പൊതുവെ ഡിസംബർ മാസം യാത്ര പോകുന്ന പരിപാടി എനിക്കില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഫ്ളൈറ്റുകൾക്കും ഹോട്ടലുകൾക്കുമെല്ലാം പൊള്ളുന്ന വിലയാണ്. സ്‌കൂൾ അവധിയും വർഷാവസാനത്തിലെ അവധികളും മുതലെടുത്തുകൊണ്ട് ലോകമെമ്പാടുമുള്ള കുടുംബങ്ങൾ യാത്ര ചെയ്യുന്ന മാസമാണ് ഡിസംബർ. ഡിസംബർ മാസം അമ്മക്ക് സന്തോഷമാണ്. ഡിസംബർ തുടങ്ങി ജനുവരി പകുതി വരെ ഞാൻ എങ്ങും പോകില്ല.

''ഈ മാസം യാത്രയൊന്നുമില്ലല്ലോ അല്ലെ?'' ഉത്തരം അറിയാമെങ്കിലും അമ്മ ഇടക്കിടക്ക് ചോദിച്ചുറപ്പുവരുത്തും.
''ഇല്ല'' അല്പം നീരസത്തോടെ ഞാൻ മറുപടി കൊടുത്തു സോഫയിൽ ഇരുന്നു. പെട്ടെന്ന് മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ വന്നു. സ്‌കൈ സ്‌കാനർ അപ്ലിക്കേഷനിൽ നിന്നാണ്. പണ്ടെപ്പോഴോ തായ്ലന്റിലേക്ക് ഫ്ളൈറ്റ് നോക്കിയിരുന്നു. ടിക്കറ്റിനു വിലകുറഞ്ഞു എന്നറിയിക്കാനാണ് സ്‌കൈ സ്‌കാനർ മെസ്സേജ് അയച്ചത്.

എന്ത് വിലകുറയാനാണ്! തലേന്ന് നോക്കിയപ്പോൾ വരെ വൺവേ ടിക്കറ്റിനു 15000 രൂപ കണ്ടതാണ്! ഇപ്പൊ 14,999 ആയിക്കാണും. ഇങ്ങനെയൊക്കെ പറഞ്ഞു പുച്ഛത്തോടെ മെസ്സേജ് തുറന്നു നോക്കിയതും ഞാൻ ഞെട്ടി! ബാങ്കോക്കിലേക്ക് 5,500 രൂപക്ക് ടിക്കറ്റുണ്ട്! എനിക്കു വിശ്വസിക്കാനായില്ല! ഫുക്കെറ്റിൽ നിന്ന് കൊച്ചിയിലേക്ക് 5,800 രൂപക്ക് റിട്ടേൺ ടിക്കറ്റുമുണ്ട്. തായ് ലയൺ എയറിന്റെ ലിമിറ്റഡ് ഓഫർ ആണ്! അവരുടെ മനസ്സു മാറുന്നതിനു മുൻപ് ഞാൻ കണ്ണുംപൂട്ടി ടിക്കറ്റ് എടുത്തു. തായ്ലൻഡിൽ ക്രിസ്മസ് സമയത്ത് എത്തിപ്പെടുക! ഇങ്ങനെ ഒരവസരം വിടുന്നത് മണ്ടത്തരമല്ലേ!

രണ്ടാഴ്ചയിലേക്ക് എന്റെ ലോകം മുഴുവനും ഏഴു കിലോയിൽ താഴെ വരുന്ന ബാക്പാക്കിലാക്കി ഞാൻ പുറപ്പെട്ടു. ബാങ്കോക്കിലെത്തി എയർപോർട്ടിലെ ഇമിഗ്രേഷൻ കവാടത്തിനു മുന്നിലെത്തി. നല്ല തിരക്കുണ്ട്. പക്ഷെ ഇന്ത്യക്കാർ നന്നേ കുറവാണ്. കുടുംബമായി വരുന്ന ഇന്ത്യക്കാർ കൂടുതലും ഫുക്കെറ്റിലും ക്രാബിയിലുമാണ് പോകാറുള്ളത്. അതുകൊണ്ടാകാം. ഏകദേശം അരമണിക്കൂറോളം വരിയിൽ നിന്ന് ഒടുവിൽ ഇമിഗ്രേഷൻ കൗണ്ടറിനു മുന്നിൽ ഞാൻ എത്തി. നേരെ മുന്നിൽ ഇരിക്കുന്ന ഇമിഗ്രേഷൻ ഓഫീസറെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം ഞെട്ടി! ചുമന്ന ക്രിസ്മസ് അപ്പൂപ്പന്റെ തൊപ്പിയൊക്കെ വെച്ചാണ് ആളുടെ ഇരിപ്പ്. മറ്റു രാജ്യങ്ങളിൽ നിന്ന് എന്തു കൊണ്ടും തായ്ലൻഡിനെ വ്യത്യസ്തമാക്കുന്നത് ഈ സരസത ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇമിഗ്രഷനൊക്കെ കഴിഞ്ഞു പുറത്തേക്കിറങ്ങി ഹോട്ടലിലേക്കൊരു ടാക്‌സി പിടിച്ചു. ട്രാഫിക് പോലീസിൽ ചിലരും ക്രിസ്മസ് തൊപ്പിയൊക്കെ വെച്ചാണ് നിൽപ്പ്!

ഹോട്ടലിലെത്തി ചെക്ക് ഇൻ ചെയ്തു. മുന്നിൽ വലിയൊരു ക്രിസ്മസ് ട്രീയൊക്കെ അലങ്കരിച്ചു വെച്ചിട്ടുണ്ട്.
''ഇവിടെ ക്രിസ്മസ് വലിയ വിശേഷമാണല്ലേ?'' ഞാൻ റിസെപ്ഷനിൽ ഇരുന്ന പെൺകുട്ടിയോട് ചോദിച്ചു.
''ഹേയ് ഞങ്ങൾക്ക് ക്രിസ്മസ് അത്ര വിശേഷമൊന്നുമല്ല. പക്ഷെ തായ്ലന്റിലേക്ക് ഏറ്റവും കൂടുതൽ വിദേശികൾ വരുന്ന സമയമാണ് ഡിസംബർ. അവർക്കായി ഞങ്ങളുടെ നാട് ഒരുങ്ങും. ക്രിസ്മസ് മേളകളും വെടിക്കെട്ടുകളും ഒക്കെയായി. സാധാരണ ഇതിലും ഗംഭീരമാണ്. ഈ വർഷം ക്വീൻ മദർ മരിച്ചതുകൊണ്ട് വലിയ ആഘോഷങ്ങൾ ഇല്ല.''

തായ്ലന്റുകാർക്ക് വികാരമാണ് അവരുടെ അമ്മാമഹാറാണി അഥവാ ക്വീൻ മദർ ആയിരുന്ന സിരികിറ്റ്. തായ്ലന്റിനെ ഈ കാണുന്ന തായ്ലന്റ് ആക്കിയതിൽ അവരുടെ പങ്ക് നിസ്സാരമല്ല. വിദ്യാഭ്യാസത്തിനും സ്ത്രീശാക്തീകരണത്തിനും വളരെയധികം പ്രാധാന്യം കൊടുത്തിരുന്ന സിരികിറ്റ് ഈ വർഷമാണ് അന്തരിച്ചത്. അതുകൊണ്ടു തന്നെ ഈ വർഷം നടക്കുന്ന പല ആഘോഷങ്ങൾക്കും നിറം അല്പം മങ്ങും.
''നിങ്ങൾ കറക്റ്റ് സമയത്താണ് വന്നത്. ചാവോ ഫ്രായ നദിക്കരയിൽ ഇന്ന് വെടിക്കെട്ടുണ്ട്. നല്ല ഭംഗിയാണ് ' റിസെപ്ഷനിസ്റ്റ് പറഞ്ഞു നിർത്തി. ഞാനും നോക്കിയിരുന്നു. വിജിത് ചാവോ ഫ്രായ എന്ന പേരിൽ നദിക്കരയിൽ എല്ലാ വർഷവും പുതുവർഷത്തോടടുക്കുന്ന ചില ദിവസങ്ങളിൽ ഗംഭീരവെടിക്കെട്ട് നടക്കാറുണ്ട്. ഈ കൊല്ലം ഡിസംബർ മാസം 14,20,21 ആണ് പ്രധാനദിവസങ്ങൾ.

വൈകിട്ട് 8.30 വരെ സമയമുണ്ട്. എന്നാൽ പിന്നെ ചെക്ക് ഇൻ ചെയ്ത് പുറത്തെവിടെയെങ്കിലും പോകാം. നട്ടപ്പറ വെയിലാണ് പുറത്ത്. എന്നാൽ പിന്നെ ഏതെങ്കിലും ഒരു മാളിൽ പോകാം. ഏ സി ഉണ്ടാകുമല്ലോ! മറ്റൊരു സ്ഥലത്തും മാളുകളിൽ കയറുന്ന പതിവെനിക്കില്ല. എന്നാൽ ബാങ്കോക്കിലെ മാളുകൾ മറ്റൊരു അനുഭവമാണ്. പ്ലാറ്റിനം, സെൻട്രൽ, ഐക്കോൺസിയാം തുടങ്ങി ചെറുതും വലുതുമായി ഏകദേശം നൂറ്റിയൻപതോളം മാളുകൾ ബാങ്കോക്കിൽ മാത്രമുണ്ട്. ഈ മാളുകളിലൊക്കെ ചുറ്റിക്കറങ്ങുന്നത് തായ്ലൻഡിന്റെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്. ഉച്ചസമയത്തു ചൂടുസഹിക്കാനാകാതെ ലോക്കലുകളും സഞ്ചാരികളും ഒരേപോലെ മാളുകളിൽ ചുറ്റിക്കറങ്ങും! തായ്ലൻഡിന്റെ മെട്രോ റെയിൽ പോലും പ്രധാനപ്പെട്ട മിക്ക മാളുകളെയും ബന്ധിപ്പിച്ചിട്ടുണ്ട്.

ഇക്കൂട്ടത്തിൽ സെൻട്രൽ മാളിലേക്കാണ് ഞാൻ പുറപ്പെട്ടത്. കാരണം തെക്കുകിഴക്കൻ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ സെൻട്രൽ വേൾഡിലാണ്. താഴെ നിന്നു നോക്കിയാൽ പെടലി വരെ വേദനിക്കുന്ന മട്ടിൽ ഒരു ഗംഭീര ക്രിസ്മസ് ട്രീ! ആളുകൾ ആവേശത്തിൽ അതിന്റെ പലഭാഗത്തായി നിന്നു ഫോട്ടോ എടുക്കുന്നു. തൊട്ടടുത്തു തന്നെ ഒരു ചെറിയ ക്രിസ്മസ് മാർക്കറ്റ് അവർ സ്ഥാപിച്ചിട്ടുണ്ട്. അവിടുത്തെ സ്റ്റാളുകളിലെ ഹോട്ട് ചോക്ലേറ്റിന്റെയും സിനമൺ റോളുകളുടെയും മണമാണ് കാറ്റിനു വരെ!

വെയിലാറിയതിന് ശേഷം വീണ്ടും ഇങ്ങോട്ടേക്കു വരാമെന്നു പറഞ്ഞു ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചുകൊണ്ട് അകത്തേക്ക് കയറി. അകത്തു കയറിയതും ക്രിസ്മസ് കരോളുകൾ കേട്ടുതുടങ്ങി. പാട്ടുവെച്ചിരിക്കുകയാണ് എന്നു കരുതിയ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു സംഘം നിന്നു പാടുകയാണ്. ചെല്ലോയും വയലിനുമൊക്കെ വായിച്ച് നല്ല ഗംഭീരപ്രകടനം. ചുറ്റോട് ചുറ്റും അലങ്കാരങ്ങളും ചെറുതും വലുതുമായ ക്രിസ്മസ് ട്രീകളും. ശരിക്കുമൊരു മായാലോകം! ഞാൻ വെറുതെ ഇങ്ങനെ ലക്ഷ്യമില്ലാതെ പല നിലകൾ കയറിയിറങ്ങി.

തിരിച്ചു താഴെയിറങ്ങിയപ്പോൾ മുന്നിലൊരു വലിയ ജനക്കൂട്ടം! അവരുടെ ഒത്തനടുക്ക് വെളുത്ത പാട്ടുകുപ്പായമണിഞ്ഞൊരു സുന്ദരി ഇങ്ങനെ ഒഴുകി നീങ്ങുകയാണ്. അവളുടെ ശ്രദ്ധ നേടാൻ പലരും ഒച്ചവെക്കുന്നുണ്ട്. അവളിങ്ങനെ പുഞ്ചിരിച്ചുകൊണ്ട് സാവധാനം നടക്കുന്നു. ആരാണെന്നറിയില്ല, എന്തായാലും വല്യ പുള്ളിയാണ്. ആരോടേലും ചോദിക്കാമെന്നു വെച്ചാൽ സകല മനുഷ്യരും ഈ പെങ്കൊച്ചിന്റെ പുറകെ ആണ്! ഒടുവിൽ പെൺകുട്ടി കാറിൽ കയറി എല്ലാവരെയും കൈ വീശികാണിച്ച് അവിടുന്നിറങ്ങി. അവളെ കണ്ട നിർവൃതിയിൽ കണ്ണുകൾ ഈറനണിഞ്ഞു നിന്ന ഒരു പെൺകുട്ടിയോട് ഞാൻ ചോദിച്ചു ''ആ പോയത് ആരാണ്?'' 'ലിങ് ലിങ് ', 'അതാരാ ' 'വളരെ പ്രശസ്തയായ നടിയാണ് 'ലിങ് ലിങിനെ അറിയാത്ത ബ്ലഡി ഫൂൾ എന്ന അർത്ഥത്തിൽ അവൾ അല്പം നീരസത്തിൽ എന്നെ ഒന്നു നോക്കി. ഞാൻ ഒന്നും മിണ്ടാതെ ലിങ് ലിങിനെ ഇൻസ്റ്റഗ്രാമിൽ തപ്പി. ആശാത്തി തായ് സിനിമകളിലും സീരിയലുകളിലുമൊക്കെ ധാരാളം അഭിനയിച്ചിട്ടുണ്ട്. ആളുടെ പേരിൽ ഉള്ള ക്രിസ്മസ് സ്‌പെഷ്യൽ എഡിഷൻ സൺസ്‌ക്രീനിന്റെ ലോഞ്ചിനായി വന്നതാണ്.

വെയിൽ മെല്ലെ താണുതുടങ്ങി. ഇനി ഏഷ്യട്ടിക്കിൽ പോകണം. ചാവോ ഫ്രായ നദിക്കരയിലുള്ള ഒരു മാർക്കറ്റ് ആണ് ഏഷ്യട്ടിക്. നഗരം മുഴുവൻ കാണാൻ സാധിക്കുന്ന ജയന്റ് വീലും മറ്റു ഭക്ഷണശാലകളും അടങ്ങുന്ന മാർക്കറ്റ്. അവിടുത്തെ ജയന്റ് വീലിൽ കയറണമെന്നത് വലിയൊരു ആഗ്രഹം ആണ് എനിക്ക്. നേരെ കൗണ്ടറിൽ ചെന്നു. അല്പം സ്‌ത്രൈണത കലർന്ന ശബ്ദത്തിൽ അവിടെ ഇരിക്കുന്ന പയ്യൻ പറഞ്ഞു
''600 ബാത്ത്'' ''ഈശ്വരാ! ഏകദേശം ആയിരത്തിഎഴുന്നൂറ് രൂപ പോകുന്ന കേസ് ആണ്. പോണോ?'' ഞാൻ എന്നോട് തന്നെ ചോദിച്ചു.
''പോയില്ലെങ്കിൽ പിന്നെ അതു തന്നെ ഓർത്തോണ്ടിരിക്കും. പോകൂ'' ഉത്തരം ഉടനെ തന്നെ കിട്ടി. വളരെയധികം വ്യസനത്തോടെ 600 ബാത്ത് എണ്ണികൊടുത്തിട്ട് ഞാൻ അതിനകത്തു കയറിയിരുന്നു.

ഏ സി വെച്ച അറകളാണ് ഓരോന്നും. താനേ അടക്കുകയും തുറക്കുകയും ചെയ്യും. ബുദ്ധിമുട്ട് തോന്നിയാൽ അപ്പോൾ തന്നെ നിർത്താൻ പാകത്തിന് എമർജൻസി ബട്ടണും അകത്തുണ്ട്. ജയന്റ് വീൽ മെല്ലെ തിരിഞ്ഞു. തായ്ലന്റിലെ അമ്പരചുംബികളെല്ലാം തന്നെ കാണാൻ സാധിക്കും ഇതിങ്ങനെ മെല്ലെ കറങ്ങുമ്പോൾ. തൊട്ടു മുന്നിൽ ചാവോ ഫ്രായ നദി. നദിയുടെ ഇരുവശങ്ങളിലുമായി പല വലിപ്പത്തിൽ നിരന്ന് നിൽക്കുന്ന കെട്ടിടങ്ങൾ! കെട്ടിടങ്ങളിൽ നിന്നുള്ള വെളിച്ചം നദിയിൽ ഇങ്ങനെ പ്രതിഫലിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്! അങ്ങിങ്ങായി ഒഴുകുന്ന ആഡംബര ബോട്ടുകളും സർക്കാർ വക ഫ്രീ സർവീസ് ബോട്ടുകളും. ഇതെല്ലാം ഇങ്ങനെ പത്തു മിനിറ്റിൽ കറങ്ങിക്കണ്ട ശേഷം താഴെയിറങ്ങി മാർക്കറ്റ് ചുറ്റിനടന്നു കണ്ടു.

അല്പം മുൻപിൽ ഒരു ഫോട്ടോബൂത്ത് കണ്ടു. അകത്തു കയറുക നമ്മുടെ ഇഷ്ടത്തിന് ബട്ടണിൽ ഞെക്കി ഫോട്ടോ എടുക്കുക, ഫോട്ടോകളുടെ പോളറോയ്ഡ് കൈയിൽ കിട്ടും. സമയം ഉള്ളതുകൊണ്ടും ഫോട്ടോബൂത്തിൽ ഇതുവരെ കയറാത്തതുകൊണ്ടും ആ ഉദ്യമത്തിൽ ഞാൻ ഏർപ്പെട്ടു. ആറ് ഫോട്ടോകൾ ഒരു പോളറോയിഡിൽ ആക്കി കൈയിൽ വാങ്ങി. നല്ല രസമുള്ള പരിപാടി ആയിരുന്നു! ശേഷം വെച്ചു താമസിപ്പിക്കാതെ ചാവോ ഫ്രായ നദിക്കരയിലെത്തി. ഏകദേശം സമയമായി വരുന്നു. ആകാംക്ഷയോടെ ആകാശത്തേക്ക് നോക്കി നിൽക്കുന്ന നൂറുകണക്കിന് മനുഷ്യരിൽ ഞാനും ഒരാളായി.

മാനത്തു ബഹുവിധവർണങ്ങളിൽ സുന്ദരചിത്രങ്ങൾ വിരിഞ്ഞു. ബഹളങ്ങളൊന്നുമില്ലാതെ അച്ചടക്കത്തോടെ മനുഷ്യർ അതു കണ്ടുകൊണ്ടുനിൽക്കുന്നു! ആരും ആരെയും ഇടിച്ചുകേറുന്നില്ല, മദ്യപിച്ചു ബഹളമുണ്ടാക്കുന്നില്ല. കണ്ണിമപൂട്ടാതെ ഞാൻ എല്ലാം കണ്ടു. ഒരു മനുഷ്യായുസ്സിലേക്കുള്ള ഓർമകളുടെ കൂട്ടത്തിൽ ഇതും ചേർത്തു. ജീവിതം എത്ര അപ്രതീക്ഷിതമാണല്ലേ? രണ്ടു ദിവസം മുൻപ് കിട്ടിയൊരു വിലകുറഞ്ഞ ടിക്കറ്റിന്റെ പുറത്ത് പ്രത്യേകിച്ച് യാതൊരു തയാറെടുപ്പുമില്ലാതെ വന്ന എന്നെ ഈ നഗരം വരവേറ്റത് എത്ര ഗംഭീരമായിട്ടാണ്!

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi