മൂന്നാര് സഞ്ചാരികളുടെ പറുദീസയാണ്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പിലൂടെ മൂന്നാറിലെ മഴക്കാഴ്ചകളില് അലിഞ്ഞ് പറവക്കാഴ്ചകള് പകര്ത്തുകയാണ് യാത്രികന്...

മഞ്ഞലകൾ ഞൊറിയിട്ട പർവ്വതപാർശ്വങ്ങളിലൂടെ, വാനം മഴനൂലുകളാൽ ഭൂമിയെ തൊട്ടുഴിയും കാഴ്ചയുടെ അനുഭൂതി നുകർന്നുകൊണ്ട് മൂന്നാറിലേക്കായിരുന്നു യാത്ര. പുതുമഴയുടെ സ്പർശത്തിൽ കിളിർത്ത നിബിഡമായ പുൽപ്പരപ്പിലും ചെറുമരച്ചില്ലകളിൽ കൊത്തിപ്പെറുക്കിയും തത്തിപ്പറന്നും തേൻനുകർന്നും മഴനനയുന്ന പക്ഷികളെ കാണുകയായിരുന്നു ലക്ഷ്യം. ഇരവികുളം ദേശീയോദ്യാനത്തിൽനിന്നും പുറപ്പെടുന്ന ആദ്യ വണ്ടിയിൽ തന്നെ ഇരിപ്പിടം ഉറപ്പിച്ചു. പക്ഷിനിരീക്ഷണ തല്പരരായ സുഹൃത്തുക്കളും കൂടിയുണ്ട്.
ചെറുജലപാതങ്ങളുടെ ആരവമുതിർക്കും കാഴ്ചകൾ നുണഞ്ഞും മനസ്സിനെ കുളിരണിയിക്കുന്ന കോടമഞ്ഞ് അനുഭവിച്ചും ദേശീയോദ്യാനത്തിന്റെ ബേസ് സ്റ്റേഷൻ വരെ സഫാരി വണ്ടിയിൽ. തുടർയാത്ര കാൽനടയാണ്, ഒരു ചെറു ട്രെക്കിങ്. സമുദ്രനിരപ്പിൽനിന്നും 2,965 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി മലനിരകൾക്കും അവ അതിരിടുന്ന വനങ്ങൾക്കും ഇടയിലാണ് വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനായി സ്ഥാപിതമായ ഇരവികുളം ദേശീയോദ്യാനം.
ഷോലക്കാടുകളോടു ചേർന്നുള്ള അരുവിയുടെ തീരത്തുനിന്നും കാതിനെ കുളിരണിയിക്കുന്ന ശ്രവണസുഭഗമായ പാട്ടുകെട്ടു. ശ്രദ്ധിച്ചപ്പോൾ കാട്ടിലെ പാട്ടുകാരനായ ചൂളക്കാക്ക പുറംകാഴ്ചകൾ തേടിയെന്നോണം വഴിയോരത്തേക്കു തല നീട്ടുന്നുണ്ടായിരുന്നു. ചെങ്കുത്തായ പാറക്കെട്ടുകളിലൂടെ വരയാടിൻ കൂട്ടം കുഞ്ഞുങ്ങളുമൊത്ത് സാമാന്യം വേഗത്തിൽ നീങ്ങുന്നത് കാണാം.
പുൽമേടുകളും ഷോലവനങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ മുന്നാർ മലനിരകൾ അപൂർവ്വ ജനുസ്സിൽപ്പെട്ട സസ്യ-ജന്തുജാലങ്ങളാൽ സമ്പന്നമാണ്. മഴനനയാത്തവിധം ക്യാമറ മഴക്കോട്ടിലൊതുക്കി വനപാതയിലൂടെ ഒരുപാടു അലഞ്ഞിട്ടും മഞ്ഞുമൂടിക്കിടക്കുന്ന വഴിയിറമ്പിലൊന്നും ഒരു കിളിയനക്കവും കണ്ടില്ല. എന്നാൽ, ക്ഷണനേരം കൊണ്ട്, പ്രതീക്ഷയേകി ദൂരെയൊരു സന്ധ്യക്കിളിയുടെ (White Bellied Sholakili) സംഗീതം കേൾക്കാനായി.
പാട്ടുകേട്ട ദിശയിലേക്ക് ഇലയനക്കങ്ങൾ പോലും നിയന്ത്രിച്ച് നടന്നടുത്തപ്പോൾ, പാറപ്പുറത്തു സന്ധ്യക്കിളിയിണകൾ പ്രണയം പങ്കുവയ്ക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏതാണ്ട് 1,200 മീറ്റർ ഉയർന്ന മലനിരകളുടെ താഴ്‌വരയിലെ പുല്‌മേടുകളിലും ഷോലവനങ്ങളുടെ അടിക്കാടുകളിലുമാണ് സന്ധ്യക്കിളികളെ കണ്ടുവരുന്നത്. ആവാസവ്യവസ്ഥ ഇല്ലാതാകുന്നതോടെ വംശനാശ ഭീഷണി നേരിടുന്ന ഇക്കൂട്ടരെ IUCN ചുവന്നപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെളിച്ചകുറവിൽ ഏറെ ശ്രമപ്പെട്ടു ചിത്രങ്ങൾ പകർത്തിയ ശേഷം മുന്നോട്ടുനീങ്ങവേ മുന്നിലെ പാറമേൽ വരയാടുകളുടെ ഒരു കൂട്ടം. നേരത്തെ കണ്ടതിനേക്കാൾ കൂടുതൽ പേരുണ്ട്. ഞങ്ങളുടെ സാന്നിധ്യം തീർത്തും അവഗണിച്ചായിരുന്നു അവരുടെ ചലനങ്ങൾ.
മഴയാസ്വദിച്ച് നടക്കുന്നതിനിടെ കുറ്റിച്ചെടികൾക്കിടയിൽനിന്ന് വടക്കൻ ചിലുചിലപ്പന്മാരുടെ (Palani laughingthrush) ഒരു ചെറു കൂട്ടം തീറ്റ തേടുകയായിരുന്നു. ഒരുനല്ല ചിത്രത്തിന് അവസരം കിട്ടാത്ത വിഷമത്തിൽ നിൽക്കുമ്പോഴാണ് അടുത്ത് പുൽമേട്ടിലെ പാറയിൽ മഴയിൽ കുതിർന്നിരിക്കുന്ന കരിങ്കിളിയെ (Indian Black Bird) കണ്ടത്. ശ്രുതിമധുരമായ ഗാനം പോഴിയ്ക്കുകയായിരുന്നു അവ. ഇരവികുളം ദേശീയോദ്യാനത്തിലെ കാഴ്ചകൾ പകർത്തിയ ശേഷം മറയൂർ റോഡിലേക്ക് വഴിയോര പക്ഷിനിരീക്ഷണം ലക്ഷ്യമാക്കി പുറപ്പെട്ടു. എങ്ങും പച്ചപുതച്ചു കിടക്കുന്ന കുന്നുകൾ.
പക്ഷികൾ ഇരതേടി എത്താനുള്ള സാധ്യത കണക്കിലെടുത്തു ഒരു പുൽമേട്ടിൽ നിലയുറപ്പിച്ചു. പ്രതീക്ഷിച്ചപോലെ തന്നെ ഒരു കിന്നരി മൈന (Jungle Myna) നിശാശലഭത്തിനെ കൊക്കിലാക്കി പുല്ലിൽ നിൽക്കുന്നു. അല്പം മാറി കൊങ്ങിണിച്ചെടിയുടെ പൂക്കൾ നിറഞ്ഞ കുറ്റികാട്ടിൽ വെള്ളക്കണ്ണിക്കുരുവിക്കൂട്ടം (Indian white-eye) പാറിക്കളിക്കുന്നത് കാണാം.
പച്ചയും വെള്ളയും കലർന്ന ഈ സുന്ദരൻപക്ഷിയുടെ വെളുത്ത കൺവളയമാണ് ഈ പേരിനാധാരം. തൊട്ടരികിൽ ചെഞ്ചിലപ്പന്മാരുടെ (Rufous Babbler) ഒരു കൂട്ടം അവയുടെ ഊഴം കാത്തുനിന്നിരുന്നു. വെള്ളക്കണ്ണിക്കുരുവിക്കൂട്ടം പറന്നകന്നതും ഇവ കൊങ്ങിണി കായ കൊത്തിത്തിന്നുന്നതിനായി പറന്നെത്തി. കരിയിലക്കിളിയോടും പൂത്താങ്കീരിയോടും ഏറെ സാദൃശ്യമുള്ള, പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന ഇവരുടെ ആവാസസ്ഥലം ഈർപ്പമുള്ള ഇലക്കാടുകളും മുളംകാടുകളിലുമാണ്.
ആനമുടി വ്യൂ പോയന്റിൽ തേയിലത്തോട്ടങ്ങളോട് ചേർന്ന പാതയോരത്തു വിനോദസഞ്ചാരികൾക്കായി ആവിപറക്കുന്ന ചോളവും ഇളം ക്യാരറ്റും പാഷൻ ഫ്രൂട്ടും വിൽപ്പനക്കായി ഒരുക്കിവെച്ചിരിക്കുന്നു. സമോവർ ചായയും ബ്രഡ് ഓംലെറ്റും കഴിച്ചു യാത്ര തുടർന്നു. തേയിലയുടെ തളിരിലത്തലപ്പിൽ ഇരിക്കുന്ന ചുറ്റീന്തൽ കിളിയെ (Pied Bushchat) ദൂരെനിന്നു കണ്ടു. കാറിനകത്തു തന്നെ ഇരുന്ന് ഒരു ചിത്രം പകർത്തി.
സഹ്യനെ പുൽകുന്ന കോടമഞ്ഞും ചാറ്റൽ മഴയും ആസ്വദിച്ചുകൊണ്ട് ഞങ്ങളെപ്പോലെ തന്നെ ദൂരെ റോഡരികിലെ ആഫ്രിക്കൻ ടുലിപ് മരത്തലപ്പിൽ പച്ചതൂവൽപൂടയണിഞ്ഞ തത്തച്ചിന്നൻ (Vernal Hanging Parrot) ഇരിക്കുന്നു. മഴതോർന്നുള്ള മരം പെയ്ത്തിന്റെ സമയം. പിന്നാലെ, അടിക്കാടുകളിൽ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വടക്കൻ ചിലുചിലുപ്പന്മാരുടെ (Palani Laughing Thrush) വരവായി.
പുൽമേട്ടിൽ നിന്നും ഒരു ചെറുപ്രാണിയെ കൊക്കിലെടുത്തു കൊണ്ട് ഒരുവൻ അടുത്തുള്ള മരക്കൊമ്പിൽ പറന്നിരുന്നു. ചുണ്ടിലെ പ്രാണിയെ വിഴുങ്ങും മുൻപ് ക്ഷണനേരം കൊണ്ട് ആ ചിത്രം പകർത്തി. കേരളത്തിൽ കണ്ടുവരുന്ന അഞ്ചുതരം ചിലുചിലുപ്പന്മാരിൽ പശ്ചിമഘട്ടത്തിലെ പാലക്കാട് വിടവിന് തെക്കോട്ടുള്ള മലനിരകളിൽ 1,200 മീറ്റർ ഉയരത്തിനു മുകളിൽ മാത്രം കാണുന്നതാണ് വടക്കൻ ചിലുചിലുപ്പൻ. ചെറു കൂട്ടങ്ങളായാണ് ഇവ ഇരതേടുന്നത്. ഈ കൂട്ടത്തിലെ അംഗങ്ങൾ എല്ലാം ഒരുമിച്ചു പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾക്ക് മനുഷ്യർ പൊട്ടിച്ചിരിക്കുന്നതിനോട് സാദൃശ്യമുള്ളതിനാലാണ് ഇവക്കു 'ലാഫിങ് ത്രഷ്' എന്ന് പേരുവന്നത്.
കണ്ണൻദേവൻ മലയിലെ തലയാർ കാളിയമ്മൻ കോവിലിനു സമീപത്തുകൂടി പാമ്പാർ നദി ഒഴുകുന്നത് കാണാം. ഇത് ഇരവികുളം ദേശീയ ഉദ്യാനത്തിലെ ടർണേഴ്സ് വാലിയിലൂടെ സഞ്ചരിച്ച് കാന്തല്ലൂർ, മറയൂർ ഗ്രാമങ്ങൾക്കിടയിലുള്ള താഴ്വരയിലൂടെ ചിന്നാർ വന്യജീവി സങ്കേതത്തിലേക്ക് ഒഴുകുന്നു. അവിടെ നിന്നും വഴിയരികിലുള്ള ലക്കം വെള്ളച്ചാട്ടം ലക്ഷ്യമാക്കി നീങ്ങി. വെള്ളച്ചാട്ടം കാണാൻ വരുന്ന യാത്രികരുടെ തിരക്ക് അവിടെ കാണാമായിരുന്നു.
വെള്ളച്ചാട്ടത്തോട് ചേർന്നുള്ള വനാതിർത്തിയിൽ നിൽക്കുന്ന മരക്കൊമ്പിൽ ഒരു നീലഗിരി പാറ്റപിടിയൻ (Nilgiri Flycatcher) ചെറുപ്രാണികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഈ മഴക്കാഴ്ചകളെ കണ്ണിലും ഹൃദയത്തിലും കോരിയെടുത്തുകൊണ്ടുള്ള മടക്കയാത്രക്കുള്ള സമയമായി. പ്രകൃതിഭംഗിയും ജൈവവൈവിധ്യവും കൊണ്ട് മൂന്നാർ എന്നും വിസ്മയം ജനിപ്പിക്കുന്നു. വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങൾക്കും ജന്തുവർഗങ്ങൾക്കും അഭയമരുളുന്ന ഈ പ്രദേശത്തിന് അർഹമായ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Expert birdwatching guide for Munnar's monsoon season., Detailed list of endemic species like White-bellied Sholakili and Palani Laughingthrush., Essential gear and safety tips for trekking in Eravikulam National Park., Official contact information for the Forest Information Centre and DTPC Munnar., Best practices for wildlife photography in wet, high-altitude conditions.
Published: 18 May 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented