
ദാമ്പത്യത്തില്‍ ഏറ്റവും സാധാരണമായ വാക്കാണ് ശീതസമരം. പരസ്പരമുള്ള ഊഷ്മളത നഷ്ടമായതിനുശേഷമുള്ള ഓരോ ദിവസവും ഓരോ നിമിഷവും ശീതസമരത്തിന്റെതാണ്. അങ്ങനെയൊരവസ്ഥ ഉണ്ടാവരുതെന്ന് എത്ര ആഗ്രഹിച്ചാലും ചില മനുഷ്യര്‍ അങ്ങോട്ടുതന്നെ വഴുതിവീണേക്കും. ഒരേ മേല്‍ക്കൂരയ്ക്കുകീഴില്‍ അന്യരായി തുടരുന്നത് ഭീകരമാണെന്ന് നാം പറഞ്ഞുകഴിഞ്ഞു. മറ്റുള്ളവരെ ബോധിപ്പിക്കാനായിമാത്രം അനുഷ്ഠിക്കപ്പെടുന്ന ദാമ്പത്യങ്ങള്‍ നമുക്ക് അപരിചിതമൊന്നുമല്ല. അങ്ങനെയായാലും ദാമ്പത്യം തുടര്‍ന്നുകിട്ടിയാല്‍ മതി എന്ന പ്രാര്‍ഥനയിലാവും ഇരുകൂട്ടരുടെയും കുടുംബങ്ങള്‍. അതുകൊണ്ടെന്തുകാര്യം എന്ന ചോദ്യം സൗകര്യപൂര്‍വം വിസ്മരിക്കപ്പെടും. അത്തരം കുടുംബങ്ങളിലും കുട്ടികളുണ്ടാവുകയും അവരുടെ ഭാവിക്കായി മാതാപിതാക്കള്‍ കനത്ത വിട്ടുവീഴ്ചകള്‍ ചെയ്യുകയും ചെയ്യും. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഒരു ജീവിതം മുഴുവന്‍ ജീവിക്കേണ്ടിവരുന്ന പങ്കാളികള്‍ അവസാനംവരെ വിപരീതപദങ്ങളായി തുടരും.
എന്തെങ്കിലുമൊരു അദ്ഭുതം സംഭവിച്ച് ജീവിതം പ്രണയപൂര്‍ണവും മനോഹരവുമാകുമെന്ന വിദൂരപ്രതീക്ഷ ചിലരെയെങ്കിലും നയിച്ചേക്കാം. ജീവിതത്തില്‍ അങ്ങേയറ്റം നിരാശ നിറയുകയാണെന്ന് തിരിച്ചറിയുമ്പോള്‍ ചിലരെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്തിനോക്കും. എന്നെ സംബന്ധിച്ചിടത്തോളം രണ്ടാമത് ഗര്‍ഭം ധരിക്കുകയല്ലാതെ ഒരു രക്ഷാമാര്‍ഗവുമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ ആദ്യകാലങ്ങളിലെന്നപോലെ വീണ്ടും ഭര്‍ത്താവിന്റെ സ്‌നേഹഭാജനമാകാന്‍ സാധിച്ചാല്‍ അതിലൊരു തെറ്റുമില്ലെന്ന തീര്‍പ്പില്‍ ഞാനെത്തി. തീസിസ് മാറ്റിവെച്ച് ഞാനൊരു ചികിത്സകയെ കണ്ടു.
Also Read
ആദ്യഗര്‍ഭത്തിനുവേണ്ടിയുള്ള നീണ്ട ചികിത്സകളുടെ ഓര്‍മയുണ്ടായിരുന്നു. ഇത്തവണയും അത് വേണ്ടിവന്നേക്കുമെന്ന തോന്നലായിരുന്നു. വന്ധ്യതാചികിത്സപോലെ മനസ്സിനെയും ശരീരത്തെയും കൊന്നുകളയുന്ന ഒരനുഭവത്തിന് ഒരിക്കല്‍ക്കൂടി തയ്യാറെടുക്കുന്നതിന്റെ സംഘര്‍ഷമുണ്ടായിരുന്നു. സീസണല്‍ ദാമ്പത്യത്തില്‍ അവധിയും ഓവുലേഷനും നോക്കിയെത്തുന്ന ഭര്‍ത്താവ്. മരുന്നുകള്‍. ആഴ്ചയും മാസവും നോക്കി, ടൈംടേബിളും ക്ലോക്കും വെച്ച് നടത്തുന്ന ശാരീരികബന്ധങ്ങള്‍. പഴയതിന്റെ തനിയാവര്‍ത്തനം. പക്ഷേ, പഴയ ഇഴയടുപ്പമില്ല. ആദ്യലാപ്പില്‍ വഞ്ചി ഒരേ ദിക്കിലേക്കെങ്കിലും തുഴയാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു. ഇത്തവണ എന്തോ ഒന്ന് നഷ്ടമായിട്ടുണ്ട്. ഏത് ദാമ്പത്യത്തിലും അതൊരു സ്വാഭാവികതയാണ്.
ഏത് ബന്ധത്തിലും കാലക്രമേണ വിരസത വന്നുപോയേക്കാം. മനഃപൂര്‍വമായ നവീകരണ ശ്രമങ്ങളില്ലെങ്കില്‍ ദാമ്പത്യം പലര്‍ക്കും കടുത്ത ബാധ്യതയാവും. ഞങ്ങള്‍ക്ക് ആയിടെ പുതുതായി ഒന്നും സംസാരിക്കാനോ പങ്കുവയ്ക്കാനോ ഇല്ലായിരുന്നു. കിട്ടിയ പണം, കൊടുത്ത പണം, ചെലവായ പണം അതിനപ്പുറം വിഷയങ്ങളില്ല. പുസ്തകവും വായനയും എഴുത്തുമില്ല. ജോലിയെന്നത് പണിതിട്ടിരിക്കുന്ന, താമസിക്കാത്ത വീടിന്റെ ഇ.എം.ഐ. അടയ്ക്കാനുള്ള വഴി മാത്രം. പരസ്പരമുള്ള ഓരോ വാക്യത്തിനും ശേഷം നിറഞ്ഞ മൗനം.
അകല്‍ച്ചയും അനിഷ്ടവും കയ്പും മാറ്റിവെച്ച് സ്വയം വലിച്ചെറിയുന്ന പോസ്റ്റ്മോര്‍ട്ടം ടേബിളായിരുന്നു അക്കാലം എനിക്ക് കിടക്ക. അത്തരമൊരു ഭാര്യയുമായി അത് പങ്കുവയ്‌ക്കേണ്ടിവരുന്ന പുരുഷന്റെ ദൈന്യതയെക്കുറിച്ച് ഇപ്പോള്‍ എനിക്ക് ചിന്തിക്കാനാവുന്നുണ്ട്. പക്ഷേ, അതവളുടെ നിരന്തരമുണ്ടാകുന്ന കൊച്ചുകൊച്ച് മരണങ്ങളെക്കാള്‍ വലുതല്ല. ഒരു ബന്ധത്തില്‍ അകപ്പെട്ടിരിക്കുന്ന രണ്ടുപേര്‍ ഒരുവിധത്തിലുള്ള കൊടുക്കല്‍ വാങ്ങലുകളുമില്ലാതെ മഞ്ഞുമലകളായി മാറിപ്പോകുന്ന സ്ഥിതിയെപ്പറ്റി നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരു ബന്ധത്തിലും സംഭവിക്കാന്‍ പാടില്ലാത്ത മഹാദുരന്തമാണത്.
കോളേജില്‍നിന്നു വീട്ടിലേക്കുള്ള ഒന്നരമണിക്കൂര്‍ ബസ് യാത്രയില്‍ ഇതൊക്കെ എങ്ങനെ ശരിപ്പെടുത്താമെന്ന ആലോചനയില്‍ ഞാന്‍ മുഴുകി. ഗര്‍ഭിണിയായെങ്കില്‍, ഞങ്ങള്‍ക്ക് സംസാരിക്കാന്‍, ഇരുവര്‍ക്കും താത്പര്യമുള്ള പൊതുവിഷയം കിട്ടുമായിരുന്നെന്ന് ആശിച്ചു. ആദ്യപ്രസവത്തിന്റെ ട്രോമ വിട്ടുപോയിരുന്നില്ലെങ്കിലും അത് ഗൗനിക്കപ്പെട്ടില്ല. പ്രസവത്തോടെ ഞാന്‍ മരിച്ചുപോയാല്‍ നാലരവയസ്സുകാരിയും നവജാതശിശുവും കഷ്ടപ്പെടുമല്ലോ എന്ന ഭീതിയിലേക്ക് ഞാന്‍ തലകുത്തിവീണു.
അത്തരം ഭയങ്ങളൊക്കെ സ്വാഭാവികമാണ്. പക്ഷേ, അതെല്ലാം പങ്കാളിയോട് പറയാനുള്ള അവസരമുണ്ടാകണം. അയാളുടെയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണ അത്തരം അവസരങ്ങളില്‍ അത്യാവശ്യമാണ്. എന്റെ ഭര്‍തൃകുടുംബവും സ്വന്തം കുടുംബവും തമ്മില്‍ നേരത്തേതന്നെ അകമേ സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ല. ജാതിയും ദേശവുമടക്കമുള്ള കാര്യത്തില്‍ എന്റെ കുടുംബത്തിന് കീഴ്നിലയാണുള്ളതെന്ന് ഭര്‍തൃകുടുംബം പലതരത്തില്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. തികച്ചും വ്യത്യസ്തമായ സാംസ്‌കാരികസാഹചര്യങ്ങളില്‍ പുലര്‍ന്നുപോരുന്ന രണ്ടുകുടുംബങ്ങള്‍ തമ്മിലുള്ള ബന്ധംകൂടിയാണല്ലോ ഇന്ത്യന്‍ വിവാഹങ്ങള്‍.
രണ്ടാമത് ഒരാണ്‍കുഞ്ഞുണ്ടാകുന്നതുതന്നെയാണ് ഭാവിക്കു നല്ലതെന്ന് എനിക്കുതോന്നി. ഭര്‍ത്താവിന്റെ ഏറ്റവും മുഖ്യമായ ആഗ്രഹം അതായിരുന്നു. അത് സാധ്യമാക്കാനായാല്‍ തകര്‍ന്നുവീണതൊക്കെ ഏറെക്കുറെ ശരിയായാലോ എന്നുകരുതി. രണ്ടാമത്തെതും പെണ്‍കുഞ്ഞായാല്‍ എന്തുചെയ്യുമെന്ന ചോദ്യം വിഴുങ്ങി. നിലവിലെ സാഹചര്യത്തില്‍ അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി ദയനീയമാകുമെന്നത് ഉറപ്പായിരുന്നു. അടിസ്ഥാനമില്ലെന്നാലും ചില പ്രതീക്ഷകള്‍ മനുഷ്യര്‍ കൊണ്ടുനടക്കാറുണ്ടല്ലോ.
ഒരുതവണ ഭര്‍ത്താവ് വന്നത് ഒരു ചൈനീസ് ചാര്‍ട്ടുമായാണ്. അതനുസരിച്ച് നിശ്ചിതദിവസങ്ങളില്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ ആണ്‍കുട്ടിയുണ്ടാവുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഏതൊക്കെയോ സുഹൃത്തുക്കള്‍ അതു പരീക്ഷിച്ച് വിജയിച്ചത്രേ. താന്‍ ലീവെടുത്ത് വരുന്നത് അതനുസരിച്ചാവുമെന്ന് അദ്ദേഹം അറിയിച്ചു. ഞാന്‍ മറ്റേതോ ലോകത്ത് ജീവിക്കുകയാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. ചുറ്റുമുള്ളവരൊക്കെ എനിക്ക് അപരിചിതരാണ്. നിശ്ചിതസമയത്തിനകത്ത് ഒരു ലക്ഷ്യം പൂര്‍ത്തിയാക്കാനുണ്ട്. അതനുസരിച്ചാണ് ഞങ്ങളുടെ ജീവിതം കിടക്കുന്നത്! വാസ്തവത്തില്‍ മികച്ചരീതിയില്‍ ശീതസമരവും അല്ലാത്ത സമരവുമൊക്കെ നടക്കുന്ന ഒരു ദാമ്പത്യത്തില്‍ ശാരീരികബന്ധം ഒരു അസംബന്ധനാടകത്തിനപ്പുറം ഒന്നുമല്ല.
ഞാന്‍ മനുഷ്യരെ അപ്പാടെ വെറുത്തുതുടങ്ങിയിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്ന ദിവസങ്ങള്‍ക്കുവേണ്ടിയായി എന്റെ കാത്തിരിപ്പുകള്‍. രാത്രിഭക്ഷണം തയ്യാറാക്കി പൊതിഞ്ഞുകെട്ടുമ്പോള്‍ ഇനി രണ്ടുമണിക്കൂര്‍ കഴിഞ്ഞാല്‍ അദ്ദേഹം ട്രെയിനില്‍ കയറിക്കൊള്ളുമല്ലോ എന്ന് ആശ്വസിച്ചുതുടങ്ങി. വിവാഹം കഴിഞ്ഞ കാലത്ത്, എന്നെ വീട്ടില്‍ക്കൊണ്ടുവന്നാക്കി അദ്ദേഹം എറണാകുളത്തേക്കു പുറപ്പെട്ടതിന്, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നില്‍ നിന്ന് നിര്‍ലജ്ജം ഏങ്ങിക്കരഞ്ഞ ഞാനാണ്! അദ്ദേഹം ഗള്‍ഫിലേക്ക് പോയതായിരിക്കും എന്റെ കരച്ചിലിന്റെ കാരണമെന്നു വിചാരിച്ച് സമാധാനിപ്പിക്കാന്‍ ശ്രമിച്ച ടീ സ്റ്റാള്‍ ജീവനക്കാരനായ മനുഷ്യനെ ഞാനിന്നും ഓര്‍ക്കാറുണ്ട്. എറണാകുളത്തേക്കാണ് ഭര്‍ത്താവ് പോയതെന്നുകേട്ട് വിചിത്രമായൊരു മുഖഭാവത്തോടുകൂടി അയാള്‍ സ്റ്റാളിലേക്ക് തിരിച്ചുകയറുകയായിരുന്നു ചെയ്തത്. മനുഷ്യരുടെ ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ അവിശ്വസനീയമാണ് എന്നുമാത്രമേ പറയാനുള്ളൂ.
അങ്ങനെയിരിക്കെ, ഒരിക്കല്‍ ഭര്‍ത്താവ് വന്നപ്പോള്‍ ഞങ്ങള്‍ ഗുരുവായൂരിലേക്ക് ഒരു യാത്ര പുറപ്പെട്ടു. വിവാഹപ്പിറ്റേന്നുമുതല്‍ മധുവിധുയാത്രയ്ക്ക് പദ്ധതിയിടുന്നതാണ്. അദ്ദേഹത്തെ അടിച്ചുവീഴ്ത്തി പരമസുന്ദരിയായ എന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ എന്റെ വീട്ടുകാരോട് സമാധാനം പറയേണ്ടത് തങ്ങളാണെന്ന് അമ്മായിയമ്മ ആകുലപ്പെട്ടതിനാല്‍ അതുനടന്നില്ല. ആഗ്രഹിച്ചകാലത്തൊന്നും ഒരുമിച്ചൊരു യാത്രയുണ്ടായിട്ടില്ല. നിരന്തരം രണ്ടുദിക്കിലേക്ക് ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ക്ക് ഇനി വേറൊരു യാത്രയെന്തിന് എന്ന ചോദ്യത്തില്‍ത്തട്ടി ആ ആഗ്രഹങ്ങള്‍ തകര്‍ന്നുപോയതാണ്. ഒരര്‍ഥത്തില്‍ അതും ശരിയാണല്ലോ.
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ മുറിയിലെത്തി. സന്ധ്യക്ക് ഒന്നുകൂടി പോവാമെന്നും കളിപ്പാട്ടങ്ങള്‍ വേണമെന്ന് വാശിപിടിച്ച മോള്‍ക്ക് അവ വാങ്ങിക്കൊടുക്കാമെന്നും കരുതിയിരുന്നതാണ്. പക്ഷേ, വൈകുന്നേരം വസ്ത്രത്തില്‍ രക്തപ്പൊട്ടുകള്‍ കണ്ടതോടെ ഞാന്‍ അദ്ദേഹത്തോട് മടിച്ചുമടിച്ചു വിവരം പറഞ്ഞു. ആര്‍ത്തവം സമയം തെറ്റിയെത്തിയതാണെന്ന് കുറ്റബോധത്തോടെ അറിയിച്ചു. 'കോപ്പ്' എന്ന് മൂപ്പര് അരിശപ്പെട്ടു. ദേഷ്യത്തോടെ തുണികള്‍ ബാഗില്‍ കുത്തിനിറച്ച് മുറിയില്‍നിന്നിറങ്ങി. കുഞ്ഞുമായി തലതാഴ്ത്തി ഞാന്‍ പിന്നാലെ നടന്നു. 
എക്കാലവും എന്റെ ശരീരം എനിക്ക് പരാജയങ്ങളും അപമാനങ്ങളും മാത്രമല്ലേ തരുന്നുള്ളൂവെന്ന് ഉള്ളാലെ കരഞ്ഞു. താന്‍ ചേര്‍ത്തലയ്ക്ക് തിരിച്ചുപോകുകയാണെന്നും ഉടനെ വരാനിരിക്കുന്ന വണ്ടിയില്‍ കണ്ണൂരേക്ക് പൊയ്‌ക്കൊള്ളാനും എന്നോടുപറഞ്ഞിട്ട് റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹം ദൂരെ മാറിയിരിക്കുന്നതുകണ്ടപ്പോള്‍ എനിക്ക് വീണ്ടും കുറ്റബോധം തോന്നി. എന്തൊരു ലക്ഷണംകെട്ട ഭാര്യയാണ് ഞാന്‍! അന്തിച്ചുനിന്ന എന്നോട് പോയി ടിക്കറ്റെടുക്കാന്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഞാന്‍ അനങ്ങിയില്ല. അദ്ദേഹം ടിക്കറ്റെടുക്കാന്‍ പോകുന്നതുകണ്ടു. തെക്കോട്ടുള്ള വണ്ടി വന്നപ്പോള്‍ ഞാന്‍ പരിഭ്രമിച്ചു. തനിയെ കണ്ണൂരേക്ക് പോകാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷേ, കുഞ്ഞും ബാഗുമായി അതത്ര എളുപ്പമല്ലെന്നുതോന്നി. ഭാഗ്യത്തിന് അതില്‍ അദ്ദേഹം കയറിപ്പോയില്ല. കണ്ണൂരേക്കുള്ള ട്രെയിനില്‍ ഞങ്ങള്‍ മുഖാമുഖം ഇരുന്നു.
മോള്‍ എന്തൊക്കെയോ കൊഞ്ചിക്കൊണ്ടിരുന്നെങ്കിലും ഹൃദയഭാരം കാരണം ഒന്നും ചെവിയില്‍ വീണില്ല. ടിക്കറ്റ് പരിശോധിക്കാന്‍ വന്ന ഉദ്യോഗസ്ഥന്‍ ഇത് ഒരാള്‍ക്കുള്ള ടിക്കറ്റേ ഉള്ളല്ലോ എന്ന് ഭര്‍ത്താവിനോടു പറയുന്നതുകേട്ട് കുഞ്ഞിനെയും മടിയിലിരുത്തി ഞാന്‍ അദ്ദേഹത്തെ തുറിച്ചുനോക്കി. എനിക്കത് വിശ്വസിക്കാനായില്ല. മൂപ്പരുതന്നെ പിന്നീട് പലതവണ നിഷേധിച്ചിട്ടും അദ്ദേഹത്തിന് അബദ്ധം പറ്റിയിരിക്കാമെന്ന് കരുതാനാണ് ഇപ്പോഴും എനിക്കിഷ്ടം. വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നതുപോലൊരനുഭവമാണത്. എത്രകാലം കഴിഞ്ഞാലും അതിന്റെ നീറ്റലുണ്ടാകും, അപമാനമുണ്ടാകും. നേരത്തേതന്നെ വേരുപിടിച്ചിരുന്ന അരക്ഷിതത്വബോധം ഒറ്റനിമിഷംകൊണ്ട് മാനംമുട്ടെ വളര്‍ന്നു. ഉപേക്ഷിക്കപ്പെടുമോ എന്ന ഭീതി ഏതുബന്ധത്തിന്റെ കാര്യത്തിലും നിത്യമായി.
ഒറ്റയ്ക്ക് ജീവിതത്തെ നേരിടാമെന്നൊക്കെ തീരുമാനിക്കാന്‍ എളുപ്പമാണ്. ഏകപക്ഷീയമാണെങ്കില്‍പ്പോലും ഭൂമിയില്‍ നമ്മെ നിലനിര്‍ത്തുന്ന ചില സ്‌നേഹങ്ങളുണ്ട്. അവയും കൊഴിയുന്നുവെന്നു തോന്നിയാല്‍ ഞെട്ടില്‍നിന്ന് അറ്റുവീഴുകമാത്രമേ ചിലര്‍ക്ക് നിവൃത്തിയുണ്ടാവുകയുള്ളൂ. അതുകൊണ്ടാണ് ഇമോഷണല്‍ ഷെല്‍ട്ടറുകളായി ചില ബന്ധങ്ങളെയും മനുഷ്യരെയും ചിലര്‍ കാത്തുവെയ്ക്കുന്നത്. വീട്ടിലേക്ക് കാലുകുത്തിയപ്പോള്‍, ടിക്കറ്റെടുക്കാത്ത കാര്യം ആരോടും പറയരുതെന്ന് ഭര്‍ത്താവ് പറഞ്ഞു. അതു പറയാനാണെങ്കിലും അദ്ദേഹം മിണ്ടിയല്ലോ എന്ന സമാധാനമായിരുന്നു എനിക്ക്.
യാത്രമുടക്കിയ രക്തപ്പൊട്ടുകള്‍ പിന്നീടുണ്ടായില്ല. അതുകൂടി കേട്ടതോടെ ആള്‍ സംശയാലുവായി. അദ്ദേഹത്തോടൊപ്പം ഒന്നുരണ്ടു ദിവസങ്ങള്‍ ചെലവഴിക്കാന്‍ മടിയുള്ളതുകാരണം ഞാന്‍ നുണപറഞ്ഞതാണെന്നായി. ഭര്‍ത്താവിനോട് വിരക്തി വരുന്നതിനു കാരണം പരപുരുഷബന്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്തായാലും ആ യാത്ര ഗംഭീരപരാജയമായിരുന്നു. 'ഇനി ചാര്‍ട്ടും വേണ്ട ഒന്നും വേണ്ട' എന്നു തീരുമാനിച്ച് മൂപ്പര് പിറ്റേന്നുതന്നെ സ്ഥലംവിട്ടു. ഏതോ വഴിക്ക് ഒരു സമാധാനം എനിക്ക് തോന്നുകയും ചെയ്തു.
ചെലവുചുരുക്കല്‍ പ്രമാണിച്ച് യാത്ര ട്രെയിനിലാക്കിയെന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ. പ്ലാറ്റ്‌ഫോമില്ലാത്ത സ്ഥലത്തുകൂടി ഓടിക്കയറലും ഇറങ്ങലുമൊക്കെയായി സമയത്തിനെതിരായ സമരമായിരുന്നു അന്നേരമൊക്കെ. ഒരുനിമിഷംപോലും സ്വന്തമായില്ലാത്ത തിരക്ക്. അടുത്തമാസവും ഒറ്റദിവസത്തേക്കുമാത്രം പ്രത്യക്ഷപ്പെട്ട രക്തപ്പൊട്ടുകളോ സൈക്കിളിലുണ്ടായ മാറ്റമോ ഒന്നും ശ്രദ്ധിച്ചില്ല. ഒരു സ്ത്രീക്ക് അവഗണിക്കാന്‍ ഏറ്റവുമെളുപ്പം അവളുടെ ആരോഗ്യവും ശരീരവുമാണ്. വളരെ യാദൃച്ഛികമായി രക്തത്തിന്റെ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഒരു സംശയം തോന്നുന്നതും ഗര്‍ഭപരിശോധന നടത്തിനോക്കുന്നതും. അപ്രതീക്ഷിതമായി രണ്ട് നീലവര കണ്ടതും ഉടലാകെ വിറച്ചു. ടെസ്റ്റ് കിറ്റും കൈയില്‍പ്പിടിച്ച് ഞാന്‍ പകച്ചുനിന്നു.
ശ്രദ്ധിക്കാതെവിട്ട രണ്ടുമാസം മനസ്സില്‍ മിന്നി. ആദ്യം കണ്ട ഡോക്ടര്‍ പരിശോധനയ്ക്കുശേഷം നിര്‍ദയം പറഞ്ഞു: ''ഇത് ഏറെക്കുറെ പോയിട്ടുണ്ട്. നാളെ സ്‌കാന്‍ചെയ്തിട്ടു വരണം. ഡി. ആന്‍ഡ് സി. വേണ്ടിവരും. ഭര്‍ത്താവിനെയോ ബന്ധുക്കളെയോ കൂട്ടിവരണം.''
എന്റെ അശ്രദ്ധകൊണ്ടു സംഭവിച്ചതാണ്. എന്തു ന്യായം പറഞ്ഞാലും ഉള്ളില്‍ക്കുരുത്ത ജീവനോട് നീതികാണിച്ചില്ല എന്നോര്‍ത്തപ്പോള്‍ എനിക്ക് ആശുപത്രിയുടെ മുകള്‍നിലയില്‍നിന്ന് താഴേക്കുചാടാന്‍ തോന്നി. നടന്ന കാര്യങ്ങള്‍ നിര്‍വികാരമായി ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. പ്രതീക്ഷിച്ചതുപോലെ അദ്ദേഹം ദേഷ്യപ്പെട്ടില്ല. താന്‍ വന്നിട്ടേ ഇനി ആശുപത്രിയിലേക്ക് പോകേണ്ടൂ എന്നുപറഞ്ഞു. അടുത്ത ട്രെയിനിനു വന്നു. മറ്റൊരു ഡോക്ടറെക്കൂടി കാണാമെന്നു പറഞ്ഞു.
തളിപ്പറമ്പ് സഹകരണാശുപത്രിയിലെ ഡോ. ശ്രീകൃഷ്ണകിരണിനെ കാണുന്നത് അങ്ങനെയാണ്. അദ്ദേഹം പരിശോധിച്ചിട്ട് അങ്ങനെയൊരു പ്രശ്‌നവുമില്ലെന്നു പറഞ്ഞു. അബോര്‍ഷനല്ല, കരു ഉറയ്ക്കുന്നതിന്റെ ഭാഗമായി രക്തസ്രാവമുണ്ടായതാകാമെന്നു സമാധാനിപ്പിച്ചു. സ്‌കാന്‍ചെയ്തുറപ്പിച്ചു, ആരോഗ്യമുള്ള കുഞ്ഞാണ്, തത്കാലം അപകടമൊന്നുമില്ല. മനസ്സുകൊണ്ട് ഞാനദ്ദേഹത്തിനുമുന്നില്‍ സാഷ്ടാംഗം വീണു. ദൈവങ്ങളെ ഞാന്‍ ചിത്രങ്ങളിലേ കണ്ടിട്ടുള്ളൂ. അടൂര്‍ ലൈഫ്ലൈനിലെ ഡോ. പാപ്പച്ചനുശേഷം വീണ്ടുമൊരാളെ നേരിട്ടുകാണുകയാണ്!
ബെഡ് റെസ്റ്റ് വേണ്ടിവരുമോ എന്ന് ഭര്‍ത്താവ് ആശങ്കപ്പെട്ടു. ''അതിന്റെ കാര്യമില്ല. പിന്നെ, അതു വേണമെന്നു വിചാരിക്കുന്നവരോട് അവരുടെ ഒരു സമാധാനത്തിന് ഞാനങ്ങനെ പറയാറുണ്ട്,'' ഡോക്ടര്‍ ചിരിച്ചു. ഞങ്ങള്‍ ഇറങ്ങി ആശുപത്രിക്കു പുറത്തേക്കു നടക്കുമ്പോള്‍ ഭര്‍ത്താവ് എന്റെ കൈത്തണ്ടയില്‍ പിടിച്ചു. അതിലെ രോമങ്ങള്‍ തത്ക്ഷണം പിടഞ്ഞുണര്‍ന്നു. സ്‌നേഹം എന്തൊരു വിചിത്രമായ വികാരമാണ്. എത്ര ആഴത്തില്‍ കുഴിച്ചുമൂടിയാലും നനവുതട്ടിയാല്‍ മുളച്ചുയരാന്‍ കെല്‍പ്പുള്ള വിത്താണത്.
Content Highlights: writer r rajasree column
Published: 03 Apr 2024, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented