പാടവും പറമ്പും നടന്നലഞ്ഞ് പൂക്കള്‍ പറിച്ച് മുറ്റത്ത് കളമൊരുക്കുന്നതായിരുന്നു മലയാളിയുടെ ഓണം ഓര്‍മ. പക്ഷേ കാലം മാറി. പൂ തേടി നടക്കാന്‍ കുട്ടികള്‍ക്ക് പോലും സമയമില്ല. അന്യനാടുകളിലേക്ക് ചേക്കേറിയ മലയാളികള്‍ക്ക് പൂവ് കിട്ടാറുമില്ല. ഒത്തിരി നേരമെടുത്ത് പൂക്കളമൊരുക്കാന്‍ ഇന്നത്തെ ഇന്‍സ്റ്റന്റ് കാലത്ത് എല്ലാവര്‍ക്കും മടിയാണ്. അങ്ങനെയുള്ള പലവിധ പ്രശ്‌നങ്ങള്‍ക്ക് ഒറ്റ പരിഹാരവുമായി ഓണക്കാലവിപണി കീഴടക്കുകയാണ് ബെസ്റ്റി തോമസ്. പൂക്കളം പോലെ മുറ്റത്ത് വിരിക്കാവുന്ന കാര്‍പെറ്റാണ് ബെസ്റ്റി വിപണിയിലെത്തിക്കുന്നത്. പൂവ് തേടിയലയണ്ട, ഉയരുന്ന പൂവിലയോര്‍ത്ത് വിഷമിക്കേണ്ട, പൂവ് കിട്ടാത്തതിലും സങ്കടപ്പെടണ്ട, പൂക്കളമിടാന്‍ സമയവും ചിലവഴിക്കേണ്ട. ബെസ്റ്റിയുടെ കാര്‍പെറ്റ് വാങ്ങി മുറ്റത്ത് വിരിക്കുകയെ വേണ്ടൂ.
ഫ്‌ളോറല്‍ കാര്‍പെറ്റ് ആശയം വന്ന വഴി?
എന്റെ സഹോദരന്‍ ഫോട്ടോഗ്രാഫറാണ്. ഷൂട്ടിന് സഹായിയായി ഞാന്‍ പോകാറുണ്ട്. ഓണത്തിനോടനുബന്ധിച്ച് ഒരു ഷൂട്ടിന് ചെന്നപ്പോള്‍ പൂക്കളം ഒരുക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു. നിശ്ചിത സമയം കൊണ്ട് ഷൂട്ടിങ് തീരണമല്ലോ. അതിനിടയില്‍ പൂക്കളമിട്ടത് ഏറെ കഷ്ടപ്പെട്ടിട്ടാണ്. സ്ഥിരമായി തയ്യാറാക്കി വെയ്ക്കാവുന്ന പൂക്കളമുണ്ടെങ്കില്‍ വേണ്ടിവരുമ്പോള്‍ ഉപയോഗിക്കാമല്ലോ എന്ന് തോന്നി. സഹോദരന് വേണ്ടിയാണ് ആദ്യമായി ഫ്‌ളോറല്‍ കാര്‍പെറ്റ് തയ്യാറാക്കിയത്. കണ്ടവര്‍ പറഞ്ഞ പ്രോത്സാഹനമാണ് അതിനെ ഒരു വിപണി ഉത്പന്നമാക്കാന്‍ പ്രചോദനമായത്.
നിര്‍മാണം എങ്ങനെയാണ്? നിരക്ക്?
തുണിയും കടലാസുമുപയോഗിച്ചാണ് ഫ്‌ളോറല്‍ കാര്‍പെറ്റ് തയ്യാറാക്കുന്നത്. ഇറക്കുമതി ചെയ്ത പ്രത്യേകതരം കടലാസാണിത്. സാധാരണ പൂക്കള്‍ അരിഞ്ഞ് കളമൊരുക്കുന്നതുപോലെ കടലാസ് ചെറു കഷണങ്ങളാക്കി ഇതള്‍ പോലെയാക്കിയാണ് കാര്‍പെറ്റ് ഒരുക്കുന്നത്. ധാരാളം സമയമെടുത്താണ് കാര്‍പെറ്റ് ഒരുക്കുന്നത്. ക്ഷമ വേണ്ടുന്ന പ്രവര്‍ത്തിയാണ്. ഏറ്റവും ചെറിയ സൈസ് ഒരടി വീതിയാണ്. പക്ഷേ അധികം പേരും ഓര്‍ഡര്‍ ചെയ്യുന്നത് രണ്ടടി വീതിയുള്ള കാര്‍പെറ്റാണ്. അധ്വാനവും സമയവും വേണ്ടതായതിനാല്‍ അതിനൊത്ത നിരക്ക് ഈടാക്കുന്നുണ്ട്. രണ്ടായിരം മുതലാണ് വില.
വിപണിയിലെ സ്വീകാര്യത?
ഒരുപാട് ഓര്‍ഡറുകള്‍ വന്നു. അതില്‍ പകുതിപേര്‍ക്ക് മാത്രമേ ഡെലിവര്‍ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. വിദേശത്തുനിന്നാണ് കൂടുതല്‍ കസ്റ്റമേഴ്സ്. കേരളത്തിലെ മാര്‍ക്കറ്റല്ല ഞങ്ങളുടെ മുഖ്യ ഫോക്കസ്. ഇവിടെ ഫോട്ടോഗ്രാഫി പോലെ പ്രത്യേക ആവശ്യക്കാരാണ് തേടിയെത്താറുള്ളത്. ഏറ്റവും എളുപ്പം പൂക്കളമൊരുക്കാന്‍ ആളുകള്‍ ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് കിട്ടിയ ഓര്‍ഡറുകള്‍. പൂവിന് പൊള്ളുന്ന വിലയാണ് പുറത്ത്. അങ്ങനെയുള്ളവര്‍ക്കും പൂവ് കിട്ടാന്‍ സാധ്യതയില്ലാത്തവര്‍ക്കും ഫ്‌ളോറല്‍ കാര്‍പെറ്റ് വലിയ ആശ്വാസമാണുണ്ടാക്കിയത്.
താങ്കളുടെ ക്രാഫ്റ്റ് സംരംഭങ്ങള്‍ എന്തൊക്കെയാണ്?
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ക്രാഫ്റ്റ് മേഖലയിലുണ്ട്. അതിനുമുന്‍പ് എന്റെ തൊഴില്‍മേഖല വേറെയായിരുന്നു. കടലാസുപൂക്കളും തുണികൊണ്ടുള്ള വസ്തുക്കളും ഉണ്ടാക്കുന്നത് ഇഷ്ട വിനോദമായിരുന്നു. ആ വിനോദത്തെ തന്നെ കരിയാറാക്കിയാലോ എന്ന ചിന്ത പിന്നീടുണ്ടായി. ബ്രൈഡല്‍ ബൊക്കെ ചെയ്തുകൊണ്ടാണ് ഞാന്‍ കരിയര്‍ തുടങ്ങുന്നത്. ആദ്യ കുര്‍ബാന സ്വീകരണം, മാമോദീസ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ഡെക്കറേറ്റഡ് കാന്‍ഡിലുകള്‍, കുട്ടികള്‍ക്കുള്ള ടിയാര,വിവാഹച്ചടങ്ങുകള്‍ക്കുള്ള അലങ്കാരങ്ങള്‍,പൂക്കൂടകള്‍.. അതൊക്കെ ചെയ്യാറുണ്ട കസ്റ്റമൈസ് ചെയ്ത ഹാംബറുകള്‍, സീസണല്‍ ഹാംബറുകള്‍ എന്നിവയും ഒരുക്കും. ക്ഷണിക്കപ്പെട്ടെത്തുന്ന അതിഥികള്‍ക്കുള്ള റിട്ടേണ്‍ ഗിഫ്റ്റുകളും തയ്യാറാക്കി നല്‍കാറുണ്ട്. ഹോം ഡെക്കോറുമായി ബന്ധമുള്ള എല്ലാം ശ്രമിക്കാറുണ്ട്.
സാമൂഹ്യമാധ്യമങ്ങള്‍ കരിയറില്‍ എത്രത്തോളം സഹായിക്കുന്നുണ്ട്?
പൂര്‍ണമായും ഓണ്‍ലൈന്‍ വ്യാപാരമാണ്. സാമൂഹ്യമാധ്യമങ്ങളാണ് എന്റെ മാര്‍ക്കറ്റിങ് സഹായി. ഇന്‍സ്റ്റഗ്രാം വഴിയാണ് മുഖ്യമായും വില്പന നടക്കുന്നത്. ഫെയ്സ്ബുക്കിലും അക്കൗണ്ടുണ്ട്.
കുടുംബം?
ചങ്ങനാശ്ശേരിയാണ് സ്വദേശം. ഭര്‍ത്താവ് ടിജോ സെബാസ്റ്റ്യന്‍ ചങ്ങനാശ്ശേരി കുറുമ്പനാടം സ്‌കൂളിലെ സംഗീതാധ്യാപകനാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshm
Content Highlights: Save time & effort this Onam with ready-made floral carpets. Perfect for busy individuals and those living abroad.
Published: 04 Sept 2025, 02:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented