ഗോവയിൽ ടൂറിസ്റ്റുകൾ അധികം വരാത്ത, 'ഓഫ് സീസൺ' ആണ് ജൂൺ-ജൂലൈ-ഓഗസ്റ്റ് മാസങ്ങൾ. തിമിർത്തു പെയ്യുന്ന മഴയും കലിതുള്ളി നിൽക്കുന്ന കടലും ചേർന്ന് എല്ലാ ബീച്ചുകളിലെയും ഒട്ടുമിക്ക ഷാക്കുകളും ക്ലബ്ബുകളും പൂട്ടിക്കും. ഗോവയിലെ ടൂറിസ്റ്റുകളിൽ സിംഹഭാഗവും കടല് കാണാനോ ക്ലബ്ബുകളിൽ ആടിത്തിമിർക്കാനോ വരുന്നവരായതുകൊണ്ട് ഈ മാസങ്ങളിൽ ഇവരുടെ വരവ് കാണില്ല. താങ്ങാവുന്നതിനും അപ്പുറമുള്ള വരവും പോക്കും ഇല്ലാത്ത ഈ മാസങ്ങളിൽ ഗോവ വീണ്ടും ശ്വസിച്ചു തുടങ്ങും. മഞ്ഞ ബോർഡുകൾ വെച്ച വണ്ടികളുടെ കുത്തൊഴുക്കില്ലാത്ത, പ്രദേശവാസികളുടെ സ്വകാര്യതക്ക് യാതൊരു ബഹുമാനവുംകൊടുക്കാത്ത ഫോട്ടോയെടുപ്പും ബഹളങ്ങളുമില്ലാത്ത ശാന്തസുന്ദരമായ ഗോവ. കരിഞ്ഞുണങ്ങി നിന്നതെല്ലാം തഴച്ചുവളരും, വെള്ളച്ചാട്ടങ്ങളെല്ലാം വീണ്ടുമുണരും, റെയ്ൻകോട്ടുമിട്ട് വൈകുന്നേരങ്ങളിൽ ചൂണ്ടകളുമായി മണ്ഡോവി നദിക്കരയിലും സുവാരി നദിക്കരയിലുമൊക്കെ പ്രദേശവാസികൾ പോകും. ഈ സമയത്താണ് പ്രധാനപ്പെട്ട ചില ആഘോഷങ്ങൾ നടക്കുന്നത്. അവയിൽ ഏറ്റവും ആദ്യം പറയേണ്ടത് സാൻ ജാവോ ഫെസ്റ്റിവലിനെക്കുറിച്ചാണ്. സെയ്ന്റ് ജോണിനെ പോർച്ചുഗീസ് ഭാഷയിൽ വിളിക്കുന്ന പേരാണ് സാൻ ജാവോ. എല്ലാക്കൊല്ലവും ജൂൺ മാസം 24ാം തീയതി നടക്കുന്ന ഈ ആഘോഷം ഗോവയുടെ മൺസൂൺ ഫെസ്റ്റിവൽ എന്നാണ് അറിയപ്പെടുന്നത്. മഴയില്ലാത്ത സാൻ ജാവോ ഫെസ്റ്റിവൽ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഗോവയിൽ! ഈ വർഷം ജൂൺ 23 ആയിട്ടും മഴ പെയ്യാഞ്ഞപ്പോൾ ചരിത്രം തിരുത്തിക്കുറിക്കപ്പെടുമോ എന്ന് പലരും ഭയന്നെങ്കിലും 24-ന് കൃത്യമായി രാവിലെമുതൽ മഴ തിമിർത്തു പെയ്തു.

ഈ ദിവസം ഗ്രാമവാസികളെല്ലാം തന്നെ പൂക്കളും കായ്കളുംകൊണ്ടൊരു കിരീടം ചൂടും. 'കോപ്പൽ' എന്നാണ് അതിനെ വിളിക്കുന്നത്. പറമ്പിൽ ലഭ്യമായ എന്തും കോപ്പലിൽ ചേർക്കാം. ശേഷം ചെറുപ്പക്കാർ സംഘം ചേർന്നു ഘുമട്ടും(ഒരു തരം പ്രാദേശിക കൊട്ടുവാദ്യോപകരണം) കൊട്ടി ജാഥയായി ഗ്രാമത്തിലുള്ള എല്ലാ കിണറിലേയ്ക്കും ചാടും! ഇതിന് പിന്നിലൊരു ഐതീഹ്യമുണ്ട്. യേശുക്രിസ്തുവിനെ ഗർഭിണിയായിരിക്കെ പരിശുദ്ധമാതാവ് തന്റെ ബന്ധുവായ എലിസബത്തിനെ കണ്ടു. ആറു മാസം ഗർഭിണിയായ എലിസബത്തിനോട് തന്റെ ഗർഭത്തിന്റെ കാര്യം മാതാവ് പറഞ്ഞതും എലിസബത്തിന്റെ വയറ്റിലെ കുഞ്ഞ് തുള്ളിച്ചാടി എന്ന് ബൈബിളിൽ പറയുന്നു. ഈ കുഞ്ഞ് സെയ്ന്റ് ജോൺ ആയിരുന്നു. ഇത്തരത്തിൽ സെയ്ന്റ് ജോൺ ഗർഭപാത്രത്തിൽ തുള്ളിച്ചാടിയതിനെ അനുസ്മരിച്ചാണ് കിണറ്റിൽ ചാടുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ ജോർദാൻ നദിയിൽ കർത്താവിന്റെ തിരുസ്‌നാനം ആഘോഷിക്കാനാണ് ഇങ്ങനെ കിണറ്റിൽ മുങ്ങുന്നതെന്ന് മറ്റു ചിലർ. എന്ത് തന്നെയായാലും ഈ കിണറ്റിൽചാട്ടം കണ്ടുനിൽക്കാൻ നല്ല രസമാണ്. കാണുന്നത് പോലെ എളുപ്പമല്ല താനും. നീന്താൻ നല്ല വശമുള്ളവർക്കേ ഈ പണി പറഞ്ഞിട്ടുള്ളൂ. കിണറ്റിന്റെ ആഴം അറിയാതെ പുറത്തുനിന്ന് വരുന്ന പലരും കൈകാലിട്ടടിക്കാറുണ്ട്.

സാൻ ജാവോ ഗോവയിലെ പല സ്ഥലങ്ങളിലും ആഘോഷിക്കപ്പെടുമെങ്കിലും ഏറ്റവും ആർഭാടമായി ആഘോഷിക്കുന്നത് വടക്കൻ ഗോവയിലെ സിയോളിമിലാണ്. സിയോളിമിലെ സെയ്ന്റ് പീറ്റേഴ്‌സ് ദേവാലയത്തിന് നേരെ എതിർവശത്ത് അന്ന് വലിയ സ്റ്റേജ് കെട്ടും. ഉച്ചയ്ക്ക് ശേഷം ആട്ടവും പാട്ടുവുമൊക്കെയായി ഉഷാറാകുന്ന ആഘോഷം രാത്രി വരെ നീളും. കിണറ്റിൽ ചാടുന്നത് കാണാനും വണ്ടി പാർക്ക് ചെയ്യാൻ പറ്റിയൊരു സ്ഥലം കിട്ടാനുമൊക്കെയായി ഞാൻ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തന്നെ പള്ളിയിലേയ്ക്ക് പുറപ്പെട്ടു. തിരക്ക് മെല്ലെ തുടങ്ങി വരുന്നേയുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ഇരുചക്രവാഹനങ്ങളിലെ സുന്ദരികളും സുന്ദരന്മാരുമെല്ലാം പുഷ്പകിരീടം ചൂടിയിട്ടുണ്ട്. പൂക്കൾ മാത്രമല്ല പറമ്പിലുണ്ടായ ചാമ്പക്കയും കശുമാങ്ങയും പഴവുമെല്ലാം കിരീടത്തിൽ തൂങ്ങിക്കിടപ്പുണ്ട്. വിനോദസഞ്ചാരികൾക്ക് കോപ്പലുകൾ വിൽക്കാൻ നാടോടികൾ പള്ളിയുടെ പരിസരത്ത് തമ്പടിച്ചിട്ടുണ്ട്. കൂട്ടത്തിൽ ഒരു സുന്ദരിക്കുട്ടി തലയിൽ പുഷ്പകിരീടവും ചൂടി കോപ്പലുകൾ വിൽക്കാൻ നിൽപ്പുണ്ട്. അവളുടെ ഫോട്ടോ എടുക്കുന്ന തിരക്കിലാണ് ചില വിദേശികൾ. അവളുടെ കൈയ്യിലെ കോപ്പലിന്റെ വില ചോദിച്ചു- മൂന്നൂറ് രൂപ! അല്പം കൂടുതലാണ്. എങ്കിലും അവളോട് തർക്കിക്കാൻ തോന്നിയില്ല. ഒരെണ്ണം വാങ്ങി തലയിൽ വെച്ചു. ജെർബേറപ്പൂക്കൾ വെച്ചൊരു കിരീടം. തരക്കേടില്ല. എങ്കിലും ഗ്രാമവാസികളുടെ സർഗ്ഗാത്മകതയുടെ ഏഴയലത്തു വരില്ല! കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏറ്റവും മികച്ച കോപ്പലിന് ക്യാഷ് പ്രൈസ് കൊടുക്കുന്ന പരിപാടിയുണ്ട്. അതുകൊണ്ട് വൈവിധ്യത്തിന് യാതൊരു കുറവുമില്ല. ഇതെല്ലാം കണ്ട് ഞാൻ മെല്ലെ നടന്നു. കുറച്ചു മുന്നിലായി ഒരു കിണർ. ചുറ്റോട് ചുറ്റും ചെറുപ്പക്കാർ നിൽപ്പുണ്ട്. ചിലർ ധൈര്യസമേതം ചാടുന്നുണ്ട്. മറ്റുചിലർക്ക് ധൈര്യം പകരാനായി ഫെനിയും ബിയറുമെല്ലാം പലഭാഗങ്ങളിൽ നിന്നായി ഒഴുക്കുന്നുണ്ട്. എന്നിട്ടും ധൈര്യം വരാത്തവരെ നിഷ്‌കരുണം തള്ളിയിടുന്നുമുണ്ട്. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപെട്ടത്. കിണറിനടുത്തുള്ള വീട്ടിൽ ചെത്തിയും ചാമ്പക്കയുമെല്ലാം വെച്ച് മനോഹരമായി അലങ്കരിച്ച കോപ്പലുകൾ ചൂടി ഒരു പെണ്ണും ചെറുക്കനും നിൽക്കുന്നു. ഒരു വട്ടി നിറയെ ശർക്കരയും ചക്കയും മാമ്പഴവുമൊക്കെയായി അവരെ വീട്ടിലേക്ക് സ്വീകരിക്കുകയാണ് കുറച്ചുപേർ. അടുത്ത് നിന്ന ചെറുപ്പക്കാരനോട് ചോദിച്ചു. “ഇതെന്താണ് സംഭവം?”

“ഇവർ പുതുമോടിയാണ്. പുതിയതായി കല്യാണം കഴിച്ചവരെ പെണ്ണിന്റെ വീട്ടിൽ ഈ ദിവസം സൽക്കരിക്കുന്ന പതിവുണ്ട്. അന്ന് സ്‌പെഷ്യൽ ആയി സന്നാസും (നമ്മുടെ വട്ടയപ്പം) സോർപ്പോട്ടേലും (ഗോവൻ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള പോർക്കിന്റെ കറി) ഒക്കെ ചെക്കന് വിളമ്പും.” അവൻ പറഞ്ഞു. “അപ്പൊ ഈ കൊട്ടയിൽ ഉള്ളതോ?” ഞാൻ വിട്ടില്ല. “അതാണ് ഓജം. ഈ കൊട്ട ചെക്കന്റെ വീട്ടിലേയ്ക്കുള്ളതാണ്.” വെള്ളത്തിൽ ചാടാൻ നിക്കുന്ന എന്നോട് തന്നെ ചോദ്യം ചോദിക്കണം എന്ന മട്ടിൽ അവൻ ഉത്തരം പറഞ്ഞു. ഇനി എന്തെങ്കിലും ചോദിച്ചാൽ അവൻ എന്നെ തല്ലും എന്നുറപ്പുള്ളതുകൊണ്ട് ഞാൻ അവിടുന്ന് മെല്ലെ മുന്നോട്ടേക്ക് നീങ്ങി. പുള്ളിക്കുപ്പായമണിഞ്ഞ ഒരു സ്ത്രീ ഒരു ചെറിയ ഗ്ലാസ്സ് ഫെനി എന്റെ നേരെ നീട്ടി. “ആന്റി! ഞാൻ കുടിക്കില്ല.” “ഞാനും കുടിക്കാറില്ല. ഫെനി മദ്യമല്ല. വെറും കശുമാങ്ങയുടെ ജ്യൂസ് ആണ്.” അവർ കണ്ണിറുക്കി ചിരിച്ചു.

വീണ്ടും ‘വേണ്ട’ എന്നു ഞാൻ പറഞ്ഞപ്പോൾ എന്റെ നേരെ അവർ പഴുത്ത മാമ്പഴത്തിന്റെ ഒരു പ്ലേറ്റ് നീട്ടി. അതിൽനിന്ന് രണ്ടുകഷ്ണം കൊതിയോടെ ഞാൻ എടുത്തു. എനിക്കേറ്റവും പ്രിയപ്പെട്ട മൻകുരാദ് മാമ്പഴമാണ്. ഗോവക്കാർക്ക് അൽഫോൻസോയും രത്‌നഗിരിയുമൊക്കെ മൻകുരാദ് കഴിഞ്ഞേയുള്ളൂ. മൻകുരാദും കഴിച്ച് ആന്റിയോടും സലാം പറഞ്ഞ് പ്രധാനപരിപാടി നടക്കുന്ന സ്ഥലത്തെത്തി. നേരത്തെ കണ്ട സ്ഥലമേയല്ല. വർണാഭമായ വസ്ത്രങ്ങളും കോപ്പലുകളും അണിഞ്ഞ മനുഷ്യരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു ആ ഗ്രൗണ്ട്. 'മരിയ പിതാഷേ'യ്ക്ക് ചുവടുവെയ്ക്കുകയാണ് സ്റ്റേജിനു മുന്നിൽ ഒരു കൂട്ടം മനുഷ്യർ. മഴയൊക്കെ നനഞ്ഞ്, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അപരിചിതരുടേയുമൊക്കെ കൈ പിടിച്ചു ആൺപെൺ വ്യത്യാസമില്ലാതെ പ്രായഭേദമന്യേ മനുഷ്യർ നൃത്തം ചെയ്യുന്നു, സന്തോഷിക്കുന്നു.

അടുത്ത പ്രധാനപരിപാടി ഏകദേശം മൂന്നരയോടെ പള്ളിയുടെ മുന്നിലൂടെ ഒഴുകുന്ന ഛപ്പോറ നദിയിലൂടെയുള്ള ബോട്ട് പരേഡാണ്. പതിനാറോളം ഗ്രാമങ്ങളിലെ അലങ്കരിച്ച വള്ളങ്ങൾ ഇതിൽ പങ്കെടുക്കും. ഏറ്റവും മികച്ച രീതിയിൽ അലങ്കരിച്ച വള്ളത്തിന് അമ്പതിനായിരം രൂപ സമ്മാനമുണ്ട്. ഒന്നിനൊന്നു ഭംഗിയായിട്ടാണ് ഓരോ വള്ളവുമിറങ്ങിയത്. ഇതെല്ലാം കണ്ടു കഴിയുമ്പോഴേയ്ക്കും നൃത്തം കൊഴുത്തിരുന്നു. ഓരോ വള്ളത്തിലുമുണ്ടായിരുന്ന പല ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും നൃത്തത്തിൽ പങ്കുകൊണ്ടു. ഓരോ വള്ളത്തിലും കൊണ്ടുവന്ന മധുരപലഹാരങ്ങളും പഴങ്ങളും അവർ എല്ലാവർക്കുമിടയിൽ വിതരണം ചെയ്തു. നൃത്തം ചെയ്യുന്നവരുടെ കൂട്ടത്തിൽ അപ്പോഴാണ് ഒരു പരിചിതമുഖം ശ്രദ്ധയിൽ പെട്ടത്. നേരത്തെ കിണറിനടുത്തുവെച്ചു കണ്ട പുള്ളിയുടുപ്പിട്ട ആന്റി. ചെറുപ്പക്കാരെയെല്ലാം പിന്നിലാക്കുന്ന ആവേശത്തിലാണ് ആന്റി നൃത്തം ചെയ്യുന്നത്. എന്നെകണ്ടതും ആന്റി സന്തോഷത്തോടെ കൈ വീശി. ശേഷം ചോദ്യവും പറച്ചിലുമൊന്നുമില്ല. എന്റെ കൈ പിടിച്ച് അവർ നൃത്തം ചെയ്തു. മൊബൈൽ ബാഗിൽ തിരുകി ഞാനും ആന്റിയുടെ കൂടെ ചുവടുവെച്ചു. പാട്ട് തീർന്നപ്പോൾ അവരെന്നോട് എന്റെ പേരും നാടുമെല്ലാം ചോദിച്ചു. ഞാനും ചോദിച്ചു. “ആന്റിയുടെ പേരെന്താണ്?” “നാൻസി”
“ആന്റിയുടെ ഡാൻസ് ഒരു രക്ഷയുമില്ല. ആന്റിയുടെ പകുതി എനർജി പോലും ഞങ്ങൾക്കാർക്കുമില്ല.” “എനിക്കെത്ര വയസ്സുണ്ടെന്നറിയാമോ?” അവർ ചോദിച്ചു. കണ്ടാലൊരു 60 വയസ്സ് തോന്നുന്നൊരു സ്ത്രീ. ഇനിയെങ്ങാനും അത്രയും പ്രായമില്ലെങ്കിലോ! ഞാൻ റിസ്‌ക് എടുത്തില്ല.
“അറിയില്ല ആന്റി.” ഞാൻ മറുപടി പറഞ്ഞു. 
“എനിക്ക് 73 കഴിഞ്ഞു.” ഇത് കേട്ട് ഞാൻ ഞെട്ടി! എന്തു രസമായാണ് അവർ നൃത്തം ചെയ്തത്. അവരെക്കണ്ടാൽ 73 എന്തായാലും പറയില്ല. “എന്താണ് നിങ്ങളുടെ ഈ ഊർജത്തിന്റെ രഹസ്യം?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു. “ഇവിടെ ജനിച്ചത്! ഞങ്ങൾക്ക് ഒന്നിനെക്കുറിച്ചും ടെൻഷൻ ഇല്ല! ജീവിതം ആസ്വദിച്ച്, നല്ല ഭക്ഷണവും കഴിച്ച് ആടിയും പാടിയും ബിന്ദാസ് ആയി ജീവിക്കുന്നു.” ഞാൻ ചുറ്റോട് ചുറ്റും നോക്കി. നാൻസി ആന്റിയെപ്പോലെ ഒരുപാട് സ്ത്രീകൾ എല്ലാം മറന്ന് നൃത്തം ചെയ്യുന്നു! സത്യമാണ്. ആഘോഷിക്കാനുള്ള ഒരു അവസരവും പാഴാക്കാത്തവരാണ് ഈ മനുഷ്യർ. അതിന് ആണെന്നോ പെണ്ണെന്നോ ഇല്ല, വയോധികരെന്നോ ചെറുപ്പക്കാരെന്നോ ഇല്ല. മസിൽ പിടിക്കാതെ, മറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിക്കാതെ എന്താണോ തോന്നുന്നത് അത് ചെയ്യുന്ന ഒരു പറ്റം മനുഷ്യർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi