പോർബന്ദറിൽനിന്ന് വൈകീട്ട് ഏഴോടെ സ്ലീപ്പർ ബസ്സിൽ സൈക്കിളും കയറ്റി കച്ചിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയാണ് കച്ച്. 'ഭുജിനെ' കച്ചിലേക്കുള്ള പ്രവേശന കവാടം എന്ന് വിശേഷിപ്പിക്കാം. ഭുജിൽ കുർത്ത പൈജാമ ധരിച്ചവരെ ധാരാളമായി കണ്ടു. എന്നാൽ റാണിലേക്ക് നീളുന്ന വഴികളിൽ കഴുത്തിൽ കഫീയയും ചുറ്റി കണ്ണുനിറയെ സുറുമയിട്ട് കുർത്തയും പൈജാമയും ധരിച്ചവരായിരുന്നു കൂടുതലും. പുല്ലും ഓടും മേൽക്കൂര പാകിയ വീടുകളാണ് ഗ്രാമങ്ങളിൽ കൂടുതലും. താഴ്ഭാഗത്ത് വട്ടത്തിലും മുകളിലേക്ക് കോണുപോലെയുമായി ഒറ്റമുറി ബുങ്കകളാണ് ശ്രദ്ധ പിടിച്ചുപറ്റുക. വർണാഭമായ നിറങ്ങൾ നൽകിയും ചിത്രങ്ങൾ വരച്ചുമെല്ലാം ബുങ്കകൾ ആകർഷകമാക്കിയിരിക്കുന്നു. വഴിയിൽ ആവണക്കിന്റെയല്ലാതെ വേറേ കൃഷികളൊന്നുമില്ല. കുറവ് വെള്ളം മതി ആവണക്ക് കൃഷിചെയ്യാൻ. മുന്നോട്ടുപോകുമ്പോൾ പാതയുടെ വശങ്ങളിൽ ഇടയ്ക്കിടെ മുള്ളുചെടികൾമാത്രമുള്ള തരിശുഭൂമി. ബിരന്ദിയാര എത്തുന്നതുവരെ വെള്ളമോ മറ്റോ കിട്ടാൻ മാർഗമൊന്നുമില്ല. ഗുജറാത്തിൽ താലി അൺലിമിറ്റഡായതിനാൽ സൈക്കിൾ റൈഡ് പോകുമ്പോൾ താലിയാണ് ഉച്ചഭക്ഷണത്തിന് നല്ലത്. ബിരന്ദിയാര പള്ളിയോടുചേർന്ന് ചുമരൊക്കെ വിണ്ട് പൊളിയാറായ അവസ്ഥയിൽ നിൽക്കുന്ന ഒരു പഴയ മദ്രസയുണ്ട്. 2001-ലെ ഭൂകമ്പത്തിന്റെ സ്മരണപോലെ. ബിരന്ദിയാരയിൽ ചെറിയൊരു മാർക്കറ്റുണ്ട്. അവിടെ വളരെ കുറച്ച് സാധനങ്ങൾമാത്രം ഒരു പലകയിൽ വെച്ച് വിൽക്കുന്ന ഒരാളെ കണ്ടു. പശുവിനും ആടിനുമൊക്കെ കെട്ടുന്ന മണി, മരത്തിന്റെ ചില്ലകൾ വെട്ടാൻ ഉപയോഗിക്കുന്ന ചെറിയ മഴു തുടങ്ങിയവയാണ് കച്ചവടം.

To advertise here,

 

ഡൊമേഡോയിൽനിന്ന് ഉപ്പുമരുഭൂമിയിലേക്കുള്ള യാത്രയ്ക്ക് ബി.എസ്.എഫിന്റെ ചെക്ക്‌പോസ്റ്റിൽനിന്ന് നൂറ് രൂപയുടെ ടിക്കറ്റ് എടുക്കണം. മരുഭൂമിയുടെ മധ്യത്തിലൂടെ രണ്ട് കിലോമീറ്റർ നീളുന്ന പാത. കുറേ വർഷങ്ങൾക്കുമുൻപ് ഈ പ്രദേശമെല്ലാം കടലായിരുന്നു. പിന്നീട് കടൽ ഉൾവലിഞ്ഞുപോയി. എല്ലാവർഷവും മഴക്കാലത്ത് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽനിന്നുംമറ്റുമായി ഒഴുകിയെത്തുന്ന വെള്ളത്തിനാൽ ഈ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്നു. ആ സമയങ്ങളിൽ ഫ്‌ളെമിംഗോകളടക്കം ദൂരദേശങ്ങളിൽനിന്ന് ദേശാടനപ്പക്ഷികൾ എത്താറുണ്ട്. മഴക്കാലം കഴിഞ്ഞാൽ വെള്ളം ഉൾവലിയുമ്പോൾ അവിടെ ഉപ്പുപാടങ്ങൾ രൂപപ്പെടുന്നു. ഭൂകമ്പാനന്തരം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇവിടം സന്ദർശിച്ചപ്പോഴാണ് ഉപ്പുചതുപ്പുകളെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കുന്നതിനുള്ള ആശയം ഉരിത്തിരിയുന്നത്. പൗർണമിക്ക് മുന്നും പിന്നുമായി മൂന്നുദിവസത്തെ പരിപാടിയായിരുന്നു 2005-ലെ ആദ്യത്തെ റാൺ ഉത്സവം. പിന്നീട് അമിതാഭ് ബച്ചൻ റാൺ സന്ദർശിച്ചപ്പോൾ കവിതപോലെ പറഞ്ഞ 'കച്ച് നഹി ദേകാ തോ കുച്ച് നഹി ദേകാ' എന്ന ടാഗ്‌ലൈൻ ഉപ്പുമരുഭൂമിയുടെ ഖ്യാതി വാനോളം ഉയർത്തി. ഇപ്പോൾ ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഒഴുകിയെത്തുന്ന മൂന്നുമാസത്തെ വലിയ പരിപാടിയാണ് റാൺ ഉത്സവം.

ഉപ്പുമരുഭൂമിയിൽ

ഏകദേശം അഞ്ചരയോടെ ഉപ്പുമരുഭൂമിയിൽ ഞാൻ എത്തിച്ചേർന്നു. കടൽപോലെ പരന്നുകിടക്കുന്ന വെളുത്ത മരുഭൂമിയിൽ ഉറുമ്പുകളെപ്പോലെ കുറേ മനുഷ്യർ. ഉപ്പുചതുപ്പിലേക്ക് ഇറങ്ങിനടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു. ഐസ് വീഴുന്ന നാട്ടിലൊന്നും പോയിട്ടില്ലെങ്കിലും വെളുത്ത ചതുപ്പിലൂടെ നടക്കുമ്പോൾ ഐസിന്റെ മുകളിലൂടെ നടക്കുന്നതുപോലെ തോന്നി. ഒരു ഗുജറാത്തി നാടോടി, ദോൾ കൊട്ടുന്നതും അദ്ദേഹത്തിന്റെ മകൾ ചുവടുവയ്ക്കുന്നതും കാണാമായിരുന്നു. എന്റെ സൈക്കിൾ കണ്ടപ്പോൾ കുട്ടിക്ക് റൈഡ് ചെയ്യാൻ ഒരു മോഹം. രണ്ട് റൗണ്ട് സൈക്കിൾ ഓടിച്ചശേഷം അലങ്കാരപ്പാവാടയൊക്കെ ഊരി ട്രൗസർ ഇട്ടുവന്ന് വീണ്ടും സൈക്കിൾ ഓടിച്ചു. സൂര്യാസ്തമയത്തിനുശേഷം കച്ചിന്റെ ചരിത്രവും കരകൗശല പ്രാധാന്യവും സംസ്‌കാരവുമെല്ലാം വിളിച്ചോതുന്ന ലേസർ ഷോയും ഉണ്ടായിരുന്നു. ഉപ്പുമരുഭൂമിയിലെ ഒട്ടകങ്ങളുടെ മുഖത്തും കഴുത്തിലുമെല്ലാം പച്ചകുത്തിയപോലെ മൈലാഞ്ചികൊണ്ട് ചിത്രപ്പണികൾ ചെയ്തിട്ടുണ്ട്. തിരിച്ചുവരുന്ന വഴിയിൽ ഒട്ടകവണ്ടിയുടെ പിന്നിൽ ഒരു കുട്ടി സൈക്കിൾ നോക്കിയിരിക്കുന്നത് ശ്രദ്ധിച്ചു. സൈക്കിൾ ഓടിക്കാൻ വേണോയെന്ന് ചോദിച്ചപ്പോൾ അവൻ എന്റെ പക്കലേക്ക് ഓടിയെത്തി. ഞാൻ പോയി ഒട്ടകവണ്ടിയിൽ കയറിയിരുന്ന് വിശ്രമിച്ചു. കുട്ടിക്ക് ഒരു ആനന്ദം, എനിക്ക് ആശ്വാസം. ഡിസംബർ ഒന്നുമുതൽ ഫെബ്രുവരി 28 വരെയാണ് റാൺ ഉത്സവം. അതിനായുള്ള സ്റ്റാളുകളുടെയും അലങ്കാരവിളക്കുകളുടെയും പണികളെല്ലാം തകൃതിയായി നടക്കുന്നുണ്ടായിരുന്നു.

ഗോരിവാലി എന്ന ഗ്രാമത്തിൽ ഒരു വീടിനോടുചേർന്ന് 'ഫാമിലി കോട്ടേജ്' എന്ന ഹോംസ്റ്റേയിലാണ് രാത്രി തങ്ങിയത്. ചുമരുകൾ ചായം പൂശി ചിത്രപ്പണികൾ ചെയ്തിരിക്കുന്നു. പുറത്ത് കൂട്ടംകൂടിയിരുന്ന് തീ കാഞ്ഞിരിക്കാൻ സൗകര്യവും ഉണ്ട്. ഗുജറാത്തിലെ മാർവാരി വിഭാഗത്തിൽപ്പെട്ടവരാണ് ആ കുടുംബം. കല്യാണം കഴിഞ്ഞ സ്ത്രീകൾ കൈമുട്ടുമുതൽ തോൾവരെ ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ വളകൾ ധരിക്കും. ചോറും രണ്ടുതരം സബ്ജിയും ചാസും നാടൻ നെയ്യുമൊക്കെ അടങ്ങുന്ന ഭക്ഷണമാണ് ഞങ്ങൾക്ക് വിളമ്പിയത്.

 

അടുത്തദിവസം പോകാൻ തീരുമാനിച്ചിട്ടുള്ള കാലോ ദുങ്കർ എന്ന കറുത്ത മലയെക്കുറിച്ച് ആലോചിച്ച് നിദ്രയിലാണ്ടു.

കേകി എൻ ദാരുവാലയുടെ പ്രശസ്തമായ ഒരു ചെറുകഥയുണ്ട്. 'LOVE ACROSS THE SALT DESERT'. പ്രതികൂല കാലാവസ്ഥയെയും സുരക്ഷാസംവിധാനങ്ങളെയും മറികടന്ന് നജാബ് എന്ന ചെറുപ്പക്കാരൻ തന്റെ അല്ലാറക്ക എന്ന ഒട്ടകവുമായി പ്രണയിനി ഫാത്തിമയെ തേടി റാൺ ഓഫ് കച്ചിൽനിന്ന് പാക് സിന്ധിലേക്ക് നടത്തുന്ന സാഹസികയാത്രയാണ് കഥയുടെ ഇതിവൃത്തം. റാണിൽനിന്ന് കാവ്ട വഴി കാലോദുങ്കറിലേക്കാണ് ആ ചെറുപ്പക്കാരൻ ആദ്യദിവസം യാത്ര ചെയ്യുന്നത്. നജാബിന്റെ ആദ്യ ദിവസത്തെ യാത്രയെ സ്മരിക്കുംവിധമായിരുന്നു കാലോദുങ്കറിലേക്കുള്ള എന്റെ സൈക്കിൾ യാത്ര. കഥ നടക്കുന്ന സമയത്ത് അവിടെ റോഡ് ഇല്ലായിരുന്നെങ്കിൽ ഇന്ന് ഈ പ്രദേശങ്ങളിലെല്ലാം റോഡ് എത്തിയിരിക്കുന്നു. പുലർച്ചെ ആറുമണിയോടെ ഗോരിവാലിയിൽനിന്ന് യാത്ര ആരംഭിച്ചു. മരുഭൂമിയുടെ നടുവിലൂടെ കണ്ണെത്താദൂരത്തോളം ഒരു നീളൻ വര വരച്ചതുപോലെയാണ് റോഡിന്റെ കിടപ്പ്. ഉപ്പും മണ്ണും കൂടിക്കലർന്ന മരുഭൂമിയിൽ ഇടയ്ക്കിടെ മുൾച്ചെടികൾ മാത്രമാണ് കാണാനാവുക. തുടക്കത്തിൽ യാത്ര മടുപ്പായിരുന്നു, കാവ്ട ഭാഗത്തേക്ക് പോകുന്ന ഏതെങ്കിലും ലോറി നിർത്തിയിരുന്നെങ്കിൽ സൈക്കിളും കയറ്റി പോകാമായിരുന്നുവെന്ന് ചിന്തിച്ചു. ദൂരങ്ങൾ താണ്ടുന്നതിനനുസരിച്ച് മരുഭൂമിയുടെ കാഴ്ചകളും മാറിക്കൊണ്ടിരുന്നു. മണ്ണ്, വെള്ളയിൽനിന്നും മാറി നേരിയ കാപ്പിനിറമായി, സൂര്യൻ ഉദിച്ചുയർന്ന് ആകാശത്തെ വർണാഭമായ നിറങ്ങളാൽ അലങ്കരിക്കുന്നു. ആ നിമിഷങ്ങളിൽ മരുഭൂമിയിലൂടെ സൈക്കിൾ ചവിട്ടി പോകുമ്പോൾ, ഞാനും പ്രകൃതിയും പടച്ചവനും മാത്രമായി ലോകം ചുരുങ്ങുന്നതുപോലെ. ഞാനറിയാതെ എന്റെ നാവിൽനിന്ന് ദൈവസ്മരണകളുടെ വചനങ്ങൾ ഉറവെടുത്തു. ജാബിർ സുലൈമിന്റെ 'ഭ്രാന്തായാൽ എന്ത് സുഖം' എന്ന സൂഫി പാട്ടും പാടി ഭ്രാന്തായി സൈക്കിൾ ചവിട്ടുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതി എന്നിൽ വന്നുനിറഞ്ഞു.

കാവ്ട എത്തിയശേഷം ചായയും ബിസ്‌കറ്റും കഴിച്ച് കയറുകട്ടിലിൽ അല്പസമയം വിശ്രമിച്ചു. കാലോദുങ്കറിൽ സൈക്കിളിൽ ചവിട്ടുമ്പോൾ എന്തൊക്കെയോ പ്രത്യേകതയുള്ളപോലെ അനുഭവപ്പെട്ടിരുന്നു. കയറ്റം ചവിട്ടി കയറ്റിയാലും ഇറക്കങ്ങൾ ചവിട്ടി ഇറക്കേണ്ട അവസ്ഥയായിരുന്നു. മുന്നോട്ടുപോയപ്പോൾ മാഗ്‌നറ്റിക് സോൺ എന്ന ഒരു കോൺക്രീറ്റ് ഫലകം കണ്ടു. ഇറക്കത്തിൽ നിർത്തി വാഹനങ്ങൾ ന്യൂട്രൽ ആക്കിയാൽ സ്വമേധയാ മുകളിലേക്ക് കയറ്റം കയറി പോകുന്ന അദ്ഭുത പ്രതിഭാസം കാണാനായി. സൈക്കിൾ താഴെയിറക്കി യുടേൺ എടുത്ത് കയറ്റം കയറാൻ രണ്ടുപ്രാവശ്യം പെഡൽ ചവിട്ടിയതേയുള്ളൂ, 'ധൂം ടു'വിൽ ഋത്വിക് റോഷൻ കാന്തികശക്തിയിൽ പോകുന്നപോലെ കയറിപ്പോയി. കണ്ണിനെ കബളിപ്പിക്കുന്ന ഒരു മായക്കാഴ്ചയാണ് മാഗ്‌നെറ്റിക് ഹിൽ എന്ന പ്രതിഭാസം. സൈക്കിൾ ചവിട്ടുന്നതിനെക്കാൾ കൂടുതൽ സമയം ഇറങ്ങി തള്ളിയിട്ടാണ് ബാക്കി മൂന്ന് കിലോമീറ്റർ സഞ്ചരിച്ചത്.

കാലോദുങ്കറിലുള്ള ക്ഷേത്രത്തിലെത്തിയപ്പോൾ ദാഹവും ആനയെത്തിന്നാനുള്ള വിശപ്പും ഉണ്ടായിരുന്നു. സമീപത്തുള്ള സത്രത്തിൽനിന്ന് മോരുംവെള്ളം കുടിച്ചശേഷം ഭക്ഷണം വാങ്ങിക്കഴിച്ചു. കച്ച് ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള പ്രദേശമാണ് കാലോദുങ്കർ. അവിടെനിന്നാൽ കാണാൻ കഴിയുക ചുറ്റുമുള്ള മലകളുടെയും കടൽപോലെ പരന്നുകിടക്കുന്ന ഉപ്പ് മരുഭൂമിയുടെയും അവിസ്മരണീയ കാഴ്ചയാണ്. അമ്പത് രൂപ വാടക കൊടുത്ത് ഗുജറാത്തികളുടെ പരമ്പരാഗത വസ്ത്രങ്ങൾ വാങ്ങി ധരിച്ച് കുറച്ച് ഫാൻസി ഡ്രെസ് ഫോട്ടോഗ്രഫി ചെയ്തു. പണ്ട് മരുഭൂമിയിൽ യാത്രചെയ്യുമ്പോൾ ദൂരെനിന്ന് ആളുകളെ തിരിച്ചറിയാൻവേണ്ടി ആയിരുന്നത്രേ ഇത്തരം ആകർഷകമായ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നത്. യാത്രികർ ഇന്ത്യയുടെ അവസാന ചെക്ക് പോസ്റ്റും പാകിസ്താനിലെ ചില ഭാഗങ്ങളുമെല്ലാം ബൈനോക്കുലറിലൂടെ വീക്ഷിക്കുന്നുണ്ടായിരുന്നു.

തിരിച്ചുമടക്കത്തിനിടെ വലിയ വെല്ലുവിളി കുത്തനെയുള്ള ഇറക്കങ്ങളായിരുന്നു. ആദ്യത്തെ സ്ലോപ് ഞാൻ സൈക്കിളിൽ ഇരുന്നാണ് ഇറക്കിയത്. സൈക്കിൾ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് താഴോട്ടുപോയത്. ഇറക്കത്തിനിടയിൽ സൈക്കിൾ ഒരു കുഴിയിൽ തട്ടി, തെറിച്ചുപോയ കുപ്പിയുടെ മുകളിൽ കയറി. കുപ്പി രണ്ട് കഷണം ആയെങ്കിലും ഞാൻ വീഴാതെ രക്ഷപ്പെട്ടു. പിന്നീടുള്ള ഇറക്കങ്ങൾ സൂക്ഷിച്ച് പകുതിയോളം സൈക്കിൾ കൈയിൽ പിടിച്ച് നടന്നുകൊണ്ടാണ് ഇറങ്ങിയത്. ഭുജിലേക്ക് സൈക്കിൾ ചവിട്ടി പോകാൻ സമയമില്ലാത്തതിനാൽ കാവ്ടയെത്തിയപ്പോൾ ഒരു വാനിന്റെ മുകളിൽ സൈക്കിൾ കയറ്റി യാത്രയായി.

ഭുജിലെത്തി വാനിൽനിന്ന് സൈക്കിൾ ഇറക്കുമ്പോൾ റോഡിന്റെ അരികിൽ കാലിന്റെ പടം തിരിഞ്ഞു. അപ്പോൾതന്നെ ഒരു നാണയത്തിന്റെ വലുപ്പത്തിൽ നീര് വന്നതിനാൽ കുറച്ചുസമയം കാല് തടവിക്കൊണ്ടിരുന്നു. പിന്നീട് ഒരു കാലിൽ മാത്രം ബലംകൊടുത്ത് സൈക്കിൾ ചവിട്ടി കച്ചി മേമൻ മുസാഫിർ ഖാനയിലേക്കാണ് പോയത്. മേമൻ വിഭാഗക്കാരെല്ലാം ഇപ്പോൾ വിദേശരാജ്യങ്ങളിൽ സ്ഥിര താമസമാണെന്നും ബാക്കി കുറച്ചുപേർ 130 കി.മീ. അകലെയുള്ള ലഖ്പത്ത് എന്ന സ്ഥലത്താണ് താമസിക്കുന്നതെന്നും അറിയാൻ കഴിഞ്ഞു. ഇനി ഒരവസരം ഒത്തുവന്നാൽ ലഖ്പത്തിൽ പോകണം. ആരോഗ്യവും സമയവും അനുവദിക്കാത്തതിനാൽ ഭുജിൽ കൂടുതലായി ചുറ്റിക്കറങ്ങാൻ സാധിച്ചില്ല. ക്ഷീണം അതിനോടകം ശരീരത്തെ ബാധിച്ചിരുന്നു. വീർത്ത് വേദന നിറഞ്ഞ കാൽ ഉഴിഞ്ഞും ഓർമ്മകൾ അയവിറത്തും പോർബന്ദറിലേക്ക് ബസ്സിൽ തിരിച്ചുമടങ്ങി. നാട്ടിലെത്തിയപ്പോഴാണ് അറിയുന്നത് ചെറിയ ഫ്രാക്ചർ ഉണ്ടത്രേ! പ്ലാസ്റ്ററിട്ട് ഒന്നരമാസം വിശ്രമം വേണം. വേദനകൾക്കിടയിലും ഉപ്പുമരുഭൂമിയിലൂടെയുള്ള സൈക്കിൾയാത്ര ജീവിതത്തിൽ എങ്ങനെ മറക്കാൻ സാധിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi