
Photo: Shutterstock
ദീപാവലിയെന്നാല് മധുരമുള്ള ഓര്മ്മകള് കൂടിയാണ്. പല നിറങ്ങളിലുള്ള പേടകളും ബര്ഫിയുമൊക്കെ നിറച്ച, സമ്മാനപ്പൊതികള് കടകളില് നിരന്നിരിക്കുന്നത് കാണാന് തന്നെ എന്തൊരു ചേലാണ്. നെയ്യിന്റെയും ഖോയയുടെയും മണമുള്ള ആ മധുരപ്പെട്ടി സമ്മാനമായി കിട്ടുമ്പോള് വര്ണ്ണമയമായ മധുരങ്ങളില് ഏത് ആദ്യം കഴിക്കണമെന്നറിയാതെ അന്തിച്ചുനില്ക്കാറില്ലേ. ഈ ദീപാവലിക്ക് വിളക്കുകള് തെളിയിക്കുമ്പോള്, എല്ലാ തിന്മകളെയും അകറ്റുന്ന നന്മയുടെ വെളിച്ചം നമ്മുടെ മനസ്സിലും ജീവിതത്തിലും എന്നും നിലനില്ക്കട്ടെ എന്നാശംസിക്കുന്നു.
കേസര് പേട
ചേരുവകള്:
മാവ- ഒന്നര കപ്പ്
പാല്പ്പൊടി - അരക്കപ്പ്
പഞ്ചസാര - ഒരു കപ്പ്
ഏലയ്ക്ക - നാലെണ്ണം
കുങ്കുമപ്പൂ- അര ടീസ്പൂണ്
പാല് - ഒരു ടേബിള് സ്പൂണ്
നെയ്യ് - ഒരു ടേബിള് സ്പൂണ്
തയ്യാറാക്കുന്നവിധം: ഏലയ്ക്കയും പഞ്ചസാരയും കൂടി പൊടിച്ചുവയ്ക്കുക. ചൂടു പാലില് കുങ്കുമപ്പൂ ഇട്ട് വയ്ക്കുക. ഇനി പാനില് നെയ്യ് ചൂടാക്കി, മാവ ചേര്ത്ത് ഇടത്തരം തീയില് വെച്ച് ഇളക്കുക. ഇതിലേക്ക് പാല്പ്പൊടിയും ചേര്ത്ത് യോജിപ്പിക്കുക. രണ്ടുമൂന്ന് മിനിറ്റിനുശേഷം മാവയുടെ നിറം മാറി, പാത്രത്തില് നിന്ന് വിട്ടുവരുമ്പോള് തീയില് നിന്ന് മാറ്റി, ആറാന് വയ്ക്കുക. മാവ ആറിയതിനുശേഷം പൊടിച്ച പഞ്ചസാര-ഏലയ്ക്ക കൂട്ടും, കുങ്കുമപ്പൂ-പാല് മിശ്രിതവും ചേര്ത്ത് കൈ കൊണ്ടു നന്നായി യോജിപ്പിക്കുക. ഒന്നുകൂടി മൂടി വെച്ച്, അരമണിക്കൂറിനുശേഷം പേടയുടെ ആകൃതിയില് ഷേപ്പ് ചെയ്യുക.
പനീര് മാല്പുവ
ചേരുവകള്:
പനീര് - ഒരു കപ്പ്
മൈദ - ഒരു കപ്പ്
റവ - അരക്കപ്പ്
പാല് - ഒന്നര കപ്പ്
ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂണ്
പഞ്ചസാര - ഒരു കപ്പ്
പിസ്ത - രണ്ട് ടേബിള് സ്പൂണ്
കുങ്കുമപ്പൂ- ഒരുനുള്ള്
ഉപ്പ്, എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പനീര്, മൈദ, റവ, രണ്ട് ടേബിള് സ്പൂണ് പഞ്ചസാര, ഏലയ്ക്ക പൊടിച്ചത് എന്നിവയും പാലും ചേര്ത്ത് മിക്സിയില് അടിച്ചെടുക്കുക. ഇഡ്ഡലി മാവിനേക്കാള് അല്പംകൂടി കട്ടിയായ ബാറ്ററായിരിക്കണം. ഇതിലേക്ക് അല്പം മാത്രം ഉപ്പ് ചേര്ത്ത് ഇളക്കി അര മണിക്കൂര് മാറ്റിവയ്ക്കുക. ഒരു കപ്പ് വെള്ളത്തിലേക്ക് പഞ്ചസാരയിട്ട് തിളപ്പിക്കുക. ശേഷം കുങ്കുമപ്പൂ ചേര്ക്കുക. തിളച്ച് ഒന്നു വറ്റി, കയ്യില് ഒട്ടുന്ന പരുവം ആവുമ്പോള് തീ അണയ്ക്കാം. ഫ്രൈ പാനില് ഒരുകപ്പോളം സൺഫ്ളവർ ഓയില് ഒഴിച്ച് ചൂടാക്കി, തയ്യാറാക്കിയ ബാറ്ററില് നിന്ന് ഒരു തവി എണ്ണയിലേക്ക് കോരിയൊഴിക്കുക. ഒരുവശം ഇളം ബ്രൗണ് നിറം ആവുമ്പോള് മറിച്ചിട്ട് മൊരിയിച്ചെടുക്കുക. ശേഷം ഇത് പഞ്ചസാര പാനിയിലേക്കിടുക. രണ്ട് മിനിറ്റിനുശേഷം പാനിയില് നിന്ന് സെര്വിങ് പ്ലേറ്റിലേക്ക് മാറ്റാം. ഇങ്ങനെ മുഴുവന് മാവും ഉണ്ടാക്കിയെടുക്കുക. പിസ്ത പൊടിച്ചതും തൂവി, റബഡിയോടൊപ്പം വിളമ്പാം.
പാന് ലഡ്ഡു
ചേരുവകള്:
വെറ്റില - ആറെണ്ണം
ഡെസിക്കേറ്റഡ് കോക്കനട്ട് - ഒന്നര കപ്പ്
കണ്ടന്സ്ഡ് മില്ക്ക് - അര ടിന്
ഗുല്ക്കണ്ട് - മൂന്ന് ടേബിള് സ്പൂണ്
ടൂട്ടി ഫ്രൂട്ടി - രണ്ട് ടേബിള് സ്പൂണ്
ഏലയ്ക്ക - മൂന്ന്
കാഷ്യുനട്ട് - ഒരു ടേബിള് സ്പൂണ്
ബദാം - ഒരു ടേബിള് സ്പൂണ്
പിസ്ത - ഒരു ടേബിള് സ്പൂണ്
ഗ്രീന് ഫുഡ് കളര് - മൂന്നു തുള്ളി
തയ്യാറാക്കുന്നവിധം: മിക്സി ജാറില് എല്ലാ നട്ട്സും ഏലയ്ക്കയും ചേര്ത്ത് തരിതരിയായി ക്രഷ് ചെയ്ത് വയ്ക്കുക. ഗുല്ക്കണ്ടിലേക്ക് ഈ ക്രഷ് ചെയ്ത നട്ട്സും ടൂട്ടി ഫ്രൂട്ടിയും ചേര്ത്ത് യോജിപ്പിച്ച് ഫില്ലിങ് തയ്യാറാക്കാം. ഇനി മിക്സി ജാറില് വെറ്റിലയും കണ്ടന്സ്ഡ് മില്ക്കും ചേര്ത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഗ്രീന് ഫുഡ് കളറും ചേര്ത്ത് യോജിപ്പിക്കുക. ഈ കൂട്ടിലേക്ക് ഡെസിക്കേറ്റഡ് കോക്കനട്ട് ചേര്ത്ത് കൈ കൊണ്ടു നന്നായി യോജിപ്പിക്കുക. ഈ കൂട്ടില് നിന്ന് ഓരോ ഉരുളയെടുത്തു ഒന്നു ചെറുതായി പരത്തി, അകത്ത് ഗുല്ക്കണ്ട് ഫില്ലിങ് വെച്ച് വീണ്ടും ഉരുട്ടി ലഡ്ഡു ആകൃതിയിലാക്കുക. ശേഷം ഡെസികേറ്റഡ് കോക്കനട്ടില് ഒന്ന് റോള് ചെയ്ത് വിളമ്പാം.
കൂടുതല് ഫീച്ചറുകള് വായിക്കാന് ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില് അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sweeten your Diwali with homemade delights
Published: 19 Oct 2025, 10:47 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented