ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരള്‍. എന്നാല്‍ അതിന് വേണ്ട പരിചരണം നാംനല്കുന്നില്ല. കേരളത്തില്‍ കരള്‍ രോഗികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. നേരത്തേ തിരിച്ചറിഞ്ഞാല്‍ കരള്‍ രോഗങ്ങള്‍ തടയാമെന്ന് പറയുന്നു കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോപ്സിറ്റലിലെ കണ്‍സല്‍ട്ടന്റ് ഹെപ്പറ്റോളജിസ്റ്റും ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിദഗ്ധനുമായ ഡോ.മുഹമ്മദ് ഫവാസ് എന്‍.

* കൊഴുപ്പ് കൂടിയ ആഹാരമാണോ കരളിനെ അപകടത്തിലാക്കുന്നത്?
'കൊഴുപ്പ്' മാത്രമല്ല കരൾ രോഗങ്ങൾക്ക് കാരണം. ജീവിതശൈലിയുമായി ബന്ധപ്പെട്ട മെറ്റബോളിക് രോഗാവസ്ഥയാണ് കരളിന്റെ ആരോഗ്യത്തിൽ പ്രയാസമുണ്ടാക്കുന്നത്.
* കരളിൽ എങ്ങനെയാണ് കൊഴുപ്പ് (Fatty Liver) അടിയുന്നത്?
പലതരത്തിൽ കരളിൽ കൊഴുപ്പ് അടിയാറുണ്ട്. ശരീരാവശ്യത്തിന് മുകളിലുള്ള കലോറിയാണ് മുഖ്യ വില്ലൻ. വെള്ള അരി, മൈദ, ബേക്കറി പോലുള്ള റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ,പഞ്ചസാര (fructose -soft drinks, packaged juice), ഫാസ്റ്റ് ഫുഡ്, ട്രാൻസ്ഫാറ്റ് എന്നിവയെല്ലാം കരളിനെ അപകടത്തിലാക്കുന്നു. ശരീരത്തിൽ അധികമായി വരുന്ന ഊർജം കൊഴുപ്പായി സംഭരിക്കപ്പെടുകയും അതിന്റെ ഒരു ഭാഗം കരളിൽ അടിയുകയും ചെയ്യുന്നു.
ചെയ്യേണ്ടത് : കൊഴുപ്പിനെ പൂർണമായും ഒഴിവാക്കിയുള്ള ഡയറ്റ് വേണ്ട. സന്തുലിതമായ ഭക്ഷണക്രമവും കലോറി നിയന്ത്രണവും ആണ് പ്രധാനം.
* കരളിൽ കൊഴുപ്പ് കൂടുതലാണെന്ന് എങ്ങനെ തിരിച്ചറിയാം?
ഫാറ്റി ലിവർ പലപ്പോഴും ലക്ഷണങ്ങളില്ലാത്ത (silent) രോഗമാണ്. എങ്കിലും ക്ഷീണം, വയറിന്റെ വലത് ഭാഗത്ത് അസ്വസ്ഥത എന്നിവ ലക്ഷണങ്ങളായി കണക്കാക്കാം.
കണ്ടെത്താൻ: രക്ത പരിശോധനയിൽ (LFT) ചില അളവുകൾ ( SGPT/ALT) ചെറിയ തോതിൽ കൂടാം. അൾട്രാസൗണ്ട് സ്‌കാൻ, ഫൈബ്രോസ്‌കാൻ എന്നിവയിലൂടെ കൊഴുപ്പും ഫൈബ്രോസിസും എത്രയുണ്ടെന്ന് മനസ്സിലാക്കാം. രക്ത പരിശോധന റിസൽട്ട് സാധാരണയായാലും ഫാറ്റിലിവറിന് സാധ്യതയുണ്ടെന്നത് ഓർക്കണം.
* മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകുമോ? ഇതിന് ആൺ/പെൺ വ്യത്യാസമുണ്ടോ?
മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ രോഗാവസ്ഥ കാണാറുണ്ട്. (Metabolic Dysfunction-Associated Steatotic Liver Disease- MASLD) എന്നാണ് ഇതിനെ വിളിക്കുന്നത്. അമിതവണ്ണം (പ്രത്യേകിച്ച് വയറുവശത്തെ കൊഴുപ്പ്), പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ നില, വ്യായാമക്കുറവ് എന്നിവ ഇതിലേക്ക് നയിച്ചേക്കാം.
ഈ രോഗാവസ്ഥ പുരുഷൻമാരിൽ കൂടുതലായി കാണുന്നു. ആർത്തവവിരാമശേഷം സ്ത്രീകളിൽ രോഗസാധ്യത വർധിക്കാറുണ്ട്. മാത്രമല്ല അമിതവണ്ണമില്ലാത്തവരിലും ഫാറ്റിലിവർ കാണുന്നുണ്ട്.
* കരൾ രോഗങ്ങൾ എങ്ങനെ പരിഹരിക്കാം?
ജീവിതശൈലി മാറ്റമാണ് രോഗം ഭേദപ്പെടുത്താനുള്ള പ്രധാന വഴി. ആദ്യഘട്ടമായി ശരീരഭാരം കുറയ്ക്കണം.
ഭക്ഷണക്രമം: പച്ചക്കറികൾ, പഴങ്ങൾ, നാരുകളടങ്ങിയ ആഹാരം ശീലമാക്കണം. പഞ്ചസാരയും ശീതളപാനീയങ്ങളും, ബേക്കറി വിഭവങ്ങൾ, വറുത്ത ഭക്ഷണപദാർഥങ്ങൾ എന്നിവ കുറയ്ക്കുന്നത് നല്ലതാണ്.
വ്യായാമം: ദിവസവും 30-45 മിനിറ്റ് നടക്കുന്നത് ഉചിതമായ വ്യായാമമാണ്. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമത്തിനായി കണ്ടെത്തണം. ഇതിനൊപ്പം മരുന്നുചികിത്സയുമുണ്ടാകും.
* ഫാറ്റി ലിവർ കുട്ടികളിൽ കൂടുന്നുണ്ടോ?
കുട്ടികളിൽ ഫാറ്റിലിവർ വർധിച്ചുവരുന്നുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ്. ജങ്ക് ഫുഡിന്റെ അമിതോപയോഗമാണ് ഇതിന്റെ പ്രധാന കാരണം. കുട്ടികൾക്ക് ബേക്കറി വിഭവങ്ങളും അമിതമധുരമുള്ള ശീതളപാനീയങ്ങളും വാങ്ങിനൽകുമ്പോൾ, അവരെ രോഗികളാക്കുകയാണെന്ന കാര്യം മാതാപിതാക്കൾ അറിയുന്നില്ല. സ്‌ക്രീൻ ടൈം കൂടിയതും വ്യായാമം കുറഞ്ഞതും രോഗത്തിന്റെ തീവ്രത കൂട്ടുന്നു.
മറികടക്കാം: വീട്ടിൽ പാകം ചെയ്ത ഭക്ഷണം കുട്ടികൾക്ക് നൽകുക എന്നതാണ് പ്രധാനം. ഫാസ്റ്റ്ഫുഡും പായ്ക്കറ്റിൽ ലഭിക്കുന്ന വിഭവങ്ങളും ഒഴിവാക്കണം. പഞ്ചസാരയുടെ അളവും കുറയ്ക്കണം. കുട്ടികളെ എന്തെങ്കിലും രീതിയിലുള്ള വ്യായാമങ്ങളിൽ പങ്കാളികളാക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ മാതാപിതാക്കളാണ് മാതൃകയാവേണ്ടത്.
* പൊതുവെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ എന്തെല്ലാം ശ്രദ്ധിക്കണം?
സമീകൃതാഹാരം ശീലിക്കാം. മുഴുധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാവട്ടെ. വ്യായാമം സ്ഥിരമാക്കണം. അതുവഴി ശരീരഭാരം നിയന്ത്രിച്ചുനിർത്താം. ഹെപറ്റൈറ്റിസ് ബി വാക്‌സിൻ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മദ്യം പൂർണമായി ഒഴിവാക്കുകയും അനാവശ്യമായ മരുന്നുപയോഗം നിയന്ത്രിക്കുകയും ചെയ്യാം.
* എപ്പാഴാണ് കരൾ മാറ്റിവയ്ക്കേണ്ടിവരുന്നത്?
കരൾ രോഗം തീവ്രമാകുമ്പോൾ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് ചിന്തിക്കാം. അമിതരക്തസ്രാവം, മഞ്ഞപ്പിത്തം എന്നിവ കരളിന്റെ ആരോഗ്യത്തെ പൂർണമായും നശിപ്പിക്കുമ്പോൾ ചിലരെങ്കിലും ട്രാൻസ്പ്ലാന്റ് എന്ന ഘട്ടത്തിലെത്തും. കരളിന്റെ പ്രവർത്തനം പെട്ടെന്ന് നിന്നുപോകുന്നതും ചില കരൾ ക്യാൻസറുകളും ട്രാൻസ്പ്ലാന്റേഷൻ എന്ന അവസ്ഥയിലെത്തിക്കാം.
പൂർണമായി ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗാവസ്ഥയാണ് കരൾ രോഗങ്ങളും ഫാറ്റി ലിവറുമെല്ലാം. സമയബന്ധിതമായി ജീവിതശൈലി മാറ്റം വരുത്തിയാൽ ഇത് പൂർണമായും നിയന്ത്രിക്കാനാകും. ജീവിതശൈലി രോഗാവസ്ഥ ആയതിനാൽ ചികിത്സയ്‌ക്കൊപ്പംകുടുംബ-സമൂഹ തലത്തിലുള്ള ബോധവത്കരണവും അത്യാവശ്യമാണ്.
തയ്യാറാക്കിയത്: പി.വി.സുരാജ്കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Stop Fatty Liver: Essential Lifestyle Changes for a Healthy Liver
Published: 19 Apr 2026, 12:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented