
മലയാളിപ്രേക്ഷകരില്‍ ആവേശം നിറച്ചുകൊണ്ട് 'ലോക: ചാപ്റ്റര്‍ വണ്‍-ചന്ദ്ര' എന്ന സിനിമ ചര്‍ച്ചയാകുമ്പോള്‍, സംവിധായകന്‍ ഡൊമിനിക് അരുണിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട പേരാണ് നടിയും ‘ലോക’യുടെ സഹ തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന്റേത്. ഫാന്റസിയും റിയലിസവും സമന്വയിക്കുന്ന തിരക്കഥയിലൂടെ ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും പുതിയൊരു ലോകം തന്നെയാണ് തുറന്നിടുന്നത്. ഒരു സൂപ്പര്‍ഹീറോ ചിത്രം എന്നതിലുപരി വൈകാരികമായ ഒരനുഭവം കൂടി സിനിമ നല്‍കുന്നു.
കോട്ടയംകാരിയായ ശാന്തി 2017-ല്‍ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ടൊവിനോ നായകനായ തരംഗം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കെത്തുന്നത്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായും തിരക്കഥാകൃത്തായും സഹസംവിധായികയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായുമൊക്കെ സിനിമാരംഗത്ത് സജീവസാന്നിധ്യമാണ് ശാന്തി. കഴിഞ്ഞ ദിവസം ‘ലോക’യുടെ വിജയത്തില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത ശാന്തിയുടെ കുറിപ്പ് വൈറലായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതും മറക്കാനാവാത്തതുമായ ഈ ഓണക്കാലത്തെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ശാന്തി ബാലചന്ദ്രന്‍.
ആനന്ദലോകത്തില്‍…
ഈ ഓണക്കാലം എനിക്ക് ഏറെ പ്രത്യേകതയുള്ളതാണ്. ഞങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ആളുകള്‍ ‘ലോക’ സിനിമയെ സ്വീകരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ഞങ്ങളുടെ മുഴുവന്‍ ടീമും ഈ പ്രോജക്ടിനുവേണ്ടി സമര്‍പ്പിച്ചിരിക്കുകയായിരുന്നു. കഠിനാധ്വാനത്തിനുപുറമെ ഏറെ വൈകാരികവുമായ ഒരു യാത്രയായിരുന്നു അത്. ഡൊമിനിക്കിന്റെ കൂടെ എഴുത്തില്‍ പങ്കാളിയാകാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ ടീം ലോകയ്ക്ക് നല്‍കിയ സ്‌നേഹം അതേപടി പ്രേക്ഷകരില്‍ നിന്നും ഞങ്ങള്‍ക്ക് തിരിച്ചുകിട്ടി.
സംഭവമായി നാലരസംഘം
‘ലോക’ റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസം തന്നെയാണ് സോണി ലിവില്‍ കൃഷാന്ത് സംവിധാനം ചെയ്ത 'സംഭവവിവരണം നാലരസംഘം ദ ക്രോണിക്ക്ള്‍സ് ഓഫ് 4.5 ഗ്യാങ്' എന്ന സീരീസും റിലീസായത്. അതില്‍ കിങ്ങിണി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. സ്‌കൂള്‍, കോളേജ്, വിവാഹം എന്നീ മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കിങ്ങിണിയെ ചിത്രത്തില്‍ കാണാം. അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. കൃഷാന്ത് എന്ന ഫിലിംമേക്കറിന്റെ വീക്ഷണത്തിന്റെ, അദ്ദേഹത്തിന്റെ സിനിമാലോകത്തിന്റെ ഭാഗമാവുക എന്നത് എന്നെ ആവേശത്തിലാക്കുന്ന കാര്യമാണ്. വളരെ യുണീക് വോയ്‌സുള്ള ഫിലിംമേക്കറാണ് കൃഷാന്ത്. സീരീസിനും നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്.
വൈബ് നല്‍കുന്ന വേദികള്‍
ഒരേസമയം ഒരുപാട് സന്തോഷങ്ങള്‍ക്കുനടുവിലാണ് ഞാനിപ്പോള്‍. റോഷന്‍ മാത്യു സംവിധാനം ചെയ്യുന്ന നാടകം ‘ബൈ ബൈ ബൈപാസി’ലും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഒരുപാട് ഇഷ്ടമുള്ള സുഹൃത്തുക്കള്‍ക്കൊപ്പമാണ് നാടകം ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രന്‍, രാജേഷ് മാധവൻ, അശ്വതി മനോഹരന്‍, നിലിജ കെ. ബേബി...അങ്ങനെ സിനിമയിലും വേദിയിലും ഒരുപോലെ വര്‍ക്ക് ചെയ്യാന്‍ താത്പര്യമുള്ള ആര്‍ട്ടിസ്റ്റുകളാണ് എല്ലാവരും. ഒഴിവുസമയം കണ്ടെത്തി പറ്റുന്നതുപോലെ ചെയ്യാം എന്ന രീതിയിലാണ് ഈ പ്രോജക്ട് ഞങ്ങള്‍ തുടങ്ങിയത്. ഇത് മുഴുമിപ്പിക്കാന്‍ കഴിയുമോ എന്നുപോലും അറിയില്ലായിരുന്നു. എന്നാല്‍ ഇതുവരെ ഞങ്ങള്‍ എട്ട് ഷോകള്‍ ചെയ്തു. ഒമ്പതാമത്തെയും പത്താമത്തെയും ഷോകള്‍ ആറ്, ഏഴ് തീയതികളിലായി കൊച്ചിയില്‍ നടക്കുകയാണ്. അതിന്റെ പരിശീലനത്തിലാണിപ്പോള്‍.
എത്ര ക്ഷീണമുണ്ടെങ്കിലും സമയം കണ്ടെത്തി ഞങ്ങള്‍ പരിശീലനം നടത്തും. ഇതൊരു കമ്മ്യൂണിറ്റി കൂടിയാണല്ലോ. എല്ലാ ദിവസവും ഒരേ ആള്‍ക്കാരുടെ കൂടെ ചെലവഴിക്കുമ്പോള്‍ അതൊരു കുടുംബമായി മാറുകയാണ്. ക്രിയേറ്റീവായ വ്യക്തികളെല്ലാവരും ചേര്‍ന്നുള്ള ഒരിടമാണ്.
ബിഹൈന്‍ഡ് ദ സ്‌ക്രീന്‍, ഓണ്‍ സ്‌ക്രീന്‍, ഓണ്‍ സ്‌റ്റേജ്...അങ്ങനെ ഒരേസമയത്ത് വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് വലിയ അനുഗ്രഹമാണ്. ഇതെല്ലാം ആസ്വദിച്ച് ചെയ്യുന്നതാണ്. കാരണം നല്ലൊരു ടീം വര്‍ക്കുണ്ട്. എല്ലാത്തിനും സമയം കണ്ടെത്താനാകുന്നുമുണ്ട്. അഭിനയിക്കുമ്പോള്‍ വളരെ പരിമിതമായ സമയം മാത്രമാണ് സെറ്റില്‍ ചെലവഴിക്കുന്നത്. ഒരു പ്രോജക്ടിന് വെയിറ്റിങ് പീരിയഡുണ്ടാവും. പ്രത്യേകിച്ച് എന്റെ കാര്യത്തില്‍ എല്ലാ വര്‍ഷവും ഒരു പ്രോജക്ട് എന്ന അനുപാതത്തിലാണ് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. അപ്പോള്‍ അവിടെ സമയം കിട്ടും. ആ നേരത്ത് ക്രിയേറ്റീവായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് എഴുത്തും നാടകവുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്നത്. അതെനിക്ക് സംതൃപ്തി നല്‍കുന്നുണ്ട്.
ലോകയും ചന്ദ്രയും
ക്രിയേറ്റീവ് ഊര്‍ജം പകരുന്ന കുറേ കൂട്ടുകാരെ കിട്ടിയതിലാണ് ഏറെ സന്തോഷം. ഡൊമിനിക്കിന്റെ കൂടെ 'ലോക' എഴുതുമ്പോള്‍ ഒരു സര്‍ഗാത്മകമായ സംതൃപ്തിയാണ് എനിക്ക് ലഭിച്ചത്. ക്രിയേറ്റീവായ കൊടുക്കല്‍ വാങ്ങലുകളാണ് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. രണ്ടുപേരുടെയും സ്‌കില്‍ സെറ്റ് വ്യത്യസ്തമാണ്. അവിടെ പരസ്പര ബഹുമാനമുണ്ട്. പിന്നെ ‘ലോക’യുടെ കാര്യം പറയുമ്പോള്‍ സാങ്കേതിക പ്രവര്‍ത്തകരായാലും അഭിനേതാക്കളായാലും മുഴുവന്‍ ടീമും എല്ലാത്തിനും റെഡിയായിരുന്നു. അങ്ങനെയൊരു ഗ്രൂപ്പിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ തന്നെ ഊര്‍ജം കിട്ടും.
ഞങ്ങളുടെ എഴുത്തിലെ കൊളാബറേഷന്‍ തന്നെയാണ് ഏറ്റവും മനോഹരമായി തോന്നിയിട്ടുള്ളത്. രണ്ടുപേരുടെയും കഴിവുകളിലെ കരുത്ത് ഒരുമിച്ച് ബാലന്‍സ് ചെയ്തുപോയിട്ടുണ്ടെന്നാണ് വിശ്വാസം. തീര്‍ച്ചയായും മെച്ചപ്പെടുത്താനും പഠിക്കാനുമൊക്കെ ഏറെയുണ്ട്. നല്ല നര്‍മബോധമുള്ളയാളാണ് ഡൊമിനിക്. ‘ലോക’യില്‍ നസ്ലിന്റെയും കൂട്ടുകാരുടെയും ഭാഗം വരുന്നിടത്ത് പ്രേക്ഷകരെ കണക്ട് ചെയ്യിക്കുന്ന സന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമെല്ലാം ഡൊമിനിക് സൃഷ്ടിച്ചെടുത്തത് കാണാന്‍ നല്ല രസമാണ്. ഓരോ കഥാപാത്രത്തെയും അടയാളപ്പെടുത്തുന്നതൊക്കെ ആശ്ചര്യപ്പെടുത്തുന്നതാണ്.
പരിചിതമായ കഥാപാത്രങ്ങളെ, അതും നാടോടിക്കഥകളിലെ കഥാപാത്രങ്ങളെ പുതിയ രീതിയില്‍ അവതരിപ്പിക്കുകയും അത് പ്രേക്ഷകര്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍നിന്നുകൂടി കഥ അവതരിപ്പിച്ച് അഭിനന്ദനങ്ങള്‍ നേടുന്നു.
ചന്ദ്ര എന്ന കഥാപാത്രമായി കല്യാണിയല്ലാതെ മറ്റൊരു ഓപ്ഷന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. കല്യാണിയാണ് ഈ കഥാപാത്രത്തിന് യോജിച്ചതെന്ന് എല്ലാവര്‍ക്കും ഉറപ്പുണ്ടായിരുന്നു. പ്രേക്ഷകരും നമ്മളെ പോലെ തന്നെ ചിന്തിച്ചു. ആ ഫീല്‍ കിട്ടി. അത് വളരെ എക്‌സൈറ്റിങ് ആണ്. കല്യാണിയും അതിനായി വളരെയധികം കഠിനാധ്വാനം ചെയ്തു. കല്യാണിക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലോകയിലൂടെ കിട്ടി എന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.
ഈ ഓണം ലോകയ്‌ക്കൊപ്പം
നാട് കോട്ടയമാണെങ്കിലും തറവാട്ടില്‍ വന്ന് ഓണം ആഘോഷിക്കുന്ന ശീലങ്ങളൊന്നുമില്ല. രണ്ട് വയസ്സുവരെയേ നാട്ടിലുണ്ടായിരുന്നുള്ളൂ. പല സ്ഥലത്തായിട്ടാണ് വളര്‍ന്നതും പഠിച്ചതുമൊക്കെ. ചെന്നൈ, ഹൈദരാബാദ്, യുകെ...അങ്ങനെ കറങ്ങി നടന്നതുകൊണ്ട് ഓണം ഓര്‍മ്മകളൊന്നുമില്ല.
എല്ലാ ഓണത്തിനും അമ്മ സദ്യയൊരുക്കും. ഞാനൊരു ഭക്ഷണപ്രിയയാണ്. ശരിക്കുപറഞ്ഞാല്‍ ഇക്കൊല്ലത്തെ ഓണമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഇനി കുറച്ച് സിനിമകള്‍ റിലീസാകാനുണ്ട്. കൃഷാന്ത് സംവിധാനം ചെയ്ത മസ്തിഷ്‌ക മരണം, മുരളിഗോപിയുടെ തിരക്കഥയിലൊരുങ്ങുന്ന അനന്തന്‍ കാട്, പടയുടെ സംവിധായകനായ കമലിന്റെ സിനിമ...പിന്നെ സുഹൃത്തുക്കളുടെ ചില പ്രോജക്ടുകളിലും തല കാണിക്കാറുണ്ട്. മനോഹരമായ ഈ യാത്ര ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു…
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Shanthi Balachandran on Lokah's success and her inspiring journey in cinema
Published: 05 Sept 2025, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented