
വിഷുക്കണിക്കുവേണ്ട ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെ ഒരുക്കുന്ന കൂട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ഉണ്ണിയപ്പം. തലേന്ന് കണിയൊരുക്കുന്നതിനു മുമ്പുള്ള പ്രധാന ജോലിയാണ് ഉണ്ണിയപ്പം ഉണ്ടാക്കൽ. ചക്ക ഉണ്ണിയപ്പമാണെങ്കിൽ വിഷു കേമമാകും. കൂടെ ഇലയടയുമുണ്ടെങ്കിൽ കെങ്കേമം. ഇത്തവണത്തെ വിഷുവിനും പതിവ് തെറ്റിക്കേണ്ട. ഉണ്ണിയപ്പത്തിന്റെ മധുരം പോലെ പുതുവർഷം മുഴുവൻ ജീവിതത്തിലും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും മധുരം നിറയട്ടെ…
വിഷു അട
ചേരുവകൾ:
അരിപ്പൊടി - ഒരു കപ്പ്
വെള്ളം - ഒരു കപ്പ്
തേങ്ങ - ഒന്ന്
ശർക്കര പൊടിച്ചത് - മുക്കാൽ കപ്പ്
ഏത്തപ്പഴം - രണ്ടെണ്ണം
ഈന്തപ്പഴം കുരു കളഞ്ഞ് ചെറുതായരിഞ്ഞത് - അരക്കപ്പ്
ക്രഷ്ഡ് കാഷ്യുനട്ട്‌സ് - കാൽ കപ്പ്
ഏലക്ക പൊടിച്ചത് - അര ടീസ്പൂൺ
വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ
നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - മുക്കാൽ ടീസ്പൂൺ
തയ്യാറാക്കുന്നവിധം: പാനിൽ ഒരു സ്പൂൺ നെയ്യ് ചൂടാക്കി ഏത്തപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് ഇടത്തരം തീയിൽ വെച്ച് വാട്ടി കോരി മാറ്റിവെക്കുക. ബാക്കി നെയ്യ് കൂടി ചേർത്ത് തേങ്ങ ചിരകിയതും ശർക്കര പൊടിച്ചതും ചേർക്കുക. നന്നായി യോജിച്ച് കുറുകി വരുമ്പോൾ ക്രഷ് ചെയ്ത നട്‌സും ഈന്തപ്പഴം അരിഞ്ഞതും ചേർത്ത് യോജിപ്പിക്കുക. പഴം വാട്ടിയത് കൂടി ചേർത്ത് യോജിപ്പിച്ച് മാറ്റി വെക്കാം. മറ്റൊരു പാത്രത്തിൽ അരിപ്പൊടിയും വെള്ളവും ഉപ്പും കൂടി യോജിപ്പിച്ചതിനുശേഷം സ്റ്റവ് കത്തിച്ച് ഇടത്തരം തീയിൽ വെച്ച് ഇടിയപ്പത്തിനുള്ള മാവ് കുറുക്കുന്നതുപോലെ തുടരെ ഇളക്കി കുറുക്കിയെടുക്കണം. വെള്ളം നന്നായി വറ്റിവരുമ്പോൾ വെളിച്ചെണ്ണയും ചേർത്ത് തീയിൽ നിന്ന് മാറ്റി ആറാൻ വെക്കാം. ആറിയതിനുശേഷം ഇടിയപ്പത്തിന് കുഴക്കുന്നതുപോലെ കുഴച്ചുവെക്കുക. വാഴയില ആവശ്യത്തിനുള്ള വലുപ്പത്തിൽ മുറിച്ചെടുത്ത് എല്ലാത്തിലും നെയ്യ് പുരട്ടി വെക്കണം. കുഴച്ചുവെച്ച മാവിൽ നിന്ന് ഓരോ ഉരുളയായി എടുത്ത് ഇലയിൽ പരത്തുക. ശേഷം ഓരോന്നിലും മൂന്ന് ടേബിൾ സ്പൂൺ വീതം ഫില്ലിങ് വെച്ച് മടക്കി, സ്റ്റീമറിൽ വെച്ച് വേവിച്ചെടുക്കാം.
ചക്ക ഉണ്ണിയപ്പം
ചേരുവകൾ:
പച്ചരി - ഒരു കപ്പ്
ഗോതമ്പുപൊടി - രണ്ട് ടേബിൾ സ്പൂൺ
ചക്ക വരട്ടിയത് - മുക്കാൽ കപ്പ്
ശർക്കര - മൂന്ന് അച്ച്
കാഷ്യുനട്ട്‌സ് ക്രഷ് ചെയ്തത് - മൂന്ന് ടേബിൾ സ്പൂൺ
തേങ്ങാക്കൊത്ത് - മൂന്ന് ടേബിൾ സ്പൂൺ
കറുത്ത എള്ള് - ഒരു ടീസ്പൂൺ
ഏലക്ക - രണ്ടെണ്ണം
സോഡാപൊടി- ഒരു നുള്ള്
ഉപ്പ് - കാൽ ടീസ്പൂൺ
നെയ്യ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പച്ചരി കഴുകി നാല് മണിക്കൂർ കുതിർത്തു വയ്ക്കുക. ശർക്കര ഒരു ഗ്ലാസ് വെള്ളവും ചേർത്ത് പാനിയാക്കി വയ്ക്കുക. അരി മിക്‌സി ജാറിൽ ഇട്ട് ഗോതമ്പുപൊടിയും ചക്ക വരട്ടിയതും ഏലക്കയും ചേർത്ത് അധികം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഈ മാവിലേക്ക് ശർക്കരപ്പാനിയും ഉപ്പും സോഡാ പൊടിയും എള്ളും ചേർത്ത് യോജിപ്പിക്കുക. കാഷ്യുനട്‌സും തേങ്ങാക്കൊത്തും നെയ്യിൽ വറുത്തെടുത്ത് മാവിലേക്ക് ചേർത്ത് യോജിപ്പിക്കുക. ഉണ്ണിയപ്പച്ചട്ടിയിൽ നെയ്യ് ഒഴിച്ച് മാവ് ഓരോ തവി വീതം കോരിയൊഴിച്ച് തിരിച്ചും മറിച്ചും ഇട്ട് അപ്പം, വശങ്ങൾ മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കാം. ചക്ക വരട്ടിയത് ഇല്ലെങ്കിൽ പഴുത്ത ചക്കച്ചുള അരച്ചുചേർത്തും ഉണ്ണിയപ്പം തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കുമ്പോൾ ശർക്കരയുടെ അളവ് അല്പം കൂട്ടിയാൽ മതിയാവും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Every Vishu dish tells a story of love and prosperity
Published: 14 Apr 2026, 12:22 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented