കേരളാതിര്‍ത്തി പിന്നിട്ട് തമിഴ്‌നാട്ടിലേക്ക് കടക്കുമ്പോള്‍ പ്രകൃതിക്കു മറ്റൊരു രൂപമാണ്. ഭാഷയും സംസ്‌കാരവും മാത്രമല്ല പ്രകൃതി ഭംഗിയിലും ഈ മാറ്റം കാണാനാവും. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തരിശുഭൂമികളും അതിന്റെ അങ്ങേയറ്റത്ത് മാനം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങളും. ചിലയിടങ്ങളില്‍ സോപ്പ് പെട്ടി അടുക്കിവെച്ചതുപോലെ സ്ഥിതിചെയ്യുന്ന വീടുകള്‍. കോവിലുകളില്‍ നിന്നുള്ള പ്രഭാതകീര്‍ത്തനം മുഴങ്ങുന്നുണ്ട്. ക്ഷേത്രദര്‍ശനത്തിനായി എത്തുന്നവരെ കാത്ത് ചെണ്ടുമല്ലിപ്പു വില്‍ക്കുന്ന സ്ത്രീകള്‍. അംബാസമുദ്രത്തിലെത്തുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. അവിടെനിന്നും പാപനാശം വഴി കളര്‍കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വില്‍ സ്ഥിതിചെയ്യുന്ന കോവിലായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം.
സൊരി മുത്തു അയ്യനാര്‍ കോവില്‍
പണ്ട്, കേരളത്തിന്റെ ഭാഗമായിരുന്ന ഈ ക്ഷേത്രം ഇപ്പോള്‍ തമിഴ്‌നാടിന്റെ കീഴിലാണ്. വരള്‍ച്ചയില്‍ നിന്നും കുടിവെള്ള ക്ഷാമത്തില്‍ നിന്നും നാടിനെ മോചിപ്പിച്ച ഐതിഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. സൊരി മുത്തുവിന്റെ അടുത്തെത്തി പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ മഴപെയ്യുമെന്നാണ് വിശ്വാസം. സൊരി മുത്തു എന്ന പേരില്‍ ഗോത്രവര്‍ഗക്കാര്‍ ആരാധിക്കുന്നത് ശബരിമല അയ്യപ്പനെയാണ്. കുട്ടിക്കാലത്ത് അയ്യപ്പന്‍ കാടിനുള്ളില്‍ ആയോധനകല അഭ്യസിച്ചിരുന്നത് ഇവിടെയായിരുന്നുവെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് അരികിലായി ഒരു വലിയ പുഴ ഒഴുകുന്നുണ്ട്. ക്ഷേത്രത്തില്‍നിന്നും അല്‍പദൂരം പിന്നിട്ടാല്‍ സെല്‍വരളു എന്നറിയപ്പെടുന്ന സെല്‍വരാല്‍ ഡാമിലേക്കെത്താം. സദാസമയവും കോടമഞ്ഞില്‍ മൂടി കിടക്കുന്ന അഗസ്ത്യപര്‍വത താഴ്വരയിലാണ് നീണ്ട ഒമ്പത് വര്‍ഷത്തെ പ്രയത്‌നത്താല്‍ ഈ ഡാം നിര്‍മ്മിച്ചിട്ടുള്ളത്.
ഇടയ്ക്കിടെ ശക്തമായ കാറ്റുവീശുന്നത് കൊണ്ട് ഡാമിന്റെ മുകള്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ അവിടേക്കുള്ള പ്രവേശനം അനുവദിനീയമല്ല. കലക്കാട് മുണ്ടന്‍ തുറൈയ് ടൈഗര്‍ റിസര്‍വിലുള്ള പാന്തര്‍ കോട്ടേജില്‍ ആയിരുന്നു റൂം ബുക് ചെയ്തിരുന്നത്. തമിഴ്‌നാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള ഈ കോട്ടേജില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ശേഷം അതിന്റെ കോപ്പി ചെക്ക് പോസ്റ്റില്‍ കാണിച്ച ശേഷമേ അവിടേക്ക് കടത്തി വിടുകയുള്ളൂ. എന്നാല്‍, കാരയാറിലേക്ക് പോകുന്ന തമിഴ്‌നാടിന്റെ ട്രാന്‍സ്പോര്‍ട് ബസില്‍ കയറിയാല്‍ ഈ പരിശോധനകളൊന്നുമില്ലാതെ അവിടേക്ക് പോകാനും സാധിക്കും. ചെക്‌പോസ്റ്റിലെ പരിശോധനയും കഴിഞ്ഞു കാട്ടിലൂടെ അഞ്ച് കി.മി സഞ്ചരിച്ചാല്‍ പാന്തര്‍ കോട്ടേജിലെത്തിച്ചേരാം.

മരങ്ങള്‍ക്കിടയില്‍ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഒരു പഴയ കെട്ടിടമാണ് പാന്തര്‍ കോട്ടേജ്. അതിന്റെ മുന്നിലൂടെ നദി ഒഴുകുന്നുണ്ട്. ചുറ്റിനും മാനും മയിലുകളും സിംഹവാലന്‍ കുരങ്ങുകളും തലങ്ങും വിലങ്ങും പായുന്നു. മാനുകള്‍ അധികം ദര്‍ശനം തന്നില്ല. ഞങ്ങളെ കണ്ടപാടെ കാട്ടിലേക്ക് അവ ഓടിമറഞ്ഞു. പീലിവിടര്‍ത്തി നില്‍ക്കുന്ന മയിലുകളുടെ ഭംഗി ആസ്വദിച്ചുകൊണ്ടിരിക്കുന്ന സമയം വാനരക്കൂട്ടങ്ങള്‍ പൊടുന്നനെ ഞങ്ങളുടെ റൂമിലേക്കു കയറി ബാഗ് തുറന്നു ഭക്ഷണപൊതികളും മൊബൈല്‍ ചാര്‍ജറും എടുത്തുകൊണ്ട് ഓടി. അതുകണ്ട ഫോറസ്റ്റ് ഓഫീസര്‍ മുന്നറിയിപ്പ് തന്നു. ''പുറത്തേക്കിറങ്ങുമ്പോള്‍ ജനലും വാതിലും കുറ്റിയിടാന്‍ മറക്കരുത്''. ഇവിടെ റൂം ബുക്ക് ചെയ്താല്‍ വാഹനവുമായി രാത്രി പത്തുമണിവരെ കാട്ടിലൂടെ കറങ്ങാം. കാല്‍ നട അനുവദനീയമല്ല. കാരണം, കടുവകളുടെ സാന്നിധ്യം കുറവാണെങ്കിലും കരടിയുടെയും ചെന്നായകളുടെയും വിഹാരകേന്ദ്രമാണ് കലക്കാട് മുണ്ടന്‍തുറൈ ഫോറസ്റ്റ്. രാത്രി സഫാരിയില്‍ നിരവധി കാട്ടുപോത്തുകളും മ്ലാവും ചെന്നായകളും ദര്‍ശനമേകി. പിറ്റേന്ന് പുലര്‍ച്ചെ പാന്തര്‍ കോട്ടേജില്‍നിന്നും യാത്ര പറഞ്ഞു. മാഞ്ചോലയായിരുന്നു ലക്ഷ്യം.
സ്വകാര്യവാഹനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം എന്നുള്ളതിനാല്‍ തമിഴ്‌നാട്ടിന്റെ ട്രാന്‍സ്പോര്‍ട് ബസ്സ് ആണ് തിരഞ്ഞെടുത്തത്. തിരുനെല്‍വേലി സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബസ് കൃത്യസമയത്തുതന്നെ അംബാസമുദ്രം സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നു. ബസ്സിലെ യാത്രക്കാരില്‍ അധികവും തോട്ടം തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ്. എല്ലാവരും മാഞ്ചോലയിലെ ഗ്രാമങ്ങളിലേക്ക് പോകുന്നവരാണ്. തേയില തോട്ടത്തിലെ ജോലിക്കായി കേരളത്തില്‍നിന്നും കുടിയേറി പാര്‍ത്ത്, ഒടുക്കം മാഞ്ചോലയെ നെഞ്ചോട് ചേര്‍ത്തവരാണ് ഈ മനുഷ്യര്‍. തമിഴ്നാട്ടിലെ മുണ്ടന്‍ തുറൈ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്നുകിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമിയാണ് മാഞ്ചോല. 'സിങ്കപ്പെട്ടി സമീന്ദാര്‍ ഫോറസ്റ്റ്' എന്ന പേരിലും മാഞ്ചോല അറിയപ്പെടുന്നു. തിരുനെല്‍വേലിയില്‍നിന്ന് അംബാസമുദ്രം പിന്നിട്ട് മണി മുത്താറും കടന്നു മാഞ്ചോലയിലേക്ക് എത്തിച്ചേരാനാകും.
മാഞ്ചോലയും കഴിഞ്ഞു ഊത് മലയിലെ കുതിരവെട്ടി എത്തുമ്പോള്‍ എസ്റ്റേറ്റ് അവസാനിക്കുകയായി. മാഞ്ചോലയിലേക് തിരുനെല്‍വേലിയില്‍ നിന്നും ദിവസം മൂന്നോ നാലോ ബസ് സര്‍വീസ് മാത്രമേയുള്ളൂ. മണിമുത്തിയാര്‍ ഡാമിലെ കാഴ്ചകളും കണ്ട് ചെക്ക് പോസ്റ്റും പിന്നിട്ടു കാടിന്റെ വന്യതയിലേക് കയറുമ്പോള്‍ മറ്റൊരു ലോകത്തേക് എത്തുന്ന പ്രതീതി. പ്രകൃതിസൗന്ദര്യം ആവോളമുള്ള കുന്നും മലകളും കാട്ടരുവികളും പിന്നിട്ട് കഷ്ടിച്ച് ഒരു വണ്ടിക്ക് മാത്രം കടന്നുപോകാന്‍ കഴിയുന്ന ഇടതൂര്‍ന്ന വനത്തിലൂടെയുള്ള യാത്ര ഒരേസമയം, സന്തോഷവും ഭീതിയും ഉള്ളില്‍ ജനിപ്പിക്കും. പകല്‍സമയത്തുപോലും കോടമഞ്ഞ് മൂടുന്ന ഈ വഴികള്‍ രാത്രിയാകുമ്പോള്‍ കാട്ടുപോത്തുകളുടെ വിഹാരകേന്ദ്രമായി മാറും.

മാഞ്ചോലയിലെ ഗ്രാമഭംഗി
വര്‍ഷങ്ങള്‍ പഴക്കമുള്ള പോസ്റ്റ് ഓഫീസും ചെറിയ പെട്ടിക്കടകളും ഉള്ള കൊച്ചു ഗ്രാമമാണിത്. റേഡിയോയിലൂടെ ഒഴുകിയെത്തുന്ന തമിഴ് പാട്ടിന്റെ വരികള്‍ ആസ്വദിച്ചു ചായ കുടിക്കുന്ന തോട്ടം തൊഴിലാളികളെ കാണുമ്പോള്‍ പഴയ തമിഴ് സിനിമകള്‍ മനസ്സിലേക്ക് ഓടിയത്തും. തേയില തോട്ടങ്ങള്‍ക്കു അരികിലായി കുഞ്ഞു വീടുകള്‍ കാണാം. ശക്തമായ കാറ്റില്‍ മേല്‍ക്കൂര പറന്നുപോകാതിരിക്കാന്‍ ഷീറ്റുകള്‍ മേഞ്ഞ വീടിനു മുകളില്‍ മണല്‍ നിറച്ച ചാക്കു കെട്ടുകള്‍ വെച്ചിട്ടുണ്ട്. മരങ്ങളില്‍ നിന്നും അടുത്ത മരങ്ങളിലേക്ക് ചാടുന്ന വാനരക്കൂട്ടങ്ങളും അതുകണ്ടു ഭയന്ന് ചിറകടിച്ചു മറ്റൊരിടത്തേക്ക് പറന്നുയരുന്ന പേരറിയാ പക്ഷിക്കൂട്ടങ്ങളും മാഞ്ചോലയിലെ രസമുള്ള കാഴ്ചയാണ്. പകല്‍ വെളിച്ചം വീഴും മുന്നേ തേയിലക്കാടുകളിലേക്ക് ജോലിക്ക് ഇറങ്ങുന്ന സ്ത്രീകളെ കാണാം. അവരുടെ കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളിലൂടെ ഗ്രാമം ഉണരുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെങ്കിലും പരിമിതികളെ സ്വര്‍ഗതുല്യമാക്കി ഒന്നിനോടും പരാതിയില്ലാതെ ജീവിക്കുന്ന കുറച്ചു നല്ല മനുഷ്യരുണ്ടിവിടെ. തമിഴ് ഭാഷ ആണ് സംസാരിക്കുന്നതെങ്കിലും ഇവരില്‍ പലരും മലയാളികള്‍ ആണ്. കൊല്ലം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍നിന്നും കുടിയേറി പാര്‍ത്ത ഇവരിപ്പോള്‍ മാഞ്ചോലയുടെ മക്കള്‍ ആണ്. ''വന്യമൃഗങ്ങള്‍ സാധുക്കളാണ്. അവര്‍ ആവശ്യമില്ലാതെ ഉപദ്രവിക്കില്ല, നമ്മള്‍ അവരുടെ വഴികളിലേക്ക് പോകാതിരുന്നാല്‍ മാത്രം മതി. ഈ കാട് അവര്‍ക്കുള്ളതാണ് ഈ ഇടവഴികള്‍ നമുക്കുള്ളതും'' -ഇതാണ് ഗ്രാമീണര്‍ക്ക് കാടിനോടുള്ള സങ്കല്‍പം. 2018-ലെ സെന്‍സസ് പ്രകാരം 29-ലധികം കടുവകളെ കണ്ടെത്തിയ സ്ഥലമാണ് ഇവിടം.
ഊതുഗ്രാമത്തിലെ കാഴ്ചകള്‍
മാഞ്ചോലയും കടന്നു ഊത് ഗ്രാമത്തിലേക്ക് പോകും വഴിയാണ് കാക്കാച്ചി തടാകവും പ്രകൃതിദത്തമായ ഗോള്‍ഫ് പുല്‍മൈതാനവും ഉള്ളത്. മാഞ്ചോലയില്‍ നിന്നും 8 കി.മി അകലെയുള്ള കാക്കച്ചിയും പിന്നിട്ട്, നാലുമുക്ക് എത്തുമ്പോഴേക്കും റോഡിന്റെ വീതി പിന്നെയും കുറഞ്ഞുവരും. അരുവി മുറിച്ച് ഒരു വണ്ടിക്ക് മാത്രം പോകാന്‍ കഴിയുന്ന മരപ്പാലത്തിലൂടെ മറുകരയില്‍ എത്തുമ്പോള്‍ നാലുമുക്ക് എസ്റ്റേറ്റ് ആരംഭിക്കുകയായി. 1920-കള്‍ക്ക് ശേഷം സ്ഥാപിതമായതും ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതുമായ ഊത് ഗ്രാമത്തില്‍ ആദ്യകാലത്ത് ഏലം, കാപ്പി, കുരുമുളക് മുതലായവ കൃഷി ചെയ്തിരുന്നു. ഇവിടെ നിന്നും മധുരൈ വഴി സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്തുപോന്നിരുന്നുവത്രെ. 1950-നു ശേഷം തേയില കൃഷി മാത്രമായി ചുരുങ്ങി. പൊതുഗതാഗം ചെന്നുനില്‍ക്കുന്ന ആള്‍ത്താമസമുള്ള അവസാന ഗ്രാമമാണ് ഊത്. ഇവിടെ നിന്നാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ അനുമതിയോടെ കുതിര വെട്ടിയിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്.

ഇരുവശങ്ങളിലും തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍ക്കിടയിലൂടെ കല്ലുകള്‍ നിറഞ്ഞ ദുര്‍ഘടപാതയിലൂടെ നാലു കി.മി സഞ്ചരിച്ചാല്‍ കുതിരവെട്ടിയിലേക്ക് എത്തിച്ചേരാം. ഇവിടെ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ചെറിയ മുറികള്‍ ഉണ്ട്. അംബാസമുദ്രത്തിലെ ഫോറസ്റ്റ് ഓഫീസില്‍നിന്നും പെര്‍മിഷന്‍ വാങ്ങി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇവിടെ താമസിക്കാന്‍ അനുമതിയുള്ളത്. രാജഭരണകാലത്ത് ഗ്രാമീണര്‍ കുതിരയെ കെട്ടിയിട്ട് അവയ്ക്ക് പരിശീലനം കൊടുത്തിരുന്ന സ്ഥലമായിരുന്നു കുതിരകെട്ടി. പിന്നീട് ശത്രുക്കളുടെ ആക്രമണം കനത്തതോടെ ഇവിടങ്ങളില്‍ കുതിരകളെ കൊന്നുതള്ളുകയുണ്ടായി. അങ്ങനെ കുതിരയെ കെട്ടിയ സ്ഥലം അവസാനം കുതിരയെ കൊന്നു തള്ളുന്ന സ്ഥലമായി മാറി. അങ്ങനെയാണ് 'കുതിരകെട്ടി' പിന്നീട് 'കുതിരവെട്ടി' എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
കുതിരവെട്ടിയിലെ വാച്ച് ടവറിന്റെ മുകളില്‍ കയറിയാല്‍ താഴ്വരയുടെ മനോഹരമായ ദൃശ്യങ്ങള്‍ കാണാം. പച്ചപുതച്ച കാര്‍ഷിക ഗ്രാമങ്ങളും വെയിലേറ്റു തിളങ്ങുന്ന മണിമുത്തിയാര്‍ ഡാമിലെ നീലജലാശയവും അപ്പര്‍ കോതയറിന്റെ സുന്ദരദൃശ്യങ്ങളും സഞ്ചാരികളുടെ മനം മയക്കും. കണ്ണിനു കുളിരേകുന്ന കാഴ്ചകള്‍ക്കിടയില്‍ ചിലപ്പോള്‍ കോട വന്നു മൂടി പരസ്പരം കാണാന്‍ പറ്റാത്ത സ്ഥിതിയുമാകും. വനം വകുപ്പിന്റെ ഇടപെടല്‍ മൂലം ഇതൊരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചില്ലെങ്കിലും അറിഞ്ഞും കേട്ടുമൊക്കെ സഞ്ചാരികള്‍ ഇവിടേക്കെത്തുന്നു. കുതിരവെട്ടിയിലെ അസ്തമയ കാഴ്ചകള്‍ കണ്ട് കൊതിതീരാതെ ഞങ്ങള്‍ തിരികെ മടങ്ങി.
Content Highlights: a trip to munduthurai in tamilnadu
Published: 20 Apr 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented