2010-ൽ റിലീസായ 'എന്തിരൻ' ഇന്നും ബ്രഹ്മാണ്ഡചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 150 കോടിക്കാണ് ചിത്രം നിർമിച്ചത്. ഈ രജനീകാന്ത് ചിത്രത്തിൽ നായികയായെത്തിയത് ഐശ്വര്യ റായ്. അന്ന് ഇതിനെക്കുറിച്ച് കുറേ ചർച്ചകളുമുണ്ടായിരുന്നു.

പക്ഷേ റിലീസായപ്പോൾ ആ വിമർശനങ്ങളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടുള്ള വിജയമാണ് ചിത്രം കൈവരിച്ചത്. രജനി-ഐശ്വര്യ ജോഡിയുടെ കെമിസ്ട്രി ആരാധകരേറ്റെടുക്കുകയും ചെയ്തു. എന്നാൽ ഐശ്വര്യയാണ് തന്റെ നായികയെന്ന് കേട്ടപ്പോൾ കുടുംബത്തിൽനിന്നുണ്ടായ പ്രതികരണങ്ങളെക്കുറിച്ച് രജനി പലപ്പോഴും തമാശയായി സംസാരിച്ചിട്ടുണ്ട്. തന്റെ സഹോദരന്റെ വീട്ടിൽതാമസിച്ചപ്പോൾ നടന്ന ഒരു സംഭവമാണ് അദ്ദേഹം വിവരിച്ചത്.

ഒരിക്കൽ രജനിയെ കാണാൻ അടുത്ത വീട്ടിൽ താമസിക്കുന്ന രാജസ്ഥാനിയായ നന്ദുലാൽ എത്തി. രജനിയുടെ മുടിയെക്കുറിച്ചും സിനിമയിൽനിന്ന് വിരമിച്ചശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെയാണ് നന്ദുലാൽ രജനിയോട് ചോദിച്ചത്. ഇതിനെല്ലാം രജനി മറുപടി പറയുകയും ഇപ്പോൾ താൻ ഐശ്വര്യ റായ്‌ക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

ഇതുകേട്ട നന്ദുലാലിന് ഒരുപാട് സന്തോഷമായി. എന്നാൽ അദ്ദേഹത്തിന്റെ അടുത്ത ചോദ്യം രജനിയെ ഞെട്ടിച്ചു. ആരാണ് സിനിമയിലെ നായകൻ എന്നായിരുന്നു നന്ദുലാലിന്റെ ചോദ്യം. രജനിയാണെന്ന് അറിഞ്ഞപ്പോൾ നന്ദുലാലും ഞെട്ടി. അതിനുശേഷം നന്ദുലാലും മറ്റ് വീട്ടുകാരും തമ്മിൽ ഇതിനെക്കുറിച്ച് സംസാരിക്കുന്നതും രജനി കേട്ടിരുന്നുവത്രേ. ''ഈ ഐശ്വര്യയ്ക്കും അഭിഷേകിനും അമിതാഭിനും എന്താണ് പറ്റിയത്. ഐശ്വര്യ എങ്ങനെ രജനീകാന്തിന്റെ നായികയായി'' എന്നായിരുന്നു അവരുടെ പ്രധാനസംശയം.

ഒരു പരിപാടിയിൽ പങ്കെടുക്കവെ രജനി, ഐശ്വര്യയോട് നന്ദി പറയുകയും ചെയ്തു, ''ഐശ്വര്യ ജി, എന്റെ നായികാവേഷം ചെയ്യാൻ സമ്മതിച്ചതിന് വളരെ നന്ദി''. എട്ടുവർഷങ്ങൾക്കുശേഷമാണ് എന്തിരന്റെ സീക്വലായ '2.0' റിലീസായത്. അതിൽ ആമി ജാക്‌സനാണ് നായികയായത്. 800 കോടിയോളം രൂപയാണ് സിനിമ ബോക്‌സോഫീസിൽനിന്ന് കളക്ട് ചെയ്തത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi