ഓണം മലയാളികളുടെ ഉത്സവമാണെന്ന് പറയുമ്പോഴും അതിന്റെ നടത്തിപ്പുകാർ മതവുമായി ബന്ധപ്പെട്ടവർ ആകുകയും മറ്റുള്ളവർ അതിനോട് ഐക്യപ്പെടുകയും ചെയ്തിരുന്ന ഒരു ചെറുപ്പകാലമായിരുന്നു എന്റേത്. അത്തം മുതൽ തിരുവോണംവരെ പത്ത് ദിവസം പുക്കളമിടുന്നത് കണ്ണന്റെ വീട്ടിലും വേണുവേട്ടന്റെ വീട്ടിലും വിനോദേട്ടന്റെ വീട്ടിലുമൊക്കെയാണെങ്കിലും അതിനുള്ള പൂക്കള് പറിക്കാനായിട്ട് കണ്ണന്റെയും ഷീബ ചേച്ചിയുടേയും ഒക്കെ കൂടെ ഞാനും ഷെമീറും സെലീനയും ഇറങ്ങും.

To advertise here,

ഷമീറും സെലീനയും വിനോദേട്ടന്റെ വീട്ടിലേക്കുള്ള പൂ പർച്ചേസിങ്ങ് നടത്തുമ്പോൾ, എന്റെ പങ്ക് കണ്ണനുള്ളതാണ്. വേണുവേട്ടന്റെ തൊടിയിൽ അത്യാവശ്യത്തിനുള്ള പൂക്കളുള്ളതുകൊണ്ട് അവരുടെ പത്ത് ദിവസവും അതുകൊണ്ട് കളറാവും. അത്തം തുടങ്ങിയാൽ ഞങ്ങൾ കുട്ടിക്കൂട്ടങ്ങൾ കയ്യിൽ ഓരോ പ്ലാസ്റ്റിക്ക് കവറുകളും പിടിച്ചുകൊണ്ട് പൂക്കളന്വേഷിച്ച് ഇറങ്ങും. ഞങ്ങളെ പോലെ തന്നെ ചെറുസംഘങ്ങൾ വേറെയും ഇറങ്ങുന്നതുകൊണ്ട് ഇടവഴികളിലേയും ആരാന്റെ വേലികളിലേയും പൂക്കളുടെ അടുത്തേക്ക് ആദ്യമെത്തുക എന്നതൊരു ടാസ്‌ക്കാണ്.

ഓരോ ദിവസത്തേയും പൂക്കളങ്ങൾക്കുള്ള പൂ തേടി തലേന്ന് വൈകുന്നേരം ഇറങ്ങുന്നതാണ് പതിവ്. തിയാടിപ്പറമ്പിലും അയ്യപ്പൻകാവ് അമ്പലപരിസരവും ഒക്കെ കവർ ചെയ്ത് അവസാനം കുഞ്ഞാപ്പുവാശാന്റെ പാടത്തേക്കിറങ്ങി തിരിച്ചുവരുമ്പോഴേക്ക് ഒരു പൂക്കളമുണ്ടാക്കാനുള്ള പൂവുകൾ എല്ലാവരുടെ കയ്യിലുമെത്തിയിട്ടുണ്ടാവും.

അന്നത്തെ കാലത്ത് എന്റെ വീടിന്റെ അതിരിൽ നിറയെ നീലനിറത്തിലുള്ള കോളാമ്പി പൂക്കളും വാടാർമല്ലിയുമൊക്കെ ഉണ്ടായിരുന്നത് മുഴുവനായും കണ്ണന് കിട്ടുമായിരുന്നത് കൊണ്ടും, അവന്റെ ചേച്ചിമാർ ഇത്തിരി കലയും കാല്പനികതയും ഉള്ളവരായിരുന്നത് കൊണ്ടും ചുറ്റുപാടുള്ളതിൽ വെച്ച് ഏറ്റവും നല്ല പൂക്കളങ്ങളുണ്ടായിരുന്നത് കണ്ണന്റെ വീട്ടിലായിരുന്നു.

കാലത്ത് എഴുന്നേറ്റ് പൂക്കളമിട്ടതിന് ശേഷം മറ്റുള്ള വീടുകളിലെ കളങ്ങൾ കാണാൻ പോകുന്നത് അന്നൊരു പതിവാണ്. ഓണപ്പരീക്ഷ കഴിഞ്ഞ് സ്‌കൂൾ പൂട്ടിയാൽ പിന്നെ പൂപറിക്കലും പൂക്കളമിടലുമൊക്കെ ഒന്നുകൂടി ഉഷാറാവും. ഓണം വരെ അതിനായുള്ള ഓട്ടങ്ങളാവും.

ഓർമ വെച്ച നാൾ തൊട്ട് ഇന്നുവരെ ഓണത്തിനും വിഷുവിനുമൊന്നും സ്വന്തം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കേണ്ടി വന്നിട്ടില്ലാത്ത ഒരാളാണ് ഞാൻ. ഈ രണ്ട് ആഘോഷങ്ങളെപ്പറ്റിയുമുള്ള എന്റെ ഏറ്റവും ഹൃദ്യമായ ഓർമകളും അത് തന്നെയാണ്. (സാമൂഹിക അകലം പാലിച്ച കൊറോണ കാലത്ത് അപ്പുറത്തെ വീട്ടിൽനിന്ന് കൊണ്ടുവന്നത് വീട്ടിലിരുന്ന് കഴിക്കേണ്ടിവന്നു എന്നതിനാൽ അതിന് ചെറിയൊരു മാറ്റം വന്നിട്ടുണ്ട് )

പൂക്കളമുണ്ടാക്കുന്നതിന് കണ്ണന്റെ സഹായിയാണെങ്കിലും, എല്ലാ ഓണത്തിനും കാലത്ത് ചായയും ഉച്ചയ്ക്ക് ഊണും കഴിക്കുന്നത് വേണുവേട്ടന്റെ വീട്ടിൽ നിന്നാണ്.

ശരിക്കും പറഞ്ഞാൽ എന്റെ ഓർമയിലെ ഓണം തുടങ്ങുന്നത് പടിഞ്ഞാറേയിലെ വേണുവേട്ടന്റെ പഴയ വീട്ടിൽ നിന്നാണ്...വേണുവേട്ടന്റെ അച്ഛനായ വേലായുധേട്ടനേയും അമ്മ തങ്കമണി ചേച്ചിയേയും അച്ചനെന്നും അമ്മയെന്നും വിളിച്ചുകൊണ്ടാണ് എന്റെ ചെറുപ്പം തുടങ്ങുന്നത്.

അന്നൊക്കെ ഉമ്മ നാട്ടിലെ മേലേക്കാര് എന്നു വിളിക്കുന്ന ഒരു തറവാട്ടിൽ പണിക്ക് പോവാറുള്ളതുകൊണ്ട് പകലത്തെ കളിയും ഊണും ഉറക്കവുമൊക്കെയായി ദിവസത്തിലെ പകുതിയിലധികവും വേണുവേട്ടന്റെ വീട്ടിൽ തന്നെയാണങ്കിലും, ഓണമായാൽ അമ്മയോ അച്ഛനോ വീട്ടിൽ വന്ന് ഉമ്മയോട് പ്രത്യേകമായിട്ട് പറയും, ''ചെർക്കനെ നാളെ കാലത്ത് അങ്ങണ്ട് പറഞ്ഞയക്കണേ'' എന്ന്.

തലേന്ന് വൈകിട്ട് വന്ന് ക്ഷണിച്ചതാണെങ്കിലും കാലത്ത് അപ്പുറത്ത് നിന്ന് അച്ഛനോ, അമ്മയോ, വേണുവേട്ടനോ, ശശിയേട്ടനോ ആരെങ്കിലുമൊക്കെ മുറ്റത്തിറങ്ങിവന്ന് സുധീന്നൊരു വിളിയുണ്ട്. അതുകേൾക്കാൻ വേണ്ടി കാത്തുനിൽക്കും.

അപ്പുറത്തുനിന്ന് വിളി കേൾക്കുന്നതോടെ അക്ഷമനായി, കൂട്ടത്തിൽ ഭേദപ്പെട്ട ഒരു ഷർട്ടും ട്രൗസറും എടുത്തിട്ട് വേലിയില്ലാത്ത അതിരിനപ്പുറത്തേക്ക് ഓടിപ്പോകും. പിന്നെ നടുവിലെ അകത്ത് അച്ഛനും ഏട്ടൻമാർക്കുമൊപ്പമിരുന്ന് ചായ കുടിക്കും. മിക്കവാറും എല്ലാ ഓണത്തിനും ഒരേ കടി തന്നെയായിരിക്കും ഉണ്ടാവുന്നത്.

placeholder
സുധീർ പെരുമ്പിലാവ്

തേങ്ങയും ശർക്കരയും വെച്ച് പുഴുങ്ങിയ അടയും കട്ടൻചായയും (സത്യത്തിൽ എനിക്കീ പുഴുങ്ങിയ അടയേക്കാൾ ഇതേ ഇൻഗ്രീഡിയൻസ് ചട്ടിയിലിട്ട് ചുടുന്ന അടയാണ് കൂടുതൽ ഇഷ്ടമെങ്കിലും പുഴുങ്ങിയ അട ആമിനുമ്മാടെ അടുക്കളയിൽ ഉണ്ടാക്കാറില്ലാത്തത് കൊണ്ടും, കൊല്ലത്തിന് രണ്ട് തവണ ഓണത്തിനും വിഷുവിനും മാത്രമാണ് ഈ സാധനം രുചിനോക്കാൻ കിട്ടാറുള്ളൂ എന്നത് കൊണ്ടും നിർബന്ധിച്ചാൽ ഞാനൊരു രണ്ട് രണ്ടര എണ്ണമൊക്കെ തിന്നാറുണ്ട്)

ചായ കുടി കഴിഞ്ഞാൽ പിന്നെ അവിടെ അധിക നേരം സ്റ്റേയില്ല. കുറച്ചുനേരം 'ഇരുന്നിട്ട് പോടാന്ന്' പിന്നീന്ന് ആരെങ്കിലുമൊക്കെ വിളിച്ചു പറയാറുണ്ടങ്കിലും അത് കേൾക്കാൻ നിൽക്കാതെ ഒറ്റപ്പാച്ചിലാണ്. നേരെ കണ്ണന്റെ വീട്ടിലേക്ക്. അവിടെയെത്തിയാൽ അവന്റെ അമ്മ കായവറുത്തതോ ശർക്കര ഉപ്പേരിയോ പഴം പുഴുങ്ങിയതോ ഒക്കെയായി എന്തെങ്കിലുമൊക്കെ തിന്നാൻ തരും. അതൊക്കെ തിന്ന് കൂട്ടുകാരുമായി ചുറ്റുവട്ടത്തെ വീടുകളിലെ ഓണ പൂക്കളങ്ങൾ കാണാനായിട്ട് പോകും.

ഉച്ചയ്ക്ക് പതിനൊന്നരയോടെ ഊണ് കഴിക്കാനായി വേണുവേട്ടന്റെ വീട്ടിൽ പോയി പായസവും അവിയലുമൊക്കെ കഴിച്ച് കുറച്ചുനേരം ഇരിക്കും. തിരിച്ചുപോരുമ്പോൾ അമ്മ ഒരു തൂക്കുപാത്രം നിറയെ പായസം തരും, ഉമ്മാക്കും താത്താമാർക്കും കൊടുക്കാനായിട്ട്.

ഓരോ വർഷം കൂടുംതോറും ഓണം മനോഹരമായ മൂഡാവുകയും അടുക്കിവെക്കാൻ പറ്റാത്ത തരത്തിൽ ഓർമകൾ ചിതറി തെറിക്കുകയും ചെയ്യുന്ന ഈ കാലത്ത് ആഘോഷങ്ങളിൽ ഒരേ മനസ്സോടെ ഒന്നാവുക, ഏറ്റക്കുറച്ചിലുകളുണ്ടായേക്കാം...എങ്കിലും മനുഷ്യരെ മനസ്സിലാക്കുക, കൂടെ കൂടുക, സ്‌നേഹമായിരിക്കുക എന്നതാണ് പ്രധാനം.

തയ്യാറാക്കിയത്: ശ്രീബ എം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi