ഒരേ സമയത്ത് പുറത്തിറങ്ങിയ രണ്ട് ഹൊറർ കഥകൾ. രണ്ടിലും പ്രേക്ഷകരെ ഭയപ്പെടുത്തുന്ന കേന്ദ്ര കഥാപാത്രമായി ഒരേ മുഖം, കെ.പി.എ.സി. ലീല. ‘ഗ്രാനി’ എന്ന ഷോർട്ട് ഫിലിമും ഒടിടി പ്ലാറ്റ്ഫോമായ സീ5ൽ റിലീസായ ‘മുത്തശ്ശി’ എന്ന വെബ് സീരീസും ഒരുപോലെ ശ്രദ്ധ നേടുമ്പോൾ, ആ കഥാപാത്രങ്ങൾക്ക് പിന്നിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അവർ. മേക്കപ്പിന്റെ കഠിനമായ ബുദ്ധിമുട്ടുകളും ചിത്രീകരണത്തിലെ വെല്ലുവിളികളും നിറഞ്ഞതായിരുന്നു ആ യാത്ര. എന്നാൽ അതിനെല്ലാം ഒടുവിൽ ലഭിച്ചത് പ്രേക്ഷകരുടെ നിറഞ്ഞ കൈയടിയായിരുന്നു. അഭിനയജീവിതത്തിലെ വേറിട്ട അനുഭവമായി മാറിയ ആ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കെ.പി.എ.സി ലീല

 

placeholder
Image:Instagram

ഗ്രാനി V/s മുത്തശ്ശി
“ഗ്രാനിയാണ് ആദ്യം ചെയ്തത്. ഷൂട്ട് കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളായി. ആദ്യം അത് സിനിമയാക്കാനാണ് സംവിധായകൻ അനന്തരാമൻ ആലോചിച്ചത്. അതുകൊണ്ട് റിലീസ് കുറച്ചുകാലം നീട്ടിവെച്ചു. പിന്നീട് ആ പദ്ധതി നടക്കാതെ വന്നതോടെ ഷോർട്ട് ഫിലിമായി പുറത്തിറക്കാൻ തീരുമാനിച്ചു. മുത്തശ്ശിയാകട്ടെ കുറച്ചുമുമ്പാണ് പൂർത്തിയായത്. അങ്ങനെ യാതൊരു പ്ലാനുമില്ലാതെ രണ്ടിന്റെയും റിലീസ് ഒരേ സമയത്തായി. രണ്ട് കഥകളും ഒരുപാടിഷ്ടമായിരുന്നു. പിന്നെ അതിൽ പ്രത്യേകിച്ചൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. ഒരു കഥാപാത്രം കിട്ടുമ്പോൾ കഴിയുന്നത്ര നന്നായി ചെയ്യുക എന്നതേയുള്ളൂ, ആ ശ്രമം തുടരുന്നു... 

അതികഠിനം രൂപമാറ്റം
കൂടുതൽ തയ്യാറെടുപ്പ് വേണ്ടിവന്നത് മുത്തശ്ശിക്കായിരുന്നു. ഗ്രാനിയിൽ എന്റെ സ്വാഭാവിക ലുക്കും ഭാവങ്ങളും മതിയായിരുന്നു. ഒരേ നൈറ്റിതന്നെയാണ് അതിലുപയോഗിച്ചിരുന്നത്. ഗ്രാനി അങ്ങനെയൊരു കഥാപാത്രമായിരുന്നു. ഏറെ നിഗൂഢതകൾ നിറഞ്ഞൊരു സ്ത്രീ. പക്ഷേ മുത്തശ്ശിയിൽ മൂന്ന് തരത്തിലുള്ള വിഗ്, കൈകാലുകളിൽ വലിയ കൂർത്ത നഖങ്ങൾ, വേറിട്ട പല്ല്... അങ്ങനെ പൂർണമായൊരു രൂപമാറ്റം തന്നെ ആവശ്യമായിരുന്നു. ആ നഖങ്ങൾ വെച്ചുകഴിഞ്ഞാൽ നടക്കുന്നതും ഭക്ഷണം കഴിക്കുന്നതും വാഷ്റൂമിൽ പോകുന്നതുമെല്ലാം വലിയ ബുദ്ധിമുട്ടായിരുന്നു. മൂത്രമൊഴിക്കാനാവില്ല. രാവിലെ മേക്കപ്പിട്ട് നഖം വെച്ചുപിടിപ്പിക്കുന്നതിനുമുമ്പ് വാഷ്റൂമിൽ പോയിവരും. പിന്നെ രാത്രി മേക്കപ്പ് അഴിക്കുന്നതുവരെ വെള്ളം പോലും കുടിക്കാതെ കഴിയേണ്ടി വന്ന ദിവസങ്ങളുണ്ട്. അതായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞ നിമിഷങ്ങൾ. കഥാപാത്രത്തിന്റെ ഭീകരത കൊണ്ടുവരാനുള്ള ഹെവി മേക്കപ്പായതുകൊണ്ട് പൊട്ടിച്ചിരിക്കാനോ ഉറക്കെ സംസാരിക്കാനോ പോലും കഴിയില്ല. ചിരിച്ചാൽ മേക്കപ്പ് പൊട്ടിപ്പോകും. മേക്കപ്പ് ചെയ്യാനും അഴിക്കാനും രണ്ടും മൂന്നും മണിക്കൂർ എടുക്കുമായിരുന്നു. ആദ്യ ദിവസങ്ങളിൽ കൃത്രിമ നഖങ്ങൾ അഴിക്കുമ്പോൾ മാംസം അടർന്നുപോരുന്ന, വേദനിക്കുന്ന അവസ്ഥയുണ്ടായിരുന്നു. പിന്നീട് മേക്കപ്പിന്റെ ആളുകൾ മറ്റെന്തോ വാങ്ങി പരീക്ഷിച്ചപ്പോൾ വേഗം അഴിഞ്ഞുപോരാൻ തുടങ്ങി.

placeholder
മുത്തശ്ശി എന്ന വെബ്സീരീസിൽനിന്ന്/Instagram

മുത്തശ്ശിയുടെ ഷൂട്ട് ഇടവിട്ടായിരുന്നു. പത്തോ പന്ത്രണ്ടോ ദിവസം കൊണ്ട് പൂർത്തിയാക്കി. ചെറിയ ബജറ്റിൽ ചെയ്ത പ്രോജക്ടായതുകൊണ്ട് കഥാപാത്രത്തിനുവേണ്ടി ആഴത്തിലുള്ള തയ്യാറെടുപ്പുകളൊന്നും നടത്താൻ സമയം ലഭിച്ചിരുന്നില്ല. റിഹേഴ്‌സൽ നടത്താനും കഴിഞ്ഞില്ല. ടേക്ക് എന്ന് പറയുമ്പോൾ നേരെ ചെന്ന് അഭിനയിക്കുകയായിരുന്നു. വെബ് സീരീസ് കണ്ടപ്പോൾ ചില രംഗങ്ങളൊക്കെ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് തോന്നി. അത് എനിക്ക് മാത്രമല്ല, എല്ലാവർക്കും തോന്നിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

ഭയപ്പെടുത്തുന്ന ലൊക്കേഷൻ
മുത്തശ്ശിയുടെ പ്രധാന ലൊക്കേഷൻ പഴക്കമേറിയ, ആളൊഴിഞ്ഞ ഒരു വീടായിരുന്നു. എന്റെ കഥാപാത്രത്തിന്റെ രംഗങ്ങൾ മുഴുവൻ പൊടിപിടിച്ച ഒരു മുറിയിലായിരുന്നു ചിത്രീകരിച്ചത്. ലൊക്കേഷനിൽ പലരും വിചിത്രമായ ചില അനുഭവങ്ങൾ ഉണ്ടായെന്ന് പറഞ്ഞ് പേടിക്കാറുണ്ടായിരുന്നു. എന്റെ ഭാഗം ചിത്രീകരിച്ച് ഞാൻ മടങ്ങിയതിന് ശേഷം ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞുവീണ സംഭവങ്ങളും അവിടെ ഉണ്ടായതായി പിന്നീട് കേട്ടു.

അതിലെ ചില രംഗങ്ങൾ, പ്രത്യേകിച്ച് കീരിമാംസവും മദ്യവും ഉപയോഗിക്കുന്ന ഭാഗങ്ങൾ കണ്ടപ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നിയെന്ന് പലരും വിളിച്ചപ്പോൾ പറഞ്ഞു. എന്നാൽ അതിലും കുറച്ചുകൂടി ഭയപ്പെടുത്തുന്ന, ശക്തമായ രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. ദൈർഘ്യം കൂടുതലായതുകൊണ്ട് പിന്നീട് അവയിൽ പലതും ഒഴിവാക്കിയതാണ്.

മുത്തശ്ശി സംവിധാനം ചെയ്തത് വെറും 29 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്, നന്ദുലാൽ. കഥയും സംവിധാനവും എല്ലാം അവൻ തന്നെയായിരുന്നു. വളരെ നല്ല ഭാവിയുള്ള കുട്ടിയാണ്. ചെറിയ ബജറ്റിന്റെ പരിമിതികൾക്കിടയിലും ഇന്നത്തെ ചെറുപ്പക്കാർ മികച്ച ആശയങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളുമുള്ള സിനിമ ചെയ്യുന്നതിൽ ഒരുപാട് സന്തോഷമുണ്ട്.

placeholder
ഗ്രാനി എന്ന ഷോർട്ട്ഫിലിമിലെ നടൻ ശിവരാജ്, സംവിധായകൻ അനന്തരാമൻ അജയ് എന്നിവർക്കൊപ്പം

ഡിജിറ്റൽ ക്രിയേറ്ററും നടനുമായ അനന്തരാമൻ അജയ് ആണ് ഗ്രാനിയുടെ സംവിധായകൻ. വളരെ ആത്മവിശ്വാസമുള്ള സംവിധായകനാണ് അദ്ദേഹം. നല്ല ക്യാമറാ സംവിധാനത്തോടെയായിരുന്നു ഷൂട്ട്. നാല് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. അതിൽ ഒപ്പമുണ്ടായിരുന്ന യുവ നടൻ ശിവരാജ് വളരെ നന്നായി അഭിനയിച്ചു. പുതുമുഖമാണ്, എന്നിരുന്നാലും മികച്ച പ്രകടനമാണ് അവൻ കാഴ്ചവെച്ചത്. അഭിനയമെന്നത് കൊടുക്കലും വാങ്ങലുമാണല്ലോ. കൂടെ അഭിനയിക്കുന്നവർ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ നമുക്കും കൂടുതൽ നന്നായി ചെയ്യാൻ സാധിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന മുത്തശ്ശിയെ പരിചരിക്കാനെത്തുന്ന ഹോം നഴ്‌സായ ആൺകുട്ടി, അതിനുശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് ഗ്രാനിയുടെ കഥ.

അഭിനന്ദനങ്ങൾക്ക് നന്ദി
‘പൂക്കാലം’ സിനിമ പുറത്തിറങ്ങിയപ്പോഴും പിന്നീട് ‘എക്കോ’യിലെ ഡബ്ബിങ്ങിനും ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ ഗ്രാനിയും മുത്തശ്ശിയും റിലീസായ ശേഷം ദിവസവും ആളുകൾ വിളിച്ച് അഭിനന്ദനം അറിയിക്കുന്നു. ഒരു കലാകാരിയെ സംബന്ധിച്ച് അതിലും വലിയ സന്തോഷമില്ല. എക്കോയിൽ ശബ്ദം മാത്രമായിരുന്നിട്ടും അത് എന്റേതാണെന്ന് ആളുകൾ തിരിച്ചറിഞ്ഞത് ഏറെ സന്തോഷം നൽകിയിരുന്നു.

ഈ കഥാപാത്രങ്ങളെക്കുറിച്ച് ആളുകൾ പറയുന്ന കാര്യങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് എന്റെ കണ്ണുകളെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ്. പ്രത്യേകിച്ച് ഗ്രാനിയിൽ രാത്രി റാഹേലിന്റെ കഥ പറഞ്ഞുകൊടുക്കുന്ന രംഗമുണ്ട്. അതിനെക്കുറിച്ച് പലരും പ്രത്യേകം എടുത്തുപറയുകയുണ്ടായി. ഒരു കഥാപാത്രത്തിലേക്ക് ആത്മാർത്ഥമായി ഇറങ്ങിച്ചെന്നാൽ അത് പ്രേക്ഷകർ തിരിച്ചറിയുമെന്നതിന് അതാണ് ഏറ്റവും വലിയ തെളിവ്.”

അമ്പതിലേറെ വർഷങ്ങളായി മലയാള നാടക-സിനിമാ രംഗത്ത് സജീവമാണ് കെ.പി.എ.സി. ലീല. അമ്മയായും അമ്മൂമ്മയായും മുത്തശ്ശിയായും ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ അഭിനേത്രി. കഥാപാത്രങ്ങളുടെ വലുപ്പമല്ല, അതിലെ വെല്ലുവിളികളാണ് എപ്പോഴും അവർക്ക് പ്രധാനം. അതുകൊണ്ടുതന്നെയാണ് ഗ്രാനിയിലെയും മുത്തശ്ശിയിലെയും വ്യത്യസ്തമായ ഹൊറർ കഥാപാത്രങ്ങൾ അവർ ഏറ്റെടുത്തത്. അഭിനയത്തോടുള്ള ആത്മാർഥതയും പുതിയ പരീക്ഷണങ്ങളെ സ്വീകരിക്കാനുള്ള ആവേശവും ഇന്നും അതേപടി കാത്തുസൂക്ഷിക്കുന്ന കെ.പി.എ.സി. ലീല, പ്രായം അഭിനയത്തിന് ഒരിക്കലും അതിരല്ലെന്ന് ഓരോ കഥാപാത്രത്തിലൂടെയും വീണ്ടും തെളിയിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi