വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലബാറില്‍ നിന്ന് കുടിയേറിയവര്‍ മധുരയിലൊരു ഗ്രാമം തീര്‍ത്തു. പിന്നീടത് മലയാളികളുടെ സ്വന്തം ഗ്രാമമായി വളര്‍ന്നു. മലയാളിത്തനിമ നെഞ്ചോടുചേര്‍ക്കുന്ന
ആ ഗ്രാമത്തിലേക്ക്...

മലയാളത്താന്പട്ടിയിലെ ഗ്രാമവഴി
കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുമ്പോള്‍ ഭാഷയും സംസ്‌കാരവും മാത്രമല്ല പ്രകൃതിയും മാറും. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തരിശുഭൂമികളും അതിന്റെ ഒരറ്റത്തായി തലയുയര്‍ത്തിനില്‍ക്കുന്ന പര്‍വതങ്ങളും ചിലയിടത്ത് സോപ്പുപെട്ടിപോലെ അടുക്കടുക്കായുള്ള വീടുകളും കോവിലുകളും നിറഞ്ഞ സുന്ദരഭൂമി. പുഷ്പഗന്ധം തൂവുന്ന തഞ്ചാവൂരില്‍നിന്ന് പുലര്‍ച്ചെയാണ് ക്ഷേത്രനഗരമായ കുംഭകോണത്തേക്ക് പുറപ്പെട്ടത്. ഒരുകാലത്ത് ചോളസാമ്രാജ്യത്തെ ഫലഭൂയിഷ്ഠമാക്കിയ പൊന്നിനദിയെ പിന്നിട്ട്, പോക്കുവെയില്‍നാളങ്ങളേറ്റുകിടക്കുന്ന പാടങ്ങളെ മറികടന്ന് മയിലാടുംതുറൈ എക്സ്പ്രസ് കൂകിപ്പാഞ്ഞു. കുംഭകോണത്തെ ഐരാവതേശ്വരക്ഷേത്രം കണ്‍കുളിര്‍ക്കെ കണ്ട് മുന്നോട്ടുനടക്കുമ്പോഴാണ് 'നിങ്ങള്‍ മലയാളികളാ?' എന്നൊരു സ്ത്രീശബ്ദം കേട്ടത്. അതൊരു പരിചയത്തിന്റെ തുടക്കം കുറിക്കലായിരുന്നു. അവരുടെ പേര് വളര്‍മതി.
ജനിച്ചതും വളര്‍ന്നതുമൊക്കെ മധുരയ്ക്ക് സമീപത്തുള്ള 'മലയാളത്താന്‍പട്ടി' ഗ്രാമത്തിലാണ്.
'മലയാളത്താന്‍പട്ടി' പേര് കേള്‍ക്കുമ്പോള്‍തന്നെ ഒരാശ്ചര്യം. ഇതിന് മലയാളികളുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോ? സംശയം ശരിയായിരുന്നു. അവിടെ ഇപ്പോഴും മലയാളികള്‍ താമസിക്കുന്നുണ്ടത്രെ! വളര്‍മതിയെ എറണാകുളത്തേക്ക് വിവാഹം ചെയ്തയച്ചു. അവരുടെ മകളെ വിവാഹം ചെയ്തയച്ചത് മലയാളത്താന്‍പട്ടിയിലേക്കുതന്നെ. ഇപ്പോള്‍ മകളെ കാണാന്‍ വരുന്ന വഴിയാണ്. അവിടെ മലയാളികള്‍ വന്നെത്തിയ ചരിത്രം അറിഞ്ഞതോടെ അവര്‍ക്കൊപ്പം ''മലയാളികളുടെ സ്വന്തം'' ഗ്രാമത്തിലേക്ക് യാത്രതിരിച്ചു.
മധുരയില്‍നിന്ന് മേളൂര്‍ക്ക് പോകുന്ന റൂട്ടില്‍ ഹൈവേയ്ക്ക് അരികിലാണ് മലയാളികള്‍ക്കുപോലും അധികമറിയാത്ത ഈ മലയാളിഗ്രാമമുള്ളത്. റോഡരികില്‍തന്നെ മലയാളത്താന്‍പട്ടി എന്ന ബോര്‍ഡും കാണാം. റോഡിന്റെ മറുവശത്ത് വലിയൊരു മലനിരയുണ്ട്. ഒറ്റനോട്ടത്തില്‍ ആനയുടെ തലപോലെ. ഈ രൂപസാദൃശ്യംകൊണ്ടാകാം മലനിരയ്ക്ക് 'ആനമലയ്' എന്ന പേരുവീണത്.
ഗ്രാമത്തിന്റെ ഇടവഴികളിലൂടെ നടന്നു. ഇരുവശങ്ങളിലും പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന വേപ്പുമരങ്ങള്‍. ഓടിട്ടതും വാര്‍ത്തതുമായ നിരവധി വീടുകളാണ് അധികവും. എല്ലാ വീടുകളുടെയും നിര്‍മാണശൈലിയാകട്ടെ കേരളത്തിലെപ്പോലെതന്നെ. വിരലിലെണ്ണാവുന്ന വീടുകള്‍ക്കുമാത്രമാണ് തമിഴ് ഛായ. നടന്നുനടന്ന് ഗ്രാമത്തിന്റെ ഒരറ്റത്തുള്ള രമ എന്ന അമ്മയുടെ വീട്ടിലെത്തി. മലയാളിയാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് പെരുത്ത സന്തോഷം. ''ഇവിടെയിപ്പോ 20 മലയാളി കുടുംബങ്ങളേയുള്ളൂ, ബാക്കിയുള്ളോരൊക്കെ ജോലിക്കായി മറ്റിടങ്ങളിലേക്ക് പോയി.'' ഗ്രാമവീഥിയിലൂടെ നടക്കുന്നതിനിടെ അവര്‍ ഒരുകാര്യംകൂടി പറഞ്ഞു. ''ഈ ഗ്രാമത്തിലെ മലയാളി കുടുംബങ്ങളുടെ വേരുകളത്രയും പട്ടാമ്പിയിലും ചെര്‍പ്പുളശ്ശേരിയിലും ചിറ്റൂരിലുമൊക്കെയായാണ്, വിശേഷങ്ങളോ ആഘോഷങ്ങളോ വരുമ്പോഴാണ് കേരളത്തിലേക്ക് പോകാറ്. ചിലപ്പോള്‍ ഗുരുവായൂരമ്പലത്തില്‍ പോകും. അതുമാത്രമാണ് ഇപ്പോ കേരളവുമായിട്ടുള്ള ബന്ധം.'' കുറച്ചുനേരമെങ്കിലും മലയാളം പറയാമല്ലോയെന്നായി അവര്‍. നടത്തത്തിനിടെ ഈ ഗ്രാമത്തിലെ ആദ്യ മലയാളി തലമുറക്കാരനായ കേശവന്‍നായരുടെ മകനായ ഹരിഹരന്‍നായരെ കണ്ടു. 70 കഴിഞ്ഞ അദ്ദേഹവും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.
കേശവന്‍നായരുടെ മൂന്നാമത്തെ തലമുറയില്‍പ്പെട്ടവരാണ് ഇവിടെയുള്ളവരില്‍ അധികവും. ആദ്യ രണ്ട് തലമുറ കഴിഞ്ഞതോടെ പലരും മലയാളം അല്പം കൈവിട്ട മട്ടായി. പുതുതലമുറയ്ക്ക് മലയാളം എഴുതാനും വായിക്കാനും കാര്യമായി അറിയില്ല. എന്നിരുന്നാലും മലയാളത്തനിമയെ കൈവിടാനും ഒരുക്കമല്ല. ചിങ്ങത്തില്‍ അത്തപ്പൂക്കളവും ഊഞ്ഞാലുമൊരുക്കി ഓണത്തെയും കണിയും കൈനീട്ടവുമായി വിഷുവിനെയും ഇവര്‍ സ്വീകരിച്ചുപോരുന്നു. മധുരയ്ക്ക് സമീപം ഇങ്ങനെയൊരു മലയാളിഗ്രാമം ഉണ്ടെന്നത് പാലക്കാട് ജില്ലയിലെ കുറച്ചുപേര്‍ക്കല്ലാതെ അധികമാര്‍ക്കും അറിയാനും വഴിയില്ല. മലയാളത്താന്‍പട്ടിഗ്രാമത്തിലെ കുട്ടികള്‍ക്ക് ഇന്നും ചോറൂണ് ഗുരുവായൂരില്‍വെച്ചുതന്നെ.
ഈ ഗ്രാമത്തില്‍ മലയാളികള്‍ എത്തിയതിന് പിന്നിലൊരു കഥയുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്കുമുന്‍പാണ്. ഒരിക്കല്‍ മലബാറില്‍നിന്നുള്ള കേളുണ്ണിനായര്‍ രാമേശ്വരംപോയി മടങ്ങുകയായിരുന്നു. തിരിച്ചുമടക്കത്തിനിടെ മധുരയ്ക്ക് സമീപമുള്ള കണ്ണായ ഭൂമി കണ്ടപ്പോള്‍ അവിടെ കൃഷിയിറക്കാന്‍ തോന്നി. അങ്ങനെ ബ്രിട്ടീഷുകാരില്‍നിന്ന് 150-ഓളം ഏക്കര്‍ ഭൂമി ലേലത്തില്‍ വാങ്ങി. വൈകാതെ തന്റെ പ്രിയ സുഹൃത്ത് ശങ്കരന്‍നായരെയും കൂട്ടിവന്ന് കാടുപി
ടിച്ചുകിടന്ന സ്ഥലം വെട്ടിത്തെളിച്ച് കൃഷിയിറക്കി. അവര്‍ ഈ സ്ഥലത്തിന് ഒരു പേരിട്ടു. അതാണത്രേ 'മലയാളത്താന്‍പട്ടി'. കാലക്രമേണ വടക്കന്‍മലബാറില്‍നിന്നും കേശവന്‍നായരുടെ കുടുംബവും ബന്ധുക്കളും മറ്റുള്ളവരും കൃഷിചെയ്യാനായി ഇവിടെയെത്തുകയും വീടുവെച്ച് സ്ഥിരതാമസക്കാരായി മാറുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം കേളുണ്ണിനായര്‍ മരണപ്പെട്ടപ്പോള്‍ മകന്‍, മോഹനന്‍ നായര്‍ അച്ഛന്റെ കൃഷിഭൂമി അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിക്ക് എഴുതിക്കൊടുക്കുകയും മലയാളത്താന്‍പട്ടിയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചുപോകുകയും ചെയ്തു. പക്ഷേ, ശങ്കരന്‍നായര്‍, താന്‍ അധ്വാനിച്ചും കഷ്ടപ്പെട്ടും ഉണ്ടാക്കിയ ഭൂമി വിട്ടുപോകാന്‍ തയ്യാറായില്ല. അദ്ദേഹം ഇവിടെ തുടര്‍ന്നു. അദ്ദേഹത്തിന്റെ നാലാമത്തെ തലമുറയാണ് ഇപ്പോള്‍ ഗ്രാമത്തിലുള്ളത്.
കേശവന്‍നായരുടെ സഹോദരന്മാരായ കൃഷ്ണന്‍നായരുടെയും കുമാരന്‍നായരുടെയും വീട്ടിലേക്കാണ് പിന്നീട് പോയത്, അവരുടെ മക്കളെയും പരിചയപ്പെട്ടു. തൊട്ടടുത്തവീട്ടിലെ ചെല്ലമ്മപ്പാട്ടിയെ കണ്ടു. പാട്ടിക്ക് 85 വയസ്സായി. 60 വര്‍ഷങ്ങള്‍ക്കുമുന്നേ പാലക്കാട്ടുനിന്ന് കല്യാണം കഴിച്ചുകൊണ്ടുവന്നതാണ്. വര്‍ഷത്തിലൊരിക്കല്‍ പാലക്കാട്ടേക്ക് ചെല്ലമ്മപ്പാട്ടി പോകാറുണ്ട്. മലയാളത്തില്‍ സംസാരിക്കുക മാത്രമല്ല നന്നായി പാടുകയും ചെയ്യും ഇവര്‍. ചായയും പലഹാരങ്ങളും നല്‍കി നല്ലൊരു ആതിഥേയനാകാനും ഹരിഹരന്‍ നായര്‍ മറന്നില്ല. ഇവിടെയുള്ള മിക്ക മലയാളികളും വെജിറ്റേറിയനാണ്. കൃഷിയും കാലിവളര്‍ത്തലും തന്നെയാണ് പലര്‍ക്കും ജോലി. പുതിയ തലമുറ വിദേശത്തേക്ക് പോകാനാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്. ഗ്രാമത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളുണ്ട്. ഒന്നുമുതല്‍ അഞ്ചുവരെമാത്രമാണ് പ്രാഥമിക വിദ്യാഭ്യാസം. സമീപത്തുള്ള മുനിയാണ്ടി കോവിലിലേക്ക് പോയി. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പലരും കടല്‍കടന്നുപോയെങ്കിലും വര്‍ഷാവര്‍ഷം കോവിലിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ അവരെല്ലാം കുടുംബസമേതം എത്തും. ഗ്രാമത്തിലെ മുക്കുംമൂലയും പരിചയപ്പെടുത്തിക്കൊണ്ട് രമ അമ്മയും ഹരിഹരന്‍നായരും കൂടെവന്നു. വര്‍ഷങ്ങള്‍ക്കുശേഷം മലയാളിവേരുകള്‍ തേടിവന്നതിന്റെ സന്തോഷമായിരിക്കും അവര്‍ക്ക്. കണ്ടുംകേട്ടും അറിഞ്ഞ് ഒത്തിരി ഗ്രാമവാസികള്‍ ഞങ്ങള്‍ക്കൊപ്പം കൂടി. അടുത്തവര്‍ഷം മുനിയാണ്ടി കോവിലിലെ ഉത്സവത്തിന് വരണമെന്നുപറഞ്ഞ് അവര്‍ ബസ്സ്റ്റോപ്പുവരെ അനുഗമിച്ചു. മലയാളത്തനിമ പേറുന്ന തമിഴകത്തെ ഗ്രാമത്തില്‍നിന്ന് യാത്രപറയുകയാണ്. ലോകത്തില്‍ എവിടെപ്പോയാലും മലയാളികള്‍ ഉണ്ടെന്നത് എത്ര സത്യം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore malayalathanpatti, a hidden gem in tamil Nadu with malayali roots
Published: 29 Jul 2025, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented