ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യാൻ ചെല്ലുമ്പോൾ മുന്നിലൊരു റെയിൽവേ ട്രാക്ക്, തൊട്ടടുത്തു കൂടെ കൂകിപ്പാഞ്ഞു പോകുന്ന ട്രെയിൻ! കൗതുകം തോന്നുന്നുണ്ടോ? കൊൽക്കത്തയിലെത്തുന്ന സഞ്ചാരികളെ അമ്പരപ്പിക്കുന്ന ഒരു ഹോട്ടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാം ഉപയോക്താവായ കിഷൻ ഗോസ്വാമി പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ വേറിട്ട അനുഭവം യാത്രാപ്രേമികളുടെ ശ്രദ്ധ കവർന്നത്.

To advertise here,

പച്ചപ്പു നിറഞ്ഞ മനോഹരമായ പൂന്തോട്ടവും അതിരിട്ട വഴികളുമൊക്കെയായി ആദ്യ കാഴ്ചയിൽ ഇതൊരു സാധാരണ ലക്ഷ്വറി സ്റ്റേ ആയി തോന്നാം. എന്നാൽ കുറച്ചുകൂടി ശ്രദ്ധിച്ചു നോക്കിയാൽ ഹോട്ടൽ വളപ്പിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്ക് കാണാം. ഇത് വെറുമൊരു അലങ്കാരമല്ല; സുരക്ഷാ ജീവനക്കാരും ക്രോസിങ് ബോർഡുകളൊക്കെയുള്ള യഥാർത്ഥ റെയിൽവേ ക്രോസിങ്ങാണിത്. പച്ചപ്പിനിടയിലൂടെ നടക്കുമ്പോൾ പെട്ടെന്ന് മുന്നിലെത്തുന്ന റെയിൽവേ ട്രാക്കും ട്രെയിനുകളുടെ യാത്രയും ഇവിടെയെത്തുന്ന അതിഥികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.

'പോളോ ഫ്ലോട്ടിങ് ഹോട്ടൽ' (Polo Floatel) എന്നാണ് ഈ പ്രോപ്പർട്ടിയുടെ പേര്. കൊൽക്കത്തയിലെ ഹൂഗ്ലി നദിയിൽ ശാന്തമായി ഒഴുകിനീങ്ങിക്കൊണ്ടിരിക്കുന്ന ആഢംബര ഹോട്ടലാണിതത്രെ.

സീസണും ലഭ്യതയും അനുസരിച്ച് ഒരു രാത്രിക്ക് ഏകദേശം 4,000 രൂപ മുതൽ 6,000 രൂപ വരെയാണ് ഇവിടത്തെ നിരക്ക്. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് 35 മിനിറ്റും ഹൗറ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 മിനിറ്റും മാത്രം യാത്ര ചെയ്താൽ ഇവിടെയെത്താം. പ്രശസ്തമായ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നിന്ന് 5 മിനിറ്റ് ഡ്രൈവ് മാത്രം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi