
യാത്രാമധ്യേ വീട് തിരികേ വിളിക്കുന്നതുപോലെയാണ് നാഗരിക ജീവിതത്തിലെ അസ്വസ്ഥതകളില്‍നിന്നുള്ള കാടിന്റെ വിളി. ചിലപ്പോഴത് വസന്തം നേരില്‍ കാണാനായിരിക്കും. ചിലപ്പോള്‍ ഗ്രീഷ്മം അടുക്കുമ്പോള്‍ പല വര്‍ണത്താലുള്ള ഇലപ്പെയ്ത്ത് കാണാനാവാം, മറ്റുചിലപ്പോഴാകട്ടെ കാട്ടിലെവിടെയോ കാത്തിരിക്കുന്ന ഒരു പക്ഷിയുടെ പാട്ടിന് കാതുകൊടുക്കാന്‍. കാടിന്റെ സൗമ്യത ഓര്‍മവരുന്ന നിമിഷങ്ങളാണ് അവയൊക്കെ. കെട്ട കാഴ്ചകള്‍ക്കുമേല്‍ പ്രസന്നവും സുന്ദരവുമായ ഒരു ലോകം. മനസ്സും ശരീരവും ഉടച്ചുവാര്‍ക്കാന്‍ ഇത്തരം ഇടങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഒരു പക്ഷി അവയോടൊപ്പം നമ്മെയും എങ്ങോട്ടോ ഉയര്‍ത്തി കൊണ്ടുപോവുകയാണ്.
ഇതുപോലൊരു മഞ്ഞുകാലത്താണ് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിനടുത്തുള്ള കൊരങ്കണിയില്‍ (ബോട്ടം സ്റ്റേഷന്‍) ഞാനും ആനന്ദരാജും എത്തിയത്. വെള്ളക്കാര്‍ മൂന്നാറില്‍ എത്തിയ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ചെറിയ സ്ഥലമാണ് കൊരങ്കണി. അവിടെനിന്ന് കുത്തനെ കയറിയാല്‍ ടോപ് സ്റ്റേഷനില്‍ എത്താം. പണ്ട് ബ്രിട്ടീഷുകാര്‍ മൂന്നാറില്‍നിന്ന് ട്രാംവേ വഴി തേയിലയും മറ്റും ടോപ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയും കുണ്ടളയും കടന്ന് അവര്‍ ടോപ് സ്റ്റേഷനിലേക്ക് പോയ പാതയിലൂടെയാണ് നാം ഇന്ന് വട്ടവടയിലേക്കും മറ്റും വാഹനങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് എത്രപേര്‍ക്കറിയാം!
ഞാനും ആനന്ദരാജും പല തവണ ടോപ് സ്റ്റേഷനില്‍നിന്ന് താഴേക്കിറങ്ങി കൊരങ്കണി വഴി ബോഡിനായ്ക്കന്നൂരിലേക്ക് നടന്നിട്ടുണ്ട്. ആ വഴിയില്‍ പല വര്‍ണങ്ങളിലും പല സ്വരങ്ങളിലും പല വലുപ്പങ്ങളിലും ഉള്ള പക്ഷികളെ കാണാം. ടോപ് സ്റ്റേഷന്‍ പോലുള്ള തണുത്ത പ്രദേശങ്ങളില്‍ കാണുന്ന പക്ഷികള്‍ മുതല്‍ മലയടിവാരത്തില്‍ കാണുന്ന പക്ഷികളും ചൂടുകൂടിയ ബോഡിനായ്ക്കന്നൂരിലേക്കുള്ള പാതയില്‍ കാണുന്ന പക്ഷികളും അക്കൂട്ടത്തിലുണ്ട്.

മുകളിലേക്കുള്ള അത്തരമൊരു സഞ്ചാരത്തിലാണ് സെന്റര്‍ സ്റ്റേഷനിലെ ആ ചെറിയ ടീഷോപ്പിനുമുന്നിലെ കുറ്റിയില്‍ ആദ്യമായി മേനിപ്പാറക്കിളിയെ കണ്ടത്. വര്‍ഷം 1988. കൈയിലിരുന്ന നോട്ട്ബുക്കില്‍ കിളിയുടെ ഏകദേശരൂപം കോറിയിടുകയും അതിന്റെ ദേഹത്തെ വര്‍ണങ്ങള്‍ ഏതൊക്കെയെന്ന് കുറിച്ചുവയ്ക്കുകയും ചെയ്തു. കുറ്റിയില്‍നിന്ന് ഇടയ്ക്കിടെ നിലത്തിറങ്ങി അത് എന്തൊക്കെയോ കൊത്തിപ്പറന്നതും ഓര്‍മയിലുണ്ട്.
തിരികേ വീട്ടിലെത്തി പുസ്തകങ്ങളില്‍ പരതിയപ്പോഴാണ് മേനിപ്പാറക്കിളിയാണെന്ന് ഏതാണ്ട് മനസ്സിലായത്. എന്നിട്ടും ഉറപ്പില്ലായിരുന്നു. 1989-ല്‍ ടോപ് സ്റ്റേഷനില്‍നിന്ന് ഇടതുവശത്ത് ഉയര്‍ന്നുനില്‍ക്കുന്ന 'വന്തറവ് മുടി'യിലേക്ക് സെന്റര്‍ സ്റ്റേഷനില്‍നിന്ന് നടന്നുകയറാന്‍ തീരുമാനിച്ചു. പളനി ഹില്‍സിലെ ഏറ്റവും ഉയരമുള്ള (കടല്‍നിരപ്പില്‍നിന്ന് 2535 മീറ്റര്‍) പര്‍വതമാണ് ഇത്. കൂടെ പളനി ഹില്‍സിന്റെ സുഗന്ധമുള്ള മനോഹരനും (മനോ) ഉണ്ട്.
അക്കാലത്ത് ഞങ്ങള്‍ രണ്ടുപേരും ആ പര്‍വത ഒടിവുകളില്‍ ചെന്നെത്താത്ത ഇടം വിരളമാണ്. ടോപ് സ്റ്റേഷനില്‍നിന്ന് മലയിറങ്ങി സെന്റര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചായക്കടയുടെ മുന്നിലെ കുറ്റിയില്‍ അതേ പക്ഷി ഇരിക്കുന്നു! മേനിപ്പാറക്കിളി. ബൈനോക്കുലറിലൂടെ സസൂക്ഷ്മം നോക്കിയപ്പോള്‍ ആണ്‍പക്ഷിയാണെന്ന് വ്യക്തമായി. പിന്നീട് തമിഴ്നാട്ടിലെ മറ്റൊരു ഹില്‍സ്റ്റേഷനായ മുടീസില്‍വെച്ചായിരുന്നു അതിനെ കാണുവാനായത്. വര്‍ഷം 1994.
ഇക്കഴിഞ്ഞ മാസം ആയോധനകലയില്‍ ഇന്ത്യയിലെ ഏറ്റവും സീനിയറും എന്റെ ഗുരുനാഥനുമായ ഹാന്‍ഷി ഡോക്ടര്‍ എസ്. രത്തിനം (Red Belt Karate & Kobudo) കേരളത്തില്‍ എത്തി. ''നമുക്ക് ഏതെങ്കിലും കാടിനരികില്‍ രണ്ടുനാള്‍ താമസിക്കണം. മൂന്നാര്‍ ഞാന്‍ പോയിട്ടില്ല. അങ്ങോട്ടായാലോ?''-അദ്ദേഹം ചോദിച്ചു. അങ്ങനെയാകട്ടെ എന്ന് ഞാന്‍ പറഞ്ഞു.

മൂന്നാറില്‍നിന്ന് ലക്ഷ്മി എസ്റ്റേറ്റിലേക്കുള്ള റോഡിലൂടെ സുഹൃത്തായ മജീഷ് മുഹമ്മദ് കാര്‍ തിരിക്കുമ്പോള്‍ ഇരുവശവും പറന്നകലുന്ന പക്ഷികളെ ഞാന്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. തൃശ്ശൂരില്‍നിന്നുള്ള വന്യജീവി ഫോട്ടോഗ്രാഫര്‍ സാംസണ്‍ പി. ജോസഫ് മേനിപ്പാറക്കിളിയെ ഈ ഭാഗത്തുനിന്ന് ഷൂട്ട് ചെയ്ത വിവരം കഴിഞ്ഞദിവസമാണ് അറിയിച്ചത്.
നല്ല തണുപ്പുള്ള പ്രഭാതത്തില്‍ വാതിലിലെ മുട്ടുകേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അഞ്ചുമണി ആകുന്നു. ''ഉണരൂ, പരിശീലനം ആരംഭിക്കാം''-മാസ്റ്റര്‍ ഉണര്‍ന്നുകഴിഞ്ഞിരിക്കുന്നു. പുറത്ത് ഇരുട്ടും മഴയും കൂടിക്കുഴഞ്ഞുനില്‍ക്കുന്നു. കഠിനമായ തണുപ്പും. ''പറവകളും സസ്യങ്ങളും പൂക്കളും ഉണര്‍ന്നുകഴിഞ്ഞു. വിവരവും വിവേകവും വിദ്യാഭ്യാസവും ഉണ്ട് എന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ ഉണരാന്‍ ഇനിയും സമയം എടുക്കും''-കിഴക്കോട്ട് തിരിഞ്ഞ് മിഴികള്‍ അടച്ചുകൊണ്ട് അദ്ദേഹം മെല്ലെ പറഞ്ഞു.
അപ്പോഴേക്കും പരിസരമാകെ പക്ഷികളാല്‍ നിറഞ്ഞു. ഓരോ പക്ഷിയും ഞങ്ങള്‍ക്കായി മത്സരിച്ച് ഉണര്‍ത്തുപാട്ട് പാടുകയാണ്. ഞാന്‍ മെല്ലെ ക്യാമറയുമായി പുറത്തേക്കിറങ്ങി. മലകളിലും താഴ്‌വരകളിലും സൂര്യപ്രഭ. മാലിന്യങ്ങള്‍ പുറന്തള്ളിയ ഇടത്തില്‍ തറയിലൂടെ ഒരു പക്ഷി നീങ്ങുന്നു. മേനിപ്പാറക്കിളിയായിരുന്നു അത്. ഒന്നിനെയും ഭയക്കാതെയായിരുന്നു അത് ചലിച്ചത്. എന്റെ ക്യാമറയ്ക്ക് പോസ് ചെയ്യാനെന്നവണ്ണം കുറ്റിയില്‍ കയറിയിരിക്കുകയും ചെയ്തു.
ഹിമാലയത്തിലെ കഠിനമായ മഞ്ഞില്‍ നിന്ന് കാതങ്ങള്‍ താണ്ടിയെത്തുന്ന ഈ ആണ്‍മേനിപ്പാറക്കിളിക്ക് കണ്ണില്‍നിന്ന് ചുമലുവരെ വീതിയുള്ള കറുത്ത പട്ടയുണ്ട്. തലയും തൊണ്ടയും മനോഹരമായ നീലനിറത്തിലാണ്. പുറംഭാഗവും വാലും കറുപ്പുനിറമാണ്. പുറത്തുള്ള തവിട്ടുനിറത്തിലുള്ള തൂവലുകള്‍ക്കൊപ്പം ചെതുമ്പല്‍ പോലെ അടയാളങ്ങള്‍ കാണാം. ചിറകുകള്‍ മൂടിക്കഴിഞ്ഞാല്‍ നീലനിറവും അതിന്റെ നടുക്ക് വെള്ള അടയാളവും.

ദേഹത്തിന്റെ അടിഭാഗം ഓറഞ്ചുനിറംപോലെയും ചെമ്പിച്ച തവിട്ടുനിറംപോലെയും വ്യക്തമാണ്. കുറിക്കണ്ണന്‍പുള്ളിനെ ഓര്‍മപ്പെടുത്തുന്ന രൂപം. എന്നാല്‍, പെണ്‍പക്ഷിക്ക് ഈ ചന്തമൊന്നുമില്ല. പിടയ്ക്ക് ശരീരത്തിന്റെ പുറംഭാഗമെല്ലാം തവിട്ടുനിറമാണ്. ശരീരത്തിന്റെ അടിഭാഗം വെള്ളവരകള്‍പോലെ തോന്നും.
ഏലത്തോട്ടങ്ങള്‍, തേയിലത്തോട്ടങ്ങള്‍, ഷോലക്കാടുകള്‍ എന്നിവിടങ്ങളില്‍ പ്രധാനമായും ഇവയെ കാണാം. ചെറുപ്രാണികളെയും പുഴുക്കളെയും തറയില്‍ പറന്നിറങ്ങി ഭക്ഷിക്കും.
മനുഷ്യന്റെ ഇടപെടലുകള്‍കൊണ്ട് ജൈവവ്യവസ്ഥയില്‍ പല മാറ്റങ്ങളും നടക്കുന്നുണ്ട്. അതിന്റെ ഫലമായി പല പക്ഷിവര്‍ഗങ്ങളെയും കാണുന്നില്ല. ഡോക്ടര്‍ സാലിം അലി 1933-ല്‍ കേരളത്തില്‍ പത്തൊന്‍പത് സ്ഥലങ്ങളിലായി നടത്തിയ പഠനങ്ങളില്‍ മയിലിനെ കണ്ടിരുന്നില്ല. ഇപ്പോഴാകട്ടെ, മയിലുകള്‍ പുതിയ വനപ്രദേശങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ എത്തിയിരിക്കുന്നു. ഇതത്ര നല്ല ലക്ഷണമല്ല. വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണ് മയില്‍. അവ തണുത്ത പ്രദേശങ്ങളിലെത്തുക എന്നാല്‍, അവയുടെ ജീവിതസാഹചര്യങ്ങള്‍ക്കാവശ്യമായ അവസ്ഥയിലേക്ക് ഇത്തരം കാടുകള്‍ മാറിയെന്ന് അനുമാനിക്കണം. പ്രകൃതിസംരക്ഷണം മനുഷ്യസംരക്ഷണംകൂടിയാണ്. ഓരോ പക്ഷിക്കും നമ്മോട് മുന്നറിയിപ്പ് തരാന്‍ എന്തൊക്കെയോ ഉണ്ടെന്ന് അവ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
Content Highlights: N.A.Naseer's camera still on the trail of exotic birds
Published: 10 May 2024, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented