മൈസൂരുവിലെത്തി ആദ്യദിവസം തന്നെ പതിവ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും കണ്ടുതീർത്തു. ആൾക്കൂട്ടങ്ങളെ ആകർഷിക്കുന്ന ഇത്തരം കേന്ദ്രങ്ങളേക്കാൾ മനസ്സിനെ സന്തോഷിപ്പിച്ചിട്ടുള്ളത് ഗ്രാമീണജീവിതങ്ങളും പ്രകൃതിയും പകരുന്ന കാഴ്ചകളാണ്. മൈസൂരുവിന് ചുറ്റും അങ്ങനെയെന്തുണ്ടെന്ന് പരതിയപ്പോൾ 'മേൽക്കോട്ടെ' കണ്ണിലുടക്കി. വലിയൊരു മലമുകളിൽ കൂറ്റൻ ഗോപുരത്തോട് കൂടിയ ക്ഷേത്രം.
മലയുടെ അഗ്രഭാഗം പൂർണമായും നിറഞ്ഞുനിൽക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. മാണ്ഡ്യ ജില്ലയിൽ പാണ്ഡവപുര താലൂക്കിലാണ് മേൽക്കോട്ടെയെന്ന പൗരാണിക ഗ്രാമം. മൈസൂർ പട്ടണത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.
Also Read
വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ പിറ്റേന്ന് ഉച്ചയോടെ മേൽക്കോട്ടേയ്ക്ക് തിരിച്ചു. നഗരവീഥികൾ പിന്നിട്ടപ്പോഴേക്കും ശ്രീരംഗപട്ടണമെത്തി, ടിപ്പുവിന്റെ ഭരണസിരാകേന്ദ്രം. ഇവിടെനിന്നും കാവേരി നദി അൽപ്പദൂരം രണ്ടായി പിരിഞ്ഞൊഴുകുന്നുണ്ട്. മൺസൂൺ എത്തിയിട്ടും മഴമേഘങ്ങൾ പെയ്യാൻ മടിച്ചു നിൽക്കുകയാണ്. മഴകനക്കേണ്ട സമയത്ത് വേനൽ കത്തിക്കാളുമ്പോഴും കാവേരിനദി ജല സമൃദ്ധമാണ്. ബംഗളൂരു-മൈസൂരു നാലുവരിപ്പാത വിട്ട് സ്‌കൂട്ടർ പാണ്ഡവപുരയിലേക്കുള്ള വഴിയിലേക്കിറങ്ങി. വിശാലമായ കൃഷിയിടങ്ങൾക്കിടയിലൂടെയാണ് യാത്ര.
മിക്ക തോട്ടങ്ങളിലും കരിമ്പാണ് വിള. കരിമ്പച്ച പുതച്ച കരിമ്പുതോട്ടങ്ങൾക്കിടയിൽ ഇടയ്ക്ക് വല്ലപ്പോഴും മാത്രം ചെറിയ തുണ്ടുകളിൽ സ്വർണവർണമുള്ള നെൽവയലുകൾ പ്രത്യക്ഷപ്പെടും. റോഡിനോട് ചേർന്ന് നിരവധി ശർക്കര നിർമാണ കേന്ദ്രങ്ങളുണ്ട്. പാണ്ഡവപുര പിന്നിട്ടപ്പോഴേക്കും കരിമ്പുപാടങ്ങൾക്കൊപ്പം മറ്റു വിളകളും സ്ഥാനം പിടിച്ചു. പച്ചക്കറികളാണ് കൂടുതൽ. ഇരുവശങ്ങളിലും വിളവെടുക്കാറായി നിൽക്കുന്ന തക്കാളിയുടെയും കാബേജിന്റെയും തോട്ടങ്ങളുണ്ട്. കൃഷിയിറക്കാതെ കുറ്റിപ്പുല്ല് വളർന്നുനിൽക്കുന്ന പറമ്പുകളിൽ ചെമ്മരിയാടുകളെ മേയ്ക്കാൻ വിട്ടിരിക്കുന്നു.
സീരനഹള്ളി എത്തിയപ്പോൾ വഴി രണ്ടായി പിരിഞ്ഞു. ചാമരാജനഗർ റോഡിൽനിന്നും മേൽക്കോട്ടേയ്ക്കുള്ള ഗ്രാമപാതയിലേക്കിറങ്ങി. അൽപ്പദൂരം പിന്നിട്ടപ്പോഴേക്കും തേടിയിറങ്ങിയ ക്ഷേത്രം കണ്ണിലുടക്കി. വിസ്തൃതമായ സമതല ഭൂമിക്ക് അതിരിട്ട് ഏതാണ്ട് എട്ടുകിലോമീറ്റർ ദൂരത്തായി വലിയൊരു മല. അതിന്റെ ശീർഷത്തിൽ അന്തിവെയിലിൽ തിളങ്ങി നിൽക്കുന്ന ക്ഷേത്രഗോപുരം. യാദവഗിരി എന്നാണ് മേൽക്കോട്ടെയിലെ ഈ മലയെ അറിയപ്പെടുന്നത്.
നൂറ്റാണ്ടുകൾക്കു മുൻപേ വൈഷ്ണവ മതവിശ്വാസികളുടെ അധിവസിച്ചിരുന്ന പ്രദേശം. മുൻപോട്ട് പോകുന്തോറും വഴി വിജനമാകുന്നു. കുറ്റിച്ചെടികളും ഉയരം കുറഞ്ഞ ഇലപൊഴിയും മരങ്ങളും നിറഞ്ഞ പ്രദേശം. റോഡരികിലായി ഒരു വലിയ ജലാശയം. വഴിയരികിൽ കണ്ടു 'പുള്ളിപ്പുലിയുണ്ട് സൂക്ഷിക്കുക' എന്നെഴുതിയ ബോർഡ്. ഒരു ഗ്രാമം, അവിടെയൊരു ക്ഷേത്രം, അവിടെ എങ്ങനെയാണ് പുലി ഉണ്ടാവുകയെന്ന് അമ്പരന്നു.
എതിരെ വന്ന ഒരു ബൈക്ക് യാത്രികനെ കൈകാട്ടി നിർത്തി കാര്യം ആരാഞ്ഞു. 'മേൽക്കോട്ടെ ഒരു വന്യജീവി സങ്കേതം കൂടിയാണ്. ഈ കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശം വനമാണ്'. 1974ലാണ് ഇവിടം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. 50 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. ചെന്നായ്ക്കളുടെയും കൃഷ്ണമൃഗങ്ങളുടെ ഇനത്തിൽപ്പെടുന്ന ബ്ലാക്ക് ബക്കുകളുടെയും സംരക്ഷിത കേന്ദ്രം. ഇവ കൂടാതെ പുലി, കാട്ടുപൂച്ച, കുറുക്കൻ, വിവിധയിനം ചിത്രശലഭങ്ങൾ എന്നിവയുടെയും ആവാസകേന്ദ്രമാണ് ഇവിടം.
ഏതാണ്ട് മൂന്ന് നാല് കിലോമീറ്റർ ദൂരം ഈ വന്യജീവി സങ്കേതത്തിൽ കൂടിയാണ് പിന്നീടുള്ള യാത്ര. രണ്ട് മൂന്ന് ഹെയർപിൻ വളവുകൾ കയറി. ദൂരെനിന്ന് കണ്ട മേൽക്കോട്ടയിലെ മല പകുതിയോളം പിന്നിട്ടിരിക്കുന്നു. മലകയറും തോറും ക്ഷേത്രം കൂടുതൽ വ്യക്തമായി കാഴ്ചയിൽ തെളിഞ്ഞു. ഗംഭീരമായ ഒരു നിർമിതി. പല വലുപ്പത്തിലുള്ള കൂറ്റൻ പാറക്കല്ലുകൾ അടുക്കി ഉണ്ടാക്കിയത് പോലെയാണ് യാദവഗിരിമല.
മേൽക്കോട്ടെ ഗ്രാമത്തിലേക്ക് എത്തിയപ്പോൾ സമയം സന്ധ്യയോടടുത്തു. ഗ്രാമമധ്യത്തിലൂടെയുള്ള ചെറിയ വീഥിയിലൂടെ ക്ഷേത്രത്തിലേക്കുള്ള കൽപ്പടവുകളുടെ മുന്നിലെത്തി. ദീർഘചതുരാകൃതിയിൽ വെട്ടിയെടുത്ത കരിങ്കൽ പാളികൾ പാകിയ പടവുകൾ. പടവുകൾ കയറുമ്പോൾ ഇടയ്ക്കിടെ കൽമണ്ഡപങ്ങൾ. മുന്നൂറിലധികം പടിക്കെട്ടുകളുണ്ട് മുകളിലേക്ക്. കുത്തനെയുള്ള കയറ്റം കയറൽ കഠിനമാണ്. ഇടയ്ക്ക് വിശ്രമിച്ചും വീണ്ടും കയറിയും ക്ഷേത്രത്തിലേക്കടുത്തു ഇരുവശവും തണൽ മരങ്ങളുണ്ട്.
കോവിലിലേക്കുള്ള പൂജാസാമഗ്രികളും പൂക്കളും വിൽക്കുന്ന കച്ചവടക്കാർ പടവുകളുടെ ഇരുവശത്തുമിരിപ്പുണ്ട്. ഏതാണ്ട് അരമണിക്കൂർ സമയമെടുത്തു ക്ഷേത്രമുറ്റത്തേക്ക് എത്താൻ. സമുദ്രനിരപ്പിൽ നിന്നും ആയിരം അടിയിലധികം ഉയരത്തിലുള്ള ക്ഷേത്രം നിർമ്മിച്ചത് ഹോയ്സാല രാജാക്കന്മാരുടെ കാലത്താണ്. പതിനൊന്ന് - പതിനഞ്ച് നൂറ്റാണ്ടുകൾക്കിടയിലായിരിക്കാം നിർമ്മാണമെന്ന് കണക്കാക്കാം. മുകളിൽ നിന്നുള്ള പാണ്ഡവപുരയുടെയും സമീപ ഗ്രാമങ്ങളുടെയും കാഴ്ച അതിമനോഹരം. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തെ ചുംബിച്ചു തുടങ്ങി.
സാന്ധ്യശോഭയിൽ ക്ഷേത്രഗോപുരം തിളങ്ങി. ചെഞ്ചായം പുതച്ച ആകാശം. ക്ഷേത്രമുറ്റത്തെ ചെമ്പകമരം നിറയെ പൂക്കൾ. ഗ്രാമവാസികളായ സ്ത്രീകൾ പടവുകൾ കയറി ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്. വർണ്ണ പട്ടു ചേലകൾ ചുറ്റിയ അവരുടെ പൂക്കൂടകളിൽ പല വർണ്ണത്തിൽ പലതരം പൂക്കൾ. താഴെ ഗ്രാമത്തിൽ വിശാലമായ സ്‌നാന ഘട്ടം കാണാം.
നാല് ചുറ്റും നിരവധി പടവുകളും മണ്ഡപങ്ങളോടും കൂടിയ ക്ഷേത്രക്കുളം കല്യാണി എന്നാണ് അറിയപ്പെടുന്നത്. സമീപത്തുള്ള 107 കുളങ്ങളുമായി കനാൽ വഴി കല്യാണിയെ ബന്ധിപ്പിച്ചിരിക്കുന്നു. വരാഹ രൂപം പൂണ്ട മഹാവിഷ്ണുവിന്റെ ദേഹത്തുനിന്നും ഒരു തുള്ളി ജലം മേൽക്കോട്ടെ മലമുകളിൽ തെറിച്ചുവീണെന്നും അങ്ങനെയാണ് ഈ കുളം രൂപപ്പെട്ടതെന്നും ഒരു വിശ്വാസമുണ്ട്. വിഷ്ണുവിന്റെ മറ്റൊരവതാരമായ നരസിംഹമൂർത്തിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ലാദനാണ് ഇവിടെ നരസിംഹവിഗ്രഹം പ്രതിഷ്ഠിച്ചതെന്നുമൊരു വിശ്വാസമുണ്ട്.
യോഗ നരസിംഹ സ്വാമി ക്ഷേത്രം എന്നാണ് ക്ഷേത്രത്തിന്റെ പേരും. ചക്രവാള സീമകളിലെ ചുവപ്പ് നിറവും മാഞ്ഞുതുടങ്ങി. ഇരുട്ടു പടരും മുൻപുള്ള കരിനീല നിറം ആകാശത്തെ കൂടുതൽ മനോഹരമാക്കി. ഏഴുമണിയോടെ ക്ഷേത്രത്തിലെ പൂജകൾ അവസാനിച്ചു. പുരോഹിതർ ക്ഷേത്ര നട പൂട്ടിയിറങ്ങി. ഒപ്പം ഞങ്ങളും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ancient Hoysala-era architecture situated on Yadavgiri hill., Part of the 50 sq km Melkote Wildlife Sanctuary known for wolves and blackbucks., Features the famous Kalyani stepped temple tank connected to 107 other water bodies., Offers panoramic views of Pandavapura and surrounding rural landscapes., A culturally rich destination with deep historical and mythological roots.
Published: 29 Apr 2026, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented