
പ്രതീകാത്മകചിത്രം (AI Generated)
ഇപ്പോഴത്തെ ഓണം ഒന്നുമല്ല ഓണം, പണ്ടത്തെ ഓണമാണ് എന്ന് പറയുന്നത് പഴയ ദാരിദ്ര്യം നിങ്ങള്‍ മറന്നു പോയതുകൊണ്ടാണ്. ഇന്ന് ഒന്നിനും കുറവില്ലാത്തതു കൊണ്ടും. ഓണത്തിനും പിറന്നാളിനും മാത്രം ഓരോ പുതിയ ഉടുപ്പുകള്‍ കിട്ടുന്ന, രണ്ടില്‍ കൂടുതല്‍ കറികള്‍ കൂട്ടി ഉണ്ണാന്‍ എന്തെങ്കിലും വിശേഷം വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇപ്പോഴും ഓണം ആനന്ദം തന്നെയാണ്.
നിറങ്ങളോടും രുചികളോടും അടങ്ങാത്ത കൊതിയുള്ള പെണ്‍കുട്ടി കാത്തിരിക്കുന്ന ആഘോഷം ഓണമായിരുന്നു. പത്ത് പന്ത്രണ്ട് ദിവസങ്ങള്‍ പൂനിറങ്ങള്‍ മുറ്റത്ത് ഒരുക്കിവയ്ക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതി! പൂക്കള്‍ തേടിയലഞ്ഞ സന്ധ്യകളിലാണ് നമ്മുടെ കണ്ണില്‍ പെടാത്ത എത്രയോ കുഞ്ഞന്‍ പൂവുകള്‍ ചുറ്റുമുണ്ടെന്ന് മനസിലായത്. ആര്‍ക്കും വേണ്ടാതെ വേലി മൂടി വളര്‍ന്നു പടര്‍ന്നു പൂത്ത ചെമ്പരത്തിക്ക് രാജകീയ പരിഗണനയാണ് പൂക്കളത്തില്‍. മത്തന്‍ പൂവിനും കുമ്പളപ്പൂവിനും ചെറുതല്ലാത്ത സ്ഥാനമുണ്ട്. മുക്കുറ്റിയോ തുളസിക്കതിരോ അരിപ്പൂവോ ആവട്ടെ, എല്ലാത്തിനും ആവശ്യക്കാരുണ്ട്. ഒരു കൃഷ്ണകിരീടം ഓടിച്ചെടുത്താല്‍ വലിയ പൂക്കളം ഒരുക്കാന്‍ ധൈര്യമായി. വേനലിന് മുന്‍പ് വെട്ടിയൊതുക്കിയ പൂച്ചെടികള്‍ ഓണം കഴിയുന്നത് വരെ ആരും തൊടില്ല.
'ഓണാ വരണത്, പൂവിടാന്‍ വല്ലതും വേണ്ടേ, ആ ചെമ്പരത്തി വെട്ടണ്ട'.
പുല്ല് ചെത്തി മുറ്റമൊരുക്കി, മണ്ണ് അടിച്ചു പരത്തി അല്പം ഉയരത്തില്‍ തിണ്ടൊരുക്കി ചാണകം മെഴുകിയാണ് പൂക്കളമിട്ടിരുന്നത്.പൂമൊട്ടുകള്‍ തലേ ദിവസം തന്നെ പറിച്ചു വച്ചിരിക്കും. ഇല്ലെങ്കില്‍ കാണുന്നവര്‍ പറിച്ചുകൊണ്ടുപോവും. ചുവന്ന കാട്ടുചീരകള്‍ക്കും പുള്ളി ചേമ്പുകള്‍ക്കും ഓണം കഴിയാതെ രക്ഷയില്ല. ഇലയായ ഇല മുഴുവന്‍ അരിഞ്ഞ് കളം നിറയ്ക്കും.പൂക്കളം വലുതാക്കുന്നതില്‍ വലിയ മത്സരബുദ്ധി കുട്ടികളെപ്പോലെ മുതിര്‍ന്നവര്‍ക്കുമുണ്ട്. അവര്‍ എത്താത്ത കൊമ്പിലെ പൂ പറിച്ചും ഇലയരിഞ്ഞും വരച്ചു തന്നും കൂടെ നില്‍ക്കും.കളത്തില്‍ പൂക്കളേക്കാള്‍ ഇലകളാണെങ്കില്‍ കുറച്ചിലാണ്.
'ഇതിനെ പൂക്കളം എന്നല്ല വിളിക്കാ, ഇലക്കളം എന്നാ' എന്ന കളിയാക്കല്‍ കേള്‍ക്കേണ്ടി വരും.
കോളേജില്‍ പഠിക്കുന്ന ഏട്ടനോ ചേച്ചിയോ ഉള്ളവര്‍ക്കാണ് ഗമ. വീട്ടില്‍ വലിയ പൂക്കളമായിരിക്കും. അവര്‍ക്ക് ദിവസവും പുതിയ ആശയങ്ങള്‍ ഉണ്ടാവും. കോളേജിലെ പൂക്കള മത്സരത്തിന് മുന്‍പുള്ള പരിശീലനം അവര്‍ വീട്ടുമുറ്റത്താണ് നടത്തുക. ആ ഗമ വീട്ടിലെ ഇളയസന്താനങ്ങള്‍ കൊണ്ടുനടക്കും. എന്റെയോ നിന്റെയോ എന്നൊക്കെ പൂവിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ പോലെ നിര്‍ദോഷകരമായ കലഹങ്ങള്‍ പോലും ഓണത്തിന്റെ സൗന്ദര്യമാണ്. വലിയ മഴക്കാല കലക്കം കഴിഞ്ഞ് പ്രകൃതി ഒന്ന് തെളിയുന്ന കാലം കൂടിയാണ്. വെള്ളം മൂടി ഇരുണ്ടയിടങ്ങളെല്ലാം വെളിച്ചം തട്ടി തിളങ്ങും. ഓണം എവിടെ വരെയായി എന്ന് ചിങ്ങം തുടങ്ങുമ്പോള്‍ മുതല്‍ ആളുകള്‍ കുശലം ചോദിച്ചു തുടങ്ങും. ഓണക്കോടി എവിടുന്നാ വാങ്ങണത് എന്ന് അന്വേഷിക്കും. പുതിയ കടകളുടെ പരസ്യനോട്ടീസുകള്‍ പത്രങ്ങളോടൊപ്പം ദിവസവും വരും. ഓണത്തിന് നല്ല വില കുറവുണ്ടാവും, അപ്പോ വാങ്ങാം എന്ന് പല വീട്ടിലും ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതും നീട്ടിവച്ചിട്ടുണ്ടാവും.
'തിരുവോണത്തിന് ഏതാ പായസം വയ്ക്കണത്'?
അടുക്കള ചര്‍ച്ച മറ്റൊരു വഴിയില്‍ നടക്കുന്നുണ്ടാവും. സാമ്പാര്‍ വറുത്തരയ്ക്കണം എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പുളിയിഞ്ചിയും അച്ചാറും കായ വറുത്തതും ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഉണ്ടാക്കി വയ്ക്കും. ഇല നിറയെ കറികള്‍ നിരത്തി ഞങ്ങളില്‍ പലരും നിറഞ്ഞുണ്ടത് ഓണത്തിനാണ്. അതിന് മുന്‍പോ ശേഷമോ പട്ടിണി ആയിരുന്നു എന്നല്ല, അത്രയും സമൃദ്ധി ഓണമേ തന്നിട്ടുള്ളൂ.
പത്ത് ദിവസമാണ് അവധി. കുട്ടികളെ എന്ത് ചെയ്യും എന്ന് അമ്മമാര്‍ക്ക് ആധി കേറും. രാവിലെ ഇറങ്ങിയാല്‍ വാങ്ക് കേള്‍ക്കുമ്പോള്‍ തിരിച്ചു കേറണം എന്നാണ് ഉപാധി. മിക്ക വീട്ടിലും വിരുന്നുകാരായ കുട്ടികളുണ്ടാവും.
'ഓണത്തിന് പൂട്ടുമ്പോ അന്റെ കുടുംബക്കാരൊക്കെ വരോ?'
ഞങ്ങള്‍ കൂട്ടത്തിലുള്ളവരോട് അന്വേഷിക്കും. കല്യാണം കഴിഞ്ഞ് പോയവരൊക്കെ കുട്ടികളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരുന്നത് ഞങ്ങളുടെ കുട്ടിക്കൂട്ടം വലുതാക്കി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കാണുന്ന അവരോട് ഞങ്ങള്‍ ആഴത്തിലുള്ള സൗഹൃദം സൂക്ഷിച്ചു. തിരിച്ചുപോവുമ്പോള്‍ അടുത്ത അവധിക്ക് കാണാം എന്ന് കണ്ണു നിറഞ്ഞ് യാത്രയാക്കി. പുഴയില്‍ ഒഴുക്ക് കുറഞ്ഞിട്ടുണ്ടാവും.അമ്മമാരുടെ സംഘം എപ്പോഴും പുഴയില്‍ സജീവമാണ്. മുഴുവന്‍ തുണികളും കഴുകി ഉണക്കിയെടുത്തു വയ്ക്കണം. നാട്ടില്‍ പുഴയില്ലാത്ത വിരുന്നുകാരെ നീന്തല്‍ പഠിപ്പിച്ചത് ഞങ്ങളാണ്. അവര്‍ മുങ്ങിയെടുക്കുന്ന വെള്ളാരംകല്ലുകള്‍ ഞങ്ങള്‍ സൂക്ഷിച്ചു വച്ചു, ആ പഠനത്തിന്റെ ഓര്‍മ്മയ്ക്ക്.എന്നെപ്പോലെ എവിടെയും പോവാന്‍ ഇല്ലാത്ത, ബന്ധുബലം തീരെ കുറഞ്ഞവര്‍ക്ക് വേണ്ടി കൂടിയായിരുന്നു ഓണക്കാലത്ത് അവര്‍ വിരുന്നു വന്നത്. അവരായിരുന്നു ഞങ്ങളുടെ മാവേലി. അവര്‍ക്ക് വേണ്ടി കൂടിയാണ് ഞങ്ങള്‍ പൂ പറിച്ചത്, ഊഞ്ഞാല്‍ കെട്ടിയത്, പുതിയ കളികള്‍ പഠിച്ചു വച്ചത്.
പിറന്നാളിനും ഓണത്തിനും മാത്രമാണ് ഒരുടുപ്പ് വാങ്ങുന്നത്. പുതിയ ഉടുപ്പെടുക്കാന്‍ നിവര്‍ത്തിയില്ലാത്ത വര്‍ഷങ്ങളില്‍ അമ്മ ഏതെങ്കിലും സാരി വെട്ടി പാവാട തയ്ച്ചു തരും. അമ്മ ഭംഗിയായി തയ്ക്കുമാ യിരുന്നു. മെഗാ സ്ലീവ്, പഫ് സ്ലീവ് എന്നൊക്കെ ബ്ലൗസ്സിന്റെ കയ്യിലും കഴുത്തിലും പുതിയ പരീക്ഷണങ്ങള്‍ നടത്തും. പാവാടയും ബ്ലൗസുമാണ് പെണ്‍കുട്ടികള്‍ക്ക് ഓണക്കാലം നീക്കിവച്ച വസ്ത്രം. മറ്റൊരു സാധ്യതയെ കുറിച്ച് ഞങ്ങള്‍ അജ്ഞരായിരുന്നു. വെട്ടി തയ്‌ച്ചോ തുന്നി ചേര്‍ത്തോ അമ്മമാര്‍ തരുന്നതില്‍ തൃപ്തരുമായിരുന്നു. അടുത്ത കുറേ വര്‍ഷങ്ങള്‍ അതേ നരച്ച ഉടുപ്പുകള്‍ ഞങ്ങള്‍ യാതൊരു സങ്കോചവുമില്ലാതെ ഇട്ടുനടന്നു.വളരുമ്പോള്‍ വീട്ടിലെ ഇളയതിന് അതേ ഉടുപ്പ് കൈമാറി.
'കഴിഞ്ഞേന്റെ മുന്‍പത്തെ കൊല്ലം ഓണത്തിന് വാങ്ങിയതാ, ഒരു കേടും ഇല്ല, എന്തിനാ വെറുതെ കളയണയത്?'
അമ്മമാരുടെ നയമാണ്, വട്ടമെത്തിക്കാന്‍ അവര്‍ പെട്ടപാടിന്റെ സാക്ഷ്യം കൂടിയാണ് ആ നയം. യൗവനം ആയപ്പോഴാണ് അമ്മമ്മയുടെ പെട്ടി കൊതിപ്പിക്കാന്‍ തുടങ്ങിയത്. ആങ്ങളമാര്‍ ഓരോ അവസരങ്ങളില്‍ കൊടുക്കുന്ന മുണ്ടും വേഷ്ടിയും പുത്തന്‍ മണം മാറാതെ പെട്ടിയിലുണ്ടാവും. ചേരുന്ന നിറത്തിലുള്ള ബ്ലൗസ് തുണികളും. ഇഷ്ടത്തിന് ബ്ലൗസ് തയ്പ്പിച്ച് അവയുടുത്ത നടന്ന് നാടന്‍ പെണ്‍കുട്ടി എന്ന് പേര് കിട്ടിയിട്ടുണ്ട്. അന്നത്തെ ഏറ്റവും വലിയ അവാര്‍ഡ് ആണത്.
ഓണത്തിന് മുന്‍പ് തീര്‍ക്കണം എന്ന് എല്ലാ പണികള്‍ക്കും വേഗം കൂടും. ഓണത്തിന് മുന്‍പ് കുടിയിരിക്കല്‍ നടത്താന്‍ പുതിയ വീട് പണിയുന്നവര്‍ തിടുക്കം കൂട്ടും. കല്യാണം ഓണത്തിന് മുന്‍പ് ആയിക്കോട്ടെ എന്ന് കാരണവര്‍ തീരുമാനിക്കും. മുറ്റവും വഴിയും പുല്ല് ചെത്തിക്കോരി വെടിപ്പാക്കും. ചാണകം മെഴുകിയും മണ്ണ് നിറച്ച് അടിച്ചു പരത്തി മിനുസപ്പെടുത്തിയും മുറ്റം ഭംഗി കൂട്ടും. പ്രിയപ്പെട്ട ആരോ വരാനുണ്ട് എന്ന തോന്നല്‍ ആ ഒരുക്കങ്ങള്‍ ഉള്ളിലുണ്ടാക്കി. ഒരു നാട് മുഴുവന്‍ ആരെയോ കാത്തിരിക്കുകയാണ്. നോക്കൂ, ഞങ്ങള്‍ക്ക് സുഖമാണ്, ഞങ്ങളുടെ ആഹാരം സമൃദ്ധമാണ്. പുതിയ വസ്ത്രങ്ങളുണ്ട്, സമാധാനമായി പോയി വരൂ എന്നാരെയോ ആശ്വസിപ്പിക്കുകയാണ് ഒരു നാട്. ആ കഥയാണ് നമ്മള്‍ കേട്ടത്, മഹാബലിയുടെ കഥ.
അങ്ങനെയങ്ങനെ ചുറ്റുമുള്ള ലോകം ഓണം കൂടാന്‍ കാത്തിരിക്കുന്നത് കണ്ട് വളര്‍ന്നതുകൊണ്ടാവണം, ഇപ്പോഴും ഓണമാണ് എന്റെ പ്രിയപ്പെട്ട വിശേഷം.അന്നത്തെ അതേ ആവേശത്തോടെ പൂ പറിക്കാനും ഓണക്കോടിയെടുക്കാനും പോവാറുണ്ട്. ഒന്നും മാറിയിട്ടില്ല എന്ന് വിശ്വസിക്കാനാണിഷ്ടം. അതാണ് അനുഭവവും. അതേ നിറമുള്ള പൂക്കള്‍, പുതുമണമുള്ള ഉടുപ്പുകള്‍, നാക്കില്‍ വയ്ക്കുമ്പോള്‍ രുചിക്കൊപ്പം ഓര്‍മ്മകള്‍ കൂടി ഉണര്‍ത്തുന്ന കറികള്‍, എല്ലാം കൂട്ടി ഉണ്ണുമ്പോഴുള്ള നിറവ്, പായസത്തിന്റെ മധുരം, സദ്യ കഴിഞ്ഞുള്ള മയക്കം, വീട് നിറയെ ആളുകള്‍, തിരക്ക്, ബഹളം. എന്ത് മാറിയെന്നാണ് പറയുന്നത്?
ഒന്നും മാറിയിട്ടില്ല. വീണ്ടും ഓണമെത്തുന്നു. ഉള്ളില്‍ ആ പഴയ പെണ്‍കുട്ടി ആര്‍ത്ത് ചിരിക്കുന്നു. പൂക്കളം, ഓണക്കോടി, ഊഞ്ഞാല്‍, വിരുന്നുകാര്‍, പായസം എന്നൊക്കെ കൊതിയോടെ കാത്തിരിക്കുന്നു. ഒരു തരിമധുരം ഇപ്പോഴും ബാക്കിയുള്ള ആ കുട്ടിക്കാലം കെട്ടുപോവാതെ.
Content Highlights: A heartwarming journey back to childhood Onam celebrations filled with flowers, new clothes, delicious feasts, and cherished family moments
Published: 05 Sept 2025, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented