'ഒരു ചിത്രകാരന്റെ പക്ഷിയെയാണ് ഇനി നാം തേടുന്നത്' മഴക്കാടുകളിലെ മലനിരകളിലേക്ക് കയറുന്നതിന് മുമ്പ് ഗൈഡ് ഓർമിപ്പിച്ചു. 'അറിയാതെ പോലും ചുണ്ടുകൾ അനക്കരുത്. ചെറിയൊരു ചലനം മതി അവ പറന്നകലും. പിന്നെ കാത്തിരിപ്പ് നീളും നിരാശയോടെ മടങ്ങേണ്ടി വരും'. ചിത്രകാരൻ തന്റെ ബ്രഷിൽ നിന്നുള്ള വർണങ്ങൾ കോർത്തിണക്കി സൃഷ്ടിച്ചത് പോലെയാണ് അവയുടെ രൂപഭംഗി. അവയെ കാണാൻ പക്ഷി നിരീക്ഷകരുടെ ഹൃദയം വെമ്പി. പക്ഷേ, അതിശൈത്യത്താൽ പലരുടെയും ശരീരം വിറച്ചു. കട്ടിയുള്ള കൈയുറകൾ ഉണ്ടായിട്ടും വിരലുകൾ അനക്കാൻ കഴിയുന്നില്ല. ക്യാമറ കൈയിലെടുക്കാൻ കഴിയുമോയെന്ന് പലരും സംശയിച്ചു.

പക്ഷികളുടെ ഭൂഖണ്ഡം എന്ന് വിളിപ്പേരുള്ള തെക്കേ അമേരിക്കയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന Greay Breasted mountain Toucan എന്ന വിസ്മയ പക്ഷിയെ തേടിയായിരുന്നു ഡോ. ജെയ്‌നി ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര. കൊളംബിയയിലെ മഴക്കാടുകളിലൂടെ സഞ്ചരിക്കുമ്പോൾ ഗൈഡ് പെട്ടന്ന് വിരൽച്ചൂണ്ടി പറഞ്ഞു. 'അതാ വൃക്ഷക്കൊമ്പിൽ നിങ്ങൾ അന്വേഷിച്ച പക്ഷി'. മേഘപാളികൾപോലെ ഒഴുകിയെത്തിയ മൂടൽമഞ്ഞ് നീങ്ങിയപ്പോൾ വർണങ്ങളിൽ മുങ്ങിനിൽക്കുന്ന പക്ഷിയെ ഏവരും കൺകുളിർക്കെ കണ്ടു. തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ പക്ഷികളുള്ളത് കൊളംബിയയിലാണ്. എല്ലാം വർണങ്ങളുടെ ഹൃദയഹാരിയായ പ്രതീകങ്ങൾ. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ആകെ 3500 ഇനം പക്ഷികളുണ്ടത്രെ!. അവയെ ക്യാമറയിൽ പകർത്തുക അതീവ ദുഷ്‌കരം. പക്ഷികളെ കണ്ടെത്താൻ ശ്രദ്ധയോടെ പർവതനിരകൾ കയറണം. ശബ്ദത്തിന്റെ ഒരു കണിക കേട്ടാൽ പോലും അതിന് മനസ്സിലാകും. മിന്നൽ പോലെ പറന്നുപോയാൽ ആ ദിവസത്തെ പ്രയത്നം പാഴാകും. അതുകൊണ്ടാണ് പ്രതികൂലമായ കാലാവസ്ഥയിൽ പോലും നേരം പുലരുന്നതിന് മുമ്പ് പക്ഷി നിരീക്ഷകർ ആകാംക്ഷയോടെ യാത്രയ്‌ക്കൊരുങ്ങുന്നത്. വിവിധ വർണത്താൽ കോർത്തിണക്കിയ തൂവലുകളാണ് Greay Breasted mountain Toucanന് ഉള്ളത്. മനുഷ്യന്റെ കടന്നാക്രമണവും മരംമുറിയും ഖനനവും മൂലം ഇവ വംശനാശഭീഷണിയിലാണ്.

TOUCAN വർഗത്തിൽപ്പെടുന്ന പക്ഷിയാണിത്. അവയുടെ കൊക്കുകൾക്ക് വൈവിധ്യമാർന്ന ആകൃതിയാണ്. പല ഇനങ്ങൾക്കും വ്യത്യസ്തമായ വലുപ്പവും നീളവുമുണ്ട്. TOUCAN വർഗത്തിൽപ്പെടുന്ന 42 പക്ഷികൾ ഈ ഭൂഖണ്ഡത്തിലുണ്ട്. പച്ചയും മഞ്ഞയും ചാരവും വെള്ളയും കറുപ്പും നീലയും കലർന്ന നിറമാണതിന്. ഡോ. ജെയ്‌നി തെക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളിലൂടെ നടത്തിയ യാത്രയിൽ മേഘപാളികളിൽ മറഞ്ഞിരിക്കുന്ന നിരവധി പക്ഷികളെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പെറുവിൽനിന്നായിരുന്നു കടും ഓറഞ്ച് നിറമുള്ള Andean cock of the rock എന്ന പക്ഷിയെ കണ്ടത്. പെറുവിൽ മാത്രമല്ല കൊളംബിയയിലും ഇവയെ കാണാനാകും. ആൻഡീസ് പർവതനിരകൾ പിന്നിട്ടുവേണം കാൽനടയായി ഇവയെ തേടാൻ.

വന്യജീവികൾ ഇവിടുത്തെ കാടുകളിൽ ഇല്ലാത്തതിനാൽ സുഖകരമായ യാത്രയായിരിക്കും. ഇവയെ പാട്ടുപക്ഷിയെന്നും വിശേഷിപ്പിക്കാറുണ്ട്. കാരണം, ഭ്രമിപ്പിക്കുന്ന മധുരസംഗീതമാണ് ഇവയ്ക്ക്. ഓറഞ്ച് നിറം കാഴ്ചക്കാർക്കെല്ലാം ഹൃദ്യമായി തോന്നും. ചിലപ്പോൾ മേഘങ്ങളെ തൊട്ടുനിൽക്കുന്ന വൃക്ഷത്തലപ്പുകളിൽ പക്ഷി ഉണ്ടാകും. ശബ്ദം കൊണ്ട് അവയെ ഗൈഡുകൾ തിരിച്ചറിയും. ആൺ പക്ഷിക്കാണ് കാഴ്ചയിൽ സൗന്ദര്യം. പെറുവിന്റെ ദേശീയ പക്ഷിയാണിത്. ഇണയെ ആകർഷിക്കാൻ ആൺപക്ഷി പലപ്പോഴും വൃക്ഷക്കൊമ്പിലിരുന്ന് നൃത്തം ചെയ്യാറുണ്ട്. നീണ്ട സൂചി പോലത്തെ കൊക്കുള്ള ഹമ്മിങ് പക്ഷിയെയാണ് (Humming bird) ഇക്വഡോറിൽ കണ്ടത്. ആൻസിയൻ മലനിരകളിൽ പാറിപ്പറക്കുന്ന പക്ഷിയാണിത്. കോളാമ്പിപ്പൂക്കളിൽനിന്ന് തേൻ നുകരാനാണ് സൂചിപോലുള്ള കൊക്ക്. ധ്രുതവേഗത്തിൽ ചിറകടിച്ചു കൊണ്ട് തന്നെ ഈ പക്ഷി തേൻ നുകരും. ശരീരത്തിന്റെ നീളത്തേക്കാൾ കൂടുതലാണ് സൂചിപോലുള്ള കൊക്ക്. ഈ പക്ഷിയെ കാണാൻ അധികനേരം കാത്തുനിൽക്കണമെന്നില്ല. പക്ഷി നിരീക്ഷകരുടെ മുന്നിൽ തന്നെ അത് പറന്നെത്തുക പതിവാണ്. പരിണാമത്തിന്റെ ഒരു അദ്ഭുത സൃഷ്ടിയെന്നാണ് പ്രകൃതി നിരീക്ഷകനായ ഡേവിഡ് ആറ്റൻബറോ അവയെ വിശേഷിപ്പിച്ചിട്ടുള്ളത്.

പെറുവിൽ നിന്ന് പകർത്തിയ Blue and yellow Macaw ആണ് തെക്കേ അമേരിക്കൻ പക്ഷികളിൽ ആരെയും ആകർഷിക്കുന്ന മറ്റൊന്ന്. കാഴ്ചയിൽ വലിയ തത്തകളാണ് ഇവ. ദക്ഷിണ അമേരിക്കയിലും മധ്യ അമേരിക്കയിലുമായി 40-ഓളം ഇനങ്ങളിലുള്ള തത്തകളുണ്ട്. മഞ്ഞയും നീലയും കലർന്ന ഈ തത്ത ബ്രസീലിൽ ഉൾപ്പെടെ കാണാനാകും. വേട്ടക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ ഇവയെ ചികിത്സിക്കാനായി ഗ്വാട്ടിമാലയിൽ മക്കാവോ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ഗവേഷണ സ്ഥാപനം നിലവിലുണ്ട്. തെക്കേ അമേരിക്കയിൽ പല രാജ്യങ്ങളിലും കാണപ്പെടുന്ന Amazon Trogon എന്ന പക്ഷിയും കാഴ്ചയക്ക് കൗതുകം പകരുന്നതാണ്. 70 അടിയോളം ഉയരമുള്ള വാച്ച് ടവറിൽ കാത്തിരുന്നാണ് ഇക്വഡോറിൽ നിന്ന് ഈ പക്ഷിയെ ക്യാമറയിൽ ജെയ്‌നി പകർത്തിയത്. വൻ വൃക്ഷങ്ങളുടെ മേലാപ്പുകളിലായിരിക്കും ഇവ വിഹരിക്കുക.

Booted Racket tail എന്നു പേരുള്ള ഹമ്മിങ് പക്ഷി കാഴ്ചയ്ക്ക് തികച്ചും വ്യത്യസ്തമാണ്. നീണ്ട വാലാണ് അവയുടെ പ്രത്യേകത. തേൻനുകരാൻ ഇവ വർണകൊഴുപ്പുള്ള പൂക്കളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. തലയിൽ ചകിരിനാരുകൾ പോലെ നീണ്ടുനിൽക്കുന്ന രൂപവും ചാരവും കുങ്കുമവും നിറഞ്ഞ ചിറകുകളും കാഴ്ചയ്ക്ക് ഭംഗിയേറ്റുന്നു. ചതുപ്പ് നിലങ്ങളാണ് ഇവയുടെ വാസസ്ഥലം. Incat tern എന്ന പക്ഷി അതിന്റെ കൊക്കിന്റെ ആകൃതിയും ചുവപ്പ് നിറവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കും. തലയുടെ ഭാഗത്ത് കറുപ്പും ശരീരത്തിൽ ഇളം ചാര നിറവുമുണ്ട്. കണ്ണുകൾക്ക് താഴെയായ കാണപ്പെടുന്ന വെളുത്ത നിറം താഴോട്ട് ഒരു ചാൽ പോലെ കാണാം. കടൽതീരത്താണ് ഇവയെ പലപ്പോഴും കാണാറുള്ളത്. പെറുവിന്റെ തീരത്തുള്ള സമുദ്രജലപ്രവാഹം മത്സ്യസമ്പത്ത് കൊണ്ട് ധന്യമാണ്. ഇവിടെ മുങ്ങിക്കുളിച്ച് കൊക്കിൽ മീനുകളുമായി അവ കരയിലെത്തും.

Rufous Bellied seed nsipe-തൂവലുകളുടെ പ്രത്യേകത കൊണ്ട് ആരെയും ആകർഷിക്കുന്ന പക്ഷിയാണ്. ഓടുമേഞ്ഞ ഒരു വീടുപോലെയാണ് അവയുടെ തൂവലുകളുടെ ആകൃതി. ചാരനിറത്തിലുള്ള വൃക്ഷത്തലപ്പുകളിൽ ഇവയെ കാണാം. ചാര നിറമായതിനാൽ ഒറ്റ നോട്ടത്തിൽ ഇതിനെ തിരിച്ചറിയുക അസാധ്യമാണ്. മലനിരകളിലാണ് ഇവയെ കാണാനാവുക. 10,000 അടി ഉയരത്തിൽനിന്നായിരുന്നു ജെയ്‌നി ഈ പക്ഷിയുടെ ചിത്രം പകർത്തിയത്. Wire tailed Manekin നൃത്തം ചെയ്യുന്ന ഒരു അസാധാരണ പക്ഷിയാണ്. മൈക്കൾ ജാക്‌സന്റെ നൃത്തംപോലെയാണ് ഈ പക്ഷികളും നൃത്തം ചെയ്യുന്നതെന്നാണ് ഗൈഡുകൾ പറയുക. ഒരു ചിത്രകാരന്റെ സൃഷ്ടിപോലെയാണ് ഈ പക്ഷിയും. കൊളംബിയയ്ക്ക് പുറമെ ആമസോണിലും ഇക്വഡോറിലും ബ്രസീലിലും ഇവ കാണപ്പെടുന്നു. കറുത്ത് കൂർത്ത കൊക്കും ശരീരമാകെ ചാരനിറം കലർന്ന കറുപ്പുമാണ് ഇവയുടെ രൂപം. എണ്ണിയാലൊടുങ്ങാത്ത വൈവിധ്യമാർന്ന പക്ഷികളുണ്ട് ഈ ഭൂഖണ്ഡത്തിൽ. പക്ഷിനിരീക്ഷകർക്ക് എന്നും കൗതുകമായി അവ പാറിക്കളിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi