എല്ലാ ആഘോഷങ്ങളും കുറേ ഓർമകൾ ഉള്ളിലുണർത്തിക്കൊണ്ടാണ് വരുന്നത്.. ഓണവും അതുപോലെ തന്നെ. ഓർമയിൽ പൂക്കൾ പോലെ പല മുഖങ്ങളും വിരിയുന്നു, പല മനുഷ്യരും ഉള്ളിൽ നിറയുന്നു. ഓർമപ്പൂക്കൾ വിരിയുന്ന കാലം. പലകാലങ്ങളിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും മരിച്ച ശേഷവും പല മനുഷ്യരുടെ ഉയിരിലും ഉണർവിലും ബാക്കിയാവുകയും ചെയ്ത ചില മനുഷ്യരുടെ ഓർമകൾകൂടി കാലങ്ങൾ ഒപ്പം കൊണ്ടു വരുന്നുണ്ട്.
ഓണത്തിന് വിരിയുന്ന പൂക്കൾ പറിക്കാൻ കുന്നിലേക്ക് കയറിപ്പോവുന്ന വഴികൾ, കുന്നിന് മുകളിലും താഴെയുമായി ജീവിച്ചിരുന്ന അനേകം മനുഷ്യർ. താഴെ വെളുത്ത നേർത്ത പഞ്ചസാരത്തരികളെ ഓർമിപ്പിക്കുന്ന മണ്ണ്. കുന്നിന് മുകളിൽ വളർന്നു പടർന്ന് ചില്ലകൾ ഉയർത്തിയും ഊഞ്ഞാലാടാൻ പാകത്തിൽ താഴ്ത്തിയും നിൽക്കുന്ന കശു മാവുകളാണ്. ഒരു ദേശത്തിന്റെ അതിരു തിരിക്കും വിധം അവിടെ മണ്ണിന് ചുവപ്പു നിറമായിരുന്നു. പക്ഷേ അവിടെയുള്ള മനുഷ്യർ സ്നേഹത്തിന്റെ അദൃശ്യമായ നൂലുകളിൽ ബന്ധിക്കപ്പെട്ടു. പങ്കുവെയ്ക്കലുകൾ നിരുപാധികമായ പാരസ്പര്യത്തിന്റെ അടയാളങ്ങൾ പോലെ ജീവിതത്തെ തൊട്ടുനിന്നിരുന്നു.
അനേകം കാഴ്ചകൾക്ക് സാക്ഷിയായിരുന്നു ആ കുന്ന്. കുട്ടിക്കാലത്ത് ഓണനാളിൽ പൂക്കൾ തേടി കുന്നിലേക്കുള്ള വഴിയിൽ പോകുമ്പോൾ അച്ഛമ്മ പറഞ്ഞു തന്ന ഒരു കഥ ഇപ്പോഴും പേടിയും വേദനയും ഉള്ളിൽ നിറയ്ക്കുന്നുണ്ട്. ഓണപ്പൂക്കൾ കാണുമ്പോഴൊക്കെ ആ കഥ ഉള്ളിൽ നിറയും.
കുന്നിലേക്ക് കയറിപ്പോകുന്ന വഴിയിൽ ആദ്യം കാണുന്ന വീട്ടിൽ രണ്ട് അമ്മമാരായിരുന്നു. അവർ രണ്ടുപേർക്കും രണ്ട് മക്കൾ. നേരത്തെ ജീവിതത്തിൽ കൂട്ട് നഷ്ടമായ ആ രണ്ടുപേരും മക്കളിലൂടെ ജീവിതത്തിന്റെ ആഹ്ലാദങ്ങൾ കണ്ടെത്തിയവരായിരുന്നു. അവരുടെ സന്തോഷത്തിന്റെ ആൾരൂപങ്ങൾ പോലെ വളർന്നുവന്ന ഒരാൺകുട്ടിയും പെൺകുട്ടിയും.
കുന്നിൻമുകളിലെ പൊളിഞ്ഞു വീഴാറായ മണ്ഡപം മാത്രമുള്ള സ്ഥലം കടന്നാൽ അവിടെ നിറയെ കൃഷ്ണ കിരീടങ്ങളാണ്. ചന്ദന മരങ്ങളും അവയുടെ വേരിൽ നിന്ന് പൊട്ടിമുളച്ച തൈകളും അവിടുത്തെ പച്ചയ്ക്ക് കൂടുതൽ നിറം നൽകി. കൃഷ്ണ കിരീടങ്ങൾ നിറയെ പൂത്തു നിൽക്കുന്ന ഓണക്കാലത്ത് പോലും ആരും അവിടെ ചെന്ന് പൂവിറുത്തിരുന്നില്ല. അതിനൊരു കാരണമുണ്ടായിരുന്നു-ആ അമ്മമാരുടെ കണ്ണീരിന്റെ കഥയാണത്.
രണ്ട് കുഞ്ഞുങ്ങളെ വളർത്തിവലുതാക്കി ജീവിതത്തിന്റെ ആനന്ദങ്ങളെ തൊടാൻ ശ്രമിച്ചിരുന്ന ആ രണ്ട് സ്ത്രീകളുടെ (അവർ ചേച്ചിയും അനിയത്തിയുമായിരുന്നു) തീരാ നഷ്ടത്തെ ഓർമിപ്പിച്ചുകൊണ്ടാണ് കൃഷ്ണകിരീടം അവിടെ ചുവന്നു പൂത്തുനിന്നത്.
ജീവിതത്തെ അത്രയേറെ സ്നേഹിച്ചുകൊണ്ട് സങ്കടങ്ങളെ മായ്ച്ചു കളയാനായി, പൊട്ടുകുത്തിയും മുടിയിൽ ഗന്ധരാജ പ്പൂക്കൾ ചൂടിയും നിറമുള്ള ചേലകളുടുത്തും അവർ നഷ്ടവസന്തത്തെ ജീവിതത്തിൽ നിരന്തരം ആവിഷ്കരിച്ചുകൊണ്ടിരുന്ന നാളുകളുണ്ടായിരുന്നു. ഒരാളുടെ കാതിൽ അരയന്നത്തിന്റെ ആകൃതിയുള്ള കമ്മലിൽ ഇളകിയാടി നിൽക്കുന്ന ചുവന്ന മുത്തുകളുണ്ടായിരുന്നു. ചിരിക്കുമ്പോഴും മിണ്ടുമ്പോഴും അവ പരസ്പരം തൊട്ടുകൊണ്ടിരുന്നു.
ഓണക്കാലത്ത് അവർ മുറ്റത്ത് വലിയ പൂത്തറയുണ്ടാക്കി മനോഹരമായ പൂക്കളങ്ങളൊരുക്കി. കുന്നിൻ മുകളിലേക്ക് പൂ പറിക്കാൻ പോയവരും വന്നവരുമെല്ലാം രാവിലെ തന്നെ തയ്യാറാവുന്ന ആ പൂക്കളത്തിന്റെ ഭംഗി കണ്ട് അദ്‌ഭുതപ്പെട്ടു.
കാതിൽ അരയന്നക്കമ്മലുള്ള ആളുടെ മകനാണ് പൂക്കളം ഒരുക്കിയിരുന്നത്. പതിനേഴുവയസ്സിന്റെ ഉത്സാഹത്തിൽ അവൻ ഇരുന്നും കിടന്നും പൂത്തറയൊരുക്കി. കുന്നിൻ മുകളിലെ ആർക്കുമെത്താത്ത കൊമ്പത്തെ പൂക്കൾ പോലും സാഹസികമായി പറിച്ചെടുത്തു. അങ്ങനെ അവന്റെ പൂക്കളങ്ങളിൽ അന്നുവരെ ആരും ഇറുത്തെടുത്തിട്ടില്ലാത്ത പൂക്കൾ കൂടി നിറഞ്ഞു. മൂക്കിനു താഴെ നേർത്ത് കട്ടിയില്ലാത്ത ഇളം മീശയും വലിയ കണ്ണുകളും കറുത്ത് ഇടതൂർന്ന തലമുടിയുമായി ചൂളം വിളിച്ച് പല തൊടികളിൽ പെൺകുട്ടികൾക്കൊപ്പം അവൻ പൂക്കൾ തേടി നടന്നു. വയലിൽ നിന്ന് വരിപ്പൂവുകൾ ഊരിയെടുത്തു. ആരും കാണാത്ത നിറങ്ങൾ കലർത്തി ഏറ്റവും ഭംഗിയോടെ അവൻ പൂക്കളമൊരുക്കി.
അങ്ങനെയാണ് ഒരു ഓണക്കാലത്ത് അവൻ കൃഷ്ണ കിരീടങ്ങൾക്കായി അവിടെയെത്തിയത്. അവന്റെ കൈയിൽ അമ്മ മെടഞ്ഞ തെങ്ങോലകൊണ്ടുള്ള വലിയ പൂക്കൂടയിൽ കൃഷ്ണകിരീടങ്ങൾ നിറഞ്ഞു. പൂക്കൾ ഇറുത്തെടുക്കാനുള്ള സൗകര്യത്തിന് കൂട നേർത്ത ചരടുകൊണ്ട് അവൻ കഴുത്തിൽ തൂക്കിയിട്ടിരുന്നു. ഏറ്റവും ഉയരത്തിൽ നിൽക്കുന്ന, ഏറ്റവും വലിപ്പമുള്ള കൃഷ്ണ കിരീടങ്ങളിലൊന്ന് പറിച്ചെടുക്കാനായി അവൻ വള്ളികൾക്കിടയിലൂടെ ഞെരുങ്ങി മുന്നോട്ട് നടന്നു. പെട്ടെന്ന് കാലുകൾക്കിടയിൽ എന്തോ തട്ടിയത് പോലെ തോന്നി നോക്കിയതും അവൻ ഭയന്നു. ചെടികൾക്കിടയിൽ അടയിരിക്കുന്ന മൂർഖൻ പാമ്പിന്റെ കൊത്തേറ്റ കാലുമായി അവൻ ഓടി. ഓടി അമ്മയുടെ അരികിലെത്തിയതും കുഴഞ്ഞു വീണു. കഴുത്തിൽ കൃഷ്ണ കിരീടങ്ങൾ നിറച്ച കൂടയുമായി അവൻ ആ മുറ്റത്ത് നീലിച്ചു കിടന്നു. അമ്മമാരുടെ നിലയില്ലാത്ത കരച്ചിൽ കേട്ട് ഗ്രാമം അങ്ങോട്ടേക്ക് ഒഴുകിയെത്തി. ആരും വരാനില്ലാത്തിരുന്നിട്ടും അവന്റെ ശരീരം സന്ധ്യ വരെ അവിടെ നീലിച്ചുകിടന്നു. അവനെ മണ്ണിലേക്കിറക്കിക്കിടത്താൻ വയ്യാഞ്ഞിട്ടെന്നപോലെ എല്ലാവരും അവിടെ തറഞ്ഞിരുന്നു. തലേദിവസം അവനൊരുക്കിയ പൂക്കളം ആൾതിരക്കിൽ ചിന്നിച്ചിതറിപ്പോയി.
ഒച്ചകളില്ലാത്ത ജീവിതത്തിന് സാക്ഷ്യം പറയും പോലെ ആ വീട് അവിടെ ഉയർന്നു നിന്നു. പിന്നീട് ആ മുറ്റത്ത് പൂക്കളമുണ്ടായില്ല. പക്ഷേ, മുറ്റത്തിന്റെ അതിരുകളിൽ അശോകത്തെച്ചിയുടെ പൂക്കൾ പിന്നെയും കുലകുലയായി വിരിഞ്ഞു. ആരും ചൂടാതിരുന്നിട്ടും ഗന്ധരാജമരത്തിന്റെ ഇലകൾ കാണാത്ത വിധം പൂക്കൾ വിരിഞ്ഞു. ഋതുക്കൾ എല്ലാ ആവേശത്തോടെയും അവരുടെ വീട്ടുമുറ്റത്തെത്തി.
എന്നാൽ ജീവിതത്തിന്റെ കൊടും വേനലിൽ, ഒരൊറ്റ ഋതുവിൽ ഉറഞ്ഞുപോയി ഒരാൾ. മറ്റെയാൾ ഏത് നിമിഷവും നഷ്ടമായേക്കാവുന്ന തന്റെ അർധപ്രാണനെന്നപോലെ അവർക്കുചുറ്റും മാത്രം ജീവിച്ചു. അവരുടെ വേദനകൾക്കൊപ്പം വളർന്ന, നീളൻ മുടിയുള്ള സുന്ദരിയായ മകൾ, എന്റെ കുട്ടിക്കാലത്ത് നീളൻ പാവാടയുടുത്ത് ഇടവഴികളിലൂടെ അതിരാവിലെ കോളേജിലേക്കുള്ള ബസ്സിനായി നടന്നുപോയി.
വേനൽ കഴിഞ്ഞ് വസന്തമെത്തുമെന്നു തന്നെ അവരുടെ ജീവിതം ഓർമിപ്പിച്ചു. രണ്ട് അമ്മമാരും ഒരു മകൾക്കു വേണ്ടി ജീവിച്ചു. അവരുടെ ജീവിതം പതിയെ മകളുടെ സന്തോഷങ്ങൾക്കൊപ്പം നടക്കാൻ പഠിച്ചു.
ഓരോ ഓണക്കാലവും പൂത്തുനിൽക്കുന്ന കൃഷ്ണകിരീടങ്ങളും മുറിയുകയും സുഖപ്പെടുകയും ചെയ്യുന്ന ജീവിതത്തെ ഓർമിപ്പിക്കാനെന്നപോലെ അവരുടെ കഥകളിലേക്ക് വീണ്ടും വീണ്ടുമെന്നെ കൈപിടിച്ച് കൊണ്ടുപോകുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: A poignant Onam story about two mothers, their children, and the enduring power of life amidst loss. A tale of resilience and the cyclical nature of life.
Published: 05 Sept 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented