ആനകൾ പൊതുവെ നിതാന്ത സഞ്ചാരികളാണ്. ഒരുദിവസം ഏതാണ്ട് 16 മുതൽ 80 കിലോമീറ്റർ വരെ ആവശ്യമെങ്കിൽ ആന സഞ്ചരിക്കും. അതുകൊണ്ട് ആനകളെ ലാന്റ് സ്‌കേപ്പ് സ്പീഷിസ് എന്ന് വിളിക്കാറുണ്ട്. കിലോമീറ്ററുകൾ അകലെ വരെയുള്ള ജലലഭ്യതയുള്ള പ്രദേശം അന്തരീക്ഷത്തിൽ തുമ്പിക്കൈ ചലിപ്പിച്ചു ആനകൾക്ക് ഗ്രഹിക്കാനാവുമത്രെ!. ഇങ്ങനെ ജലം തേടി അവ സ്ഥിരമായി സൃഷ്ടിക്കുന്ന സഞ്ചാരപഥങ്ങളാണ് ആനത്താരകൾ.

To advertise here,

ജിം കോർബറ്റ് ദേശീയോദ്യാനത്തിലേക്കു പോയാൽ നമുക്കീ മനംനിറയും കാഴ്ച കാണാം. ആനകളുടെ ജീവിതത്തിന്റെ മുഴുവൻ താളവും കണ്ടറിയാം. കാടുതപിക്കുമ്പോൾ ആനകൾ ജലലഭ്യത തേടി ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരുന്നു. ഒരുവെള്ളക്കെട്ട് കാണുമ്പോൾ കുഞ്ഞാനകളടക്കമുള്ള കുടുംബം ഒന്നായി അതിൽ കുത്തിമറിയുന്നത് വല്ലാത്തൊരു കാഴ്ചാനുഭവമാണ്. നാഗർഹോളയിലൂടെയുള്ള വനയാത്രയിൽ കാടകത്തെ ഇത്തിരിപ്പോന്ന നീർത്തടത്തിൽ ഇത്തവണയും ഈ കാഴ്ച കണ്ടു.

നാഗർഹോള രാജീവ് ഗാന്ധി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന കബനിയുടെ കൈവഴികളിൽനിന്ന് ജലപാനം ചെയ്തും നദി നീന്തിക്കടന്നും ബന്ദിപ്പൂരിലെത്തിയിരുന്ന ആനക്കൂട്ടങ്ങൾ ഇത്തിരി പച്ചപ്പിന്റെ തണലിൽ കൂട്ടം കൂടി നില്ക്കുന്ന കാഴ്ച ദയനീയമായിരുന്നു. കാട് ഉണങ്ങും കാലം ഗംഭീരാകാരനായൊരു കൊമ്പൻ മദപ്പാടിന്റെ ലക്ഷണത്തോടെയുള്ള അലച്ചിലിനൊടുവിൽ ശാന്തനായി ദാഹം തീർക്കാൻ തണ്ണീർതടം തേടിയെത്തിയതും കണ്ടു.

ആനകളാണ് പലപ്പോഴും മഴക്കാലങ്ങളെ ഉത്സവമായും വേനലിനെ അതിജീവന പരീക്ഷയായും തൊട്ടറിയുന്നത്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റിലെ രാംഗംഗയിലും നാഗർഹോളയിലെ കബനീതടത്തിലും ജലപാനോത്സവത്തിൽ മദിച്ചവർ വറ്റിവരണ്ട നീർത്തടം നോക്കി പിന്മടങ്ങുന്നതും ഇത്തിരിപോന്ന തണ്ണീർത്തടത്തിൽ മുങ്ങിയുണർന്നും ചേറ്റിലുരുണ്ടും താപകറ്റുന്ന കാഴ്ച ഇത്തവണയും കാണാനായി. ദിവസേന 100 മുതൽ 200 ലിറ്റർ വരെ ജലം ആനകൾക്ക് ആവശ്യമായി വരുന്നു. ശരീരത്തിൽ സ്വേദഗ്രന്ഥികളില്ലാത്ത ആനകളുടെ അതിജീവനൗഷധമായ കുടിനീർതേടി, വെട്ടിമുറിക്കപ്പെട്ട ആനത്താരകളിലൂടെയുള്ള അലച്ചിൽ പലപ്പോഴും ജനവാസകേന്ദ്രങ്ങളിലേക്ക് അവരെ എത്തിക്കുന്നു. വനവിസ്തൃതി കുറഞ്ഞതും വനനശീകരണവുമാണ് ഇതിനു കാരണമെന്ന് നാം സൗകര്യപൂർവ്വം മറക്കുന്നു.

കടുവകളും ഉത്സാഹമറ്റവരായിരുന്നു. തടോബയിലെയും ബന്ദിപ്പൂരിലെയുമെല്ലാം വെള്ളക്കെട്ടുകളിൽ നീന്തിത്തുടിച്ചിരുന്ന കാടിന്റെ കാവലാളുകൾ കരിഞ്ഞുതുടങ്ങിയ പുൽമേടുകൾ പിന്നിട്ട്, വഴിയേറെ താണ്ടിയാണ് ദാഹജലം കണ്ടെത്തുന്നത്. വെള്ളക്കെട്ട് കണ്ടാലുടനെ ഊർന്നിറങ്ങി ഇത്തിരി വെള്ളത്തിൽ ശരീരതാപമകറ്റാൻ പുതഞ്ഞുകിടക്കും. കടുവകൾ ജലസാന്നിധ്യം ഇഷ്ടപ്പെടുന്നവരാണ്.

എന്റെ ക്യാമറയ്ക്ക് ആദ്യമായി മുഖം തന്ന പ്രിൻസിനെ കണ്ടുമുട്ടുന്നതുപോലും ശരീരത്തിന്റെ മുക്കാൽ പങ്കും വെള്ളത്തിൽ അമർന്ന് തലയുയർത്തി മുഖദർശനമേകിക്കൊണ്ടാണ്. തടോബയിലെ മാധുരിയും കോർബറ്റിലെ പേരറിയാത്ത ആൺകടുവയുമെല്ലാം വെള്ളത്തിൽ നീന്തിത്തുടിച്ചു കരകയറി മുമ്പിൽ എത്തുകയായിരുന്നു. ഇന്ന്, തമിഴ്‌നാട്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി മിക്ക കടുവാ സങ്കേതങ്ങളിലും വനപാലകർ കൃത്രിമവെള്ളക്കെട്ടുകൾ ഒരുക്കിയാണ് അവയെ സംരക്ഷിക്കുന്നത്.

ഇവർക്കുള്ള സ്വാഭാവിക ജലസ്രോതസ്സുകൾ നഷ്ടപ്പെടുന്നതിന്റെ പ്രയാസം ചെറുതല്ല. കടുവകൾക്ക് ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വെള്ളം അവ കഴിക്കുന്ന ആഹാരത്തിൽനിന്നും ലഭിക്കുമെങ്കിലും ശരീര താപമകറ്റാൻ ജലസാന്നിധ്യം അത്യാവശ്യമത്രെ. അറുപത് ചതുരശ്ര കിലോമീറ്ററോളം വിസ്തൃതി വേണ്ട ആൺകടുവയുടെയും പതിനഞ്ച് ചതുരശ്ര കിലോമീറ്റർ വിസ്തൃതി വേണ്ട പെൺ കടുവയുടെയും സാമ്രാജ്യപരിധിക്കുള്ളിൽ ജലാശയങ്ങൾ വറ്റിവരളുമ്പോഴാണ് കടുവകളും അവയുടെ സഞ്ചാരപരിധി ലംഘിക്കുന്നത്.

കബനീ വനം ഞങ്ങളെ നിരാശപ്പെടുത്തിയില്ല. കബിനിയിലെത്തുന്ന വനചാരികൾക്കെല്ലാം പ്രിയങ്കരിയായ റസ്സൽ ലൈൻ പെൺകടുവ പ്രഭാതത്തിലെ മഞ്ഞിൻ തിരശ്ശീല വകഞ്ഞു മാറ്റി ഇത്തിരിപ്പോന്നൊരു വെള്ളക്കെട്ടിലേക്ക് ഇറങ്ങിവരികയായിരുന്നു. ഈ സീസണിൽ നാല് കുഞ്ഞുങ്ങൾക്കാണ് ജന്മമേകിയ അവളുടെ മേൽത്താടിയിലെ കോമ്പല്ലിന് ക്ഷതമേറ്റതായും കണ്ടു. ഉൾക്കാട്ടിലേക്കു പിൻവാങ്ങുംവരെ കുറെ ത്രസിപ്പിക്കും നിമിഷങ്ങൾ സമ്മാനിച്ചായിരുന്നു പിൻമടക്കം. കടുവകളോളമല്ലെങ്കിലും ജലസാന്നിധ്യം തേടുന്നവരാണ് പുള്ളിപ്പുലികളും. പച്ചചൂടിയ കാട്ടിൽ വിഹരിക്കുന്ന പുള്ളിപ്പുലികൾ ഉഷ്ണം കനക്കുന്നതോടെ ഇരതേടാൻ മാത്രം ഇലത്തണുപ്പുവിട്ട് പുറത്തിറങ്ങുന്നവരാണ്.

വൻകൂട്ടങ്ങളായി കരുത്തിന്റെ പ്രതീകമായി കാടുവാഴുന്ന കാട്ടുപോത്ത് അവശേഷിക്കുന്ന പച്ചപ്പ് ആഹരിക്കാൻ കഴുത്തുനീട്ടുന്നത് കാണാമായിരുന്നു. പലപ്പോഴും അത്യുഷ്ണത്തിൽ ഇവർ ആക്രമണകാരികളും ക്ഷിപ്രകോപികളുമാവുക പതിവാണ്. ഭാരിച്ച ശരീരത്തിന്റെ താപമകറ്റാനായി വരണ്ടുതുടങ്ങിയ ചെളിക്കുണ്ടിൽ അഭയം തേടുന്നവരെയും ഇക്കൂട്ടത്തിൽ കണ്ടു. പച്ചപ്പുല്ലിന്റെ അഭാവം കൊണ്ടാവാം, സാധാരണ കൂട്ടമായി കുഞ്ഞുങ്ങളൊത്ത് തുറസ്സുകളിൽ മേയുന്നവരെ കാണാനേ ഇല്ലായിരുന്നു.

 

ഒറ്റയാന്മാരായി ഇത്തിരിപ്പച്ചപ്പ് തേടി ചില്ലകളിലേക്കു തലനീട്ടി അലസം തീറ്റയെടുക്കുന്നവരെയും ഇടയ്ക്ക് ക്ഷുഭിതരായി കൊമ്പ് കോർക്കുന്നവരെയും മാത്രമേ കാണാനായുള്ളൂ. മഴക്കാലമാകുമ്പോൾ പീലിയൊതുക്കിക്കഴിയാറുള്ള ആൺമയിലുകൾ കാടകം നിറയെ വർണസാന്നിധ്യമായി ചെറുചില്ലകളേറിപ്പറന്നും ഉറക്കെക്കരഞ്ഞും വരാനിരിക്കുന്ന അത്യുഷ്ണത്തെ വിളംബരം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് എപ്പൊഴോ ഇണയെ വിളിച്ച് ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഒരു മയിലാട്ടവും കണ്ടു.

എപ്പോഴും ഇണകളൊത്തോ, കുടുംബമായോ മാത്രം കാണപ്പെടുന്ന പ്രത്യേക താളക്രമത്തിൽ ചരിക്കുന്ന, ഇടയ്‌ക്കൊക്കെ സഞ്ചാരികളോട് അടുപ്പം കാണിക്കുന്ന കലമാനുകൾ ഒറ്റയാന്മാരായി തണലോരങ്ങളിൽ അഭയംതേടി നിൽപ്പായിരുന്നു. കിളികുലങ്ങൾ അപ്പോഴും ഉത്സാഹത്തിമിർപ്പിൽ ആയിരുന്നു. പ്രണയം പങ്കുവെച്ചു കൊതിതീരാത്ത വേലിതത്തകളും ചിറകഴകിൽ സപ്തവർണങ്ങളും വിരിയുന്ന പനങ്കാക്കയും കൊക്കുരുമ്മി രാഗലോലുപരാകുന്ന മരതക പ്രാവിണകളും ഹിൽ മൈനകളും എല്ലാം ചേരുമ്പോൾ ക്ഷതമേറ്റ കാടിന്റെ പുതുയുയിർപ്പ് കാണാം. മദപ്പാടോടെ കാടിളക്കി പിണങ്ങി നീങ്ങുന്ന ഗംഭീരാകാരനായ ഒറ്റയാനും ദാഹജലത്തിനായി മത്സരിക്കുന്ന ഹനുമാൻ കുരങ്ങും മക്കളും പുള്ളിമാനുമെല്ലാം ഓർമച്ചിത്രങ്ങളായി തെളിയുന്നു. കാടിന്റെ വസന്തകാല സ്മൃതികൾക്കൊപ്പം കൂട്ടുകൂടാൻ വീണ്ടുമെത്താമെന്ന പ്രത്യാശയിലായിരുന്നു വനയാത്രകളിലെ സ്ഥിരം കൂട്ടാളി മനോജ് ജനാർദ്ദനനോടും ടാജോ എബ്രഹാമിനൊടുമൊപ്പം മടക്കയാത്ര!

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi