മലമടക്കുകളിൽനിന്ന് ചെറുനീർച്ചാലുകളായി ഒഴുകിയെത്തുന്ന താമ്രഭരണിനദി അംബാസമുദ്രത്തെ പച്ചയണിയിപ്പിക്കുന്നു. പശ്ചിമഘട്ടം അതിരുതീർത്ത സുന്ദരഗ്രാമമാണ് അംബാസമുദ്രം. സംഘകാലകൃതികളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള താമ്രഭരണി, ഈ ഗ്രാമത്തിന്റെ ജീവശ്വാസമാണ്. തമിഴ്‌സംസ്‌കാരവും പൈതൃകവും ഇഴുകിച്ചേർന്ന പുണ്യഭൂമി. പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയുടെ ഒരുഭാഗത്താണ് അംബാസമുദ്രം സ്ഥിതിചെയ്യുന്നത്. മറുഭാഗത്ത് കേരളവും. ഈ മലനിരകൾക്ക് ഇരുപുറവുമായി കിടക്കുന്ന ഭൂമികകളിലേക്ക് പക്ഷേ, എളുപ്പത്തിലെത്തിച്ചേരാനാകില്ല. അനന്തപുരിയിൽനിന്നും ആരംഭിച്ച യാത്ര ഞങ്ങളെ, മരുത്വാമല പിന്നിട്ട് അരുവായ്‌മൊഴി ചുരം കയറ്റിവിട്ടു. പഴയ തിരുവിതാംകൂറിനെ തിരുനെൽവേലിയുമായി ബന്ധിപ്പിക്കുന്ന ചുരംപാതയാണിത്.

To advertise here,

നാഞ്ചിനാട് മലയാളക്കരയിൽ നിന്ന് അടർന്നുപോയപ്പോൾ ഈ പ്രദേശമെല്ലാം കന്യാകുമാരി ജില്ലയോട് ചേർക്കപ്പെട്ടു. ആരുവായ്‌മൊഴി പിന്നിട്ട് തിരുനെൽവേലിയിലേക്ക് നീളുന്ന പാതയിലൂടെ സഞ്ചരിച്ചാൽ കളക്കാടെത്തും. അവിടെനിന്ന് അധികദൂരമില്ല അംബാസമുദ്രത്തിലേക്ക്. സായാഹ്നത്തിൽ താമ്രഭരണിനദി കൂടുതൽ സുന്ദരമാകും. പ്രശാന്തസുന്ദരമായി ഒഴുകുന്ന തെളിനീരിൽ മുങ്ങിനിവർന്ന് ചിന്ന ശങ്കരൻകോവിലേക്ക് നടന്നു. അഗസ്ത്യമലയിൽനിന്ന് ഉയിർക്കൊണ്ട് അംബാസമുദ്രത്തെ പുൽകിയൊഴുകുന്ന ഈ നദിക്കരയിലാണ് ചിന്ന ശങ്കരൻകോവിൽ ക്ഷേത്രമുള്ളത്. അതിനോട് ചേർന്ന് ശിവൻകോവിൽ...വീണ്ടും നദിക്കരയിലൂടെ സഞ്ചരിച്ചാൽ പ്രശസ്തമായ പാപനാസം ക്ഷേത്രമായി. പിന്നെയും മലമുകളേറിയാൽ സുരുമുത്തന അയ്യനാർ കോവിലിലെത്തിച്ചേരാം. ഈ നാലുക്ഷേത്രങ്ങളും താമ്രഭരണിയുടെ തീരത്താണ്. മണിരത്‌നത്തിന്റെ 'റോജ'യിൽ വൈരമുത്തുവിന്റെ 'ചിന്നച്ചിന്ന ആസൈ' എന്ന വരികൾ ചിത്രീകരിച്ചത് ഈ നദിക്കരയിൽവെച്ചാണ്. നിരവധി മലയാളം-തമിഴ് സിനിമകൾ ഈ ഗ്രാമത്തിൽവെച്ച് ചിത്രീകരിച്ചിട്ടുണ്ട്.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളും ഇടയ്ക്ക് വിരുന്നെത്തുന്ന സൂര്യകാന്തിപ്പാടവും പിന്നിട്ട് നദിക്കരയിലൂടെ നടന്നു. അന്തിമയങ്ങുമ്പോൾ പച്ചപുതച്ച വയലേലകൾക്ക് അപ്പുറം പടിഞ്ഞാറൻ ചക്രവാളം ചെഞ്ചുവപ്പാൽ വർണാഭമാകും. അന്നേരം, ആട്ടിൻപറ്റങ്ങളെ മേച്ചുകൊണ്ട് ഇടയന്മാർ കൂടണയുകയായി. ദൂരെ ശിവൻകോവിലിൽനിന്നും മണിനാദം മുഴങ്ങുന്നു. കോവിലിനോട് ചേർന്ന് നദിക്കരയിൽ പടുത്തുയർത്തിയ കനാലുകളിൽ അലക്കുകുളിയിലേർപ്പെടാൻ ഗ്രാമീണർ ഒന്നാകെ എത്തിച്ചേരും. തമിഴകത്തെ ചൂടുനിറഞ്ഞ കാലാവസ്ഥയിൽ നദി ഒരനുഗ്രഹമാണ്. നദിക്കരയുടെ തീരത്തുള്ള ഈ ഗ്രാമത്തെ അംബെ എന്നപേരിലും അറിയപ്പെടുന്നു. അംബ, സമുന്ദർ എന്നീ വാക്കുകളിൽനിന്നാണ് അംബാസമുദ്രം രൂപപ്പെട്ടതത്രെ.

ശിവൻകോവിലിനോട് ചേർന്നുള്ള കൽപ്പടവുകളിലിരുന്നു. എവിടെനിന്നോ ഒഴുകിയെത്തുന്ന ഇളംകാറ്റ് മനസ്സിനെയൊന്നാകെ കുളിരണിയിപ്പിച്ചു. എത്രനേരം അങ്ങനെ ഇരുന്നുവെന്ന് അറിയില്ല.

അഗസ്ത്യമലയേറി

അംബാസമുദ്രത്തിൽനിന്നും സുരുമുത്തന അയ്യനാർ കോവിലിലേക്ക് പുറപ്പെടുമ്പോൾ നേരം പുലർന്നിരുന്നില്ല. തമിഴ്ഗ്രാമങ്ങളുടെ പ്രഭാതങ്ങൾക്ക് എപ്പോഴും വല്ലാത്തൊരു സുഗന്ധമുണ്ട്. പഴയ കോവിലുകൾക്കരികിൽ വഴിവക്കിൽ ആമ്പൽപൂക്കളുമായി കാത്തുനിൽക്കുന്ന പെൺകുട്ടികളെ കാണാം. അവർ വിൽപനയ്ക്കായി കരുതിവെച്ച നീർത്തണ്ടുകളുടെ അറ്റത്തുവിരിഞ്ഞ ആമ്പൽപ്പൂക്കളായിരിക്കുമോ ഇത്ര സൗരഭ്യംപൊഴിക്കുന്നത്!. പാപനാസം ക്ഷേത്രത്തിലേക്ക് എത്തുന്നതിന് മുൻപേ വഴികാണിക്കാനെന്നവണം ദൂരെ അഗസ്ത്യമല പ്രത്യക്ഷമായി. യാത്രയിലുടനീളം പച്ചപ്പിനിടയിൽ മറയുകയും വീണ്ടും പ്രത്യക്ഷമാവുകയും ചെയ്തുകൊണ്ട് താമ്രഭരണി ഒഴുകുന്നു. അരുൾമിഗു പാപനാശസ്വാമി ക്ഷേത്രം തമിഴ്‌നാട്ടിലെ പ്രധാന കോവിലുകളിലൊന്നാണ്. പാപങ്ങൾ പോകുവാനായി ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ മുങ്ങിനിവർന്നാൽ മതിയെന്നാണ് വിശ്വാസം. ദ്രാവിഡ വാസ്തുവിദ്യയിൽ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രത്തിൽ ശിവനെ പാപനാശനാഥനായും പാർവ്വതിയെ ഉലഗമ്മിയായും ആരാധിച്ചുപോരുന്നു. പാപനാസത്തിൽ നിന്നും അഗസ്ത്യമലയിലേക്കുള്ള പാതയിലാണ് സുരുമുത്തന അയ്യനാർ കോവിലുള്ളത്. മലമുകളേറി അവിടേക്കെത്താൻ തമിഴ്‌നാട് ഫോറസ്റ്റ് ഡിപ്പാർട്‌മെന്റിന്റെ അനുമതി വേണം. കന്യാകുമാരി-തിരുനെൽവേലി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ ഉൾപ്പെടുന്ന പ്രദേശമാണിവിടം. നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതങ്ങളുമായും കൊല്ലം ജില്ലയിലെ സെന്തുരുണി കാടുമായും ചേർന്നുകിടക്കുന്നതാണ് മുണ്ടൻതുറെ വനമേഖല. തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ കടുവാസംരക്ഷണ മേഖലകൂടിയാണിത്.

നിബിഡമായ വനത്തിലൂടെ ജീപ്പ് ഞരങ്ങിക്കയറിക്കൊണ്ടിരുന്നു. അഗസ്ത്യമലയുടെ ഏതോ ചരിവുകളിൽനിന്നും ഉദ്ഭവിച്ച അഗസ്ത്യാർ വെള്ളച്ചാട്ടമായി രൂപാന്തരപ്പെട്ട ജലപാതം താഴ്‌വരയിൽനിന്നേ കാണാമായിരുന്നു. അഗസ്ത്യാർ വെള്ളച്ചാട്ടത്തിന് മുൻപായാണ് പാറക്കൂട്ടങ്ങൾക്കിടയിൽ പാപനാസം ഡാം സ്ഥിതിചെയ്യുന്നത്. ഡാമിന് മുകളിലുള്ള ലൈറ്റ് ഹൗസിൽ കയറിനിന്നാൽ വിശാലമായ ജലസംഭരണിയെ കൺകുളിർക്കെ കാണാം. പാപനാസം ഡാമിന് അപ്പുറമാണ് അപ്പർ കോതയാർ ഡാം. വൈദ്യുതി ഉദ്പാതിപ്പിക്കുന്ന കോതയാർ ഡാം ഉൾക്കാട്ടിലായതിനാൽ അവിടേക്ക് പ്രവേശനമില്ല. ഇരു ഡാമുകൾക്കും തമ്മിലുള്ള ദൂരം കേവലം എട്ടുകിലോമീറ്റർ മാത്രമാണ്. എന്നാൽ, റോഡ് മാർഗം സഞ്ചരിക്കണമെങ്കിൽ 120 കിലോമീറ്ററുണ്ട്. രണ്ട് ഡാമുകൾക്കും ഇടയിലൂടെ ഒരു ഇടനാഴി സൃഷ്ടിച്ചിട്ടുണ്ട്. വൈദ്യുതിവകുപ്പിലെ ഉദ്യോഗസ്ഥർക്ക് മാത്രം സഞ്ചരിക്കാനേ അനുമതിയുള്ളൂ.

കാട്ടിനുള്ളിലെ കോവിലിലേക്ക്

ആടിമാസത്തിൽ പ്രേതബാധയേറ്റപോലെ വനം കൂടുതൽ നിബിഡമാകും. മഴ കരുത്താർജ്ജിക്കുമ്പോൾ താമ്രഭരണി സംഹാരരുദ്രയാകും. അപ്പോൾ മലമുകളിൽനിന്നും കാണിവിഭാഗക്കാർ കൂട്ടത്തോടെ കോവിലിലേക്കെത്തും. അവർ മാത്രമല്ല, ദൂരെദേശങ്ങളിൽനിന്നുപോലും ആളുകൾ എത്തിച്ചേരും. ആടിമാസത്തിലെ അമാവാസിനാളിലാണ് പത്തുനാൾ നീളുന്ന ഉത്സവത്തിന് കൊടിയേറുക. സുരുമുത്തന അയ്യനാർ എന്നാൽ അയ്യപ്പൻ. ശങ്കിലെ ഭൂതത്താർ (ശിവന്റെ അവതാരം), ആദ്യമുത്തുപ്പട്ടവരായർ, മഹാലിഗം, പേച്ചിയമ്മൻ, ചുടലൈമാടൻ, മാടസ്വാമി എന്നിങ്ങനെയാണ് കോവിലിലെ മറ്റ് പ്രതിഷ്ഠകൾ. ശങ്കിലെഭൂതത്താർ പ്രതിഷ്ഠയോട് ചേർന്നുള്ള ഇലുപ്പമരത്തിന് ചുറ്റും നിറയെ മണികൾ തൂങ്ങിനിൽക്കുന്നത് കാണാം. ആഗ്രഹസഫലീകരണത്തിനായി ഭക്തർ ഇലുപ്പമരത്തിൽ മണികൾ തൂക്കുമത്രെ!. കാലങ്ങൾ പിന്നിടുമ്പോൾ മരത്തിന്റെ തൊലി മണികളെ വന്നുമൂടുന്നു.

കോവിലിന് ചുറ്റും കൊടുംകാടാണ്. കാണി വിഭാഗക്കാരാണ് ഈ വനത്തിനുള്ളിൽ താമസിച്ചുപോരുന്നത്. കാടിനെ ആഴത്തിൽ അറിയുന്നവർ. അവരുടെ ഊരുകളിലേക്ക് പ്രവേശനമില്ല. അകലെയായി അഗസ്ത്യമലയുടെ ഉച്ചികാണാം. അഗസ്ത്യമല കയറി അപ്പുറമെത്തിയാൽ അഗസ്ത്യാർകൂടത്തിന്റെ ഓരംചേർന്ന് തിരുവനന്തപുരത്തെത്താം. പണ്ടുകാലത്ത് ഇതിലേ വഴിനടന്നിരുന്നു. കാണിക്കാർ ഇന്നും ഈ മലമുകളിലൂടെ കൊടുംകാട് താണ്ടി അപ്പുറം പോകുമത്രെ. വർഷങ്ങൾക്ക് മുൻപ് അഗസ്ത്യാർകൂടത്തിലേക്ക് നടത്തിയ യാത്ര മനസ്സിൽ ഓർമവന്നു. ബേസ് ക്യാമ്പിൽനിന്നും ഞങ്ങൾ കാടിറങ്ങുകയായിരുന്നു. ആഞ്ഞുനടന്നാൽ ഇരുട്ടുവീഴുമ്പോഴേക്കും ബോണക്കാട് ഫോറസ്റ്റ് ഓഫിസിൽ എത്തിച്ചേരാം. ദൂരെയായി മരച്ചില്ലകൾ ഒടിയുന്ന ശബ്ദം കേൾക്കാമായിരുന്നു. ഭയപ്പെട്ടതുപോലെ സംഭവിച്ചു. ഒരു കരടിക്കൂട്ടത്തിന് മുന്നിലാണ് പെട്ടത്. അമ്മയും കുഞ്ഞുമടക്കം മരച്ചില്ലകൾ ഒടിക്കുകയായിരുന്നു. ഒരുനിമിഷം ഞങ്ങൾ പകച്ചുനിന്നു, ഊടുവഴികളിലൂടെ തിരിഞ്ഞോടി, ചിതറിയോടുന്നതിനിടെ വഴിതെറ്റി. ഞങ്ങൾക്ക് പിന്നാലെ വന്നവരെല്ലാം മലയിറങ്ങി ഒരുപാട് ദൂരം പിന്നിട്ടുകാണണം. ബേസ് ക്യാമ്പിലേക്ക് തിരിച്ചുപോയാലോയെന്ന് ചിന്തിച്ചു. അങ്ങനെ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരുമനുഷ്യൻ മുന്നിലെത്തിയത്. കാണിവിഭാഗത്തിൽപ്പെട്ട അദ്ദേഹം ഞങ്ങളെ വഴികാണിച്ചു മുന്നേനടന്നു. ഉൾക്കാട്ടിലെവിടെയോ തേൻ അന്വേഷിച്ചുപോയി തിരികെ വരുന്നതിനിടെയായിരുന്നു ഞങ്ങളെ കാണുന്നത്. കരടികൾ അക്രമകാരികളാണെന്നും ഈ കാട്ടിൽ ധാരാളം കരടികളുണ്ടെന്നും അയാൾ ഓർമിപ്പിച്ചു. ഇരുട്ടുവീണു തുടങ്ങുമ്പോഴേക്കും ഞങ്ങൾ ബോണക്കാട്ടെ ഫോറസ്റ്റ് ഓഫിസിൽ എത്തിച്ചേർന്നു. നന്ദിപറഞ്ഞു പിരിയുന്നതിനിടെ അവിചാരിതമായാണ് അയാളുടെ കൈകളിലേക്ക് നോക്കിയത്. ഇടതുകൈകളിലെ വലിയൊരു ഭാഗം തുരന്നുപോയമാതിരിയിരിക്കുന്നു. ഇതെന്തുപറ്റിയതാണെന്ന് ചോദിക്കവെ, കരടി കടിച്ചെടുത്തതാണെന്നു പറഞ്ഞു അയാൾ തിരിച്ചുനടന്നു. സന്ധ്യകനക്കുമ്പോൾ കരടികളും ആനയുമെല്ലാം സുരുമുത്തന അയ്യനാർ കോവിലിന് സമീപമെത്തുമത്രെ!. ആടിമാസത്തിലെ അമാവാസിയിൽ ഒരിയ്ക്കൽകൂടി ഇവിടേക്കെത്തണം. തിരിച്ചിറങ്ങുമ്പോൾ ദൂരെ താമ്രഭരണി ശാന്തമായൊഴുകുന്നത് കാണാമായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi