നവരാത്രി ആഘോഷങ്ങൾ രാജ്യമെമ്പാടും തുടങ്ങിക്കഴിഞ്ഞു. വിരുന്നുസത്കാരങ്ങളൊരുക്കിയും മറ്റും അവർ ആഘോഷങ്ങൾക്ക് മധുരം കൂട്ടുന്നു. വീട്ടിലുള്ള ചില ചേരുവകൾ ചേർത്ത് നവരാത്രി മധുരങ്ങൾ തയ്യാറാക്കിയാലോ?

ബ്രെഡ് കൊണ്ട് ഹൽവയും ഗുലാബ് ജാമുനുമുണ്ടാക്കാം. അഞ്ച് കഷണം ബ്രെഡ് നന്നായി പൊടിച്ചെടുക്കുക. മിക്‌സിയിലിട്ടോ കൈകൊണ്ടോ നുറുക്കിയെടുത്താൽ മതി. പാനിൽ രണ്ടു സ്പൂൺ നെയ്യൊഴിച്ച് ചൂടാവുമ്പോൾ, ബ്രെഡ് പൊടിച്ചത് ചേർത്ത് നന്നായി റോസ്റ്റ് ചെയ്യുക. അതിലേക്ക് അരക്കപ്പ് പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുതീയിൽ വേവിക്കുക. തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. മിശ്രിതം നന്നായി കട്ടിയായി, പാത്രത്തിന്റെ വശങ്ങളിൽനിന്ന് വിട്ടുവരുന്ന പരുവമാകുന്നതുവരെ ഇളക്കണം. ശേഷം ഏലക്ക പൊടിച്ചതും ആൽമണ്ട്, കശുവണ്ടി എന്നിവ നുറുക്കി റോസ്റ്റ് ചെയ്തതും ചേർക്കണം. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

ബ്രെഡിൽനിന്ന് ഗുലാബ് ജാമുനും വളരെയെളുപ്പത്തിൽ തയ്യാറാക്കാം. അഞ്ച് ബ്രെഡ് കഷണങ്ങൾ എടുക്കുക. അരിക് മുറിച്ചുമാറ്റി, മിക്‌സിയിലിട്ട് പൊടിച്ചെടുക്കാം. അതിലേക്ക് ഒരു സ്പൂൺ പാൽപ്പൊടിയും ഒരു സ്പൂൺ ക്രീമും അൽപം ചെറുചൂടുപാലും ചേർത്ത് യോജിപ്പിക്കുക. എന്നിട്ട് ഗുലാബ് ജാമുന്റെ വലുപ്പത്തിൽ ഉരുട്ടിയെടുക്കാം. ഇത് ചൂടായ നെയ്യിലിട്ട് മിതമായ തീയിൽ ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ വറുത്തുകോരുക. ഇത് പഞ്ചസാരപ്പാനിയിലിട്ടുവെക്കാം.

ബാക്കിയുള്ള ലഡ്ഡുവിൽനിന്ന് പുതിയൊരു മധുരപലഹാരമുണ്ടാക്കിയാലോ? ലഡ്ഡു കൈകൊണ്ട് നന്നായി പൊടിക്കുക. ഒരു ഗ്ലാസിൽ ആദ്യം ലഡു നുറുക്കിയത് ഒരു ലെയറായി നിരത്തുക. അതിനുമുകളിൽ ക്രീം അല്ലെങ്കിൽ സ്വീറ്റ് യോഗർട്ട് ഒഴിക്കുക. ഗ്ലാസ് നിറയുന്നതുവരെ ഇതാവർത്തിക്കുക. വ്യത്യസ്തമായ ഒരു ഡെസേർട്ട് റെഡി.

വീട്ടിൽ ബർഫിയോ പേടയോ ബാക്കിയുണ്ടോ? അതൊന്ന് കൈകൊണ്ട് പൊടിക്കുക. ഒരു പാനിൽ പാൽ തിളയ്ക്കുമ്പോൾ, അതിലേക്ക് പൊടിച്ചുവെച്ചവ ചേർത്ത് ഇളക്കുക. ചെറുതായി തിളച്ചുവരുമ്പോൾ സാബൂനരി ചേർക്കാം. വ്യത്യസ്തമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മധുരമാണിത്.

ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ വേവിച്ചത് ബാക്കിയായോ? എങ്കിൽ രുചികരമായൊരു വിഭവമുണ്ടാക്കാം. ഉരുളക്കിഴങ്ങ് അല്ലെങ്കിൽ മധുരക്കിഴങ്ങ് നന്നായി ഉടച്ചെടുക്കുക. ഇനി രണ്ട് ടേബിൾസ്പൂൺ നെയ്യ് ചൂടാകുമ്പോൾ അതിലേക്ക് കിഴങ്ങ് ഇടുക (രണ്ടുകപ്പ് കിഴങ്ങ് എടുക്കാം). എന്നിട്ട് ഗോൾഡൻബ്രൗൺ നിറമാകുന്നതുവരെ ഇളക്കിയെടുക്കുക. അതിലേക്ക് രണ്ട് സ്പൂൺ പഞ്ചസാരയും ഏലക്കയും ചേർത്തിളക്കാം. മധുരം ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം. പാകമാകുമ്പോൾ അടുപ്പിൽനിന്നിറക്കാം. മുകളിൽ കശുവണ്ടി, ആൽമണ്ട് എന്നിവ നുറുക്കിയതിട്ട് അലങ്കരിക്കാം. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi