ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ നിന്നൊരു പ്രതിനിധി മിസ് യൂണിവേഴ്‌സ് സൗന്ദ്യമത്സരത്തിനെത്തുന്നുവെന്ന വാര്‍ത്ത വളരെ പ്രധാന്യത്തോടെയാണ് ലോകം ഏറ്റെടുത്തത്. സൗദി തലസ്ഥാനമായ റിയാദില്‍ ജനിച്ചുവളര്‍ന്ന റൂമി അൽഖഹ്താനി എന്ന 27-കാരിയാണ് സൗദിയുടെ പ്രതിനിധിയായി ലോകത്തെ ഏറ്റവും വലിയ സൗന്ദര്യവേദികളിലൊന്നായ മിസ് യൂണിവേഴ്‌സ് മത്സരത്തിനെത്തുന്നത്. തിങ്കളാഴ്ച റൂമി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ്‌ ഇക്കാര്യം ലോകത്തെ അറിയിച്ചത്. തന്റെ ഏതാനും ഗ്ലാമറസ് ചിത്രങ്ങളും ഇതിനൊപ്പം പങ്കുവെച്ചു. 

To advertise here,

സാമൂഹികമാധ്യമങ്ങളില്‍ വളരെ സജീവമായ റൂമി മോഡലും കണ്ടന്റ് ക്രിയേറ്ററുമാണ്. ഗംഭീരമായ ഗൗണുകള്‍ തൊട്ട് പരമ്പരാഗത സൗദി വസ്ത്രങ്ങള്‍ വരെ അണിഞ്ഞുള്ള തന്റെ വിവിധപോസുകളിലുള്ള ചിത്രങ്ങളും മത്സര യാത്രയെക്കുറിച്ചുള്ള അപ്ഡേറ്റുകളും റൂമി ആരാധകര്‍ക്കായി പങ്കിട്ടിരുന്നു. 

റൂമിക്ക് ലൈംലൈറ്റുകള്‍ പുതുമയുള്ളതല്ലെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോളതലത്തില്‍ ഒട്ടേറെ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ആഴ്ചകള്‍ക്കുമുമ്പ് മലേഷ്യയില്‍ നടന്ന മിസ് ആന്‍ഡ് മിസിസ് ഗ്ലോബല്‍ ഏഷ്യന്‍ മത്സരം അതിലൊന്നാണ്. മിസ് ഏഷ്യ, മിസ് അറബ് പീസ്, മിസ് യൂറോപ് തുടങ്ങി പ്രമുഖ സൗന്ദ്യമത്സരങ്ങളില്‍ മാറ്റുരച്ചു. മിസ് സൗദി അറേബ്യയായി കിരീടമണിഞ്ഞു. മിസ് മിഡില്‍ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേള്‍ഡ് പീസ് 2021, മിസ് വുമണ്‍ (സൗദി അറേബ്യ) എന്നീ പദവികളും അവര്‍ അലങ്കരിച്ചു.

ഡെന്റിസ്ട്രിയില്‍ ബാച്ച്‌ലര്‍ ഡിഗ്രിയുള്ള റൂമിക്ക് മൂന്ന് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. അറബ്, ഫ്രഞ്ച്, ഇംഗ്ലീഷ്. ലോകം മുഴുവന്‍ സഞ്ചരിച്ച് യാത്രാചിത്രങ്ങള്‍ സ്ഥിരമായി ആരാധരകരുമായി പങ്കിടാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പത്തുലക്ഷം പേരാണ് റൂമിയെ ഫോളോ ചെയ്യുന്നത്. 

73-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരം സെപ്റ്റംബറില്‍ മെക്‌സിക്കോയിലാണ് നടക്കുന്നത്.