ദൂരെ, പര്‍വതനിരകളില്‍ നിന്നൊഴുകിവരുന്ന മഞ്ഞും കാറ്റും മഴയും. താഴെ, ഹരിതാഭചൂടിയ വനപ്രകൃതി. കാടിനെ പകുത്തുകൊണ്ട് തെളിനീര്‍ത്തടാകം. ഈ പ്രശാന്തമായ വനപ്രകൃതിയില്‍ രാവുറങ്ങാന്‍ കൊതിക്കാത്തവരുണ്ടാകുമോ? നക്ഷത്രങ്ങള്‍ മിന്നിമായുന്ന ആകാശത്തിനു കീഴെ മരങ്ങളെ തഴുകിയെത്തുന്ന കാറ്റിന്റെ മര്‍മരങ്ങള്‍ക്ക് കാതോര്‍ത്തും ഇരുള്‍പച്ചയില്‍ മുത്തുമണികളണിഞ്ഞ പുല്‍മേടുകളെ നോവിക്കാതെ പാദങ്ങള്‍ വെച്ചും കാട്ടിലെ പാര്‍പ്പിടം പൂകാം. രാവേറെ ചെല്ലുവോളം രാച്ചുക്കുകള്‍ ഇണയെ വിളിച്ചുകേഴുന്നതും ചെവിയന്‍ നത്തുകള്‍ മൂളുന്നതും ചൂളക്കാക്കയുടെ രാഗവിസ്താരവും ആസ്വദിക്കാം, ഉറക്കം കണ്‍പോളകളെ തഴുകുംവരെ. പ്രഭാതത്തിലെ മഞ്ഞിന്‍കണങ്ങള്‍ സൂര്യകിരണങ്ങളേറ്റ് മുത്തുമണികളായി തിളങ്ങുമിലച്ചാര്‍ത്തണിഞ്ഞ വനവൃക്ഷങ്ങള്‍ കണികണ്ടുണരാം. പിന്നെ വെള്ളകീറുംമുന്‍പ് കാണാക്കാഴ്ചകള്‍തേടി ഒരു വനയാത്രയുമാവാം.
ഇക്കുറി പറമ്പിക്കുളം കടുവസങ്കേതത്തിലേക്കാണ്. വനഹൃദയത്തിലൂടെ കിലോമീറ്ററുകള്‍ നീളുന്ന ട്രക്കിങ്, പോത്തുണ്ടി ഡാം റിസര്‍വോയറിലൂടെ ചങ്ങാടമേറി കാനനഭംഗി ആസ്വദിച്ചുള്ള യാത്ര. ടെന്റുകള്‍ മുതല്‍ ചെറുദ്വീപുകളില്‍വരെയുള്ള താമസ സൗകര്യങ്ങള്‍, കാനനപാതയിലൂടെ ഗൈഡുകളുടെ സാന്നിധ്യത്തില്‍ സ്വയം ഡ്രൈവ് ചെയ്തുള്ള യാത്ര. എല്ലാം പറമ്പിക്കുളത്തെ വേറിട്ട അനുഭവങ്ങളുടെ ഭൂമികയാക്കുന്നു. നെല്ലിയാമ്പതി, വാല്‍പ്പാറ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പറമ്പിക്കുളം കടുവസങ്കേതത്തിലേക്കുള്ള പ്രവേശനം തമിഴകത്തിന്റെ ആനമല വന്യജീവി സങ്കേതത്തിലൂടെയാകുന്നു. പുലര്‍ച്ചെ മയ്യഴിയില്‍നിന്ന് പുറപ്പെട്ട് പറമ്പിക്കുളത്തെത്തുമ്പോഴേക്കും ഉച്ചകനത്തിരുന്നു. സഹയാത്രികനായ ലതീഷ് ആര്‍. നാഥും ഫോറസ്റ്റ് വാച്ചര്‍ കൃഷ്ണദാസുമൊത്ത് മുതലമട ക്യാമ്പിങ് കേബിനില്‍ tented roost-ൽ വിശ്രമം. പിന്നെ വെയില്‍ ചാഞ്ഞുതുടങ്ങും മുന്‍പേ വനയാത്ര.
ചാഞ്ഞും ചരിഞ്ഞുമുള്ള ദുര്‍ഘടമായ വനപാത താണ്ടവേ ആനറാഞ്ചി എന്ന് വിളിപ്പേരുള്ള ശിക്രയും കാട്ടൂഞ്ഞാലിയും കൂട്ടിനെത്തി. ദൂരെയൊരു മുളങ്കൂട്ടത്തിന്റെ തണലിടത്തില്‍ ഒളിച്ചിരുന്ന് സ്വയമലിഞ്ഞ് പാടുകയാണ് ചൂളക്കാക്ക. ആളെ കാണാനില്ല, പാട്ടുമാത്രം. കാട്ടൂഞ്ഞാലിയിണകളാവട്ടെ, പാറിപ്പറന്ന് കണ്‍വെട്ടത്തു തന്നെയുണ്ട്. വനപാത പിന്നിടുന്ന നിമിഷങ്ങളില്‍ മനുഷ്യസാന്നിധ്യം ഭയന്നോ, സ്വതവേ ലജ്ജാലുക്കളായതുകൊണ്ടോ ഒരുകൂട്ടം കരിങ്കുരങ്ങുകള്‍ മുളങ്കൂട്ടങ്ങളില്‍ ചാടിത്തിമിര്‍ത്ത് കണ്ണെത്താദൂരത്തേക്ക് മറഞ്ഞു. കുഞ്ഞിളംപൈതലിനെ മാറോടുചേര്‍ത്ത ഒരമ്മമാത്രം പരിഭ്രമമില്ലാതെ ക്യാമറയ്ക്ക് മുഖം തന്നിരിപ്പായി. സാമാന്യം വിസ്താരമുള്ള നീര്‍ച്ചാലിന്റെ കരയിലെ വനനിഗൂഢതയില്‍ മൂങ്ങകളെയോ മീന്‍കൂമനെയോ ബ്രാഹ്‌മിണിപ്പരുന്തിനെയോ തിരയുകയായിരുന്ന പക്ഷിനിരീക്ഷകനായ സുഹൃത്തിന് സന്തോഷം പകരാനെന്നോണം അവരും ഒളിയിടത്തില്‍നിന്നും മുഖം കാണിക്കാനെത്തി.
പറമ്പിക്കുളത്തു വന്നാല്‍ വൃക്ഷമുത്തശ്ശിയെ തൊട്ടുവണങ്ങാതെ വിടപറയാറില്ല. 42.39 മീറ്റര്‍ ഉയരവും 7.24 മീറ്റര്‍ വ്യാസവുമുള്ള 'കന്നിമര'തേക്ക് ലോകത്തെ ഏറ്റവും വലുപ്പംകൂടിയ തേക്കാകുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ബ്രിട്ടീഷുകാര്‍ ആവശ്യപ്പെട്ട് ആദിവാസികള്‍ ഈ തേക്കുവൃക്ഷം വെട്ടാന്‍ ശ്രമിക്കവേ അതിന്റെ ശരീരത്തില്‍നിന്ന് രക്തസ്രാവമുണ്ടായെന്നും അന്നുമുതല്‍ ആദിവാസിസമൂഹം ഇതിനെ കന്യകയായി സങ്കല്പിച്ച് ആരാധനാപൂര്‍വം കന്നിമരത്തേക്ക് എന്ന് വിളിച്ചുപോരുന്നു എന്നുമാണ് ഐതിഹ്യം. കേന്ദ്രസര്‍ക്കാര്‍ 'മഹാവൃക്ഷ'പുരസ്‌കാരം (1994, 95) നല്‍കി ആദരിച്ച പറമ്പിക്കുളത്തിന്റെ ഐശ്വര്യവുമായ ഈ മഹാവൃക്ഷം 500 വര്‍ഷം ജീവിച്ചിട്ടും 'നവയൗവനം' കാത്തുസൂക്ഷിക്കുന്നു. തൊട്ടരികില്‍ തിടംവെച്ചൊഴുകുന്ന നീര്‍ച്ചാലിന്റെ കരയിലേക്ക് ഇറങ്ങിച്ചെന്നു. അവിടെ പാറമേല്‍ ഒരു വാലുകുലുക്കി കിളിവിശ്രമമില്ലാതെ ഇരതേടുന്ന തിരക്കിലായിരുന്നു. കൂട്ടുകൂടാന്‍ ഒരു കുറിത്തലയന്‍ കാട്ടുപുള്ളും പറന്നെത്തി. പലപ്പോഴും കടുവയുടെ പാദമുദ്രകള്‍ കണ്ടതിന്റെ ആത്മവിശ്വാസത്തിലാവാം, 'കാത്തിരുന്നാല്‍ കടുവയെക്കാണാം' എന്ന് കൃഷ്ണദാസ് ഇടയ്ക്ക് പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു.
പിറ്റേദിവസം കടുവയ്ക്കുപകരം കൂട്ടുവന്നത് പുള്ളിപ്പുലിയായിരുന്നു. ഏറെ ദൂരമൊന്നും പിന്നിട്ടില്ല. കൂടെയുണ്ടായിരുന്ന മാഷ് സ്വരം താഴ്ത്തി 'ദേ, പുലിയിരിക്കുന്നു' എന്ന് മൊഴിഞ്ഞതും റോഡിന്റെ മധ്യേ ഗംഭീരഭാവത്തില്‍ വെയില്‍കാഞ്ഞിരിക്കുന്നയാള്‍ ചുവടുകള്‍വെച്ച് മേടുകയറി പതുങ്ങിയതും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. മേടിലൊളിച്ചയാള്‍ ഇടയ്ക്കുമാത്രം ഞങ്ങള്‍ക്ക് മുഖംതന്നു. ഒടുവില്‍ കാട്ടുപച്ചയില്‍ നിറയെ ചാരനിറമുള്ള പൂക്കള്‍ തുന്നിച്ചേര്‍ത്ത സുവര്‍ണകമ്പളം വിരിച്ചപോലൊരു ചിത്രം സമ്മാനിച്ച് ഉള്‍ക്കാട്ടിലേക്ക് പിന്‍വലിഞ്ഞു.
ഞങ്ങള്‍ താമസിച്ചിരുന്ന താത്കാലിക ടെന്റിന്റെ ചെറുവരാന്തയില്‍, ഒരു കരടി മണംപിടിച്ചുനീങ്ങുന്ന വീഡിയോ കാണിച്ച് ''സാറേ, രാത്രി കരടിവരും സൂക്ഷിക്കണം,'' എന്ന് വാച്ചര്‍ ഓര്‍മ്മിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞദിവസം ആ മുന്നറിയിപ്പ് യാഥാര്‍ഥ്യമായി. നേരത്തേ താമസിച്ചിരുന്ന Tented Roost-ൽ തന്നെയായിരുന്നു ഇത്തവണയും. പകലത്തെ വനയാത്രയുടെ ആയാസംകൊണ്ട് ഞാന്‍ നേരത്തേ കിടന്നു. ലതീഷ് രാപ്പക്ഷികളുടെ പാട്ടിന് എതിര്‍പാട്ട് പാടിയിരിപ്പായിരുന്നു. പെട്ടെന്ന് എന്നെയുണര്‍ത്തി അദ്ദേഹം പറഞ്ഞു: ''ദേ പുറത്ത് കരടിയിരിക്കുന്നു.'' അത്രമേല്‍ വലുപ്പമില്ലാത്ത ഒരു കരടിയായിരുന്നു അത്. കൂട്ടംതെറ്റി ജീവിക്കുന്ന ഒറ്റയാനാവും.
വനഭൂവിലെ തണലും തണപ്പും തെളിനീരൊഴുക്കും ആവോളം ആസ്വദിച്ച് 12 കി.മീ വരെ വനത്തിലൂടെ സഞ്ചരിക്കാവുന്ന ട്രക്കിങ് സൗകര്യങ്ങളുണ്ട്. എലിഫന്റ് സോങ് ട്രെയ്ല്‍, ബിയര്‍ പാത്ത് ട്രക്കിങ് ട്രെയ്ല്‍, പഗ് മാര്‍ക്ക് ട്രക്കിങ് ട്രെയ്ല്‍ എന്നിവ തിരഞ്ഞെടുക്കാം.
പോത്തുണ്ടി ഡാം റിസര്‍വോയറും അതിനെ വലയം ചെയ്തു നില്‍ക്കുന്ന ജൈവപ്രകൃതിയും തൂണക്കടവുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന പ്രകൃതിയുടെ ആകാരപ്പൊലിമയും ഹരിതാര്‍ദ്രതയും കാന്തികവലയത്തിലെന്നോണം നമ്മെ ചേര്‍ത്തുപിടിക്കും. 2010-ല്‍ കടുവാസങ്കേതമായി പ്രഖ്യാപിച്ചതുമുതല്‍ കാലിമേച്ചിലും മോട്ടോര്‍വാഹനങ്ങളുടെ അനിയന്ത്രിത ഗതാഗതവും 'ക്ലിയര്‍ഫെല്ലിങ്' എന്ന പേരിലുള്ള മരംമുറിയുമെല്ലാം നിരോധിച്ചിട്ടുണ്ട്.
പുതിയ സെന്‍സസ് പ്രകാരം 25 മുതല്‍ 30 വരെ കടുവകളുടെ സാന്നിധ്യം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഈ വനയാത്രയില്‍ ഒരു കടവച്ചിത്രംപോലും പകര്‍ത്താനായില്ലല്ലോ എന്ന നൊമ്പരവുമായാണ് ഇത്തവണയും കാടിറക്കം. അപ്പോഴും 643.66 ച.കി.മീ. വ്യാപിച്ചുകിടക്കുന്ന വിശാലമായ ഈ ജൈവപ്രകൃതിയുടെ ദര്‍ശനം തന്നെ കുളിര്‍പച്ചകനത്ത സാന്ത്വനമായി ഞങ്ങളെ പറമ്പിക്കുളത്തോട് ചേര്‍ത്തുപിടിക്കുന്നുണ്ടായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Experience Parambikulam`s beauty! Trek through forests, spot wildlife, & enjoy unique accommodations.
Published: 24 Jun 2025, 05:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented