To advertise here,

ഓണം മൂ‍ഡാണ് ഈ ഓണത്തിന് മലയാളക്കരയിളക്കിയ ട്രെൻഡിങ് സോങ്. യൂട്യൂബില്‍ രണ്ട് കോടിയോടടുപ്പിച്ച് കാഴ്ചക്കാരെ സമ്മാനിച്ച ഓണം മൂ‍ഡ് ഓണമെത്തുന്നതിനു മുമ്പ് തന്നെ സോഷ്യൽമീഡിയാ റീൽസുകളിൽ തരംഗം തീർത്തു. പതിവു ഓണപ്പാട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷും മലയാളവും ഒത്തുച്ചേർന്ന വരികളും പാട്ടും ഡാൻസും തീമും എല്ലാം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. സ്കൂൾ-കോളേജ് പരിപാടികളിലും കുടുംബസംഗമങ്ങളിലും എന്തിന് പ്രവാസികൾ പോലും തങ്ങളുടേതായ ശെെലിയിൽ ഓണം മൂഡിന് ചുവടുവെച്ചു. റീൽസുകളിലൂടെ സോഷ്യൽമീഡിയയിൽ ആവരം തീർത്ത ഓണം മൂഡ് പല പ്രമുഖ ബ്രാൻഡുകളുടെയും പരസ്യവാചകമായി. ഇന്ന് എന്തിനും ഏതിനും എവിടെ നോക്കിയാലും ഓണം മൂഡാണ്. 

മന്ദാകിനി’ എന്ന ചിത്രത്തിലെ ‘വട്ടേപ്പം വെന്തെങ്കിൽ താട്ടേ’ എന്ന പാട്ടൊരുക്കിയ യുവ സംഗീത സംവിധായകൻ ബിബിൻ അശോകാണ് ‘സാഹസം’ എന്ന ചിത്രത്തിനായി ഓണം മൂ‍ഡ് എന്ന പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഡാൻസ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് റംസാൻ മുഹമ്മദാണ്. ഈ ഓണക്കാലം തൂത്തുവാരിയ ഓണം മൂഡിന്റെ വിജയത്തെക്കുറിച്ച് ഇരുവരും ഗൃഹലക്ഷ്മി ഓൺലെെനിനോട് മനസ്സുതുറക്കുന്നു...

പാട്ടിന്റെ വരികൾക്കൊപ്പം മനോഹരമായ നൃത്തച്ചുവടുകൾ കൂടി ആയപ്പോൾ മേളം കൊഴുത്തു. ആ ഗാനരംഗത്തിന്റെ ചിത്രീകരണാനുഭവങ്ങളെക്കുറിച്ച് റംസാൻ വാചാലനായി...

‘സിനിമയുടെ ഷൂട്ടിങ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ബിബിന്‍ ചേട്ടന്‍ പാട്ടിന്റെ റഫ് ട്രാക്ക് അയച്ചുതന്നിരുന്നു. അപ്പോഴും പാട്ട് ഞാന്‍ കൊറിയോഗ്രഫിചെയ്യുന്ന കാര്യം തീരുമാനമായിട്ടില്ല. സിനിമയുടെ ഷൂട്ടിങ് തീരുന്ന സമയത്താണ് പാട്ടിനെ ഇപ്പോൾ കാണുന്ന രീതിയിൽ
 

പ്രോമോ സോങ്ങായി ചിത്രീകരിക്കാമെന്നുള്ള തീരുമാനത്തിലെത്തുന്നത്. അതിനെല്ലാം ശേഷമാണ് നൃത്തസംവിധാനം എന്ന ചുമതല എന്നിലേക്കെത്തുന്നതും. അംറൂത്താണ് ചിത്രീകരണത്തിനായി എന്നോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി ഉണ്ടായിരുന്നത്. ഒപ്പം അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍മാരായ ഗൗരി ശങ്കറും ആദിത്തും. ഞങ്ങൾ‌ മൂന്നുപേരും കൂടി പ്രീപ്രൊഡക്ഷന്‍ ചെയ്ത് രണ്ട് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ഗാനരംഗമാണത്. പാട്ടിലെ ഹുക്ക് സ്‌റ്റെപ്പുകളെല്ലാം ഏതൊരാള്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതായിരിക്കണമെന്നുണ്ടായിരുന്നു. പ്രേക്ഷകര്‍ കളിച്ചുനോക്കി, ഇത്തവണത്തെ ഓണത്തിന് കളിയ്ക്കാനുള്ള ചുവടുകളായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.

ആദ്യം, കൂടെയുള്ള മറ്റ് ഡാന്‍സേഴ്‌സിലെ പരിശീലിപ്പിച്ചു. ശേഷം രണ്ട് ദിവസം കൊണ്ടാണ് അഭിനേതാക്കളെല്ലാവരും സ്റ്റെപ്പ് പഠിച്ചെടുത്തത്. എല്ലാ താരങ്ങൾക്കും തുല്യപ്രധാന്യം കൊടുത്താണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. പാട്ടിൽ മാവേലി വരുന്ന ഭാഗത്ത് ഫെജോയുടെ റാപ്പ് സീനാണ് ആസൂത്രണം ചെയ്തിരുന്നത്. പക്ഷേ, ഫെജോയുടെ തിരക്കുകാരണം ആ ഭാഗത്ത് പകരക്കാരനായി വന്ന ആളായിരുന്നു മാവേലി. മാവേലിയായി വേഷമിട്ട സജിന്‍ ചേട്ടനും അത് ഒരുപാട് സന്തോഷമായി. സിനിമയില്‍ ഈ ഗാനരംഗം ഇല്ലാത്തതുകൊണ്ടുതന്നെ കുറച്ച് തമാശകൂടി കലര്‍ത്തി ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്.’

എന്നാൽ വരികളുടെ ചിട്ടപ്പെടുത്തലിനെക്കുറിച്ച് വിനായകിനും ബിബിനും കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഹിറ്റാകാനായി തന്നെ എഴുതപ്പെട്ട വരികളാണവയെന്നാണ് വരികളെഴുതിയ വിനായകിന് പറയാനുള്ളത്...

‘പ്രെമോ സോങ്ങായി ചെയ്തതുകൊണ്ടുതന്നെ ആളുകള്‍ ശ്രദ്ധിക്കപ്പെടമെന്ന ഉദ്ദേശത്തോടുകൂടി എഴുതിയ പാട്ടാണ് ഓണം മൂഡ്. കോമേഷ്യലി ഹിറ്റാകണമെന്ന് കരുതിതന്നെ ആ വരികൾ ആസൂത്രണം ചെയ്തിരുന്നു. ഓണത്തിന് എല്ലാവര്‍ക്കും ഡാന്‍സ് ചെയ്യാനുള്ള ഒരു പാട്ട് എന്ന രീതിയിലാണ് ഓണം മൂഡ് ഒരുക്കിയതും. അതുകൊണ്ടുതന്നെ അതൊരു ഫാസ്റ്റ് നമ്പറായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. പാട്ടിന്റെ ഹുക്ക് ലെെൻ ഏതാകണമെന്ന ചർച്ച എനിക്കും സംഗീത സംവിധായക(ബിബിൻ അശോക്) നുമിടിയിൽ നടന്നു. അതൊടുവിൽ ചെന്നുനിന്നത് ‘ഏത് മൂഡ് ഓണം മൂഡ്’ എന്ന ഹുക്ക് ലൈനിലേക്കായിരുന്നു.

പായസം, അത്തം, പൂക്കളം തുടങ്ങീ ഓണവുമായി ബന്ധപ്പെട്ട വാക്കുകളെയെല്ലാം പാട്ടിൽ ഉള്‍പ്പെടുത്തി. ഓണവുമായി ബന്ധപ്പെട്ട അടിപൊളി മെലഡികള്‍ പ്രഗത്ഭരായ ആളുകൾ ചെയ്തുവെച്ചിട്ടുണ്ട്. പരമ്പരാഗതമായ ഓണപ്പാട്ടുകളില്‍ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന തോന്നലിനൊടുവിലാണ് ഇംഗ്ലീഷ് വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയൊരു പരീക്ഷണം ചെയ്യാമെന്ന തീരുമാനത്തിലേക്കെത്തുന്നത്. ഓണത്തിന് പതിവായി ഇറങ്ങുന്ന മെലഡികളില്‍ നിന്ന് വ്യത്യസ്തമായ ഒരു സ്വീകാര്യത ഈ വരികള്‍ക്ക് ലഭിക്കുമെന്നും തോന്നിയിരുന്നു. മാത്രമല്ല, ഓണം ഗൃഹാതുരത മാത്രമല്ലല്ലോ, മറിച്ച് വടംവലിയും വള്ളംകളിയും ഉത്രാടാപാച്ചിലും പോലെ ആവേശവും കൂടി അതിലുണ്ട്. കഴിഞ്ഞവര്‍ഷം ഓണത്തിന് ആളുകള്‍ ഡാന്‍സ് ചെയ്ത് അന്യഭാഷചിത്രങ്ങളിലെ പാട്ടുകള്‍ വച്ചിട്ടാണ്. ഹിറ്റാകണമെന്ന ഉദ്ദേശത്തോടുകൂടി ചെയ്തതിനാൽ വിജയം അപ്രതീക്ഷിതമാണെന്ന് പറയാനാകില്ല. എങ്കിലും  ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെ റീല്‍സുകളിലെയും ഷോര്‍ട്ടുസുകളിലെയും ഭാഗമാകണം ഓണം മൂഡ് എന്നുണ്ടായിരുന്നു. അത് അങ്ങനെതന്നെ പോകുന്നുണ്ടെന്നറിയുന്നതില്‍ ഒരുപാട് സന്തോഷം.’

യൂട്യൂബിൽ രണ്ട് കോടിയോളം വരുന്ന കാഴ്ചക്കാരെ സമ്മാനിച്ച ഓണം മൂ‍ഡിന്റെ ഓളം ഇന്നും തുടരുന്നു. റീൽസുകളിലും ഷോർട്സുകളിലും നിറയുന്ന റീക്രിയേഷൻ വീഡിയോകൾ തനിക്കും വരാറുണ്ടെന്നാണ് റംസാൻ പറയുന്നത്...

നിമയെപറ്റി ആളുകള്‍ അറിയാനായി ചെയ്തതാണ് ഓണം മൂഡ്.പക്ഷേ, പാട്ട് ഇത്രയും ട്രെന്‍ഡിങ് ആകുമെന്ന് കരുതിയില്ല.  5 മില്യണിനപ്പുറം യുട്യൂബ് കാഴ്ചക്കാരുണ്ടായിരുന്നെങ്കില്‍ തന്നെ ഞങ്ങള്‍ ഹാപ്പിയായിരുന്നു. പക്ഷേ, ഇത് അതിന്റെ ഇരട്ടിയുടെ ഇരട്ടിയായി. സോഷ്യല്‍മീഡിയയില്‍ ഒരുപാട് പേര്‍ സെറ്റ്പ്പ് പഠിച്ച് ഓണം വരുന്നതിനു മുമ്പ് തന്നെ ആ വീഡിയോ റീക്രിയേററ് ചെയ്തു. ഓണം ആഘോഷിക്കാന്‍ വിദേശരാജ്യത്തുള്ളവരും ഈ പാട്ട് തിരഞ്ഞെടുത്തു. ചെറിയകുട്ടികള്‍ പാട്ടിന്റെ സ്റ്റെപ്പ് പഠിച്ച് ഡാന്‍സ് ചെയ്യുന്ന ഒരുപാട് വീഡിയോകള്‍ എനിക്ക് പേരന്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ അയച്ചുതരുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ഒരുപാട് സന്തോഷം.'

പാട്ടിന്റെ സ്വീകാര്യതയെക്കുറിച്ച് ചോദിച്ചപ്പോൾ പരീക്ഷണഗാനമായിരുന്നതിനാൽ എന്തും പ്രതീക്ഷിച്ചിരുന്നെന്നായിരുന്നു വിനായകിന്റെ മറുപടി

‘ഇതൊരു പരീക്ഷണഗാനമാണ്. ഓണപ്പാട്ടിന് ആരും പരീക്ഷണത്തിന് നില്‍ക്കാറില്ല. സുരക്ഷിതമായ പരമ്പരാഗത വഴികളിലൂടെ തന്നെ ഞാനും ഓണപ്പാട്ടുകള്‍ ചെയ്തിട്ടുണ്ട്. ഈ പാട്ട് റിസ്‌ക് എടുത്ത് ചെയ്തതാണ്. ഒന്നുകില്‍ പരാജയപ്പെടാം. അല്ലെങ്കില്‍ വിജയിക്കാം.

അനുപല്ലവിയില്‍ ഞാന്‍ കുറച്ചുകൂടി ഗൃഹാതുര ഉണര്‍ത്തുന്ന വൈകാരികമായി ചില വരികള്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, ബിബിന്‍ അശോകാണ് അത്തരം വരികള്‍ ആവശ്യമില്ലെന്നും കുറച്ചുകൂടി താളാത്മകയുള്ള വരികള്‍ ഉള്‍പ്പെടുത്താനും പറഞ്ഞു. അങ്ങനെയാണ് കേരളത്തിന്റെ ആന്തം എന്ന രീതിയില്‍ ജില്ലകളെല്ലാം കോര്‍ത്തിണക്കികൊണ്ടുള്ള ' ഒറ്റത്തുടിയില്‍ മൊത്തം മലബാറും കൊല്ലം ആലപ്പുഴ...’ അങ്ങനെ ലക്ഷദ്വീപിനെ അടക്കം ആ പാട്ടില്‍ ഉള്‍പ്പെടുത്തിയത്. പലരും ഓണം മൂഡ് ഇട്ട് കസേരകളി നടത്തുന്നതും ആഘോഷിക്കുന്നതുമായ നിരവധി വീഡിയോകള്‍ അയയ്ക്കാറുണ്ട്. എല്ലാം കാണുമ്പോള്‍ രസമുണ്ട്. സന്തോഷം.’

ഓണം മൂഡും പൊളി മൂഡും വന്നാലും എന്നും പഴയഓണപ്പാട്ടുകൾ തന്നെയാണ് തന്റെ ഫേവറേറ്റ് എന്ന് പറഞ്ഞുകൊണ്ട് എക്കാലത്തെയും ട്രെൻഡിങ് ബിജിഎം ആയ പറനിറയെ പെന്നളക്കും എന്ന പാട്ട് മൂളിക്കൊണ്ട് വിനായക് തുടർന്നു...

‘വിദ്യസാഗര്‍ സാറിന്റെ തിരുവോണക്കൈനീട്ടം എന്നൊരു ആല്‍ബമുണ്ട്. ഗിരീഷ് പുത്തഞ്ചേരി സംഗീതം നല്‍കിയ വരികളാണവ. ദാസേട്ടനും ചിത്രചേച്ചിയും പാടിയ പറനിറയെ പൊന്നളക്കും എന്ന പാട്ടാണ് ഇന്നും എന്റെ ഫേവറേറ്റ്.’

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi