ഗർഭാശയസംബന്ധമായ പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുഴകൾ അഥവാ ഫൈബ്രോയ്ഡുകൾ. ഗർഭപാത്രത്തിൽ കാണപ്പെടുന്ന കാൻസർ അല്ലാത്ത കോശവളർച്ചകളാണ് ഇവ. ഫൈബ്രോയ്ഡുകളിൽ ഭൂരിഭാഗവും അപകടകാരികളല്ല. ഇവ കാൻസർ മുഴകളായി മാറുന്നത് വളരെ അപൂർവമാണ്. 20 മുതൽ 45 വയസ്സിനിടയിലുള്ള സ്ത്രീകൾക്കിടയിൽ ഫൈബ്രോയ്ഡുകൾ വ്യാപകമായി കാണുന്നുണ്ട്.
Also Read
ഫൈബ്രോയ്ഡുകൾ പലതരം
ഗർഭാശയത്തിന്റെ ഭിത്തിക്കുള്ളിൽ കാണുന്ന മുഴകളാണ് ഇൻട്രാ മ്യൂറൽ ഫൈബ്രോയ്ഡുകൾ. ഇവ എണ്ണത്തിലും വലിപ്പത്തിലും കൂടുതലായിരിക്കുമെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. ഗർഭാശയത്തിന്റെ ഉള്ളിൽ, യൂട്ടറൈൻ കാവിറ്റിയിൽ കാണപ്പെടുന്ന മുഴകളെ സബ്മ്യുക്കോസൽ ഫൈബ്രോയ്ഡുകൾ എന്നുപറയുന്നു. ഇവ ചിലപ്പോൾ ഭ്രൂണം പറ്റിപ്പിടിച്ചുവളരേണ്ട സ്ഥലത്തായിരിക്കും. അതിനാൽ ഭ്രൂണത്തിന്റെ വളർച്ച തടസ്സപ്പെട്ടേക്കാം. വന്ധ്യതയ്ക്ക് ഇടയാക്കാവുന്ന മുഴകളാണ് ഇവ.
കാരണങ്ങൾ പലത്
ഫൈബ്രോയ്ഡുകൾ രൂപം കൊള്ളുന്നതിന് വ്യക്തമായ കാരണങ്ങൾ ഇല്ല. എങ്കിലും ജനിതകഘടകങ്ങൾ, പ്രായം, വ്യായാമക്കുറവ്, മാനസിക പിരിമുറുക്കം, പുകവലി, അമിതവണ്ണം എന്നിവയെല്ലാം ഇതിലേക്ക് നയിക്കാറുണ്ട്. സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്ട്രോൺ എന്നിവ ഇവയുടെ വളർച്ചയെ സ്വാധീനിക്കുന്നുണ്ട്. ഗർഭിണികളിൽ ഈസ്ട്രജൻ അളവ് കൂടുതലായതിനാൽ ആ സമയങ്ങളിൽ ഫൈബ്രോയ്ഡിന്റെ വലിപ്പം കൂടുന്നതായി കാണാറുണ്ട്. മുലയൂട്ടൽ കാലയളവ് കുറയുന്നതും വൈകിയുള്ള ഗർഭധാരണവും നേരത്തേ ആർത്തവം ആരംഭിക്കുന്നതുമെല്ലാം ഫൈബ്രോയ്ഡ് സാധ്യത വർധിപ്പിക്കുന്നു.
ലക്ഷണങ്ങളും പരിശോധനയും
ആർത്തവ സമയത്തെ അമിതരക്തസ്രാവം, വേദന, വയറിലെ തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈസ്ട്രജൻ ഹോർമോണിനാൽ സ്വാധീനിക്കപ്പെടുന്ന രോഗാവസ്ഥയാണ് ഇത്. എന്നാൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഇല്ലാത്തവരിലും ഇത്തരം മുഴകൾ കാണാറുണ്ട്. ക്ലിനിക്കൽ പരിശോധനയിലൂടെയും അൾട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയും ഇത് കണ്ടെത്താം. ആവശ്യമെങ്കിൽ മാത്രം എം.ആർ.ഐ. സ്‌കാനിങ് പോലുള്ളവ ചെയ്യാം.
ചികിത്സ
എല്ലാ ഫൈബ്രോയ്ഡുകൾക്കും ചികിത്സ ആവശ്യമില്ല. ശാരീരികമായി പ്രയാസം സൃഷ്ടിക്കുന്ന മുഴകൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടാം. ലക്ഷണങ്ങൾ, വ്യക്തിയുടെ പ്രായം എന്നിവ പരിഗണിച്ചാണ് ചികിത്സയുടെ സ്വഭാവം തീരുമാനിക്കുന്നത്. ഫൈബ്രോയ്ഡ് കാരണം അമിത രക്തസ്രാവം ഉണ്ടാവുകയും വിളർച്ച നേരിടുകയും ചെയ്യുന്നുണ്ടെങ്കിൽ സൂക്ഷിക്കണം.
ഹോർമോൺ അടങ്ങിയതും അല്ലാത്തതുമായ മരുന്നുകളാണ് ചികിത്സയിൽ ഉപയോഗിക്കാറുള്ളത്. സാധാരണഗതിയിൽ നോൺ ഹോർമോണൽ മരുന്നുകൾ കൊണ്ടുതന്നെ ശമനം ലഭിക്കാറുണ്ട്. ഹോർമോൺ അടങ്ങിയ മരുന്നുകൾ പ്രധാനമായി ഫൈബ്രോയ്ഡ് ചുരുങ്ങാനാണ് ഉപയോഗിക്കുന്നത്. ഗുളികരൂപത്തിലും ഇഞ്ചക്ഷനായും ഹോർമോണുകൾ ലഭ്യമാണ്.
ലേസർ, അൾട്രാസൗണ്ട് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഫൈബ്രോയ്ഡിന്റെ വലിപ്പം ചുരുക്കുന്ന രീതിയും നിലവിലുണ്ട്. ഫൈബ്രോയ്ഡിലേക്കുള്ള രക്തമൊഴുക്ക് തടയുന്ന യൂട്ടറൈൻ ആർട്ടറി എംബളൈസേഷൻ ചികിത്സയും ചിലർക്ക് വേണ്ടിവരാറുണ്ട്. ഗർഭപാത്രത്തിൽ നിന്ന് ഇത്തരം മുഴകളെ മാത്രമായി നീക്കംചെയ്യുന്ന രീതിയാണ് മയോമെക്ടമി.
ഗർഭാശയ ആരോഗ്യം നിലനിർത്താം
ഗർഭപാത്രത്തിന്റെ ആരോഗ്യം സ്ത്രീകളുടെ ആരോഗ്യത്തിൽ പ്രധാനമാണ്. അതിനാൽ ജീവിതശൈലി ആരോഗ്യകരമാക്കണം. പോഷകാഹാരങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. ജങ്ക് ഫുഡുകൾ കഴിയുന്നതും ഒഴിവാക്കണം.
ഹോർമോൺ തകരാറുകൾ ഉണ്ടെങ്കിൽ കൃത്യമായ ചികിത്സ തേടണം.
അമിതവണ്ണം ഫൈബ്രോയ്ഡുകൾക്ക് ഇടയാക്കാം. വയറിലെ കൊഴുപ്പ് കുടുന്നത് ഈസ്ട്രജൻ ഉത്പാദനം കൂട്ടുകയും മുഴകൾക്ക് കാരണമാവുകയും ചെയ്യാം. അതിനാൽ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തണം.
മാനസിക സമ്മർദം കുറയ്ക്കണം. സമ്മർദമുണ്ടാക്കുന്ന അവസരങ്ങളിൽ നിന്നും ആളുകളിൽ നിന്നും ഒഴിഞ്ഞുനിൽക്കാം. യഥാസമയം കൃത്യമായ വൈദ്യപരിശോധനകൾ നടത്തണം. ആവശ്യത്തിന് വെള്ളം കുടിക്കുകയും ലൈംഗികശുചിത്വം പാലിക്കുകയും വേണം.
ദിവസവും അരമണിക്കൂറെങ്കിലും എന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങളിൽ ഏർപ്പെടണം. നടത്തം, സൈക്ലിങ്, വെയ്റ്റ് ട്രെയിനിങ് എന്നിവ ഗുണംചെയ്യും. ശാരീരികമായ പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വ്യായാമം ചെയ്യാവൂ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Uterine fibroids are non-cancerous growths common in women aged 20 to 45., Symptoms include heavy menstrual bleeding, pain, and abdominal bloating., Diagnosis is done via clinical examination and ultrasound scanning., Treatments range from medications and laser techniques to myomectomy., Healthy lifestyle, exercise, and weight management help maintain uterine health.
Published: 20 Oct 2026, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented