പച്ചപുതച്ച വയലേലകള്‍, അതിന് മുകളില്‍ കരിമ്പനക്കൂട്ടങ്ങള്‍ കാറ്റ്‌കൊണ്ട് താളം പിടിക്കും, പഞ്ചാരിമേളത്തിന് പല്ലാവൂരിലെ മേളപ്രമാണികള്‍ കൊട്ടിക്കയറുന്നതുപോലൊരു താളം ഈ ദേശത്തിന്റെ സിരകളിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടും. പാലക്കാടന്‍ സൗന്ദര്യത്തിന്റെ തുറന്നിട്ട ജാലകമാണ് പല്ലാവൂര്‍, എവിടേ നോക്കിയാലും പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഗ്രാമക്കാഴ്ചകള്‍. ആ കാഴ്ചകള്‍ക്കിടയിലൂടെ കരിമ്പനക്കൂട്ടങ്ങളും കടന്ന് വയലേലകളെ മുറിച്ചുമാറ്റി കടന്നുപോകുന്ന ഒറ്റവരി പാത. ആ പാതയിലൂടെ സഞ്ചരിച്ചാല്‍ വാമലയുടെ താഴ്‌വാരത്തിലെത്താം. ഹൃദയം, കുഞ്ഞിരാമായണം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങി ജനപ്രിയ സിനിമകളിലെ പ്രധാനരംഗങ്ങള്‍ ചിത്രീകരിച്ച വാമല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും മുന്നിലെ പാലമരവും ഇതിനോടകം സോഷ്യന്‍ മീഡിയ ഫീഡുകളില്‍ ട്രെന്‍ഡ് സെറ്ററാണ്.

ചാറ്റല്‍ മഴ പെയ്യുന്ന പകലിലാണ് നാട്ടിടവഴികളിലൂടെ ഞങ്ങള്‍ വാമലയുടെ താഴ്‌വാരത്തിലെത്തിയത്.  ഒരുഭാഗത്ത് നിറയെ വയലുകള്‍, മറുഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കരിവീരനെ പോലെ വാമല. താഴെ നിന്ന് നോക്കിയാല്‍ ക്ഷേത്രം കാണില്ല. താഴ്‌വാരത്ത് റോഡരികില്‍ തൊട്ടടുത്ത് ഒരുപെട്ടികടയുണ്ട്. മലയുടെ ഏത് ഭാഗത്ത് കൂടെയും മുകളിലോട്ട് കയറാമെന്ന് കടക്കാരന്‍ പറഞ്ഞു. മഴയുള്ളതിനാല്‍ വഴുക്കലിന്റെ പ്രശ്‌നമുണ്ടാകുമെന്നും ശ്രദ്ധയോടെ നീങ്ങണമെന്ന മുന്നറിയിപ്പും. മഴപെയ്തതിനാലാകാം മലയുടെ പലഭാഗത്തും നിന്നും ചെറുചാട്ടങ്ങളായി വെള്ളം താഴേക്ക് കുതിക്കുന്നുണ്ട്. പാറയില്‍ കുറച്ച് ദൂരം പടികള്‍ കൊത്തിയുണ്ടാക്കിയിട്ടുണ്ട്. മുകളിലോട്ടുള്ള കയറ്റത്തിന് ഇത് സഹായമാകും.

കരുവോട്ടുവാമല ബാലദണ്ഡായുധപാണിക്ഷേത്രം എന്നതാണ് വാമല ക്ഷേത്രത്തിന്റെ യഥാര്‍ഥ പേര്. കരുവോട്ടുവാമല എന്നത് ചുരുങ്ങി ചുരുങ്ങി വാമല എന്നായതാണ്. റോഡരികില്‍ ക്ഷേത്രത്തിലെ ദര്‍ശനസമയം പ്രദര്‍ശിപ്പിച്ച ബോര്‍ഡ് കാണാം. രാവിലെ അഞ്ചരമണിതൊട്ട്  ഏഴ്് മണിവരെയും  വൈകുന്നേരം അഞ്ച് മണിമുതല്‍ ഏഴ് മണിവരെയുമാണ് ദര്‍ശന സമയം. പതിയെ മുകളിലേക്ക് കയറ്റം തുടങ്ങി, പതിയെ അമ്പലം ദൃശ്യമായി. പൂത്തുനില്‍ക്കുന്ന പാലമരവും അതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ക്ഷേത്രവും മുകളില്‍ കുടപിടിച്ചത് പോലെ വിരിഞ്ഞുനില്‍ക്കുന്ന ആകാശവും. ആദ്യകാഴ്ചയില്‍ തന്നെ ഹൃദയം കവരുന്ന നല്ല ഉഗ്രന്‍ ഫെയ്രിം. മഞ്ഞയും വെള്ളയും തവിട്ടും നിറഞ്ഞ ക്ഷേത്ര ചുമരുകള്‍ തമിഴ്‌നാട് ക്ഷേത്രങ്ങളെ ഓര്‍മിപ്പിക്കും. 

മരച്ചുവട്ടിലെ നന്നങ്ങാടികള്‍

placeholder
വാമല 

മലകയറി ആദ്യമെത്തുക പാലമരചുവട്ടിലാണ്. കുന്നിന്‍പുറത്ത് ഒറ്റയാനെ പോലെ ക്ഷേത്രത്തിന് കാവല്‍നില്‍ക്കുകയാണ് മരം. പാലമരത്തിന് അടുത്ത് രണ്ട് നന്നങ്ങാടികള്‍ കാണാം. ശിലായുഗ കാലഘട്ടത്തിലെ ശവക്കല്ലറകളായിരുന്നു ഈ നന്നങ്ങാടികള്‍. വയസ്സായവരെ വീട്ടുകാര്‍ക്ക് നോക്കാന്‍ പറ്റാത്തെ വരുമ്പോള്‍ ഈ കുന്നിന്‍മുകളിലെ നന്നങ്ങാടികളില്‍ കൊണ്ട് കിടത്തുകയായിരുന്നത്രേ പതിവെന്ന് പ്രദേശത്തെ ചിലര്‍ പറയുന്നു. പ്രാദേശികമായുള്ള ആ വാദത്തിന് കൃത്യമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

വാമലയില്‍ 19 നന്നങ്ങാടികള്‍ കണ്ടെത്തിയിട്ടുണ്ട്. സുബ്രഹ്മണ്യനെ ബാലകരൂപത്തിലാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. കാര്‍ത്തിക, തുലാമാസ വാവുത്സവം, തൈപ്പൂയ മഹോത്സവം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവദിവസങ്ങള്‍. ഈ ദിവസങ്ങളിലാണ് വിശ്വാസികളുടെ ഇങ്ങോട്ടുള്ള ഒഴുക്ക് കൂടുക. ഉത്സവത്തിന് കുന്ന് കയറി അമ്പലം വരെ ആന എത്തും.  250 വര്‍ഷം മുമ്പാണ് ഇവിടത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്നത്.

മുരുകനൊപ്പം അയ്യപ്പന്‍, ഗണപതി, ദേവി, ഇടുമ്പന്‍ എന്നീ പ്രതിഷ്ഠകളുണ്ട്. മുരുകന്റെ കാവല്‍ക്കാരനായ ഇടുമ്പനെ ക്ഷേത്രത്തിന് തൊട്ടുമുന്നിലായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടത്തെ ഉദയാസ്തമയ കാഴ്ചകള്‍ ഏറ്റവും സുന്ദരമായ അനുഭവമാണ്. താഴ്‌വാരത്തില്‍ നിന്ന് മലകയറി ക്ഷേത്രത്തിലേക്കുള്ള യാത്ര ചെറിയൊരു ട്രക്കിങ് കൂടിയായി മാറും. 

വൈറല്‍ ലൊക്കേഷന്‍.... 

ക്ഷേത്രത്തിന് തൊട്ടടുത്തായി ഹനുമാന്റെ കാല്‍പാദവും വാമലയില്‍ ദര്‍ശിക്കാം. മൃതസഞ്ജീവിനിയുമായുള്ള യാത്ര മധ്യേഹനുമാന്റെ പാദം ഈ മലയില്‍ പതിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് ചുറ്റും പിങ്ക് നിറത്തിലുള്ള കാശിത്തുമ്പകള്‍ പരവതാനി പോലെ നിറഞ്ഞിരിക്കുന്നു. ഓണത്തിന്റെ വരവറിയിച്ചുള്ള നില്‍പാവാം. ക്ഷേത്രത്തിന് പിറക് ഭാഗത്തേക്ക് നടന്നാല്‍ അല്‍പം മാറി ഒരു കുളം കാണാം.  ഈ പാറക്കുളത്തില്‍ നിന്നാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ വെള്ളം ഒരുകാലം വരെ എടുത്തിരുന്നത്. എന്നാല്‍ ജീര്‍ണോമുഖമായതിനാല്‍ ഇപ്പോള്‍ ഇവിടെ നിന്നുള്ള വെള്ളം ക്ഷേത്രാവശ്യങ്ങള്‍ക്ക് എടുക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.  

പിറക് വശത്ത് നിന്നുള്ള താഴ് വാര കാഴ്ചകള്‍ വര്‍ണാതീതമാണ്. അല്‍പം ദൂരെയായ ആകാശചെരുവില്‍ നെല്ലിയാമ്പതി മലനിരകള്‍ നിരന്ന് കിടന്ന് മേഘങ്ങളെ ചുംബിക്കുന്നുണ്ട്.  വയലും നെല്ലിയാമ്പതി മലനിരകളും ഗ്രാമീണക്കാഴ്ചകളുമെല്ലാം ഇഴചേരുമ്പോള്‍ കണ്ണും മനസ്സും കുളിര്‍പ്പിക്കുന്ന കാഴ്ചയുടെ ഒരുത്സവം തന്നെ വിടരും. ജീവിതത്തിന്റെ അതിവേഗതകളില്‍ നിന്ന് ഒളിച്ചോടി സമാധാനത്തോടെ ശാന്തതയോടെ കുറച്ച് നിമിഷങ്ങള്‍ പ്രകൃതിയുടെ മടിത്തട്ടില്‍ ചെലവിടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ധൈര്യമായി നിങ്ങള്‍ക്ക് ഇവിടേക്ക് വരാം. 
 സിനിമക്കാരുടെ ഇഷ്ടലൊക്കേഷനായി വാമല ഇതിനകം പ്രസിദ്ധി നേടി കഴിഞ്ഞു. ദീപസ്തംഭം മഹാശ്ചര്യം, കുഞ്ഞിരാമായണം എന്നീ സിനിമകളിലെ സുപ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച വാമല വീണ്ടും പ്രസിദ്ധീയാര്‍ജിച്ചത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന്റെ വിജയത്തോടെയാണ്. ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്ന അരുണ്‍ എന്ന നായകകഥാപാത്രവും ദര്‍ശനവും തമ്മിലുള്ള സുപ്രധാനരംഗം ചിത്രീകരിച്ചത് വാമലയുടെ പശ്ചാത്തലത്തിലാണ്. ഹൃദയം വിജയിച്ചതോടെ ഒരുപാട് വ്‌ളോഗര്‍മാരും സഞ്ചാരികളും ഇവിടെയെത്തി ഫോട്ടോകളും വീഡിയോകളും പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വാമല വീണ്ടും വൈറലായി. ഇപ്പോള്‍ വിവാഹ ഫോട്ടോ, വീഡിയോ ഷൂട്ടുകള്‍ക്കായി ദിവസേന നിരവധി പേരാണ് ഇവിടെയെത്തുന്നത്.