ഓണസദ്യ കഴിച്ച് വയറും മനസും നിറഞ്ഞ് ഇരിപ്പായിരിക്കും എല്ലാവരും. അടുത്ത കൊല്ലമല്ലേ സദ്യ കഴിക്കാൻ സാധിക്കൂ എന്ന ടെൻഷൻ ഇനി വേണ്ട. വരുന്ന ദിവസങ്ങളിൽ വീട്ടിലെ സാധാരണ ഭക്ഷണത്തിന്റെ കൂടെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ചില വിഭവങ്ങളിതാ.. 

To advertise here,

പൈനാപ്പിള്‍ പച്ചടി
ചേരുവകള്‍:

പൈനാപ്പിള്‍ - ഒന്ന് വലുത്
തേങ്ങ ചിരകിയത് - ഒന്നര കപ്പ്
മുന്തിരിങ്ങ - അരക്കപ്പ്
തൈര് - അരക്കപ്പ്
പച്ചമുളക് - നാല്
ജീരകം - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര - ഒരു ടേബിള്‍ സ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
ഉണക്കമുളക് - മൂന്ന്
കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:
പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ്, ഉപ്പും മഞ്ഞള്‍പൊടിയും അരക്കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. നന്നായി വെന്ത് വെള്ളം വറ്റി വരുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. തേങ്ങയും ജീരകവും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് അധികം വെള്ളം കൂട്ടാതെ നന്നായി അരച്ചെടുത്ത് വെന്ത പൈനാപ്പിളിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക. ചെറുതീയില്‍ വെച്ച്, തൈര് മിക്‌സി ജാറില്‍ ഒന്നടിച്ചതിനു ശേഷം ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് തീയില്‍ നിന്ന് മാറ്റി, ഒന്നാറുമ്പോള്‍ മുന്തിരിങ്ങ ചേര്‍ക്കാം. വെളിച്ചെണ്ണ ചൂടാക്കി, കടുകും ഉണക്ക മുളകും കറിവേപ്പിലയും താളിച്ചു ചേര്‍ക്കുക.

ഓലന്‍

ചേരുവകള്‍:
മത്തങ്ങ ക്യൂബ് ആയി അരിഞ്ഞത് - ഒരു കപ്പ്
കുമ്പളങ്ങ ക്യൂബ് ആക്കിയത് - ഒന്നര കപ്പ്
വന്‍പയര്‍ - അരക്കപ്പ്
തേങ്ങ - ഒന്ന്
പച്ചമുളക് - നാല്
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:
തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും എടുത്തു വയ്ക്കുക. പയര്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുക്കറില്‍ പതിനഞ്ചു മിനിറ്റ് വേവിക്കുക. കുമ്പളങ്ങയും മത്തനും പച്ചമുളക് രണ്ടായി കീറിയതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടാം പാലില്‍ വേവിക്കുക. ചെറുതീയില്‍ വെച്ച്, ഇതിലേക്ക് വേവിച്ച പയറും ചേര്‍ക്കണം. വെന്ത്, വെള്ളം വറ്റി വരുമ്പോള്‍ കുറുകിയ ഒന്നാം പാല്‍ ചേര്‍ക്കാം. ഒന്നു ചൂടാവുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും തൂവി വാങ്ങാം.

സദ്യ ടിപ്‌സ്

  • അവിയലിനും സാമ്പാറിനും തോരനും കൂട്ടുകറിക്കുമൊക്കെയുള്ള കഷണങ്ങള്‍ തലേന്ന് തന്നെ അരിഞ്ഞ് സിപ് ലോക്ക് ബാഗിലാക്കി ഫ്രിഡ്ജില്‍ വയ്ക്കുക.
  • തേങ്ങ ചിരകി വയ്ക്കാം. ആവശ്യമെങ്കില്‍ തലേന്ന് തന്നെ പാലെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഓലനും പ്രഥമനും ഒക്കെയുള്ളത് പ്രത്യേകം മാറ്റി വയ്ക്കാം.
  • താളിച്ചിടുന്നത് എല്ലാ കറികളും തയ്യാറാക്കിയതിനു ശേഷം ഒരുമിച്ച് ആക്കിയാല്‍ അത്രയും സമയം ലാഭിക്കാം. താളിച്ചതിന് ശേഷം അതേ പാനില്‍ പപ്പടവും കാച്ചിയെടുക്കാം.
  • ഇഞ്ചിപ്പുളി, അച്ചാര്‍, കായ വറുത്തത്, ശര്‍ക്കര വരട്ടി എന്നിവ നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കാം.
  • കറികള്‍ക്ക് ആവശ്യമുള്ള പുളി തലേന്ന് തന്നെ പിഴിഞ്ഞ് അരിച്ചശേഷം ഫ്രിഡ്ജില്‍ വയ്ക്കാം.
  • പ്രഥമന്‍ തയ്യാറാക്കാന്‍ ആവശ്യമുള്ള ശര്‍ക്കരപ്പാനിയും നേരത്തെ തന്നെ തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
  • അടുത്തടുത്തു താമസിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഓരോ വീട്ടില്‍ നിന്നും രണ്ടോ മൂന്നോ കറികള്‍ വീതം അല്പം കൂടുതല്‍ തയ്യാറാക്കി പങ്കുവയ്ക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi