ഓണക്കാലമായാൽ പൂമുഖത്തൊരു പൂക്കളം, അത് കാണുന്നതു തന്നെ മനസ്സിനൊരു സന്തോഷമാണ്. പക്ഷേ, ആഗ്രഹമുണ്ടായിട്ടും പൂക്കളമിടാൻ സമയമില്ലാത്തവർ എന്തുചെയ്യും? ക്രിസ്മസിന് റെഡിമെയ്ഡ് ട്രീകൾ വെക്കുന്നതുപോലെ ഓണത്തിന് റെഡിമെയ്ഡ് പൂക്കളം (floral carpets) കിട്ടുകയാണെങ്കിലോ? പൂക്കളങ്ങളുടെ അതേ ഭംഗിയിൽ, ഫ്ലോറൽ കാർപ്പറ്റുകൾ വിപണിയിലെത്തുന്നുണ്ടിപ്പോൾ. വീടുകളിലോ ഓഫീസുകളിലോ ഒക്കെ അത്തപ്പൂക്കളമൊരുക്കുന്നതിനു പകരം ഈ റെഡിമെയ്ഡ് കാർപ്പറ്റുകൾ വിരിച്ചിട്ടാൽ മതി. മനോഹരമായൊരു പൂക്കളത്തിന്റെ പ്രതീതിയുണ്ടാവുകയും ചെയ്യും.
കോഴിക്കോടു നിന്നുള്ള ആദിതും ആഷിതും നന്ദനയും ചേർന്ന് മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ റെഡിമെയ്ഡ് പൂക്കളങ്ങളുടെ സംരംഭം ശ്രദ്ധിക്കപ്പെടുകയാണ്. സഹോദരങ്ങളാണ് മൂവരും. ഫോട്ടോഗ്രാഫറായ ആദിത് കഴിഞ്ഞ ഓണക്കാലത്ത് ഫോട്ടോഷൂട്ടിനുവേണ്ടി കൈയിൽ കൊണ്ടുനടക്കാൻ ഒരു റെഡിമെയ്ഡ് പൂക്കളം തിരഞ്ഞിരുന്നു. പൂക്കളമിടാനെടുക്കുന്ന സമയവും അവ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടുമൊക്കെയായിരുന്നു കാരണം. പക്ഷേ ഒത്തുകിട്ടിയില്ല. അതുകൊണ്ട് ഇത്തവണ സ്വന്തമായി ഉണ്ടാക്കിയാലോ എന്നുതോന്നി.
സത്യം പറഞ്ഞാൽ ഒരു സംരംഭം പോലെ തുടങ്ങിയതല്ല ഇതെന്ന് പറയുകയാണ് നന്ദന. അധ്യാപികയാണവർ. ചേട്ടന്റെ ആവശ്യത്തിന് റെഡിമെയ്ഡ് പൂക്കളം ചെയ്തുനോക്കിയാലോയെന്ന് ഇടയ്ക്കെപ്പോഴോ സംസാരത്തിൽ കയറിവന്നതാണ്. ആശയം മൂവർക്കും ബോധിച്ചു. അങ്ങനെ മെറ്റീരിയൽസായ വൂളും പശയുമൊക്കെ വാങ്ങിക്കൊണ്ടുവന്നു. അതുവെച്ച് മൂന്നു പൂക്കളമുണ്ടാക്കി. കണ്ടപ്പോൾ കൊള്ളാം, രസമുണ്ട്. ചെയ്തുചെയ്ത് ഭംഗിയിൽ വന്നപ്പോഴാണ് ഇതിനൊരു മാർക്കറ്റ് വാല്യു ഉണ്ടല്ലോയെന്ന ആലോചന വരുന്നതും മാർക്കറ്റ് ചെയ്യുന്നതും.
ആദിത്തിനൊരു ബിസിനസ് ഇൻസ്റ്റഗ്രാം പേജുണ്ട്. അതിലൊന്ന് ഇട്ടുനോക്കാം, അഥവാ ആളുകൾ അന്വേഷിച്ചാലോ എന്നായി ചിന്ത. വീഡിയോയിട്ടപ്പോൾ നല്ല വ്യൂസ് കിട്ടി. ഒരുപാട് പേർ ചോദിച്ചുവന്നു. ആറുപേരിൽ നിന്ന് ഓർഡർ കിട്ടി. ജൂൺ ജൂലായ് മാസത്തിലായിരുന്നു ഇത്. വിദേശത്തുള്ള ആളുകൾക്കൊന്നും ഇവിടുത്തെപ്പോലെ പൂക്കൾ കിട്ടണമെന്നില്ല, അവിടുത്തെ ആഘോഷങ്ങൾക്കും മറ്റുമായി പൂക്കളം ആവശ്യമായി വന്നേക്കും. ഫോട്ടോഗ്രാഫർമാർ, ഷോപ്പുകൾ എന്നിവർക്കും വേണ്ടിവരുമല്ലോയെന്നും തങ്ങൾ കണക്കുകൂട്ടിയെന്ന് നന്ദന പറയുന്നു.
ആദ്യത്തെ ഓർഡർ എന്തായാലും സ്പെഷ്യലാണ്. അത് കാനഡയിൽ നിന്നായിരുന്നു. ഞങ്ങൾ ചെയ്തതുപോലത്തെ ചെറിയ കാർപറ്റ് ആയിരുന്നില്ല അവരുടെ ആവശ്യം. അഞ്ചടിയുള്ളതാണ് അവർ ഓർഡർ ചെയ്തത്. ഞങ്ങൾ മൂന്നാളുംകൂടി രാത്രിയിരുന്ന് അത് തീർത്തെടുത്തു. വലിയ എക്സൈറ്റ്മെന്റിലായിരുന്നു. ആദ്യ കസ്റ്റമർ തന്നെ നല്ല അഭിപ്രായം പറഞ്ഞപ്പോൾ ആത്മവിശ്വാസമായി. ഞങ്ങളുടെ കൈയിൽ നിന്ന് ഓർഡർ എടുത്തിട്ട് വിദേശത്ത് ബിസിനസ് നടത്തുന്നവരുമുണ്ട്. കുറച്ച് സുഹൃത്തുക്കൾ വിദേശത്തുണ്ട്. പൂ വാങ്ങി പൂക്കളമിടുന്നത് എപ്പോഴും അവർക്ക് പോസിബിളാവണമെന്നില്ല. അങ്ങനെ കാനഡയിലേക്കും യുകെയിലേക്കുമാണ് ഏറ്റവുമധികം ഓർഡർ കിട്ടിയത്. നാട്ടിലും അത്യാവശ്യം ഓർഡർ വരുന്നുണ്ട്.
അയൽക്കാരും സഹായത്തിന്
കുറച്ചധികം ഓർഡർ ഒന്നിച്ചു വരുമ്പോൾ കസിൻസും അയൽക്കാരുമെല്ലാം സഹായിക്കാനെത്തുമെന്നും നന്ദന പറയുന്നു. എല്ലാവരുംകൂടി നല്ല രസമായിട്ടാണ് ചെയ്യുക. മൂന്നുപേരിലാണ് തുടങ്ങിയതെങ്കിലും പിന്നത്തെ ഓർഡറുകളായപ്പോഴേക്കും കുറേപ്പേർ വരും. ഞങ്ങൾ മൂന്നുപേരും മറ്റു ജോലികളുള്ളവരാണ്. അതു കഴിഞ്ഞുവന്ന് രാത്രിയാണ് ഇതിന്റെ പണിയൊക്കെ ചെയ്യുക. ആഷിതിന് ഈവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ജോലിയാണ്. പൂക്കളസംരംഭത്തിലെ ചെലവിന്റെ കാര്യം പറയുമ്പോൾ അധികവും മെറ്റീരിയൽസിനു തന്നെയാണ്.
ഡിസൈൻ തീരുമാനിക്കുന്നത്
ഡിസൈൻ നല്ലതു കിട്ടുമ്പോൾ മൂവരും പരസ്പരം കൈമാറും. അതിന് കളറു കൊടുക്കാൻ ചാറ്റ്ജിപിടിയും ഉപയോഗിക്കാറുണ്ട്. എല്ലാവരുടെയും അഭിപ്രായം കേട്ടശേഷമാണ് ഒരു ഡിസൈൻ തീരുമാനിക്കുക. കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന ഡിസൈനിലും ചെയ്തുകൊടുക്കും. വലിപ്പത്തിന്റെ കാര്യവും അങ്ങനെതന്നെ. രണ്ടടി മുതൽ അഞ്ചടി വരെയുള്ളതാണ് ഇപ്പോൾ ചെയ്യുന്നത്. കമ്പനിയുടെയോ ഓഫീസിന്റെയോ ഒക്കെ ലോഗോ വെച്ച് പൂക്കളം കസ്റ്റമൈസ് ചെയ്യാറുമുണ്ട്. രണ്ടടി വലിപ്പമുള്ള പൂക്കളത്തിന് 1199 രൂപയാണ് വില. മൂന്നടിയും നാലടിയും അഞ്ചടിയും വരെയുള്ളതുണ്ട്. അഞ്ചടിക്ക് 4799 രൂപയാണ് വില. വിദേശത്തേക്കാണെങ്കിൽ കൊറിയർ ചാർജും കൂടെ ഈടാക്കും.
“ശരിയാണ്, ഓണപ്പൂക്കളം എന്നു പറയുന്നത് പരമ്പരാഗതരീതിയിൽ പൂക്കൾകൊണ്ട് ഉണ്ടാക്കേണ്ടതാണ്. പക്ഷേ, സമയമില്ലായ്മയും പൂക്കളുടെ വിലയുമൊക്കെ നോക്കുമ്പോൾ ഫ്ളോറൽ കാർപ്പറ്റുകൾ കാര്യങ്ങൾ എളുപ്പമാക്കുമെന്നു മാത്രം. വരുംവർഷങ്ങളിലും ഇതേ കാർപ്പറ്റുകൾ എടുത്തുവെച്ച് വീണ്ടു ഉപയോഗിക്കുകയും ചെയ്യാം.”-നന്ദന പറഞ്ഞുനിർത്തി.
(തയ്യാറാക്കിയത്: ഷിനില മാത്തോട്ടത്തിൽ)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Innovative ready-made floral carpets made of wool and glue for Onam., Started by three siblings from Kozhikode: Adith, Ashith, and Nandana., Available in sizes ranging from 2 feet to 5 feet with customizable logo options., Received major international orders from Canada and the UK., Reusable, cost-effective alternative to fresh flower pookkalam.
Published: 18 Aug 2026, 12:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented