ചോക്ലേറ്റ് കഴിക്കണമെന്ന ആഗ്രഹം പലപ്പോഴും ഡയറ്റ് പ്ലാനുകൾക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ മധുരപലഹാരങ്ങൾ പൂർണമായി ഒഴിവാക്കുന്നത് പലർക്കും ബുദ്ധിമുട്ടാകാം. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് കുറഞ്ഞ കലോറിയിൽ തയ്യാറാക്കാവുന്ന ഈ ചോക്ലേറ്റ് ബ്രൗണി. സാധാരണ ബ്രൗണികളിൽ ഉപയോഗിക്കുന്ന വലിയ അളവിലുള്ള ബട്ടർ, പഞ്ചസാര, ചോക്ലേറ്റ് എന്നിവയ്ക്ക് പകരം ആപ്പിൾ സോസ്, കൊക്കോ പൗഡർ, ഓട്‌സ് പൊടി തുടങ്ങിയ താരതമ്യേന ലഘുവായ ചേരുവകളാണ് ഇതിൽ ഉപയോഗിക്കുന്നത്.
ആവശ്യമായ ചേരുവകൾ:
പഞ്ചസാര ചേർക്കാത്ത കൊക്കോ പൗഡർ- അരക്കപ്പ്
പഞ്ചസാര ചേർക്കാത്ത ആപ്പിൾ സോസ്- അരക്കപ്പ്
ഓട്‌സ് പൊടി- കാൽ കപ്പ്
സീറോ-കലോറി സ്വീറ്റ്‌നർ- രണ്ടോ മൂന്നോ ടേബിൾസ്പൂൺ
മുട്ടയുടെ വെള്ള- ഒന്ന്
വാനില എക്‌സ്ട്രാക്ട്- അര ടീസ്പൂൺ
ബേക്കിങ് പൗഡർ- അര ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്
വെള്ളം അല്ലെങ്കിൽ പഞ്ചസാര ചേർക്കാത്ത ആൽമണ്ട് മിൽക്ക്- രണ്ടോ മൂന്നോ ടേബിൾസ്പൂൺ
ഷുഗർ-ഫ്രീ ചോക്ലേറ്റ് ചിപ്‌സ്- ആവശ്യമെങ്കിൽ അല്പം മാത്രം
തയ്യാറാക്കുന്ന വിധം: ആദ്യം ഓവൻ 175 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുക. ചെറിയൊരു ബേക്കിങ് ട്രേയിലോ ബ്രൗണി ടിന്നിലോ ബട്ടർ പേപ്പർ വിരിച്ച് തയ്യാറാക്കി വയ്ക്കാം. ഒരു പാത്രത്തിൽ ആപ്പിൾ സോസ്, മുട്ടയുടെ വെള്ള, വാനില എക്‌സ്ട്രാക്ട് എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കൊക്കോ പൗഡർ, ഓട്‌സ് പൊടി, സ്വീറ്റ്‌നർ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം കൂടുതൽ കട്ടിയാണെങ്കിൽ അൽപാൽപമായി വെള്ളമോ ആൽമണ്ട് മിൽക്കോ ചേർത്ത് കട്ടിയുള്ളതും എന്നാൽ മിനുസമുള്ളതുമായ ബാറ്റർ തയ്യാറാക്കാം.
Also Read
ശേഷം ബാറ്റർ ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് ഒരേ കനത്തിൽ പരത്തുക. വേണമെങ്കിൽ മുകളിൽ കുറച്ച് ഷുഗർ-ഫ്രീ ചോക്ലേറ്റ് ചിപ്‌സ് വിതറാം. 12 മുതൽ 18 മിനിറ്റ് വരെ ബേക്ക് ചെയ്യുക. ബ്രൗണിയുടെ നടുഭാഗം അൽപം മൃദുവായിരിക്കുന്നതാണ് നല്ലത്. ഓവനിൽനിന്ന് എടുത്ത ശേഷം തണുപ്പിച്ച് ചെറിയ കഷണങ്ങളായി മുറിക്കാം.
സാധാരണ ബ്രൗണിയുണ്ടാക്കുമ്പോൾ ബട്ടർ, എണ്ണ, പഞ്ചസാര, ചോക്ലേറ്റ് എന്നിവയുടെ അളവ് കൂടുതലായിരിക്കും. ഇവിടെ ബട്ടറിനും എണ്ണയ്ക്കും പകരം ആപ്പിൾ സോസ് ഉപയോഗിക്കുന്നതിനാൽ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. കൊക്കോ പൗഡർ അധിക കലോറി ചേർക്കാതെ ചോക്ലേറ്റിന്റെ രുചി നൽകാനും സഹായിക്കുന്നു. ഓട്‌സ് പൊടി ഉപയോഗിക്കുന്നതിനാൽ കുറച്ച് ഫൈബറും ലഭിക്കും. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാൽ മൊത്തം കലോറി നിയന്ത്രിക്കാൻ സഹായിക്കും.
എങ്കിലും 'ഒരു ബ്രൗണിക്ക് 19 കലോറി' എന്നത് കൃത്യമായൊരു ഉറപ്പായ കണക്ക് അല്ല. ഉപയോഗിക്കുന്ന ചേരുവകളുടെ ബ്രാൻഡ്, അളവ്, പ്രത്യേകിച്ച് ബ്രൗണി എത്ര ചെറിയ കഷണങ്ങളായി മുറിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കലോറി മാറുന്നത്. അതിനാൽ 19 കലോറി എന്നത് ഒരു ഏകദേശ കണക്കായി മാത്രം കാണുന്നതാണ് ഉചിതം. വണ്ണം കുറയ്ക്കുന്ന ഭക്ഷണക്രമത്തിന്റെ ഭാഗമായി ഇത് കഴിക്കുമ്പോഴും അളവ് പ്രത്യേകം ശ്രദ്ധിക്കണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: low-calorie-chocolate-brownie-recipe-weight-loss
Published: 08 Sept 2026, 03:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented