളവർ 40-45 വയസ്സുമുതൽ തന്നെ ചർച്ച തുടങ്ങേണ്ടിവരും. എല്ലാവർക്കും നിർബന്ധമായും വർഷത്തിലൊരിക്കൽ പി.എസ്.എ വേണമെന്നില്ല. പി.എസ്.എ നിലയും വ്യക്തിഗത അപകടസാധ്യതയും അനുസരിച്ചാണ് ഇടവേള തീരുമാനിക്കുന്നത്.
8. പ്രത്യേക കാരണങ്ങളുണ്ടോ?
ഒരു വ്യക്തിയിൽ പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാകാനുള്ള കൃത്യമായ കാരണം പലപ്പോഴും വ്യക്തമല്ല. പ്രായം, കുടുംബചരിത്രം, BRCA1/BRCA2 പോലുള്ള പാരമ്പര്യ ജനിതകമാറ്റങ്ങൾ എന്നിവ പ്രധാന അപകടഘടകങ്ങളാണ്. കുടുംബത്തിൽ നിരവധി പേർക്ക് പ്രോസ്റ്റേറ്റ്, സ്തന, അണ്ഡാശയ കാൻസറുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ജനിറ്റിക് കൗൺസലിങ് പരിഗണിക്കാം.
9. ജീവിതശൈലി മാറ്റങ്ങളിലൂടെ തടയാനാകുമോ?
പ്രോസ്റ്റേറ്റ് കാൻസർ പൂർണമായും ജീവിതശൈലിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ തടയാൻ പറ്റുമെന്ന് ഉറപ്പില്ല. എന്നാൽ ആരോഗ്യകരമായ ഭാരം നിലനിർത്തുക, സ്ഥിരമായി വ്യായാമം ചെയ്യുക, പച്ചക്കറികളും പഴങ്ങളും മുഴുധാന്യങ്ങളും ഉൾപ്പെട്ട സമീകൃതാഹാരം കഴിക്കുക, പ്രോസസ്ഡ് മീറ്റും അമിതമായി സംസ്‌കരിച്ച ഭക്ഷണവും കുറയ്ക്കുക, പുകവലി ഒഴിവാക്കുക എന്നിവ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്. ഏതെങ്കിലും വൈറ്റമിൻ അല്ലെങ്കിൽ സപ്ലിമെന്റ് പ്രോസ്റ്റേറ്റ് കാൻസർ തടയുമെന്ന് തെളിവില്ല. സ്വന്തം പ്രായവും കുടുംബചരിത്രവും പരിഗണിച്ച് ഡോക്ടറുമായി സ്‌ക്രീനിങ്ങിനെക്കുറിച്ച് സമയോചിതമായി ചർച്ച ചെയ്യുന്നതാണ് ഏറ്റവും പ്രധാനം.
(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റാണ് ലേഖകൻ)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Prostate cancer is a slowly progressing disease mainly affecting older men. Often develops without early symptoms, though urinary difficulties may occur. Early detection is possible through PSA tests and digital rectal exams.
Published: 26 Sept 2026, 10:35 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented