ഇന്ത്യൻ കളിപ്പാട്ടങ്ങളുടെ ജൻമഭൂമി. കർണാടകയിലെ ചന്നപട്ടണത്തിന് പറയാൻ കളിക്കോപ്പുകളുടെ കഥകൾ മാത്രം.ആ ദേശത്തിന്റെ ചരിത്രവും വർത്തമാനവും തേടി ഈ യാത്ര

മൈസൂരിന്റെ മണ്ണ് കടന്ന് ദേശീയ പാതയിലൂടെ മുന്നോട്ട് പോവുമ്പോൾ ടിപ്പുസുൽത്താനെ ഓർക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. സുൽത്താൻ തന്റെ പടയോട്ടങ്ങൾ തുടങ്ങിവെച്ചത് ഈ ദേശത്തുനിന്നാണ്. ബാംഗ്ലൂരിലേക്കുള്ള വഴിയിൽ ശ്രീരംഗപട്ടണത്തിന്റെ ചരിത്രവീഥികളിലെങ്ങും ആ ഓർമക്കഥകൾ വീണുകിടക്കുന്നുണ്ടെങ്കിലും രാജാവിന്റെ മറ്റൊരു ഭ്രമമാണ് ഈ യാത്രയിൽ ശരിക്കും ഓർത്തുപോയത്. മൈസൂർ കൊട്ടാരത്തിൽനിന്ന് പല പല യുദ്ധങ്ങൾക്ക് തേരോടിക്കുമ്പോഴും ടിപ്പുവിന്റെ മനസ്സുനിറയെ കളിപ്പാട്ടങ്ങളോടൊരു ഭ്രമം ഉണ്ടായിരുന്നുവത്രേ! അതുകൊണ്ടാണ് പേർഷ്യയിലെ മാന്ത്രികരായ കലാകാരൻമാരെ കളിപ്പാട്ടമുണ്ടാക്കാനായി രാജാവ് ഇങ്ങോട്ട് ക്ഷണിച്ചുകൊണ്ടുവന്നത്. മൈസൂരിൽനിന്ന് എൺപത് കിലോമീറ്റർ അകലെ ചന്നപട്ടണത്താണ് അവരെ താമസിപ്പിച്ചത്. ഈ പേർഷ്യൻ കലാകാരൻമാരുടെ കരവിരുത് കണ്ടുപഠിച്ച ചന്നപട്ടണക്കാർ വൈകാതെ ഇന്ത്യൻ കളിപ്പാട്ടനിർമാണത്തിന്റെ ഉസ്താദുമാരായി എന്നത് ചരിത്രം. അവരെ കാണാനും ചന്നപട്ടണത്തെ കളിപ്പാട്ടങ്ങളുടെ കലവറ തുറക്കാനുമാണ് ഈ യാത്ര.
മാണ്ഡ്യയുടെ പഞ്ചസാര അറകളുടെയും രാമനഗരയുടെ പട്ടുനൂലിഴകൾ നെയ്യുന്ന തെരുവുകളുടെയും ഇടയിലാണ് കളിപ്പാട്ടങ്ങളുമായി വരവേൽക്കുന്ന ചന്നപട്ടണയെന്ന ചെറുനഗരം. കന്നടയിൽ ഇത് ഗൊംബേഗള ഊരു (കളിപ്പാട്ടങ്ങളുടെ നഗരം). എങ്ങും പല നിറത്തിലും രൂപത്തിലുമുള്ള കളിക്കോപ്പുകൾ. പാതയോരത്തെങ്ങും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളേക്കാൾ കൂടുതലുള്ളതും കളിപ്പാട്ടക്കടകൾ. പഴക്കവും പാരമ്പര്യവും തനിമയും വിളിച്ചോതുന്നു അവരുടെ പരസ്യപ്പലകകൾ. ഓരോ കളിക്കോപ്പിന്റെയും മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയാൽ കാണാം അവ പ്രസരിപ്പിക്കുന്ന അനേകം വികാരങ്ങളുടെ രേഖാചിത്രങ്ങൾ. നെടുകയോ കുറുങ്ങനെയോ ഉള്ള വര കൊണ്ട് പ്രണയവും വിരഹവും സ്‌നേഹവും ദേഷ്യവും കൊത്തിവെച്ച രൂപങ്ങളാണ് ഈ കടകളുടെ അകത്തളങ്ങളിലെങ്ങും. ഞങ്ങളെ ചന്നപട്ടണത്തെ അസംഖ്യം കളിപ്പാട്ടങ്ങൾക്കിടയിൽ കളിക്കാൻ വിട്ട് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് പൊടിപറത്തിക്കൊണ്ട് ബാംഗ്ലൂരിലേക്ക് പറന്നുപോയി.
കളിപ്പാട്ട നഗരം
മൈസൂർ-ബാംഗ്ലൂർ ദേശീയപാതയിൽ അഞ്ചുകിലോമീറ്റർ ദൂരത്തോളം പരന്നുകിടക്കുകയാണ് കളിപ്പാട്ടകടകൾ. പൊയ്ക്കാൽ കുതിരകളും ഊഞ്ഞാലുകളുമെല്ലാം പുറത്തേക്ക് തല നീട്ടി വഴിപോക്കരെ ആകർഷിക്കുമ്പോൾ അകത്തെ തട്ടുകളിൽ മനുഷ്യന്റെയും ദൈവത്തിന്റെയും രൂപങ്ങൾ ശാന്തതയോടെ കാഴ്ചക്കാരെ തേടുന്നുണ്ട്. ദേശീയ പാതയോരത്ത് മാത്രമായി നാൽപത്തിയഞ്ച് കടകളുണ്ടെന്ന് പറഞ്ഞാണ് മീനാക്ഷി ഹാൻഡിക്രാഫ്റ്റ് എംപോറിയത്തിലെ സെയിൽസ്മാൻ മുസാഫിർ സ്വീകരിച്ചത്. കൂട്ടത്തിൽ ഏറ്റവും പഴക്കമുള്ള കടകളിലൊന്നാണ് തങ്ങളുടേതെന്ന് അവരുടെ പരസ്യപ്പലക അവകാശപ്പെടുന്നുണ്ട്.
പക്ഷികളും പാവകളും താക്കോലുകളും പാത്രങ്ങളുമെല്ലാം പൊടിതട്ടി വെക്കുന്നതിനിടയിൽ ദൂരെ കൊമ്പുപൊക്കിനിൽക്കുന്ന ആനകളെ നോക്കി മുസാഫിർ ഒരു തമാശ പറഞ്ഞു. 'ദേ, ഇത് മാത്രം നിങ്ങളുടെ കേരളത്തിൽനിന്ന് വന്നതാണ്. ബാക്കിയെല്ലാം ചന്നപട്ടണത്തുണ്ടാക്കുന്നതും...' കരിവീരൻമാർ അത് കേട്ട് ഒന്ന് കൂടെ തലപ്പൊക്കം കൂടിയ പോലെ നിന്നു. ചന്നപട്ടണത്തെ കളിപ്പാട്ടങ്ങളെല്ലാം മരത്തിൽ കൊത്തിയ ബൊമ്മകളാണ്. നാലും അഞ്ചും ഇഞ്ച് മാത്രം വലിപ്പമുള്ള രൂപങ്ങൾ. അവയ്ക്കിടയിൽ രാജാക്കൻമാരുണ്ട്, പ്രജകളും വാദ്യമേളക്കാരും കുഴലൂത്തുകാരുമുണ്ട്. ഇതെല്ലാം തേടി വരുന്നവർ കൂടുതൽ വൈവിധ്യമുള്ള രൂപങ്ങൾ അന്വേഷിച്ചാൽ അവർക്ക് നൽകാൻ വേണ്ടിയാണ് മറ്റ് ദേശങ്ങളിലെ ഉത്പന്നങ്ങളും ഇവർ സൂക്ഷിച്ചുവെക്കുന്നത്. അങ്ങനെയാണ് കേരളത്തിന്റെ കരിവീരൻമാരും കൂട്ടത്തിൽ ഇടംപിടിച്ചത്.
മുമ്പ് തേക്കിലും വീട്ടിയിലുമെല്ലാം ഉണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോൾ കൂടുതലും ഐവറി വുഡിലാണ് കളിപ്പാട്ടനിർമാണം. മലയാളത്തിൽ ദന്തപ്പാല എന്ന് വിളിക്കുന്ന മരം. 'മറ്റ് മരങ്ങൾക്കെല്ലാം വില കൂടിപ്പോയി. ഐവറി വുഡ് ആണെങ്കിൽ കർണാടകത്തിൽ ഇഷ്ടംപോലെ കിട്ടാനുമുണ്ട്. വളരെ സോഫ്റ്റുമാണ്. രണ്ടിഞ്ചിലും മൂന്നിഞ്ചിലുമൊക്കെയാണല്ലോ കളിപ്പാട്ടമുണ്ടാക്കുന്നത്. അതിൽ സൂക്ഷ്മതയോടെ പണി ചെയ്യണമെങ്കിൽ മരത്തിന് വളരെ പ്രാധാന്യമുണ്ട്.' ശ്രീടോയ്‌സ് സിറ്റി എന്ന സ്വന്തം കളിപ്പാട്ടനിർമാണ സ്ഥാപനം നടത്തുന്ന ഈശ്വർരാജ് കളിപ്പാട്ടങ്ങളുടെ ഉള്ളുകള്ളികളിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി. അദ്ദേഹത്തെ കണ്ടാൽ തന്നെ അറിയാം ഒന്നാന്തരമൊരു ഭക്തനാണെന്ന്. ഭക്തി ദൈവത്തിൽ മാത്രമല്ല കളിപ്പാട്ടത്തിലുമുണ്ടെന്ന് തെളിയിച്ചു അദ്ദേഹത്തിന്റെ ജീവിതകഥ.
'ഞാൻ ജനിച്ചുവീണതേ കളിപ്പാട്ടങ്ങളുടെ ഇടയിലേക്കാണ്. അച്ഛൻ കളിപ്പാട്ടമുണ്ടാക്കുന്ന സ്ഥാപനം നടത്തിയിരുന്നു. ആ കാലത്ത് കൂടുതലും പേപ്പർവെയിറ്റ്, പിൻ കുഷ്യൻ, പെൻ ഹോൾഡർ തുടങ്ങിയ ചെറിയ സാധനങ്ങളൊക്കെയാണ് ഉണ്ടാക്കിയത്. അച്ഛന്റെ കാലശേഷം സ്ഥാപനം എന്റേതായി. ഇപ്പോൾ ഇവിടെ ഉണ്ടാക്കാത്ത കളിപ്പാട്ടങ്ങളൊന്നുമില്ല. ആയിരത്തിലധികം മോഡലുകളുണ്ട്. നിങ്ങൾ പറയുന്ന ഏത് രൂപവും കളിപ്പാട്ടമാക്കാം...'
ഈശ്വർരാജിന്റെ ഈ ഉറപ്പ് അദ്ദേഹത്തിന്റെ കളിപ്പാട്ട ആരാധനയിൽനിന്ന് തന്നെ ഉണ്ടായതാണ്. ഇതൊരു വെറും വാക്ക് അല്ലെന്ന് ഈ വീടിനകത്തുള്ള കളിപ്പാട്ടക്കലവറ തെളിയിക്കുന്നുണ്ട്. പച്ചയും മഞ്ഞയും ചുവപ്പുമെല്ലാം വാരിയണിഞ്ഞ സ്ത്രീ-പുരുഷ രൂപങ്ങൾ. രാജസദസ്സുകളും പുരാണ മുഹുർത്തങ്ങളുമെല്ലാം വിരിയുന്ന ശിൽപങ്ങൾ. കണ്ണെടുക്കാൻ തോന്നില്ല, ഈ വർണ വിസ്മയങ്ങൾക്ക് മുന്നിൽനിൽക്കുമ്പോൾ.
പണ്ട് അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ ബരാക് ഒബാമ ചന്നപട്ടണത്തെ കളിപ്പാട്ടങ്ങൾ കൊണ്ടുപോയിരുന്നു. അതിനുശേഷം അമേരിക്കക്കാർക്കും ഇവിടുത്തെ കളിപ്പാട്ടങ്ങളോട് വല്ലാത്ത ഇഷ്ടമുണ്ടെന്നാണ് കേൾവി. ഇന്ത്യയിലേക്ക് ചൈനീസ് കളിപ്പാട്ടങ്ങളുടെ അധിനിവേശം തുടങ്ങിയപ്പോഴും ചന്നപട്ടണത്തെ കളിപ്പാട്ടങ്ങൾ പിടിച്ചുനിന്നത് അതിന്റെ പാരമ്പര്യംകൊണ്ടുതന്നെയാണ്. വില കുറഞ്ഞ പ്ലാസ്റ്റിക്കിൽ അല്ല ഈ കളിപ്പാട്ടങ്ങളുണ്ടാക്കുന്നത്, വിലയുള്ള മരങ്ങളിലാണ്. ഇതിനുമുകളിൽ തികച്ചും പ്രകൃതിദത്തമായ ചായം പൂശുന്നു. ഇലകളിൽനിന്നും മരക്കറയിൽനിന്നുമൊക്കെയുണ്ടാക്കുന്ന സ്വാഭാവികമായ നിറങ്ങളാണ് കളിപ്പാട്ടങ്ങൾക്ക് അഴക് പകരുന്നത്. അതുകൊണ്ടുതന്നെ അഞ്ചോ ആറോ നിറങ്ങളിലേ ചന്നപട്ടണത്തെ കളിപ്പാട്ടങ്ങൾ കാണാൻ പറ്റൂ. സിങ്കിന്റെയും ലെഡിന്റെയുമൊക്കെ അംശമുണ്ടാവുന്നതുകൊണ്ടുതന്നെ വിദേശ കളിപ്പാട്ടങ്ങൾ ഉപയോഗിക്കുമ്പോൾ കുട്ടികൾ സൂക്ഷിക്കണമെന്ന് പറയുമ്പോൾ ഇവിടുത്തെ കളിപ്പാട്ടങ്ങൾ നിഷ്‌കളങ്കമായി ചിരിക്കും. അവ കുട്ടികളോട് പറയാറുണ്ട്, ദേ, ഞങ്ങളുണ്ട് കൂട്ടിന് എന്ന്...
ഗ്രാമത്തിലെ കളികൾ
ചന്നപട്ടണത്തെ ഒരുപാട് വീടുകളിൽ കളിപ്പാട്ടമുണ്ടാക്കുന്നുണ്ട്. ഒരുകാലത്ത് ഇതിന് ചുറ്റുമുള്ള പല ഗ്രാമങ്ങളിലെയും പ്രധാന വരുമാനമാർഗം തന്നെ അതായിരുന്നു. അത്തരം ഗ്രാമങ്ങളിലൊന്നാണ് സുനഗുഡ. നിരനിരയായ വീടുകളും നീണ്ടുകിടക്കുന്ന വെളിമ്പറമ്പുകളും കൈതപ്പാടങ്ങളും നിറഞ്ഞ ഗ്രാമം. ഇവിടുത്തെ മുപ്പതുശതമാനം വീടുകളിലും കളിപ്പാട്ടമുണ്ടാക്കിയിരുന്നു. നീലസുന്ദര, കൊങ്കന്നൂർ, എലങ്കേരി തുടങ്ങിയ ഗ്രാമങ്ങളുടെയും പ്രധാന വരുമാന മാർഗം കളിപ്പാട്ടം തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ സാഹചര്യം മാറിയിരിക്കുന്നു. 'കളിപ്പാട്ടങ്ങൾക്ക് ഉത്പാദന ചെലവ് കൂടി. കോവിഡ് കാലത്ത് വിൽപനയും കുറഞ്ഞു, ഉത്പാദനവും. ഇപ്പോൾ പലരും മറ്റ് പല തൊഴിലുകൾ തേടിപ്പോവുകയാണ്', സുനഗുഡയിലെ താമസക്കാരനും ചന്നപട്ടണം നഗരയോരത്ത് ചെറിയ മെഷീനിൽ കളിപ്പാട്ടം കൊത്തിയെടുക്കുകയും ചെയ്യുന്ന സയ്യിദ് ബഷീർ പറഞ്ഞു. മുപ്പത് വർഷമായി അദ്ദേഹം കളിപ്പാട്ടമുണ്ടാക്കുന്നുണ്ട്. ഈ ദേശത്തിന്റെ ഓരോ മാറ്റങ്ങളും കൺമുന്നിൽ കാണുന്നൊരാൾ. ഇപ്പോൾ മെഷീനിലാണ് ബഷീർ കളിപ്പാട്ടം നിർമിക്കുന്നത്. പലതരം പാവകൾ അദ്ദേഹത്തിന് മുന്നിൽ നിറംകാത്ത് കിടക്കുന്നു. ഓരോ രൂപത്തെയും എടുത്ത് തലോടി ഒന്ന് കൂടെ മിനുസം വരുത്തി അദ്ദേഹം ചോദിച്ചു.' ഇങ്ങനെ പോയാൽ വരുന്ന പത്തുവർഷത്തിലധികം ഇവിടുത്തെ കളിപ്പാട്ടങ്ങളുണ്ടാവുമോ?' ഭയവും ഉദ്വേഗവും കലർന്ന സംശയം. ഭാവിയുടെ മാറ്റങ്ങൾ കാലത്തിനും, ബഷീറിനെ അദ്ദേഹത്തിന്റെ തൊഴിലിനും വിട്ട് സുനഗുഡയിലൂടെ നടന്നു. ഇപ്പോൾ ഇവിടുത്തെ ഗ്രാമവാസികളിൽ മിക്കവരും കൃഷിയിലും കെട്ടിട നിർമാണ ജോലികളിലും വ്യാപൃതരാണ്. എലങ്കേരിയിലും കളിപ്പാട്ടം ഉണ്ടാക്കുന്നവർ ഒന്നോ രണ്ടോ പേരായി ചുരുങ്ങിയിരിക്കുന്നുവെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു. എങ്ങും പഴമയുടെ നിഴലുകൾ മാത്രം ബാക്കിയാവുന്നു.
ചന്നപട്ടണത്തെ കളിപ്പാട്ട മേഖലയ്ക്ക് ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ കാണണമെങ്കിൽ ഇവിടുത്തെ വ്യവസായ പാർക്കിൽ ചെല്ലണം. ഭാരത് ആർട്‌സ് ആൻഡ് ക്രാഫ്റ്റ് പോലെ നിരവധി നിർമാണ സ്ഥാപനങ്ങൾ ഇതിനകത്തുണ്ട്. മിക്കതിലും സ്ത്രീകളാണ് കളിപ്പാട്ടമുണ്ടാക്കുന്നതും അതിന് നേതൃത്വം കൊടുക്കുന്നതും. ഭാരത് ക്രാഫ്റ്റ്‌സിന്റെ അകത്ത് കയറിയപ്പോൾ മെഷീനുകളുടെ മുരൾച്ച. മിക്കതിന്റെയും മുന്നിൽ തൊഴിലാളികൾ ചെറിയ മരത്തടികൾ ചീന്തിയും രാകിമിനുക്കിയും തിരക്കിലാണ്. 'ഐവറി,തേക്ക്, റബ്ബർ തുടങ്ങിയവ കൊണ്ടെല്ലാം ഇവിടെ കളിപ്പാട്ടമുണ്ടാക്കുന്നുണ്ട്. ഇപ്പോൾ കൂടുതലും ഐവറിയാണ് ഉപയോഗിക്കുന്നത്. ബാക്കിയെല്ലാത്തിനും ചെലവ് കൂടുതലാണ്. ഇവിടെ അടുത്ത പ്രദേശത്തുനിന്നു തന്നെ ഈ മരം കിട്ടും. ഇവ വെട്ടിയിട്ട് മൂന്നുനാല് മാസം വരെ ഉണങ്ങാനിടും. എന്നിട്ട് ആവശ്യത്തിനനുസരിച്ച് വലിപ്പമുള്ള കഷ്ണങ്ങളാക്കി എടുത്ത് കളിപ്പാട്ടമുണ്ടാക്കും.' പ്രൊഡക്ഷൻ മാനേജരായ ദക്ഷിത ഫാക്ടറിയുടെ പ്രവർത്തനം വിശദീകരിച്ചു.
ചന്നപട്ടണം നഗരത്തിന്റെ ഓരത്തുള്ള ചെറിയൊരു വീട്ടിലാണ് ഇവിടെ നിന്നുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾക്ക് നിറം കൊടുക്കുന്ന യൂണിറ്റ്. താഴത്തെ നിലയിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കട. ഇടുങ്ങിയ കോണിപ്പടി കയറി മുകളിൽ ചെന്നപ്പോൾ കുറെ സ്ത്രീകൾ ഇരുന്ന് പാവകൾക്ക് നിറം നൽകുന്നു. ഇവിടെ വെജിറ്റബിൾ നിറങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് പറഞ്ഞു യൂണിറ്റിന്റെ മേൽനോട്ടക്കാരി അക്ഷിത. കൈയിലൊരു ബ്രഷും മുന്നിൽ കറങ്ങുന്ന ഒരു മെഷീനും. അതിലിരുന്ന് ഓരോ കളിപ്പാട്ടവും അവർക്ക് മുന്നിലിരുന്ന് മുഖത്ത് ഛായമിടുന്നു. ചിലതിനെ ഒന്ന് കൂടെ മയപ്പെടുത്തുന്നുണ്ട്. കളിപ്പാട്ടങ്ങൾ ചിരിക്കണോ കരയണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവരുടെ വിരലുകളാണ്. ചായത്തിന്റെ വര ഒന്ന് നീണ്ടാൽ ചിരിയും ഇത്തിരി കുറുകിയാൽ കരച്ചിലും വിരിയുന്നത് കൗതുകമുള്ള കാഴ്ചതന്നെ.
ദൈവത്തിന്റെ സമ്മാനമായി ഇവിടുത്തുകാർ കാണുന്നൊരു ചെടിയുണ്ട്. നമ്മുടെ നാട്ടിലെ തഴ. അതിന്റെ ഇലകളിൽനിന്നാണ് ഈ പ്രകൃതിദത്തമായ ചായക്കൂട്ടുകൾ വിരിയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് ഇത് ശേഖരിച്ചുകൊണ്ടുവന്ന് സംസ്‌കരിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ഈ നിറമുണ്ടാക്കുന്നത് അത്യാവശ്യം ചെലവേറിയതായിരിക്കുന്നു. തൊഴിലാളികൾക്ക് ഓരോ കളിപ്പാട്ടവും ഒരു കുഞ്ഞ് ജനിക്കുന്ന പോലെയാണ്. കുഞ്ഞ് ആദ്യ ചുവട് വെക്കുന്നത് പോലെ ഈ കളിപ്പാട്ടങ്ങൾ തൊഴിലാളിയുടെ കൈയിൽനിന്ന് വിൽപന ശാലകളിലെ തട്ടുകളിൽ ഇടംനേടും. ഒടുവിൽ കാഴ്ചക്കാരുടെ വിരൽത്തുമ്പ് പിടിച്ച് ഓരോ കളിപ്പാട്ടവും ദേശാന്തര യാത്രകൾക്ക് ഒരുങ്ങുമ്പോൾ നിങ്ങൾക്ക് സങ്കടം തോന്നാറുണ്ടോ എന്ന് ചോദിച്ചപ്പോൾ തൊഴിലാളിയായ ശിവ് ശങ്കർ ഒന്ന് ചിരിച്ചു. നിർവികാരമായ ഒരു മന്ദഹാസം.
വൈകുന്നേരം കളിപ്പാട്ടങ്ങൾക്കിടയിലൂടെ നടന്നുനടന്നാണ് ഒരു കോവിലിന്റെ മുറ്റത്ത് ചെന്നെത്തിയത്. കല്ലിൽ കൊത്തിയ കവിതപോലെയുള്ള അപരമേയ സ്വാമി ടെമ്പിൾ. ഇവിടുത്തെ മുറ്റത്തുമുണ്ട് കുറെ കളിപ്പാട്ടക്കടകൾ. അതിനുചുറ്റും കൗതുകത്തോടെ നോക്കിനിൽക്കുന്നത് കുട്ടികളായിരുന്നില്ല, അമ്പലത്തിൽ തൊഴാൻ വന്ന ദമ്പതികളാണ്. ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ സന്താന സൗഭാഗ്യമുണ്ടാവുമെന്നാണ് വിശ്വാസം. മുറ്റത്തെ കൽത്തൂണുകൾക്കിടയിലൂടെ കൈയിൽ പുഷ്പമാലകളുമായി ഭഗവാന് മുന്നിലേക്ക് നീങ്ങുന്നവർ. പലരും പ്രാർത്ഥനകൾ കഴിഞ്ഞ് തിരികെ പോവുമ്പോൾ കുറെ കളിപ്പാട്ടങ്ങൾ വാങ്ങുന്നുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞിന് തൊട്ടിൽ കെട്ടുമ്പോൾ അതിന് അരികിൽ തൂക്കാൻ കരുതി വെക്കുന്നതാവും, ഒരു ശുഭപ്രതീക്ഷയോടെ...
എട്ടുമണിക്കാണ് തിരികെപ്പോവാനുള്ള ബസ് ചന്നപട്ടണത്തെത്തിയത്. അതിലേക്ക് കയറുമ്പോഴും കണ്ടു, റോഡരികിലെ കളിപ്പാട്ടക്കടയിലൊരു രൂപം. നിലാവിൽ കൈയിലൊരു വീണയും കൈയിലേന്തി നിൽക്കുന്ന വാദ്യക്കാർ. അതിന്റെ ചുണ്ടിൽ വിരിയുന്ന താളത്തിലുമുണ്ടെന്ന് തോന്നുന്നു, കലകൾക്കുവേണ്ടി ചെവിയോർത്ത പഴയ രാജാവിനുവേണ്ടിയുള്ളൊരു ഈണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explores Channapatna, the historic toy town of Karnataka introduced by Tipu Sultan. Highlights the traditional craftsmanship using ivory wood and natural vegetable dyes. Examines the current challenges faced by local artisans and manufacturing units
Published: 12 Oct 2026, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented