1.സ്വീറ്റ്പൊട്ടറ്റോ തേങ്ങാ പൊങ്ങു പായസം (ഒന്നാം സമ്മാനം)

To advertise here,

ചേരുവകൾ
സ്വീറ്റ് പൊട്ടറ്റോ- 250 ഗ്രാം
തേങ്ങാപ്പാൽ -ഒരു തേങ്ങയുടെ പാൽ
റോബസ്റ്റ് പഴം അല്ലെങ്കിൽ കദളി പഴം- ഒരണ്ണം
ശർക്കര -250
നെയ്യ്- 2 ടീസ്പൺ
ബദാം- 8 എണ്ണം
കാഷ്യുനട്ട്- 8 എണ്ണം
ഏലക്ക- 3എണ്ണം

തയ്യാറാക്കുന്ന വിധം:
സ്വീറ്റ് പൊട്ടറ്റോ വേവിച്ചെടുക്കുക. ശേഷം സ്വീറ്റ് പൊട്ടറ്റോ, തേങ്ങപൊങ്ങ്, റോബസ്റ്റ് പഴം എന്നിവ ഓരോന്നോരോന്നായിട്ട് നെയ്യിൽ വയറ്റി മാറ്റിവെക്കുക. ശേഷം അതിലേക്ക് അരിച്ചുവെച്ച ശർക്കരപ്പാനി ഒഴിച്ചു കൊടുക്കുക. തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചു ഒന്ന് വെന്തു വരുമ്പോൾ പൊടിച്ചു വെച്ച ഏലക്ക ഇട്ടു കൊടുക്കുക. ശേഷം ബദാം വെള്ളത്തിൽ കുതിർത്ത് തൊലി കളഞ്ഞ് അരച്ചെടുത്തതും ഒഴിക്കുക നന്നായി ഇളക്കി കൊടുക്കുക. തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് തിള വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ച് കാഷ്യൂനട്ടും കിസ്മിസും വർത്തതും കോരി ഇടുക. സ്വാദിഷ്ടമായ പായസം റെഡി. ഇനി ചൂടോടെ വിളമ്പാം.

താഹിറ ഷാജെലി,
തൃശ്ശൂർ.

2.വാഴപ്പിണ്ടി -പാഷൻ ഫ്രൂട്ട് ചാമ്പക്ക പച്ചടി (രണ്ടാം സമ്മാനം)

ചേരുവകൾ
വാഴപ്പിണ്ടി- 1 കപ്പ്‌
പാഷൻ ഫ്രൂട്ട് -1/2കപ്പ്‌
ചാമ്പക്ക- 3
തേങ്ങാ ചിരകിയത്- 1 കപ്പ്‌
പച്ച മുളക്- 3
കടുക് -2 ടേബിൾ സ്പൂണ്‍
ഓയിൽ ആവശ്യത്തിന്
തൈര് -1/2 കപ്പ്‌
ഉപ്പ്- പാകത്തിന്
വെള്ളം -ആവശ്യത്തിന്
വറ്റൽമുളക്- 3 എണ്ണം
കറിവേപ്പില.- 2തണ്ട്

തയ്യാറാക്കുന്ന വിധം:
ചെറുതായി അറിഞ്ഞ വാഴപ്പിണ്ടി കഷ്ണങ്ങൾ ഒരു ചട്ടിയിൽ കുറച്ചു വെള്ളം ഒഴിച്ചു വേവിക്കുക. ഉപ്പ് ചേർക്കുക. വെന്ത ശേഷം അതിലേക്ക് തേങ്ങ, പച്ചമുളക്, കടുക് എന്നിവയുടെ അരപ്പ് ചേർക്കുക, അതിലേക്ക് പാഷൻ ഫ്രൂട്ട്, ചാമ്പക്ക ചേർക്കുക. നന്നായി തിളച്ച ശേഷം തൈര് ചേർക്കുക. എന്നിട്ട് എണ്ണയിൽ കടുക്, കറിവേപ്പില, വറ്റൽ മുളക് എന്നിവ താളിച്ചു ഒഴിക്കുക. വാഴപ്പിണ്ടി പാഷൻ ഫ്രൂട്ട് ചാമ്പക്ക പച്ചടി തയ്യാർ.

ഫൗസിയ അബ്ദുള്ള,
കോഴിക്കോട്.

3.മള്‍ട്ടി കളേര്‍ഡ് പായസം (മൂന്നാം സമ്മാനം)

ചേരുവകൾ
കാരറ്റ്-2
ബീന്‍സ്-3
ഈന്തപ്പഴം- കുതിര്‍ത്തത്
ക്ലോളിഫ്‌ളവര്‍- ചെറിയ 3 കഷണം
ചൗവ്വരി കുതിര്‍ത്തത്- ഒരു സ്പൂണ്‍
നട്‌സ്- ആവശ്യത്തിന്
കിസ്മിസ്- ഒരു ചെറിയ കപ്പ്
ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
ചുക്കുപൊടി-അര ടീസ്പൂണ്‍
തേങ്ങാക്കൊത്ത്- ഒരു വലിയ സ്പൂണ്‍
ശര്‍ക്കര- 200 ഗ്രാം
നെയ്യ്- രണ്ട് സ്പൂണ്‍
കുമ്പളങ്ങ- രണ്ട് കഷണം
ഉപ്പ് -ഒരു നുള്ള്
ഒരു തേങ്ങയുടെ പാല്‍

തയ്യാറാക്കുന്ന വിധം:
കുമ്പളങ്ങ, കാരറ്റ്, ബീന്‍സ്,ക്ലോളിഫ്‌ളവര്‍ എന്നിവ ചെറുതായി അരിഞ്ഞ് ആവിയില്‍ മൂന്ന് മിനിറ്റ് വേവിക്കുക. ഒരു ഉരുളിയില്‍ ശര്‍ക്കര പാനിയാക്കി അരിച്ച് അല്പം നെയ്യ് ചേര്‍ത്ത് അരിഞ്ഞുവെച്ച പച്ചക്കറികളും കുതിര്‍ത്ത ചൗവ്വരിയും ചേര്‍ത്ത് വഴറ്റുക. അതില്‍ രണ്ടാം പാലും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. മറ്റൊരു ചീനച്ചട്ടിയില്‍ തേങ്ങാക്കൊത്തും ന്ട്‌സും കിസ്മിസും നെയ്യില്‍ വഴറ്റി ചേര്‍ക്കാം. ഏലയ്ക്കാപ്പൊടി എന്നിവ ഇതിന് മുകളിലേക്ക് തൂകാം. ഒപ്പം നട്‌സും കാരറ്റും കിസ്മിസും കൊണ്ട് അലങ്കരിക്കാം. പായസം റെഡി.

ശാന്തമ്മ വർഗീസ്,
പത്തനംതിട്ട.

മികച്ച ചില വിഭവങ്ങൾ കൂടി

ഓണം സ്പെഷ്യൽ കേരാദി ഫല തോരൻ

ചേരുവകൾ
തെങ്ങിൻപൂക്കുല- 200 ഗ്രാം
വെള്ളം- ആവശ്യത്തിന്
ബോക്രോളി -100ഗ്രാം
നെയ്യ്- 2 ടേബിൾ സ്പൂൺ
കിസ്മിസ്- 50ഗ്രാം
നട്സ്- ആവശ്യത്തിന്
ജീരകം-1 ടീസ്പൂൺ
കടുക്- 1 ടീസ്പൂൺ
എള്ള്-1 ടീസ്പൂൺ
സവാള- 1
ഉപ്പ്- പാകത്തിന്
തേങ്ങ-ഒരു കപ്പ്
പച്ചമുളക്-2 (ചതച്ചത്)
കറിവേപ്പില- ആവശ്യത്തിന്
മുളകുപൊടി- 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി- 1 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം
തെങ്ങിൻപൂക്കുല ഇറുത്ത് ഒരു പാനിൽ വെള്ളം തിളപ്പിച്ച്‌ അതിലേക്കു ഇട്ട് വേവിച്ചു ഊറ്റി മാറ്റം. ബോക്രോളി കൊത്തി അരിഞ്ഞു ചൂടുവെള്ളത്തിൽ ഇട്ട് രണ്ടു മിനിറ്റു കഴിഞ്ഞു അതും കൂടെ ഊറ്റി ഒന്നിച്ചു ചേർത്ത് വയ്ക്കാം. ചുവടു കട്ടിയുള്ള ഒരു പാനിൽ നെയ്യ് ഒഴിച്ചു തിള വരുമ്പോൾ കിസ്മിസ്, നട്സ് എന്നിവ വറുത്തു മാറ്റം. ഒപ്പം എള്ളും വറുത്തു മാറ്റം. ഇതിലേക്ക് കടുക്,  ജീരകം എന്നിവ ഇട്ട്, എള്ള് മൂത്തു വരുമ്പോൾ ചതച്ച വെളുത്തുള്ളി ചേർക്കാം. കറിവേപ്പിലയും ചേർത്ത് മൂത്തു വരുമ്പോൾ അരിഞ്ഞ സവാളയും ചേർത്ത് മുരിഞ്ഞു വരുമ്പോൾ വേവിച്ച കൂട്ട് ചേർത്ത് ഇളക്കി ഉപ്പും ചേർത്ത് മൂടി രണ്ടു മിനിറ്റു വയ്ക്കാം.ശേഷം തേങ്ങാപ്പീരയും പച്ചമുളക് ചേർക്കാം ഇതിലേക്ക് മുളക് പൊടിയും മഞ്ഞൾപൊടിയും ചേർത്തിളക്കാം. വെള്ളം വറ്റുമ്പോൾ തയ്യാറാക്കിയ കൂട്ട് ചേർത്തിളക്കി ചിക്കി റോസ്റ്റ് ആക്കി വിളമ്പാം.

ഷീജ സുഗതൻ,
തിരുവനന്തപുരം.

മിക്‌സഡ് ഫ്രൂട്ട് പായസം

ചേരുവകള്‍
നേന്ത്രപ്പഴം- അരക്കപ്പ്
പൂവന്‍പഴം- അരക്കപ്പ്
മാതളം- പകുതി
ആപ്പിള്‍- പകുതി
മാമ്പഴം-പകുതി
ഡ്രാഗണ്‍ ഫ്രൂട്ട്- പകുതി
കശുവണ്ടി, മുന്തിരി, പിസ്ത- അരക്കപ്പ് വീതം
ശര്‍ക്കരപാനി- ഒന്നേകാല്‍ കപ്പ്
തേങ്ങപ്പാല്‍
ഒന്നാം പാല്‍- ഒരു കപ്പ്
രണ്ടാം പാല്‍- രണ്ടര കപ്പ്
ഏലക്കാപ്പൊടി- കാല്‍കപ്പ്
ചൗവ്വരി- രണ്ട് ടേബിള്‍സ്പൂണ്‍
നെയ്യ്- ഏഴ് ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം:
ഉരുളി ചൂടാക്കി അഞ്ച് ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ്, മുന്തിരി, എന്നിവ വറുത്ത് കോരി എടുക്കുക. അതിനുശേഷം ഫ്രൂട്ട്‌സ് ഇട്ട് നന്നായി വഴറ്റി എടുക്കാം. അതിലേക്ക് ശര്‍ക്കര പാനി ഒഴിച്ച് കുറുകിവരുമ്പോള്‍ വേവിച്ച ചൗവ്വരി ഇട്ട് ഇളക്കി രണ്ടാം പാല്‍ ഒഴിച്ച് കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് ഏലയ്ക്കാപ്പൊടിയിട്ട് ഇറക്കിവയ്ക്കാം. ഫ്രൂട്ട്‌സ് പായസം തയ്യാര്‍.

കൂർക്ക വറുത്തരച്ച അവിയൽ

               ചേരുവകൾ
കൂർക്ക- ഒരു കപ്പ് (വൃത്തിയാക്കി നീളത്തിൽ അരിഞ്ഞ് കറ        പോകാനായി വെള്ളത്തിൽ ഇട്ട് വയ്ക്കണം)
ചേന, നേന്ത്രക്കായാ , മുരിങ്ങയ്ക്ക, വെള്ളരി, പടവലം, കാരറ്റ്, വഴുതന – കാൽ കപ്പ് വീതം 
തൊണ്ടൻ മുളക് –2
മഞ്ഞൾ പൊടി- ഒരു ടീസ്പൂൺ
വെളിച്ചെണ്ണ-ഒരു ടേബിൾസ്പൂൺ
മുളക് പൊടി-1 ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ്- പാകത്തിന്
തേങ്ങ- ഒരുമുറി
ഗരം മസാല-1 ടീ സ്പൂൺ
മുളകുപൊടി- 1 ടീ സ്പൂൺ
ജീരകം- 1 ടീ സ്പൂൺ
തെെര്- 1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:
പച്ചക്കറികളെല്ലാം ഒരു മൺചട്ടിയിലാക്കി പൊടികളെല്ലാം ചേർത്ത് നന്നായി ഇളക്കി വേകാൻ ആവശ്യത്തിന് വെള്ളവും  കറിവേപ്പിലയും ചേർത്ത് അടച്ച് വെച്ച് വേവിക്കണം. പകുതി വേവാകുമ്പോൾ ഉപ്പ് ചേർത്ത് ഇളക്കി മൂടി വച്ച് വേവിക്കുക.

ഒരു മുറി തേങ്ങ തിരുമിയത് ഇരുമ്പ് ചട്ടിയിൽ ഇട്ട് വറുക്കുക ഇതിലേക്ക് ഗരം മസാല, മുളക് പൊടി, ജീരകം ഇവയും ചേർത്ത് തേങ്ങ ബ്രൗൺ നിറമാകുമ്പോൾ ഇക്കറി വച്ച് തണുക്കുമ്പോൾ മിക്സിയിൽ ഇട്ട് പൊടിച്ച് വെന്ത അവിയൽ കൂട്ടിൽ ചേർത്ത് ഒരു തൈരും, വെളിച്ചെണ്ണയും, കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കാം. ഈ ഓണത്തിന് അതീവ രുചികരവും വ്യത്യസ്തവുമായ കൂർക്ക വറുത്തരച്ച അവിയൽ റെഡി.

അംബികകുമാരി,
കൊല്ലം.

ഔഷധി പായസം

ചേരുവകൾ
ചെറുപയർ പരിപ്പ്- 1 കപ്പ്‌
അലോവേര ജെൽ- 1 1/2 കപ്പ് നുറുക്കിയത്
നെല്ലിക്ക- 5 എണ്ണം
തേങ്ങ -3കപ്പ്‌
ശർക്കര- 2 കപ്പ്‌ കറുത്തത് പൊടിച്ചത്
കരിഞ്ജീരകം- 2 ടീസ്പൂൺ
നറു നെയ്യ് -2ടേബിൾ സ്പൂൺ
ഏലക്ക പൊടി- 1/2 ടീസ്പൂൺ
നല്ലജീരക പൊടി- 3/4 ടീസ്പൂൺ
ചുക്ക് പൊടി- 1 ടീസ്പൂൺ
കശുവണ്ടി പരിപ്പ് പൊളിച്ചത്- ആവശ്യത്തിന്
ഒന്നാം പാൽ- 1കപ്പ്
രണ്ടാംപാൽ- 2 1/2 കപ്പ്

തയ്യാറാക്കുന്ന വിധം:
അലോവേര ശർക്കര പാനിയിൽ 1 മണിക്കൂർ സോക്ക് ചെയ്യുക. നെല്ലിക്ക വേവിച്ചിട്ട് ശർക്കര പാനിയിൽ സോക്ക് ചെയ്യുക.ഒരു ഉരുളിയിൽ പരിപ്പ് വറുത്തു കഴുകി വാരുക. ഉരുളിയിൽ 6 കപ്പ് വെള്ളമൊഴിച്ചു പരിപ്പിട്ട് വേവിച്ചു വെള്ളം പറ്റുമ്പോൾ ഉടക്കുക. അലോവേരയും നെല്ലിക്കയും ശർക്കര പാനിയും ചേർത്ത് കുറഞ്ഞ തീയിൽ നന്നായി ഇളക്കുക. രണ്ടാം പാൽ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ പൊടികൾ ചേർത്ത് ഇളക്കി ഒന്നാം പാൽ ഒഴിച്ച് ഇളക്കി ചെറുതായി ചൂടാകുമ്പോൾ തീ നിർത്തുക. ഒരു പാനിൽ നെയ്യൊഴിച്ചു കശുവണ്ടി പരിപ്പും കരിഞ്ജീരകവും വറുത്തു പായസത്തിൽ ഒഴിക്കുക.നല്ല രുചി കരവും ആരോഗ്യ പ്രദ വുമായ ഔഷധി പായസം തയ്യാർ.

സുൽമ സെയ്ഫുദ്ദീൻ,
എറണാകുളം.

ചോളം-മഷ്റൂം കൂട്ട് കറി

ചേരുവകൾ
ചോളം -250 ഗ്രാം
മഷ്റൂം – 250 ഗ്രാം
മഞ്ഞൽ പൊടി – 1 ടീ സ്പൂൺ
മുളക് പൊടി – 2 ടീ സ്പൂൺ
ചെറിയുള്ളി – 100 ഗ്രാം
മുരിങ്ങയ്ക്ക , പടവലങ്ങ , ഉരുളക്കിഴങ്ങ് -50 ഗ്രാം വീതം
ഗരം മസാല പൊടി – 2 ടീസ്പൂൺ
തക്കാളി നുറുക്കിയത് – 1 എണ്ണം
ഉപ്പ് – പാകത്തിന്
തേങ്ങ -100 ഗ്രാം
നെയ്യ്- 1 ടേബിൾസ്പൂണ്‍

തയ്യാറാക്കുന്ന വിധം:
മഷ്റൂം അല്പം വെളിച്ചെണ്ണയിൽ നന്നായി വഴറ്റി മാറ്റി വയ്ക്കുക. ചോളം ഉപ്പ് ചേർത്ത് വേവിച്ച് മാറ്റി വക്കുക. ശേഷം തേങ്ങ പൊടിയായി തിരുമ്മിയത്‌ ഇളം ബൗൺ നിറത്തിൽ വറുത്തെടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ചെറിയ ഉള്ളി ഇവ ചേർത്ത് മൂപ്പിച്ച് എടുക്കുക. ഈ കൂട്ട് മയത്തിൽ അരച്ച് മുരിങ്ങക്ക, പടവലങ്ങ, ഉരുളക്കിഴങ്ങ്,തക്കാളി ഇവ ചെറുതായി നുറുക്കിയതിൽ ചോളം ചേർത്ത് വേവിക്കുക. പാകമായ ശേഷം നെയ്യ് ചൂടാക്കി ഗരം മസാല പൊടി വഴറ്റി ഈ കൂട്ടിലേക്ക് ചേർക്കുക. കടുക് താളിച്ച് ചേർത്തിളക്കാം. സ്വാദിഷ്ടമായ കൂട്ട് കറി റെഡി.

ആശ,
തിരുവനന്തപുരം.

മത്തങ്ങാ പുളിശ്ശേരി

ചേരുവകൾ
മത്തങ്ങാ തൊലിയും കുരുവും കളഞ്ഞു കഷ്ണങ്ങൾ ആക്കിയത് -10 എണ്ണം
പച്ചമുളക് -2 എണ്ണം.
തക്കാളി പഴുത്തത്- 1(നാലായി മുറിച്ചത്)
തേങ്ങ-1 കപ്പ്
മഞ്ഞൾപ്പൊടി- കാൽ സ്പൂൺ
വെളുത്തുള്ളി- 2 അല്ലി
വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
കടുക്- 1 ടീസ്പൂണ്‍
ജീരകം- 1 ടീസ്പൂണ്‍
മുളക് പൊടി-ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി-ഒരു ടീസ്പൂൺ
കറിവേപ്പില, മല്ലിയിലയും- 1 തണ്ട് വീതം
തൈര്-1 കപ്പ്

തയ്യാറാക്കുന്ന വിധം:
ചുവടു കട്ടിയുള്ള പാനിൽ ചേരുവകളെല്ലാം ഇട്ട് മുക്കാൽ ഗ്ലാസ് വെള്ളവും ചേർത്ത് വേവിച്ചു എടുക്കാം. ഇതിലേക്ക് പാകത്തിന് ഉപ്പ് ചേർക്കാം. തേങ്ങയും  മഞ്ഞളും കുറച്ചു വെള്ളവും ചേർത്ത് അരയ്ക്കുക. ശേഷം വെളുത്തുള്ളിയും ചേർത്ത് ഒന്നുകൂടെ അരച്ച് എടുത്തു വേവിച്ച കൂട്ടിൽ ചേർത്ത് ഇളക്കി തിള വരുമ്പോൾ . ഒരു പാനിൽ വെളിച്ചെണ്ണ കടുക് ജീരകം ഇട്ടു പൊട്ടി വരുമ്പോൾ മുളക് പൊടി,മഞ്ഞൾ പൊടി കറിവേപ്പില, മല്ലിയില എന്നിവ കൂട്ടിൽ ചേർക്കാം. തൈര് മിക്സിയിൽ അരച്ചു കറി ചെറുചൂട് ആകുമ്പോൾ ഒഴിച്ചു എല്ലാം കൂടെ യോജിപ്പിച്ചെടുക്കാം. ബൗളിലേക്കു മാറ്റി വിളമ്പാം.

ഐശ്വര്യ ആകാശ്,
തിരുവനന്തപുരം.

ചക്ക മുളക് മെഴുക്ക് പുരട്ടി

 

ചേരുവകൾ
പച്ച ചക്ക ചുള നീളത്തിൽ മുറിച്ചത്-1കപ്പ്
കാശ്മീരി മുളക് പൊടി-1ടീസ്പൂൺ
ചെറിയ ഉള്ളി ചതച്ചത്-2ടേബിൾസ്പൂൺ
കാന്താരി മുളക് ചതച്ചത്-1ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത്-2 അല്ലി
മഞ്ഞൾ പൊടി-1/2ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്

വെളിച്ചെണ്ണ- 2ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:

ചക്ക ചുള അരിഞ്ഞത് വെളിച്ചെണ്ണയിൽ വാട്ടിയെടുക്കുക.ഈ എണ്ണ യിലേക്ക് എടുത്തു വെച്ചിട്ടുള്ള വെളുത്തുള്ളി,ചെറിയ ഉള്ളി ,കാന്താരി എന്നിവ ചേർത്ത് വഴറ്റുക.ഇതിലേയ്ക്ക് വാട്ടി വെച്ച ചക്ക ചുള ചേർത്ത് പാകത്തിന് ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും കറിവേപ്പിലയും ചേർത്ത് ഇളക്കി ചേർക്കുക സ്വാദിഷ്ടമായ ചക്ക മുളക് മെഴുക്കു പുരട്ടി റെഡി.ഈ ഓണത്തിന് ഒരു  വ്യത്യസ്തമായ മെഴുക്കുപുരട്ടി തയ്യാർ.

സീമ രാജേന്ദ്രന്‍,
തൃശ്ശൂർ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi