To advertise here,

ഭാരമുള്ള കറുത്ത സഞ്ചി നിലത്തുവച്ചു കാട്ടരുവിയിൽനിന്നു കൈ കഴുകി. സഞ്ചിയുടെ വായ മെല്ലെ അഴിക്കുന്നതിനിടെ ഉച്ചത്തിലുള്ള സീൽക്കാരത്തിനൊപ്പം സഞ്ചിയൊന്നു വികസിച്ചമർന്നു. അത്യന്തം ഉദ്വേഗജനകമായ നിമിഷങ്ങൾ, ഹൃദയതാളം പെരുമ്പറ മുഴക്കാൻ തുടങ്ങിയിരുന്നു. കാരണം, സഞ്ചിക്കകത്തുള്ളത് ഉഗ്രവിഷമുള്ള പാമ്പുകളുടെ രാജാവാണ്! സാക്ഷാൽ രാജവെമ്പാല. കർണാടകയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ രാജവെമ്പാലയെ രക്ഷപ്പെടുത്തി തിരികെ കാട്ടിലേക്ക് കയറ്റി വിടാൻ കൊണ്ടുവന്നതാണ് പാമ്പ് രക്ഷകരായ ചിലർ.

 

അഗ്രം വളഞ്ഞ നേർത്ത വടികൊണ്ട് ഒരാൾ തുറന്നുവച്ച സഞ്ചിയുടെ മുകളിൽ മെല്ലെയൊന്നു മുട്ടി. വട്ടത്തിലും ദീർഘവട്ടത്തിലുമുള്ള മനോഹരമായ കള്ളികൾ നിറഞ്ഞ കൂർത്ത തല മാത്രം വെളിയിൽ ഇട്ടു അഗ്രം പിളർന്ന നാക്കു നീട്ടി അവൻ പരിസരം നിരീക്ഷിച്ചു. ചെറിയകല്ലുകളും പൂഴിയും നിറഞ്ഞ മണ്ണിലേക്ക് രാജകീയ പ്രൗഢിയോടെ രാജവെമ്പാല സഞ്ചിയിൽ നിന്നും മെല്ലെ ഊർന്നിറങ്ങി. കറുപ്പിൽ വെള്ളി വരകളോട് കൂടിയ ശരീരഭാഗം മണ്ണിലേക്കമർന്നു ഇഴഞ്ഞുനീങ്ങി. അതിനിടെ മുന്നിലുള്ള പാറക്കല്ലുകൾക്കു അടുത്തെത്തിയപ്പോൾ അവനൊന്നു തലയുയർത്തി നിശ്ചലമായി നിവർന്നുനിന്നു. എതിർദിശയിലുള്ള സൂര്യവെളിച്ചത്തിൽ തലയുടെ ഭാഗം സ്വർണവർണമായി മാറിയിരിക്കുന്നത് കണ്ടപ്പോൾ എന്റെ ക്യാമറയുടെ കണ്ണുകൾ അനുസ്യൂതം തുറന്നടഞ്ഞു. ആ നിൽപ് എനിക്ക് വേണ്ടിയെന്നോണം കുറച്ചു നേരം അങ്ങനെ തുടർന്നു. പിന്നെ മറുകരയിലെ കുറ്റിക്കാട്ടിലേക്കു മറഞ്ഞു. കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന അഭിലാഷത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു ഈ സായാഹ്നം.

 

placeholder

കോബ്രാ ദർശനം

പല വ്യത്യസ്ത സാഹചര്യങ്ങളിൽ പാമ്പുകളുടെ രാജാവിനെ ക്യാമറയിൽ പകർത്താൻ അവസരം ലഭിച്ചിട്ടുണ്ട്. അതിലൊന്ന് കർണാടകയിലെ 'കോബ്ര ക്യാപിറ്റൽ' എന്നറിയപ്പെടുന്ന അഗുംബെ വനാതിർത്തിയിൽവെച്ചാണ്. കാട്ടിലെ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന രാജവെമ്പാലയെ ഒന്ന് നേരിൽ കാണാനും സാധിച്ചാൽ കുറച്ചു ഫോട്ടോകൾ എടുക്കാനും വേണ്ടിയാണ് ഒരു സാഹസിക യാത്രയ്ക്ക് പുറപ്പെട്ടത്. 27 വർഷങ്ങളായി രാജവെമ്പാലയെ കുറിച്ച് പഠനം നടത്തുന്ന തളിപ്പറമ്പിലെ വിജയ് നീലകണ്ഠനോടൊപ്പമായിരുന്നു അഗുംബെയിലേക്ക് എത്തിയത്. വർഷങ്ങൾക്ക് മുൻപ് കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ കൊട്ടിയൂരിൽനിന്ന് നൂറ്റിയൊന്ന് ദിവസം കാവലിരുന്ന് രാജവെമ്പാലയുടെ മുട്ട വിരിയിച്ചെടുത്തിട്ടുള്ള വിജയ് നീലകണ്ഠൻ ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന പ്രകൃതി വന്യജീവി സംരക്ഷകരിൽ ശ്രദ്ധേയനാണ്.

ഇനി രാജവെമ്പാലയെ കുറിച്ച് പറയാം. അപൂർവമായി മാത്രം കൺവെട്ടത്തു വരുന്ന പാമ്പാണ് രാജവെമ്പാല. വിഷപ്പാമ്പുകൾ അടക്കം മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെ Ophiophagus എന്ന ശാസ്ത്രീയ നാമം സൂചിപ്പിക്കുന്നു. 2012 ജൂലൈ നാലിന് ഐ.യു.സി.എൻ രാജവെമ്പാലയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും ഇന്ത്യൻ മഴക്കാടുകളിൽ കണ്ടുവരുന്ന രാജവെമ്പാല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പർവതപ്രദേശങ്ങളിൽ സമുദ്രനിരപ്പിൽനിന്നും ഏതാണ്ട് 6,500 അടി ഉയരത്തിൽവരെ സാന്നിധ്യം അറിയിക്കുന്നുണ്ട്.

പൂർണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 18 അടിയോളം നീളം കാണും. ന്യൂറോടോക്‌സിൻ ഗണത്തിൽപ്പെടുന്ന ഇവയുടെ വിഷത്തിന് ഒരു കടിയിൽ തന്നെ ശരാശരി മനുഷ്യനെ 20 മിനിറ്റിനുള്ളിൽ കൊല്ലാനുള്ള ശേഷിയുണ്ട്. ആകാരഭംഗിയിലും രൂപത്തിലും തലയെടുപ്പിലും പാമ്പിൻ കൂട്ടത്തിലെ രാജാവ് തന്നെയാണ് രാജവെമ്പാല. പത്തിവിടർത്തുന്നതും കറുപ്പിൽ വെള്ളി വരകളോടുകൂടിയ ഉടലുള്ളതുമായ വന്യസൗന്ദര്യമാണ് രാജവെമ്പാലകൾക്ക്. നീളത്തിന്റെ മൂന്നിലൊരുഭാഗം തറയിൽ നിന്നുയർത്തിപ്പിടിച്ച് പത്തിവിടർത്താൻ സാധിക്കും. മുട്ടയിട്ട ശേഷം കരിയില കൊണ്ടു മൂടി അതിനുമുകളിൽ കാവലിരിക്കുന്നു. ഇങ്ങനെ കൂടുണ്ടാക്കുന്ന ഏക പാമ്പ് രാജവെമ്പാലയാണ്. മുട്ടവിരിയുന്നതിനു തൊട്ടു മുമ്പ് അമ്മപ്പാമ്പ് സ്ഥലം വിടുന്നു. ഇതര നാഗങ്ങളെപ്പോലെ രാജവെമ്പാലയും അഗ്രം പിളർന്ന നാക്കുകൊണ്ട് മണം പിടിക്കുന്നു. എകദേശം 300 അടി ദൂരെയുള്ള ഇരയെപ്പോലും ശ്രദ്ധിക്കാനാകും വിധത്തിലുള്ള കാഴ്ചശക്തിയും പ്രകമ്പനങ്ങൾ പൊടുന്നനെ തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിശക്തിയും രാജവെമ്പാലയെ നല്ലൊരു വേട്ടക്കാരനാക്കുന്നു. ഇരയെ വിഷം പ്രയോഗിച്ചു കീഴ്‌പ്പെടുത്തിയ ശേഷം വിഴുങ്ങുകയാണു പതിവ്. മറ്റു പാമ്പുകളെപ്പോലെത്തന്നെ കീഴ്ത്താടി ആവശ്യാനുസരണം വികസിപ്പിക്കാൻ കഴിയുന്നതിനാൽ സ്വന്തം തലയേക്കാൾ വലിപ്പമുള്ള ഇരകളെ വിഴുങ്ങാൻ ഇവയ്ക്ക് സാധിക്കുന്നു.

രാജവെമ്പാലയുടെ മുഖ്യ ആഹാരം മറ്റു പാമ്പുകൾ തന്നെയാണ്. ഇവയിൽ വിഷമുള്ളവയും ഇല്ലാത്തവയും ഉൾപ്പെടുന്നു. എന്നിരുന്നാലും ആഹാരത്തിനു ദൗർലഭ്യം നേരിടുമ്പോൾ ഉടുമ്പിനെ ഇരകളാക്കുന്നു. ആഹാരം ദഹിക്കുന്നതിനുള്ള കാലതാമസവും കുറഞ്ഞ മെറ്റബോളിസവും കാരണം വയറ് നിറയെ ഒരിക്കൽ ആഹരിച്ചുകഴിഞ്ഞാൽ മാസങ്ങളോളം ഇവയ്ക്ക് ഇരതേടാതെ ജീവിക്കാനാകുമത്രെ! പകൽ സമയങ്ങളിൽ ഇരതേടുന്ന സ്വഭാവമുള്ള രാജവെമ്പാലയെ ദുർലഭമായി രാത്രികാലങ്ങളിലും കാണാറുണ്ട്. രാജവെമ്പാലയുടെ വിഷം മുഖ്യമായും പ്രോട്ടീനുകളും പോളിപെപ്റ്റൈഡുകളും അടങ്ങിയതാണ്. രാജവെമ്പാല കൊത്തുമ്പോൾ അരയിഞ്ചു നീളമുള്ള അവയുടെ പല്ലുകൾ കൊണ്ട് വിഷം ഇരയുടെ ദേഹത്തേയ്ക്ക് കുത്തിവയ്ക്കുകയാണു ചെയ്യുന്നത്. ഏഴ് മില്ലി വരെ വിഷം ഇരയുടെ അകത്തു ചെല്ലും. ഇത്രയും വിഷത്തിന് ഒരു അഞ്ച്-ആറ് ടൺ വരെ ഭാരമുള്ള ഇന്ത്യൻ ആനയെ അരമണിക്കൂർ മുതൽ മൂന്നുമണിക്കൂറിനുള്ളിൽ കൊല്ലാൻ ശേഷിയുണ്ടാകുമെന്ന് കണക്കുകൾ പറയുന്നു. ഇരയെ കിട്ടിയാൽ ആദ്യം തല തന്നെ വായ്ക്കകത്താക്കും. അധികം പരാക്രമം കാണിക്കുന്ന ഇരയെ വിഷം കുത്തിവെച്ച് നിശ്ചലമാക്കും. ഭക്ഷണമില്ലാതെ ദീർഘകാലം ജീവിക്കാൻ ഈ പാമ്പുകൾക്ക് സാധിക്കമെന്നുള്ളത് രാജവെമ്പാലയുടെ പ്രത്യേകതയാണെന്നും വിജയ് നീലകണ്ഠൻ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi