പണ്ടുപണ്ട് ദൂരെ ഒരു വലിയ കായലിന് നടുക്ക് മനോഹരമായ ഒരു ദ്വീപുണ്ടായിരുന്നു. നിറയെ സുന്ദരന്മാരും സുന്ദരികളുമുള്ള ഒരു കൊച്ചുഗ്രാമം. കൃഷിചെയ്തും ചുറ്റോടുചുറ്റുമുള്ള കായലില്‍നിന്ന് മീന്‍പിടിച്ചും കക്കവാരിയുമൊക്കെയായിരുന്നു അവിടത്തുകാരുടെ ജീവിതം. മിത്തുകളുടെയും വിശ്വാസങ്ങളുടെയും ഒരായിരം കഥകള്‍ പറയുന്ന സര്‍പ്പക്കാവുകളും അമ്പലങ്ങളും വര്‍ഷത്തില്‍ പകുതിനാളുകളിലുമുള്ള ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെക്കൊണ്ട് സമൃദ്ധമായ ഒരു ദ്വീപുഗ്രാമം. അങ്ങനെയൊരു ഗ്രാമമുണ്ട്. അതും കൊച്ചി നഗരത്തില്‍നിന്ന് കണ്ണെത്തുംദൂരത്ത്. അതാണ്, പെരുമ്പളം.

പാലായില്‍നിന്ന് പുലര്‍ച്ചെ ആരംഭിച്ച യാത്ര വൈക്കത്തെത്തുമ്പോള്‍ ആദ്യ ജങ്കാര്‍ പുറപ്പെടാനായൊരുങ്ങുകയായിരുന്നു. വൈക്കത്തെ ചരിത്രപ്രാധാന്യമുള്ള (വൈക്കം സത്യാഗ്രഹവുമായും മഹാത്മാഗാന്ധിയുടെ വരവുമായും ബന്ധപ്പെട്ട), തിരുവിതാംകൂറിന്റെ ചിഹ്നം പതിച്ച പഴയ ബോട്ടുജെട്ടിയോട് വിടപറഞ്ഞ് തവണക്കടവിലേക്ക് നീങ്ങി. ' തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ജങ്കാര്‍യാത്ര ഓര്‍മയില്ലേ? അതാണ്, എന്റെയും റൂട്ട്. തവണക്കടവില്‍നിന്ന് അരൂക്കുറ്റിവഴി അരൂര്‍ക്കുള്ള വഴിയിലാണ് പാണാവണ്ണിഗ്രാമം.

എറണാകുളത്തുനിന്ന് വന്ന ആര്യയും ഞാനും പാണാവള്ളിയില്‍വെച്ചാണ് കണ്ടുമുട്ടിയത്. പെരുമ്പളം കവല' എന്നുകൂടി ഈ സ്ഥലത്തിന് പേരുണ്ട്. അങ്ങനെ, ഞങ്ങള്‍ പെരുമ്പളം ദ്വീപിലേക്ക് പുറപ്പെടുകയായി. കാറില്‍ പോകണോ ബോട്ടില്‍ പോകണോ എന്നാലോചിച്ചുനില്‍ക്കുമ്പോള്‍ ഒരു ജങ്കാര്‍ പെരുമ്പളത്തേക്ക് പോയി. അടുത്ത ജങ്കാറിന് പോകാമെന്നുവെച്ചാല്‍, ഒരുമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടിവരും. പിന്നെ ബോട്ടുജെട്ടിയിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ബോട്ട് ഞങ്ങളെ കാത്തുനില്‍ക്കുകയായിരുന്നെന്ന് തോന്നി. അധികം തിരക്കില്ലാത്ത ബോട്ടില്‍ സീറ്റ് പിടിച്ചു. കാഴ്ചകളുടെ മാമാങ്കം ഇവിടെ തുടങ്ങുകയായി. സൂര്യന്‍ കടുത്തുവരുന്നതേയുള്ളൂ. ചുറ്റോടുചുറ്റും വേമ്പനാട്ടുകായലിന്റെ നീലപ്പ്. അക്കരെ കായലിലേക്കെത്തിനോക്കി സ്വാഗതം ചെയ്യുമ്പോലെ നില്‍ക്കുന്ന തെങ്ങിന്‍കൂട്ടങ്ങളുടെ പച്ചപ്പ്! ആറുരൂപയാണ് പെരുമ്പളത്തേക്ക് ബോട്ട് ചാര്‍ജ്. ഓരോ ഇരുപതുമിനിറ്റിലും പാണാവള്ളിയില്‍നിന്ന് പെരുമ്പളത്തേക്ക് ബോട്ട് സര്‍വീസുണ്ട്. ഒരുമണിക്കൂറിടവിട്ട് ജങ്കാറും.

ആലപ്പുഴ ജില്ലയുടെ ഭാഗമാണ്, പെരുമ്പളം ദ്വീപെങ്കിലും ഭൂമിശാസ്ത്രപരമായി കൊച്ചി നഗരത്തോടാണ് ദ്വീപിന് കൂടുതലടുപ്പം. ഒരു ചെറിയ ഭൂപ്രദേശത്ത് ഇത്രയേറെ കാവുകളും ക്ഷേത്രങ്ങളും! അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ചുറ്റിലും. പെരുമ്പളം ഗ്രാമത്തില്‍ ആദ്യമെത്തിയത് കളരിക്കല്‍ കാവിലാണ്. കാവെന്ന് പറയുമ്പോള്‍ മനസ്സിലോടിയെത്തുന്നത് വൃക്ഷങ്ങള്‍ നിറഞ്ഞ്, വള്ളിക്കെട്ടുകള്‍ ചേര്‍ന്ന പച്ചപ്പും നിശ്ശബ്ദതയുമെല്ലാമായിരിക്കുമല്ലോ? 'ആരണ്യകം' സിനിമയില്‍ നായിക പാടിനടക്കുമ്പോലെ, ഒളിച്ചിരിക്കാനും കഥപറയാനും ഒരുക്കിവെച്ചപോലത്തെ വള്ളിക്കുടിലുകള്‍. പിന്നെ, പ്രകൃതിയോട് അക്ഷരാര്‍ഥത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന പ്രതിഷ്ഠകളും. അങ്ങനെയാണ്, ഈ കാവ്. 'നിന്റെ പാദരക്ഷകള്‍ അഴിക്കുക, നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധമാണ്' എന്ന ബൈബിള്‍ വചനം മനസ്സില്‍ നിറഞ്ഞു. സംസാരംകൊണ്ടോ സ്പര്‍ശനംകൊണ്ടോ കാവിനെ കളങ്കപ്പെടുത്താതെ, പ്രകൃതിയോടുള്ള ദീപ്തമായ പ്രാര്‍ഥന നിറഞ്ഞ മനസ്സോടെ, അവിടെനിന്ന് അടുത്ത കാഴ്ചയിലേക്ക് ചുവടുവെച്ചു.


നിരവധിയായുള്ള സര്‍പ്പക്കാവുകളിലും ക്ഷേത്രങ്ങളിലും ഒന്നുമാത്രമാണ് പഞ്ചായത്തോഫീസിന് സമീപമുള്ള കളരിക്കല്‍ കാവ്. ചൊവ്വോടത്ത് കുടുംബവകയാണിത്. കാവിനോട് ചേര്‍ന്നുതന്നെയുള്ള ചൊവ്വോടത്ത് തറവാട്ടിലെ ഇപ്പോഴത്തെ ഉടമസ്ഥനായ അഭിലാഷിന്റെ വീട്ടിലുമുണ്ട് കാഴ്ചകളുടെ വിസ്മയങ്ങള്‍! മനോഹരമായ നാലുകെട്ടും പുരയിടവും അതിനോട് ചേര്‍ന്ന് വിശാലമായ പുല്‍ക്കൃഷിയും പശുവളര്‍ത്തലുമെല്ലാം ഇവിടെ കാണാം. ഗ്രാമം ചുറ്റിക്കാണാന്‍ കുതിരവണ്ടിസവാരിക്കും അവസരമുണ്ട്. രണ്ട് മുറികളോടുകൂടിയ ഗസ്റ്റ് ഹൗസിനെ ഓര്‍മപ്പെടുത്തുന്ന പഴയകാല പടിപ്പുരയുടെ തിരുശേഷിപ്പ് ഇപ്പോഴുമുണ്ടിവിടെ.

സര്‍പ്പക്കാവുകളിലും ക്ഷേത്രങ്ങളിലുമെല്ലാം വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളും തിരു ഉത്സവങ്ങളും സമയാസമയങ്ങളില്‍ അരങ്ങേറുന്നു. സര്‍പ്പം തുള്ളല്‍, ഭസ്മക്കളം, ഗന്ധര്‍വന്‍കളം തുടങ്ങി കാവുകളുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്. മാര്‍ച്ചില്‍ നടത്തപ്പെടുന്ന അരയുകുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവമാണ് ഏറ്റവും പ്രധാനപ്പെട്ടത്. വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായതുകൊണ്ടാവാം കരനാഥന്‍ എന്നാണ് ശ്രീകൃഷ്ണ ഭഗവാന്റെ ഇവിടത്തെ വിളിപ്പേര്. ദ്വീപിന്റെ വടക്ക്-പടിഞ്ഞാറ് മൂലയില്‍ പുന്നക്കാടുകള്‍ അതിരുതീര്‍ക്കുന്ന പേരണ്ടൂര്‍-കിടയില്‍ (പട്ടേകാട്) ദേവീക്ഷേത്രത്തിലാണ് ഞങ്ങള്‍ പിന്നീട് എത്തിയത്. പൂരമാണ് അവിടത്തെ പ്രത്യേകത. ഈ രണ്ട് ക്ഷേത്രങ്ങളില്‍ ഒന്ന് വടക്കുപടിഞ്ഞാറെ മൂലയില്‍ കായലില്‍നിന്ന് കേവലം 10 മീറ്റര്‍ മാത്രം അകലത്തില്‍ സ്ഥിതിചെയ്യുന്ന കാര്‍ത്യായനിക്ഷേത്രം. ഈ ക്ഷേത്രമതിലിനകത്ത് ഒരു കിണറുണ്ട്. അതിലെ വെള്ളത്തിന് ഉപ്പുരസമേയില്ല, ഒന്നാന്തരം ശുദ്ധജലം! തൊട്ടപ്പുറത്ത് കായലില്‍നിന്ന് 10 മുതല്‍ 100 മീറ്റര്‍വരെ അകലത്തിലുള്ള കുളങ്ങളിലെ വെള്ളം ഉപ്പ് കലര്‍ന്നതായിരിക്കെയാണീ അതിശയം!

placeholder
അമ്പലമുറ്റത്തോട് ചേര്‍ന്നുനില്‍ക്കുന്ന പുന്നക്കാടും കായലില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വിളക്കുമരവും നോട്ടംകൊണ്ട് തൊടാവുന്ന അകലത്തില്‍ നില്‍ക്കുന്ന എറണാകുളത്തെ അംബരചുംബികളായ ഫ്‌ളാറ്റ് സമുച്ചയങ്ങളും നയനമനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുക.  പെരുമ്പളം തനി നാടന്‍ കാര്‍ഷിക ഗ്രാമമാണ്. മണ്ഡരി, കേരകര്‍ഷകരെ ഭാഗികമായി ചതിച്ചപ്പോള്‍ തോറ്റുപി•ാറാതെ പെരുമ്പളത്തെ കൃഷിപ്പെരുമ പുറംലോകം അറിഞ്ഞത് ശ്രീകുമാര്‍ എന്ന കര്‍ഷകനിലൂടെയാണ്. 'വൈദ്യര്‍ ടേണ്‍ഡ് അഗ്രിക്കള്‍ച്ചറിസ്റ്റ്'എന്ന് ശ്രീകുമാറിനെ വിളിക്കാം. പാരമ്പര്യ വൈദ്യ കുടുംബത്തില്‍നിന്ന് സ്വന്തം കൃഷിയിടവും പാട്ടത്തിന് എടുത്ത സ്ഥലവും കൂട്ടി പന്ത്രണ്ട് ഏക്കറോളം സ്ഥലത്ത് വിശാലമാണ് ശ്രീകുമാറിന്റെ കൃഷിലോകം. പച്ചക്കറികള്‍ക്കും പൂക്കൃഷിക്കുമൊപ്പം ഷമാം, ബട്ടര്‍നട്ട്, തണ്ണിമത്തന്‍, പപ്പായ അങ്ങനെ ഒരുപാട് കാര്‍ഷിക ഇനങ്ങള്‍. ജീവിതത്തില്‍ ആദ്യമായി ബട്ടര്‍നട്ട് കണ്ടതിവിടെയാണ്.  ഉച്ചയായപ്പോഴേക്കും വിശന്നുതുടങ്ങി. ഭക്ഷണം കഴിക്കാന്‍ ചെറിയ നാട്ടുകടകളാണ് ദ്വീപില്‍ ഏറെയുള്ളത്. കുടുംബശ്രീയുടെ ജനകീയ ഹോട്ടലും സജീവമാണ്. വിശപ്പുകൂടിയതുകൊണ്ടാണോ എന്നറിയില്ല ഗംഭീര രുചിയായിരുന്നു ഊണിന്! മീനും കക്കയിറച്ചിയുമൊക്കെ കൂട്ടിയുള്ള നാടന്‍ ഊണ് കഴിക്കാന്‍ ഒരു വരവുകൂടി വരേണ്ടിവരുമെന്ന് ചുരുക്കം.  തെങ്ങ് മുഖ്യവിളയായിരുന്നകാലത്ത് ആലപ്പുഴ ജില്ലയിലെ ഒന്നാംകിട കയര്‍ നിര്‍മാണ കേന്ദ്രങ്ങളായിരുന്നു ഇവിടത്തെ കയര്‍ സൊസൈറ്റികള്‍. ഇന്നവ അടച്ചുപൂട്ടി. എങ്കിലും റാട്ടില്‍ ചകിരി പിരിക്കുന്ന പഴയ അമ്മമാരുടെ ജീവനശൈലി ഇനിയും അന്യമായിട്ടില്ല. 10-ാം വാര്‍ഡില്‍ പുതുക്കാട് ക്ഷേത്രത്തിന് സമീപമുള്ള വിശാലാക്ഷി എന്ന അമ്മച്ചിയുടെ വീട്ടിലെ റാട്ടിലുള്ള കയറുപിരി യൂണിറ്റ് ആലപ്പുഴക്കാരിയായ എന്നെ ഗൃഹാതുരത്വത്തിലേക്കാണ് കൊണ്ടെത്തിച്ചത്. കായല്‍ അതിരിടുന്നതിനാല്‍ ചൂണ്ടയിട്ടും വലവീശിയും മീന്‍ പിടിക്കുന്നവരെയും കാണാമായിരുന്നു. ചീനവലകള്‍ പലയിടങ്ങളിലും കായലോരങ്ങളുടെ ഭംഗി കൂട്ടി. കക്കയില്‍നിന്ന് തോടും ഇറച്ചിയും വേര്‍തിരിക്കുന്ന പ്രക്രിയയും പുത്തന്‍ അനുഭവമായി.

placeholder
ഇവിടത്തെ നാട്ടുവഴികളെല്ലാം സമ്മാനിക്കുന്നത് സുന്ദരവും നാട്യങ്ങളില്ലാത്തതുമായ കാഴ്ചകളാണ്. അടച്ചുപൂട്ടുള്ള മതില്‍ക്കെട്ടുകളെക്കാള്‍ വീടുകള്‍ക്ക് അതിരുതീര്‍ക്കുന്നത് വേലികളാണ്. കണ്ടല്‍ക്കാടുകളുടെ സമൃദ്ധി വെള്ളക്കെട്ടുകളില്‍ പച്ചപ്പിന്റെ പറുദീസ തീര്‍ക്കുന്നു. അഞ്ച് കിലോമീറ്റര്‍ നീളവും രണ്ട് കിലോമീറ്ററില്‍ താഴെമാത്രം വീതിയുമുള്ള ഈ ദ്വീപില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെയുണ്ട്. സര്‍വീസ് ബോട്ടുകളില്‍ രണ്ടെണ്ണം രാത്രികാലങ്ങളില്‍ പെരുമ്പളത്ത് ക്യാമ്പ് ചെയ്യുകയും ആംബുലന്‍സ് ആയി ഉപയോഗിക്കുകയും ചെയ്യുന്നു. പെരുമ്പളത്ത് ബസ് സര്‍വീസ് ഇല്ല കേട്ടോ. പെട്രോള്‍ പമ്പും. ദ്വീപില്‍ എത്തിയപ്പോള്‍ മുതല്‍ രഞ്ജിത്തിന്റെ ഓട്ടോറിക്ഷയിലായിരുന്നു സഞ്ചാരം. ടക് ടക് (ഓട്ടോറിക്ഷാ) ടൂറിന് പറ്റിയ ഒരു വിനോദസഞ്ചാരയിടമാണിത്. കാഴ്ചകള്‍ കണ്ട് മടങ്ങുമ്പോള്‍ ഒരു സത്യന്‍ അന്തിക്കാട് സിനിമ കണ്ട പ്രതീതിയായിരുന്നു മനസ്സ് നിറയെ. കാവുകള്‍, കുളങ്ങള്‍, അമ്പലമുറ്റം, കായല്‍ക്കാറ്റ്. നാടന്‍ വള്ളത്തിലായിരുന്നു മടക്കയാത്ര. നിയമം ലംഘിച്ച് നിര്‍മിച്ച, പിന്നീട് പൊളിച്ചുമാറ്റപ്പെട്ട 350 കോടിയുടെ കാപ്പിക്കോ റിസോര്‍ട്ട് നിന്നിടത്തെ ശൂന്യമായ ദ്വീപും സെന്റ് മേരീസ് ദ്വീപും ചുറ്റി, പെരുമ്പളത്തെ ഷൂട്ടിങ് ലൊക്കേഷനുകളൊക്കെ കണ്ട് മടക്കം. യാത്ര പറയുമ്പോള്‍ എന്തോ ഒരു ദുഃഖം. നാട്യങ്ങളില്ലാത്ത ഗ്രാമമേ, തത്കാലം വിട. വീണ്ടും കാണാം. ഒരുപക്ഷേ, അടുത്ത വരവ് പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പെരുമ്പളം പാലത്തിലൂടെയാവാം.