സുന്ദരമായ കടല്‍ത്തീരങ്ങളും സന്മനസ്സുള്ള മനുഷ്യരുമാണ് അഗത്തിയിലേത്. ഇവരുടെ നീരാളി വേട്ടയുടെ കഥയാണിത്. കടലിനെ ഉപജീവനമാര്‍ഗമാക്കിയ ദ്വീപ് നിവാസികളുടെ വിശേഷങ്ങളിലേക്ക്

അഗത്തി ദ്വീപിന്റെ സുന്ദരകാഴ്ച
ദീപ ഗംഗേഷ്
തിരകള്‍ ഒഴിഞ്ഞ് പാടങ്ങള്‍ പോലെയായ കടല്‍ക്കല്ലുകളില്‍ ഒന്നിന്റെ പോത് അയാള്‍ ചെറിയൊരു കല്ലു കൊണ്ട് അടച്ചുമൂടി. പ്രതീക്ഷ തെറ്റിയില്ല, പാറയ്ക്കുള്ളില്‍ നിന്ന് സാവധാനം നീളത്തിലുള്ള ഒരു കൈ പുറത്തേക്ക് നീണ്ടുവന്നു. അയാളുടെ കണ്ണുകള്‍ തിളങ്ങി. ഇരയെ കണ്ട വേട്ടക്കാരന്റെ സന്തോഷം. ചിത്രങ്ങളിലും കഥകളിലും മാത്രം കണ്ടുപരിചയമുള്ള കുട്ടിക്കാലത്തെ കഥകളിലെ സ്ഥിരം വില്ലന്‍ കഥാപാത്രമായ നീരാളിയായിരുന്നു പൊത്തിനുള്ളില്‍. ലക്ഷദ്വീപുകാരുടെ പ്രിയപ്പെട്ട ഭക്ഷണമായ അപ്പല്‍.
പൊത്തിനുള്ളില്‍ നീരാളിയുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള ദ്വീപുകാരുടെ സൂത്രമാണ് അയാള്‍ പ്രയോഗിച്ചത്. ദ്വീപ് നിവാസിയായ നവാസിന്റെ വാക്കുകളില്‍ അപ്പലാണ് അവരുടെ ശക്തിയുടെയും ആരോഗ്യത്തിന്റെയും രഹസ്യം. നീരാളിയെ ഭക്ഷിച്ചാല്‍ നീരാളിയുടേത് പോലുള്ള ശക്തി ലഭിക്കുമത്രെ. എല്ലുകളില്ലാത്ത തന്റെ ശരീരത്തെ ചെറുതാക്കികൊണ്ട് ചെറിയ സ്ഥലത്തുപോലും ഞെരുങ്ങിക്കയറാന്‍ അവയ്ക്ക് കഴിയും.
കല്‍പ്പൊത്തുകളിലാണ് ഇവ ഒളിച്ചിരിക്കുക. രണ്ട് വലിയ കണ്ണുകള്‍ നീരാളികളുടെ പ്രത്യേകതയാണ്. ടെന്‍ടക്കിള്‍ എന്നുപേരുള്ള എട്ട് വലിയ കൈകള്‍ ഉപയോഗിച്ചാണ് നീരാളി സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും. ഒരു കൈ നഷ്ടപ്പെടാല്‍ ആ സ്ഥാനത്ത് പുതുതായി ഒന്ന് വളര്‍ന്നുവരും. ഞണ്ടുകളും കക്കകളുമാണ് നീരാളികളുടെ പ്രധാന ഇരകള്‍. ഏറ്റവും വലിയ നീരാളിക്ക് ഇരുപത് അടിയിലേറെ വലുപ്പമുണ്ടാകും. ഒരിഞ്ചില്‍ വലുപ്പമുള്ളവയും ഉണ്ട്. പെണ്‍നീരാളികള്‍ ഒരുതവണ ലക്ഷത്തിലേറെ മുട്ടകള്‍ ഇടുമത്രെ!
മരതക വര്‍ണ്ണത്തിലുള്ള ജലാശയത്തില്‍ പൊന്തിക്കിടക്കുന്ന ഗിറ്റാര്‍ പോലുള്ള അഗത്തി ദ്വീപിലേക്കുള്ള വിമാനത്തിന്റെ ലാന്റിങ് മനോഹരമായ അനുഭവമാണ്. റണ്‍വേയുടെ ഇരുവശവും മരതക നിറമാര്‍ന്ന കടലാണ്. സ്വസ്ഥതയും സമാധാനവുമുള്ള നാടാണിത്. സന്മനസ്സുള്ളവരുടെ നാട്. ഏകദേശം ആറു കി.മി. നീളം മാത്രമേ ഈ ദ്വീപിനുള്ളൂ. സായാഹ്നത്തിലാണ് ദ്വീപിലെ കാഴ്ചകള്‍ കാണാന്‍ ഇറങ്ങിയത്.
ദ്വീപിന്റെ കിഴക്ക്-പടിഞ്ഞാറ് വശങ്ങളില്‍ ബോട്ടുകള്‍ക്ക് അടുക്കാനുള്ള ജട്ടികള്‍ ഉണ്ട്. തീരത്തിനോട് ചേര്‍ന്ന് ആഴം കുറഞ്ഞ കടല്‍ ആയതിനാല്‍ കപ്പല്‍ യാത്രികര്‍ പിന്നീട് ബോട്ടിലേയ്ക്ക് മാറി സഞ്ചരിച്ചാണ് ദ്വീപില്‍ എത്തിച്ചേരുക. മരതക നിറമായിരുന്നു കടലിന്
പിറ്റേന്ന് എത്തുന്ന ആഡംബര കപ്പലിലെ യാത്രികരെ സ്വാഗതം ചെയ്യാന്‍ തോരണങ്ങള്‍ ചാര്‍ത്തിയും കസേരകള്‍ നിരത്തിയും തീരം അണിഞ്ഞൊരുങ്ങിയിരുന്നു. കിഴക്കുഭാഗത്തെ ജട്ടിയിലേക്കുള്ള യാത്രയിലാണ് അപ്പല്‍പിടിത്തക്കാരെ കണ്ടത്. വലിയൊരു കടല്‍പ്പാലമാണ് ജട്ടിയിലേക്ക് നീളുന്നത്. ലക്ഷദ്വീപില്‍ വേലിയിറക്ക സമയത്ത് കടല്‍ വല്ലാതെ ഉള്‍വലിയും. അന്നേരം, തീരഭാഗത്തുള്ള കടല്‍, കണങ്കാല്‍ മാത്രം വെള്ളമുള്ള പാടങ്ങള്‍ പോലെയാകും. ഈസമയത്താണ് ദ്വീപ് നിവാസികള്‍ അപ്പലുകളെ തേടിയിറങ്ങുക.
പാലത്തിനിരുവശത്തും വെള്ളമിറങ്ങിയ കടലില്‍, അഗ്രം കൂര്‍ത്ത കമ്പികളുമായി കടല്‍ക്കല്ലുകളുടെ പോതുകളില്‍ കുത്തിയിറക്കിനോക്കുന്ന രണ്ടു ചെറുപ്പക്കരാണ് ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്. അവരുടെ കൈയില്‍ എന്തോ ഒരു ജീവിയെ തൂക്കിപ്പിടിച്ചു. സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ദ്വീപ് നിവാസിയാണ്. അവര്‍ നീരാളിയെ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞുതന്നത് അദ്ദേഹമാണ്. സൂക്ഷിച്ചുനോക്കിയപ്പോള്‍ ചെറുപ്പക്കാരുടെ കൈയിലുള്ളത് നീരാളി തന്നെ.

ബോട്ടുകള്‍ അടുക്കുന്ന ജട്ടിയില്‍ പാലം അവസാനിച്ചു. ഇവിടം ആഴമുള്ള കടലാണ്. പടിഞ്ഞാറെ കടലില്‍നിന്നും വിഭിന്നമായി ഇവിടുത്തെ കടലിന് ഇന്ദ്രനീല നിറമാണ്. അസ്തമയസൂര്യന്‍ നീലക്കടലില്‍ ചെഞ്ചായം കലര്‍ത്താന്‍ ശ്രമിച്ച് പരാജിതനാകുന്ന കാഴ്ച കണ്ട് കടല്‍പ്പാലത്തിലൂടെ നടന്നു. അപ്പല്‍ പിടിക്കുന്നത് കാണുക എന്നതാണ് ലക്ഷ്യം. സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തില്‍ കിടക്കുന്ന ജലജീവികളെ കാണാം.
ചെറുപ്പക്കാര്‍ നീരാളിയുടെ സ്ഥലം മനസ്സിലാക്കി അതിനെ പുറത്തെടുക്കാനുള്ള ശ്രമമാണ്. പൊടുന്നനെ അവര്‍ നില്‍ക്കുന്ന സ്ഥലത്തെ വെള്ളം നീലനിറമായി മാറി. കണ്ണുമറച്ച് മഷി കലക്കി രക്ഷപ്പെടാനുള്ള അപ്പലിന്റെ വിഫല ശ്രമം. നീരാളിയുടെ ബലത്തെപ്പറ്റി കേട്ടത് ശരിയാണ്. പാറയുടെ പോതിനുള്ളില്‍ തന്റെ കൈകള്‍ കൊണ്ട് പറ്റിപ്പിടിച്ചിരിക്കുന്ന നീരാളിയെ പുറത്തെടുക്കുന്നത് ശ്രമകരമായ ജോലിയാണ്. തോല്‍ക്കാന്‍ തയ്യാറാകാത്ത ചെറുപ്പക്കാര്‍ പിന്നെയും ശ്രമം തുടരുന്നു.
അവസാനം അവര്‍ വിജയിക്കുക തന്നെ ചെയ്തു. ഉള്ളിലേക്ക് കടത്തിയ കമ്പിയുടെ അറ്റത്തായി വലിയൊരു നീരാളി ഉയര്‍ന്നുവന്നു. അതിനെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തിയതും കവിള്‍ നിറയെ ഛര്‍ദ്ദിക്കുന്നതു പോലെ അത് നീലമഷി തുപ്പി; രക്ഷപ്പെടാനുള്ള അപ്പലിന്റെ അവസാന പാഴ്ശ്രമം. തെളിഞ്ഞ വെള്ളം വീണ്ടും നീലക്കടലായി മാറി. വിജയം കണ്ടതിന്റെ സന്തോഷമായിരുന്നു ചെറുപ്പക്കാര്‍ക്ക്.

കുറച്ചുമാറി വലിയൊരു അപ്പലിനെയും തൂക്കിപ്പിടിച്ച് ഒരാള്‍ തിരിച്ചുനടക്കുന്നത് കണ്ടു. അഗ്രം വളഞ്ഞ കമ്പികളുമായി അപ്പലിനെ തേടി നടക്കുന്നവരെ പിന്നെയും കണ്ടു. കടല്‍ പാറകള്‍ക്കിടയില്‍ സ്ത്രീകള്‍ കൂട്ടമായി കക്കയും ചിപ്പിയും തിരഞ്ഞ് നടക്കുന്നു. കക്കയും ഗ്രാമവാസികളുടെ പ്രധാന ഭക്ഷണമാണ്. ഭാഗ്യം കടാക്ഷിച്ചാല്‍ ചിപ്പിക്കുള്ളില്‍നിന്ന് മുത്തും ലഭിക്കുമത്രെ!
ഞങ്ങള്‍ താമസിക്കുന്ന ഹോംസ്റ്റേയുടെ ഇരുവശവും കടലാണ്. തീരത്തോടടുക്കുമ്പോള്‍ ലഗൂണുകളായി ആഴമില്ലതായി മാറുന്ന കടലിലെ പവിഴപ്പുറ്റുകള്‍ അതിശക്തമായ കടലാക്രമണത്തെ തടുക്കുമത്രെ. പുലര്‍ച്ചെ ആര്‍ത്തുല്ലസിച്ച് ശക്തമായ തിരമാലകളുമായി ആടിയുലഞ്ഞ് തീരത്തെ വാരി പുണര്‍ന്നുകൊണ്ടിരുന്ന കിഴക്കുഭാഗത്തെ കടലില്‍ മ നോഹരമായ സൂര്യോദയം കണ്ടു. സന്ധ്യയായപ്പോള്‍ വേലിയിറക്കമായി.
രാവിലെ കണ്ട കടല്‍ തന്നെയാണോ ഇതെന്ന് നാം അദ്ഭുതപ്പെടുന്നു. കല്ലുകളിലും കോറലുകളിലും തട്ടി കാലിന് മുറിവേല്‍ക്കാതിരിക്കാന്‍ ചെരുപ്പും ഷൂസുമെല്ലാം ഉപയോഗിച്ചാണ് ഗ്രാമീണര്‍ കടലില്‍ ഇറങ്ങുന്നത്. കക്ക ശേഖരിക്കാന്‍ ഇറങ്ങിയ സ്ത്രീകള്‍ ഒരുപാട് മുന്നിലേക്ക് പോയിരിക്കുന്നു. എവിടെ നിന്നോ ലഭിച്ച ധൈര്യത്തില്‍ മറ്റൊന്നും ചിന്തിക്കാതെ ജലജീവികളെ കാണാനുള്ള ആഗ്രഹത്തില്‍ കടലിലേക്ക് ഇറങ്ങി. കണങ്കാല്‍ വരെ മാത്രമുള്ള സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. നീലയും കറുപ്പും നിറമുള്ള കുഞ്ഞുമീനുകള്‍ ഞങ്ങളെ കണ്ട് കല്‍പ്പോതുകളിലേക്ക് ഒളിച്ചു.
കുറച്ചു മാറി രണ്ടുപേര്‍ കൂര്‍ത്ത കമ്പിയുമായി കടലില്‍ കുത്തിനോക്കുന്നത് കണ്ടപ്പോള്‍ അവിടേക്ക് നടന്നു. പ്രതീക്ഷിച്ചപോലെ അപ്പല്‍ പിടിത്തക്കാരാണ്. ഇബ്രാഹിം തന്റെ കൗമാരക്കാരനായ പുത്രനും കൂടി അപ്പലിനെ കല്ലിനുള്ളില്‍ നിന്നും എടുക്കാനുള്ള ശ്രമമാണ്. ഒരു അപരിചിതത്വവും കൂടാതെ അവരെന്നെ സ്വീകരിച്ചു. ഞാനും അവരിലൊരാളായി മാറി. തലേദിവസം, മുതല്‍ അവര്‍ അപ്പലിന്റെ പുറകെയാണ്. പാറയുടെ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന അപ്പലിനെ എത്ര ശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ കഴിയുന്നില്ല. എന്റെ ആകാംക്ഷ കിട്ടാവണം പാറ പൊളിച്ച് നീരാളിയെ പുറത്തടുക്കാന്‍ തീരുമാനമായി. കമ്പിപ്പാര എടുക്കാന്‍ മകനെ പറഞ്ഞയച്ച സമയത്ത് അദ്ദേഹം പല ജലജീവികളെയും പരിചയപ്പെടുത്തി.
കുമ്പളങ്ങ പോലെ അനക്കമില്ലാതെ കിടക്കുന്ന കുറുത്ത നിറവും മഞ്ഞനിറവും ഉള്ള കടല്‍ വെള്ളരികള്‍. ചൈനക്കാരുടെ ഇഷ്ട ഭക്ഷണമാണത്രെ ഇത്. ഗ്രാമവാസികള്‍ ഇതിനെ ഭക്ഷണമാക്കാറില്ല. മറ്റൊരിടത്ത് പാറയ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കടല്‍ ചേനയുടെ കറുത്തമുള്ളുകള്‍ കാണിച്ചുതന്നു. ഫോട്ടോയെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പും. മുള്ളുകള്‍ ശരീരത്തില്‍ തുളച്ചു കയറിയാല്‍ പിന്നെ പറിച്ചെടുക്കാനും മുറിവ് ഉണങ്ങാനും പ്രയാസമാണ്. മുത്തുകള്‍ ഉാകുന്ന ഭംഗിയുള്ള ചിപ്പികള്‍, മരം പോലെ ചില്ലകളുള്ള പവിഴപ്പുറ്റുകള്‍ക്ക് മുകളില്‍ പൂപോലെയുള്ള ഭാഗം. പാറകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും ഉള്ളിലായി പലവര്‍ണ്ണങ്ങളിലുള്ള ചെറുമീനുകള്‍ ഓടിക്കളിക്കുന്നു. വള്ളിപോലെ നീുകിടക്കുന്ന മറ്റൊരു ജീവി. അബദ്ധത്തിലെങ്ങാനും അതിനെ ചവിട്ടി പോയാല്‍ അത് കാലില്‍ വട്ടംചുറ്റി കടിക്കുമത്രെ. അതുവരെയുായിരുന്ന ധൈര്യം ചോര്‍ന്നുപോയ നിമിഷം. ഇതൊന്നുമറിയാതെയാണ് കടലിലേക്ക് ഇറങ്ങിയത്. 'പേടിക്കേണ്ട, ഞങ്ങളില്ലേ കൂടെ'. ഇബ്രാഹിം ധൈര്യം പകര്‍ന്നു.

കമ്പിപ്പാര കൊണ്ട് കല്ലുകുത്തി പൊളിച്ച് ജീവിയെ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. അപ്പലിന്റെ ഒരു കൈയ്യാണ് ആദ്യം പുറത്തേക്ക് കിട്ടിയത്. അതെടുത്ത് അവര്‍ എന്റെ കൈകളിലേക്ക് തന്നു. നീരാളിപിടിത്തം എന്തെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. 'അതിനു ജീവനുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഭയപ്പെട്ടുപോയാനേ, അത്ര ശക്തിയിലാണ് അത് ചുറ്റിപ്പിടിക്കുക': -ഇബ്രാഹിം പറഞ്ഞു. കൈകളില്‍ ഒട്ടിപ്പിടിച്ച ടെന്‍ടക്കിള്‍ വിടുവിച്ചെടുക്കുക എളുപ്പമായിരുന്നില്ല. അപ്പോള്‍ എട്ടു കൈകള്‍ കൊണ്ടും ചുറ്റിവരിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ.
പാറപൊട്ടിച്ച് മുഴുവന്‍ ജീവിയെയും പുറത്തെടുത്തു. പ്രതീക്ഷിച്ച പോലെ തന്നെ അത് ചത്തിരുന്നു. ''ഇത് ചെറുതാണ്. ചെറുപ്പക്കാര്‍ക്ക് സൂത്രം കൂടുതലായിരിക്കും. അതാണ് പിടിക്കാര്‍ ബുദ്ധിമുട്ടായത്'' -അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ആകാശം ചെഞ്ചുവപ്പാകുന്നു, സൂര്യന്‍ കടലില്‍ മറയുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അസ്തമയ കിരണങ്ങള്‍ കടല്‍വെള്ളത്തില്‍ പ്രതിഫലിക്കുന്ന സുന്ദരമായ കാഴ്ചയില്‍ ഞാന്‍ സ്വയം അലിഞ്ഞു. യാത്ര ചോദിക്കാന്‍ നേരം എന്നെ അദ്ഭുതപ്പെടുത്തികൊണ്ട് അവര്‍ നീരാളിയെ എന്റെ നേര്‍ക്ക് നീട്ടി. ''ഫ്രൈ ചെയ്ത് കഴിച്ചോളൂ. നല്ല രുചിയായിരിക്കും'' -ഒരുനിമിഷം എന്തു പറയണമെന്നറിയാതെനിന്നു. രണ്ടുദിവസത്ത അവരുടെ അധ്വാനമാണ്. സ്‌നേഹപൂര്‍വ്വം നിരസിച്ചപ്പോള്‍ പിറ്റന്ന് വീട്ടിലേയ്ക്ക് ക്ഷണിച്ചു. അവരുടെ ഭാഷയില്‍ 'ചുള്ളല്‍' എന്ന ഇളനീര്‍ നല്‍കാമെന്ന് പറഞ്ഞു. കമ്പിയില്‍ കോര്‍ത്ത അപ്പലിനേയും തൂക്കി പിടിച്ച് അവര്‍ യാത്രയായി. സന്മനസ്സുള്ള ഈ മനുഷ്യരുടെ സ്‌നേഹത്തില്‍ ഹൃദയം നിറഞ്ഞ് ഞങ്ങളും തിരിച്ചു നടന്നു.
Content Highlights: a journey through agatti island in lakshadweep
Published: 05 Jun 2025, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented