എത്യോപ്യയിലേക്ക് യാത്രതിരിക്കുമ്പോള്‍ ആദ്യം ചിന്തിച്ചത് ലൂസിയെക്കുറിച്ചാണ്. മനുഷ്യവംശം (ഹോമോ സാപിയന്‍സ്) ഉടലെടുക്കുന്നതിനും 32 ലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്ന ലൂസിക്ക് ഇന്നത്തെ മനുഷ്യന്റെ രൂപവുമായി അസാമാന്യ സാമ്യമുണ്ടായിരുന്നു. എത്യോപ്യയിലെ അവാഷ് താഴ്വരയില്‍നിന്ന് ലൂസിയുടെ അവശേഷിപ്പുകള്‍ ഖനനത്തിലൂടെ കണ്ടെടുത്തത് നരവംശശാസ്ത്രത്തിനെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലായിരുന്നു. എന്നാല്‍, എത്യോപ്യയില്‍ ചെന്നപ്പോഴാണ് തെക്കന്‍ഭാഗത്തുള്ള താഴ്വരയായ ലോവര്‍ ഓമോയെക്കുറിച്ച് കേള്‍ക്കുന്നത്. ഈ താഴ്വരയില്‍നിന്ന് ആദ്യകാല ഹോമിനിഡ് ഫോസിലുകള്‍ ധാരാളമായി കണ്ടെത്തിയിരുന്നു. ഈ ഭൂപ്രദേശത്തെ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. 

To advertise here,

ഓമോവാലിയുടെ പെരുമ കേട്ടറിഞ്ഞാണ് അങ്ങോട്ടേക്ക് പുറപ്പെട്ടത്. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് വിമാനത്തില്‍ അര്‍ബാമിഞ്ചിലെത്തി, ജീപ്പില്‍ അഞ്ചുമണിക്കൂര്‍ പിന്നെയും യാത്രചെയ്താണ് ഓമോവാലിയിലെ വലിയ പട്ടണമായ ജിങ്കയിലെത്തിപ്പെട്ടത്. നാട്ടിന്‍പുറത്തെ ചെറിയൊരു കവല. അവിടത്തെ മ്യൂസിയത്തില്‍നിന്നാണ് സന്ദര്‍ശനം തുടങ്ങേണ്ടത്. ഓമോവാലിയിലെ പ്രധാനപ്പെട്ട 12 ഗോത്രങ്ങളുടെ ജീവിതരീതികളെക്കുറിച്ച് ഏകദേശ ധാരണ അവിടെനിന്ന് ലഭിച്ചു.

അടുത്തദിവസം രാവിലെ മുര്‍സിഗോത്രക്കാരെ കാണാന്‍പോയി. അവര്‍ പ്രധാനമായും മാഗോ ദേശീയോദ്യാനത്തിനുള്ളിലാണ് പാര്‍പ്പ്. ഗോത്രവര്‍ഗക്കാര്‍തമ്മില്‍ സംഘര്‍ഷം പതിവായതുകൊണ്ട് അങ്ങോട്ടേക്ക് പോവുന്നതില്‍നിന്ന് വിദേശസഞ്ചാരികളെ വിലക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടത്തെ ടൂറിസ്റ്റ് ഏജന്‍സികള്‍ മുന്‍കൈയെടുത്ത് കുറച്ച് കുടുംബങ്ങളെ കീ അഫാര്‍ ഭാഗത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അവിടെ പോയാണ് നമ്മള്‍ മുര്‍സികളെ കാണേണ്ടത്. അവിടേക്കുള്ള വഴിയിലുടനീളം കാലികളെ മേച്ചുനടക്കുന്ന ധാരാളം കുട്ടികളെ കണ്ടു. ഇവിടെ കുട്ടികളെ പഠിക്കാനയയ്ക്കുന്ന രീതിയേയില്ലെന്ന് ഗൈഡ് പറഞ്ഞു. ചെറുപ്രായത്തില്‍തന്നെ അവരെ കാലിമേയ്ക്കാന്‍ പരിശീലിപ്പിക്കും. ഒരുമണിക്കൂര്‍ യാത്രചെയ്ത് മുര്‍സികളുടെ താമസസ്ഥലത്തെത്തി. വേലികൊണ്ട് മറച്ച വലിയ കോമ്പൗണ്ടില്‍ പുല്ലുമേഞ്ഞ മൂന്നുനാല് മണ്‍വീടുകള്‍. മുറ്റത്ത് മരത്തണലില്‍ സ്ത്രീകള്‍ വട്ടംകൂടി സംസാരിക്കുന്നു. മുതിര്‍ന്ന സ്ത്രീകളുടെ ചുണ്ടില്‍ സാമാന്യം വലുപ്പമുള്ള കളിമണ്‍ പ്ലേറ്റുകള്‍ തൂങ്ങുന്നുണ്ട്. 

placeholder
അടുത്തേക്ക് ചെന്നപ്പോള്‍ ഒരു സ്ത്രീ അവരുടെ ചുണ്ടിലെ തകിട് ഊരിയെടുത്ത് എന്റെ കൈയില്‍ വെച്ചുതന്നു. അവരുടെ തൂങ്ങിക്കിടക്കുന്ന ചുണ്ടുകണ്ടപ്പോള്‍ വിഷമം തോന്നി. പതിനഞ്ചാംവയസ്സില്‍ അവരുടെ

വലിയ പ്ലേറ്റുള്ളവരെ വിവാഹം കഴിക്കാനാണ് ആണുങ്ങള്‍ക്ക് താത്പര്യം. എല്ലായ്പ്പോഴും അവരിങ്ങനെ പ്ലേറ്റ് തൂക്കിയിടില്ല. വിശേഷദിവസങ്ങളില്‍ ഒത്തുചേരുമ്പോള്‍ അലങ്കാരമായാണ് ലിപ് പ്ലേറ്റ് ധരിക്കുന്നത്. യുവതികളെ കണ്ടപ്പോള്‍ ആശ്വാസം തോന്നി. അവര്‍ ചുണ്ട് മുറിച്ചിട്ടില്ല. പകരം ചെവിയില്‍ വട്ട പ്ലേറ്റുകള്‍ തൂക്കിയിരുന്നു. പ്ലേറ്റുകള്‍ തൂക്കിയിടുന്ന അനാചാരം പതുക്കെ ഇല്ലാതാവുമായിരിക്കും. ഈ പെണ്‍കുട്ടികള്‍ അവരുടെ തോളിലും കൈയിലുമുള്ള 'കിച്ചോഗ' കാണിച്ചുതന്നു. അലങ്കാരവടുക്കളെയാണ് കിച്ചോഗ എന്ന് വിളിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവരുടെ ദേഹത്ത് വളഞ്ഞ മുള്ളുകൊണ്ട് ചര്‍മം കുത്തിയുയര്‍ത്തി, ബ്ലേഡുകൊണ്ട് പ്രത്യേക പാറ്റേണുകളില്‍ മുറിവുകള്‍ ഉണ്ടാക്കും. അതിനുമുകളില്‍ ചാരം വിതറും. മുറിവ് പെട്ടെന്ന് ഉണങ്ങില്ല. ക്രമേണ അതൊരു കിച്ചോഗയായി പരിണമിക്കും. യുവാക്കള്‍ നെഞ്ചിലും വയറ്റിലുമെല്ലാം ഇത്തരം കിച്ചോഗകള്‍ ഉണ്ടാക്കിവെച്ചിരിക്കുന്നത് കാണാമായിരുന്നു.

പിറ്റേന്നുരാവിലേ ടുര്‍മിക്ക് പുറപ്പെട്ടു.  നൂറുകിലോമീറ്റര്‍ അകലേയുള്ള ഡിമെക്കാ എത്താന്‍ മൂന്നുമണിക്കൂര്‍ വേണ്ടിവന്നു. അവിടെനിന്ന് ബസ്സൊന്നും കിട്ടുന്നില്ല. ഒടുവില്‍ അതുവഴിവന്ന ഒരു പഴഞ്ചന്‍ലോറിയില്‍ കയറിപ്പറ്റി. ശനിയാഴ്ച ചന്തയുള്ള ദിവസമാണ്. ചന്തയുടെ മുന്നിലാണ് ചെന്നിറങ്ങിയത്. മുന്നോട്ടുനടന്നപ്പോള്‍ ധാരാളം ഹമര്‍ സ്ത്രീകളെ കണ്ടു. അവരെ എളുപ്പം തിരിച്ചറിയാം. തോളറ്റംവരെ ചുവപ്പ് സ്പ്രിങ് തലയില്‍ ഒട്ടിച്ചപോലുള്ള മുടിയിഴകള്‍. എല്ലാവരും മുട്ടുവരെയെത്തുന്ന പാവാടയാണ് ധരിച്ചിരിക്കുന്നത്. ചിലരുടെ പാവാട തുണികൊണ്ടുള്ളതാണ്. ചിലരുടെതാകട്ടെ ആട്ടിന്‍തോലുകൊണ്ടുണ്ടാക്കിയതും. അരയ്ക്കുമുകളിലേക്ക് വസ്ത്രമില്ല. മുതിര്‍ന്ന സ്ത്രീകള്‍ മാലകള്‍കൊണ്ട് ഭാഗികമായി മാറുമറച്ചിരിക്കുന്നു. ചോളം, സോര്‍ഗം, ടെഫ് തുടങ്ങിയ ധാന്യങ്ങളും ഉള്ളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും ചന്തയില്‍ വില്പനയ്ക്കുണ്ട്. വലിയ തേന്‍ഭരണികള്‍ കണ്ടു. തുറന്നുനോക്കിയപ്പോള്‍, തേന്‍കൂടുകള്‍ അതുപോലെ കഷണങ്ങളാക്കിവെച്ചിരിക്കുകയാണ്. തേന്‍ പിഴിഞ്ഞെടുക്കേണ്ടിവരും. 

വിറക്, ചാരായം തുടങ്ങിയവയും വില്പനയ്ക്കുണ്ട്. മുടി ചുവപ്പിക്കാന്‍ ഉപയോഗിക്കുന്ന കാവിമണ്ണ് വില്‍ക്കുന്ന കടയിലാണ് ഏറ്റവും തിരക്ക്. ഫോട്ടോ എടുക്കാന്‍ സ്ത്രീകള്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ പ്രായംചെന്ന ഒരു സ്ത്രീ, ചാരായം വാങ്ങിക്കൊടുക്കണം എന്ന നിബന്ധനയില്‍ ഫോട്ടോയ്ക്ക് നിന്നുതന്നു. അവര്‍ക്കൊപ്പം ചാരായക്കടയില്‍ കയറി. വലിയ ഒരുലിറ്റര്‍ ജഗ്ഗിലാണ് തവിട്ടുനിറമുള്ള മദ്യം. അന്നുരാത്രിയില്‍ ഗുര്‍ദാ എന്ന ഹമര്‍ ഗ്രാമത്തില്‍ പാര്‍ക്കാന്‍ തീരുമാനിച്ചു. പത്തിരുപത് മണ്‍വീടുകളുള്ള ചെറിയൊരു ഗ്രാമമാണ് ഗുര്‍ദാ. കമ്പുകൊണ്ടുള്ള വേലികള്‍ വീടുകളെ വേര്‍തിരിച്ചുനിര്‍ത്തുന്നു. ചുറ്റും മാറിടം മറയ്ക്കാതെ പാവാടമാത്രം ധരിച്ചുനടക്കുന്ന സ്ത്രീകള്‍. കൊച്ചുപെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍വരെ അങ്ങനെതന്നെ. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദമില്ല. മറച്ചാല്‍ ചാട്ടയടിയാണ് ശിക്ഷ.

placeholder
രണ്ട് സ്ത്രീകള്‍ വെള്ളമെടുക്കാന്‍ പുഴയില്‍ പോകുന്നു. അവര്‍ക്കൊപ്പം പുഴയുടെ തീരത്തേക്ക് നടന്നു. കാട്ടിലും തുറസ്സായ മണല്‍പ്രദേശത്തുമായി മൂന്നുകിലോമിറ്റര്‍ നടന്ന് പുഴയരികിലെത്തി. പൂര്‍ണമായും വറ്റിയ നിലയിലാണ് പുഴ. വിശാലമായ മണല്‍പ്രദേശം മാത്രമാണ് മുന്നില്‍. അതില്‍ ഈ വെള്ളമാണ് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത്.  കുളി മാസത്തില്‍ ഒരിക്കലാണുപോലും. ആച്ചയെന്ന പെണ്‍കുട്ടിയുടെ വീട്ടുമുറ്റത്ത് ഞാന്‍ ടെന്റടിച്ചു. ആച്ചയ്ക്ക് പതിനേഴോ പതിനെട്ടോ വയസ്സ് തോന്നിക്കും. പക്ഷേ, സ്വന്തം വയസ്സെത്രയാണെന്ന് അവള്‍ക്കറിയില്ല! വീട്ടിനകത്തേക്ക് അവളെന്നെ ക്ഷണിച്ചു. ഒറ്റമുറിവീടാണ്. തടിപാകിയ മച്ചിന്‍പുറത്തായി ശേഖരിച്ചുവെച്ച സാധനങ്ങള്‍. ഇരിക്കാന്‍ നിലത്ത് ആട്ടിന്‍തോലിട്ടുതന്നു. കാപ്പിക്കുരുവിന്റെ തോടിട്ടുതിളപ്പിച്ച കാപ്പിയും. 'കലഭാഷ്' എന്ന വലിയൊരു കായുടെ ഉണങ്ങിയ തോടിലാണ് കാപ്പി ഒഴിച്ചുതന്നത്. അവിടെയുണ്ടായിരുന്ന വലിയമ്മയുടെ മുടിയിഴകള്‍ 'ഹമര്‍' രീതിയില്‍ അവള്‍ ഒതുക്കിക്കൊടുക്കുന്നു.

placeholder
വെയില്‍ കടുക്കുന്നതിനുമുന്നേ ഗൈഡ് അബ്രഹാമിന്റെ ബൈക്കില്‍ കാരോ ഗ്രാമത്തിലേക്ക് തിരിച്ചു. ആദ്യത്തെ നാല്പതുകിലോമീറ്റര്‍ ടാര്‍റോഡില്‍ക്കൂടിയായിരുന്നു സഞ്ചാരം. പിന്നീട് ഇരുപതുകിലോമീറ്റര്‍ മണല്‍പ്പാതയിലൂടെയും. ചിലയിടത്ത് ബൈക്ക് തള്ളി നടക്കേണ്ടിയും വന്നു. ഓമോ നദിക്കരയിലെ കാരോ ഗോത്രവര്‍ഗക്കാരുടെ ഗ്രാമമാണിത്. മുര്‍സികളെപ്പോലെ ഇവരും വടുക്കള്‍ ഉണ്ടാക്കി ശരീരം അലങ്കരിക്കുന്നവരാണ്. കലഭാഷിന്റെ വലിയ കുടത്തിലാണ് പ്രാദേശികമദ്യമായ ബോര്‍ഡേ കുടിക്കുന്നത്. ഒരുകൂട്ടം ആളുകള്‍ കുടത്തില്‍ നിറച്ച മദ്യം മാറിമാറി കുടിക്കും.

ഉച്ചയ്ക്കുശേഷം പോയത് 'ബുള്‍ ജമ്പിങ്' നടക്കുന്ന ഹമര്‍ ഗ്രാമത്തിലേക്കാണ്. പയ്യന്‍ കല്യാണപ്രായമായാല്‍, അവന്റെ വീട്ടുകാര്‍ നടത്തുന്ന ചടങ്ങാണിത്. ഈ ചടങ്ങിനുശേഷമേ അവന് വിവാഹം കഴിക്കാന്‍ അനുമതിയുള്ളൂ. സ്ത്രീകള്‍ തണലത്ത് കൂട്ടംകൂടിനിന്ന് നൃത്തമാടുന്നു. പാട്ടുപാടി, വെങ്കലവിസിലുകള്‍ ഊതി വട്ടത്തില്‍ രണ്ടുമിനിറ്റ് നടക്കുന്നു. പിന്നെ എല്ലാവരും ഒന്നിച്ചുചാടി. ഇതാവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് ഒരു പയ്യന്‍ ഒരുകെട്ട് നീണ്ടുമെലിഞ്ഞ ചൂരല്‍ വടികളുമായെത്തി. സ്ത്രീകളെല്ലാം അവന്റെ പിന്നാലെ കൂടി വടി ഇരന്നുവാങ്ങി. പിന്നെ അവിടെ നിന്ന ആണുങ്ങളുടെ പിറകെ ഓടുന്നു. പുരുഷന്മാര്‍ ആ വടി വാങ്ങിയാല്‍ സ്ത്രീ അവന്റെ മുന്നില്‍ ചാടിക്കൊണ്ട് വിസില്‍ ഊതും. അവന്‍ വടി ആഞ്ഞുവീശി സ്ത്രീയെ അടിക്കും. പല സ്ത്രീകളുടെയും പുറംപൊളിഞ്ഞ് ചോര ഒഴുകുന്നുണ്ട്. ആ ചോര ചെറുക്കനുള്ള അവരുടെ സമ്മാനമാണ്! രണ്ടുമണിക്കൂറോളം ഈ 'കലാപരിപാടി' അരങ്ങേറി. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന മിക്ക സ്ത്രീകളുടെയും പുറം പൊളിഞ്ഞ് ചോരയൊഴുകുന്നുണ്ടായിരുന്നു. പിന്നെ എല്ലാവരും കുറച്ചകലേയുള്ള തുറസ്സായ സ്ഥലത്തേക്ക് നീങ്ങി. അവിടെ ഏഴെട്ടുപശുക്കളെ നിരത്തിനിര്‍ത്തിയിരുന്നു. 

placeholder
ടുര്‍മിയില്‍നിന്ന് ജിങ്കയിലേക്കുപോകുന്ന റോഡരികിലാണ് ബെന്ന കുട്ടികള്‍, വടിയില്‍ കുത്തിനടക്കുന്ന വിചിത്രകാഴ്ച കണ്ടത്. അവരുടെ പ്രധാന ഉദ്ദേശ്യം ടൂറിസ്റ്റുകള്‍ക്കൊപ്പംനിന്ന് ഫോട്ടോ എടുത്ത് പണം വാങ്ങുക എന്നതാണ്. ദൂരെ കന്നുകാലികള്‍ മേയുന്നത് നിരീക്ഷിക്കാനും ഇതുകൊണ്ട് കഴിഞ്ഞിരുന്നു. വേറേയും വിചിത്രമായ ആചാരങ്ങള്‍ പിന്തുടരുന്ന ഗോത്രങ്ങള്‍ ഇവിടെയുണ്ട്. സമയക്കുറവുമൂലം അവരെ കാണാതെ മടങ്ങേണ്ടിവന്നു. ആ വിചിത്രലോകത്തുനിന്ന് തിരിച്ചുപോരാന്‍ ചില കാരണങ്ങളുള്ളത് നല്ലതാണെന്ന് തോന്നിപ്പോയി.