ണ്ടില്ലേ കുഞ്ഞൊന്നും കഴിക്കുന്നില്ല, പാലുകുടി നിര്‍ത്തിയാലേ ഇനി വല്ലോം വയറ്റിലോട്ട് ചെല്ലൂ... ആ തള്ളേനേ ഇടവും വലവും തിരിയാന്‍ സമ്മതിക്കില്ല, പാലുകുടി തന്നെ എപ്പോഴും. ഇനി പാലിന് മധുരം വയ്ക്കൂല്ലേ
...അപ്പോപ്പിനെ കുടിനിര്‍ത്താന്‍ പാടാകും... കുഞ്ഞിന് ഒന്നരവയസ്സൊക്കെ എത്തിയാല്‍ അമ്മാര്‍ ചുറ്റുവട്ടത്തുനിന്നു കേള്‍ക്കുന്ന ചില വര്‍ത്തമാനങ്ങളാണിവ. ചെലോര് അത് മൈന്‍ഡാക്കില്ല, ചെലോര്‍ക്ക് അത് ഭയങ്കര ടെന്‍ഷനാവും...മുലയൂട്ടുന്ന കാലത്തെന്ന പോലെ തന്നെ മുലയൂട്ടല്‍ നിര്‍ത്തുന്ന കാലത്തും അമ്മയ്ക്കും കുഞ്ഞിനും മാനസികമായ പിന്തുണ നല്‌കേണ്ടത് അത്യാവശ്യമാണ്. 

To advertise here,

സ്വഭാവികമായി നടക്കട്ടേ
മുലയൂട്ടല്‍ പോലെ തന്നെ പ്രധാനമാണ് മുലയൂട്ടല്‍ നിര്‍ത്തുന്ന കാലവും. മുലയൂട്ടല്‍ സ്വഭാവികമായി അവസാനിപ്പിക്കാത്ത ഏക സസ്തനി മനുഷ്യനായിരിക്കും. മറ്റ് സസ്തനികളില്‍ ഒരു നിശ്ചിതകാലം കൊണ്ട് കുഞ്ഞുങ്ങള്‍ സ്വയം പാല്‍കുടിനിര്‍ത്തി അമ്മയില്‍നിന്ന് പിരിഞ്ഞ് സ്വന്തം കാര്യം നോക്കിത്തുടങ്ങും. മനുഷ്യരില്‍ സ്വഭാവികമായ പാല്‍ കുടിക്കല്‍ നില്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രായം ഏഴ് വയസ്സാണ്. പക്ഷേ മിക്കയാളുകളും ആരോഗ്യം, അടുത്ത കുഞ്ഞ്, ജോലി അങ്ങനെ നിരവധി കാരണങ്ങളാല്‍ രണ്ട് രണ്ടരവയസ്സോടെ മുലയൂട്ടല്‍ നിര്‍ത്തും. രണ്ട് മുതല്‍ ഏഴ് വയസ്സുവരെയുള്ള പ്രായത്തിനിടയില്‍ കുഞ്ഞുങ്ങള്‍ സ്വഭാവികമായി തന്നെ മുലയൂട്ടല്‍ നിര്‍ത്തുന്നതാണ് ഏറ്റവും ആരോഗ്യകരം. ഇതിനെ natural weaning എന്നാണ് പറയുക. അമ്മയുടെയും കുഞ്ഞിന്റെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും നല്ലമാര്‍ഗമാണ് ഇത്. 

weaning അല്ലെങ്കില്‍ മുലയൂട്ടല്‍ നിര്‍ത്തുക എന്നാല്‍ മുഴുവനായും കുഞ്ഞ് ഖരഭക്ഷണത്തിലേക്ക് മാറുന്ന ആദ്യപടിയാണത്. എല്ലാ ജീവികള്‍ക്കും അവരുടേതായ വീനിങ് ഏയ്ജ് ഉണ്ട്. മനുഷ്യനാണ് ഏറ്റവും ദൈര്‍ഘ്യമേറിയ മുലയൂട്ടല്‍ കാലമുള്ള ജീവി. അത് ബുദ്ധിയുടെ, നമ്മുടെ തലച്ചോറിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ഒന്നാണ്. മനുഷ്യന്‍ കഴിഞ്ഞാല്‍ ആള്‍ക്കുരങ്ങുകള്‍(Apes), ആന, നീലത്തിമിംഗലം അങ്ങനെയാണ് ആ പട്ടിക. മനുഷ്യന്റെ നാച്വറല്‍ വീനിങ് ഏയ്ജ് രണ്ടര മുതല്‍ ഏഴ് വയസ്സുവരെയാണ്. 

മുലയൂട്ടല്‍ നിര്‍ത്തുന്നതിന് കാരണങ്ങള്‍
രണ്ടരവയസ്സിന് മുമ്പ് മുലയൂട്ടല്‍ നിര്‍ത്തുന്നതിന് പലകാരണങ്ങളുണ്ട്. അമ്മയുടേത് മാത്രമല്ല, കുഞ്ഞിന്റെയും ആരോഗ്യപരവും സാമൂഹികവുമായ നിരവധി കാരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. sucking dysfunction ( വലിച്ചുകുടിക്കാനും ഭക്ഷണപാനീയങ്ങള്‍ ഇറക്കാനുമുള്ള ബുദ്ധിമുട്ട്), tongue tie (നാവിനെ സ്വതന്ത്രമായി നീങ്ങാന്‍ കഴിയാത്തവിധം നാവിന് താഴെയായി ഒരു നേര്‍ത്ത സ്ഥരം മോണയുമായി ബന്ധിപ്പിച്ച് വളരുന്ന അവസ്ഥ) എന്നീ പ്രശ്‌നങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ പാല് കുടിക്കാതിരിക്കാം. ഇങ്ങനെ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് മാത്രമല്ല, ഒരു വയസ്സിന് ശേഷം ചില കുഞ്ഞുങ്ങള്‍ സ്വയം പാലുകുടിക്കുന്നത് നിര്‍ത്തുന്നതും സര്‍വസാധാരണമാണ്. അമ്മയും കുഞ്ഞും ദീര്‍ഘകാലം പിരിഞ്ഞിരിക്കുന്ന അവസ്ഥയില്‍ പാല്‍കുടിക്കുന്ന ശീലം കുഞ്ഞുങ്ങള്‍ നിര്‍ത്താം. ഖരഭക്ഷണം ധാരാളമായി കഴിച്ചുതുടങ്ങുന്ന പ്രായത്തില്‍ ചില കുഞ്ഞുങ്ങള്‍ പിന്നീട് സ്വയം പാല്‍കുടിക്കുന്നത് നിര്‍ത്താറുണ്ട്. ബോട്ടില്‍ ഫീഡിങ് ചെയ്യുന്ന കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ അമ്മയുടെ പാല്‍കുടിക്കാന്‍ താല്‍പര്യം കാട്ടാതിരിക്കാം.  

അമ്മയുടെ പ്രശ്‌നങ്ങളാണ് മുലയൂട്ടല്‍ നിര്‍ത്താന്‍ പ്രധാനകാരണങ്ങളായി സമൂഹം കരുതുന്നത്. പാല്‍ ഇല്ലാതാവുക, ഏതെങ്കിലും രോഗങ്ങള്‍, വീണ്ടും ഗര്‍ഭിണിയാവുക, ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊപ്പം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളും നേരത്തെയുള്ള മുലയൂട്ടല്‍ നിര്‍ത്തലിന് കാരണമാകാറുണ്ട്. 

ഗ്രോത്ത് സ്പര്‍ട്ട്‌സ് (growth Spurt) ആണ് മുലയൂട്ടല്‍ നിര്‍ത്തുന്നതിനുള്ള മറ്റൊരു കാരണം. കുഞ്ഞ് ജനിച്ച് ആദ്യ ആഴ്ചകളില്‍ ഇവരുടെ വളര്‍ച്ച കാണുന്നവര്‍ക്ക് അങ്ങനെ മനസ്സിലാവില്ല. എന്നാല്‍ ഓരോ ഇടവേളയില്‍ ശരീരത്തിന്റെ ഒരു വികാസത്തില്‍നിന്ന് മറ്റൊരു വികാസത്തിലേക്കുള്ള കുതിപ്പ് പെട്ടെന്ന് നടക്കും. കുഞ്ഞ് കമഴ്ന്ന് വീഴുക, പിടിച്ചിരിക്കുക, നടക്കാന്‍ തുടങ്ങുക അങ്ങനെയുള്ളവ പെട്ടെന്നാണ് നടക്കുക. 12 മാസം, 18 മാസം എന്നിങ്ങനെയുള്ള കാലയളവില്‍ ഗ്രോത്ത് സ്പര്‍ട്ട് എന്ന അവസ്ഥ വരും. ഉദാഹരണത്തിന് കുഞ്ഞിന് ഒരു വയസ്സാകുമ്പോള്‍ ഗ്രോത്ത് സ്പര്‍ട്ടിന്റെ സമയമാണ്. ഈ സമയത്ത് അവര്‍ ഭയങ്കരവാശിക്കാരാവും, പാല്‍കുടിക്കുന്നതിന്റെ അളവ് കൂടും, ചിലപ്പോള്‍ കുടിക്കാതിരിക്കും, ഉറക്കം കുറയും, വിശപ്പ് കൂടും...അങ്ങനെ അമ്മമാരെ വലച്ചുകളയും. അടുത്ത ഗ്രോത്ത് സ്പര്‍ട്ട് 18-ാം മാസമാണ്.  ഈ സമയത്താണ് പലരും മുലയൂട്ടല്‍ നിര്‍ത്തുന്നത്. നാല് മാസം വരെ നീണ്ടുനില്‍ക്കുന്ന ഒന്നായതിനാല്‍ മറ്റ് പിന്തുണകള്‍ കൂടിയില്ലെങ്കില്‍ അമ്മമാര്‍ തളര്‍ന്നുപോകും. മനുഷ്യരുടെ ജീവിതത്തിലെ രണ്ടാമത്തെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ഗ്രോത്ത് സ്പര്‍ട്ട് ഈ കാലയളവിലാണ്. 

മനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും നീളം കൂടിയ ഗ്രോത്ത് സ്പര്‍ട്ട്  അഞ്ച് വര്‍ഷത്തോളം നീളുന്ന പ്യുബര്‍ട്ടി പീരിഡാണ് (Pubetry) എന്നോര്‍ക്കുക. ഇക്കാലത്തും വലയുന്നത് പലപ്പോഴും അമ്മമാര്‍ തന്നെയാണല്ലോ.

അമ്മയ്ക്ക് നല്‍കാം മാനസിക പിന്തുണ
മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറെ മാനസികമായ പിന്തുണ വേണം. അത് സഹായിക്കുന്ന ധാരാളം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഇന്നുണ്ട്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന കുറഞ്ഞ പാലൂട്ടല്‍ കാലം രണ്ട് വയസ്സുവരെയാണ്. ഇക്കാലം വരെയെങ്കിലും കുഞ്ഞിന് പാല് നല്‍കുന്നത് പ്രതിരോധശക്തിയെ ഏറെ വളര്‍ത്തും. ഇത്തരം കാര്യങ്ങള്‍ അമ്മമാര്‍ക്ക് പറഞ്ഞുകൊടുക്കാനും ഈ മദേഴ്‌സ് സപ്പോര്‍ട്ട് ഗ്രൂപ്പുകളിലൂടെ സാധിക്കും. പോസ്റ്റ് പാര്‍ട്ടം മദറിന് ഏറ്റവും ആവശ്യമുള്ളതും ഇത്തരം ഗ്രൂപ്പുകളുടെ പിന്തുണയാണ്. ഒന്നുകില്‍ വെര്‍ച്വല്‍ ആയ ഗ്രൂപ്പുകളുടെ ഭാഗമാകാം. ബ്രസ്റ്റ്ഫീഡിങ് മദേഴ്‌സ് ഗ്രൂപ്പുകളും, പോസ്റ്റ്പാര്‍ട്ടം മദേഴ്‌സ് ഗ്രൂപ്പുകളും ധാരാളമുണ്ട് നമ്മുടെ സോഷ്യല്‍ മീഡിയയില്‍. അല്ലെങ്കില്‍ നിങ്ങള്‍ക്കുതന്നെ പരിചയമുള്ള ഒരു പത്ത് അമ്മമാരെച്ചേര്‍ത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലും മതി. Breastfeeding Support For Indian Mothers  എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും അംഗമാകാം. 

എന്തുകൊണ്ട് മുലയൂട്ടല്‍
ദീര്‍ഘകാലം മുലയൂട്ടുന്നതിനെ Extended breastfeeding   എന്ന് പറയാറുണ്ട്. മുലയൂട്ടല്‍ തുടര്‍ന്നുകൊണ്ട് പിന്നീട് സ്വഭാവികമായി നിര്‍ത്തുന്നതിനെ സെല്‍ഫ് വീനിങ് എന്നാണ്‌ പറയുന്നത്. ഇതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലത്. ഒരു വയസ്സുമുതലാണ് കുട്ടികളുടെ ഇമോഷണല്‍ ബ്രെയിന്‍ അഥവാ വൈകാരിക വ്യക്തിത്വം വളര്‍ച്ചതുടങ്ങുന്നത്. ഈ സമയത്തുണ്ടാകുന്ന വികാരങ്ങള്‍, സങ്കടം, ദേഷ്യം, സന്തോഷം എന്നിവയെ കൃത്യമായി കൈകാര്യം ചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്ക് സ്വയം കഴിയില്ല. ചില കുട്ടികള്‍ ഭയങ്കരമായി കരഞ്ഞ് വഴക്കുകൂടിയും ബഹളമുണ്ടാക്കിയും പ്രശ്‌നക്കാരാവുന്നത് കണ്ടിട്ടില്ലേ. വൈകാരികമായ അസ്ഥിരതയാണ് ഇതിന് കാരണം. ഈ സമയത്ത് അവരെ വഴക്കു പറയുന്നതിന് പകരം അവര്‍ക്ക് ബഹളമുണ്ടാക്കാനുള്ള സ്‌പേസ് നല്‍കാനാണ് വിദഗ്ധര്‍ പറയുന്നത്. അതിന് ശേഷം സമാധാനപരമായി അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാം.

ഏഴ് വയസ്സൊക്കെ എത്തുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും. കുട്ടികള്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള തലച്ചോറിലെ ഭാഗത്തിന് മേല്‍ നിയന്ത്രണം ലഭിക്കുന്നതുകൊണ്ടാണ് ഇത്. രണ്ടോ മൂന്നോ വയസ്സുള്ള കുട്ടികളുടെ ഇത്തരം കരച്ചിലിനെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് മുലയൂട്ടല്‍. മുലയൂട്ടുമ്പോള്‍ കുഞ്ഞുങ്ങള്‍ പെട്ടെന്ന് ശാന്തരാകുന്നത് കാണാം. കൂടുതല്‍ കാലം മുലയൂട്ടുന്ന കുഞ്ഞുങ്ങളില്‍ വൈകാരികനിയന്ത്രണം കൂടുതലായിരിക്കുമെന്ന് പഠനങ്ങളുണ്ട്. 

തെറ്റായ ധാരണങ്ങള്‍
വളരെക്കാലം മുലയൂട്ടിയാല്‍ അത് കുഞ്ഞിന് ദുശ്ശീലമാകും എന്ന് പറയുന്നവരുണ്ട്. എന്നാല്‍ വളര്‍ച്ചാഘട്ടങ്ങളുടെ ഒരു ഭാഗമാണ് മുലയൂട്ടല്‍. കുട്ടികള്‍ക്ക് പാല്‍പ്പല്ല് നഷ്ടമാകുന്നതോടെ അമ്മയുടെ പാല്‍കുടിക്കുക എന്ന സ്വഭാവത്തില്‍നിന്ന് അവര്‍ പിന്‍മാറിത്തുടങ്ങും. ജനിച്ചതുമുതല്‍ ഏഴ് വയസ്സുവരെയുള്ള കാലഘട്ടത്തിലുള്ള അവരുടെ താടിയെല്ലിന്റെ ഘടന പാല്‍ വലിച്ചുകുടിക്കാന്‍ പാകത്തിനുള്ളതാണ്. പാല്‍പ്പല്ല് പോകുന്നതോടെ ഈ കഴിവ് അവര്‍ക്ക് നഷ്ടമാകുന്നു. നാവും ചുണ്ടും താടിയെല്ലുകളും തീര്‍ക്കുന്ന ഒരു വാക്വം സംവിധാനമാണ് കുഞ്ഞുങ്ങളെ പാല്‍ കുടിക്കാന്‍ സഹായിക്കുക. മുതിരുന്നതോടെ താടിയെല്ലിന്റെ രൂപഘടനമാറുകയും ഈ കഴിവ് പൂര്‍ണമായും ഇല്ലാതാവുകയും ചെയ്യും. 

പാല്‍കുടിക്കുന്ന കാലത്ത് കുഞ്ഞുങ്ങള്‍ മറ്റ് ഭക്ഷണം കഴിക്കുന്നത് കുറവായിരിക്കും. ഇത് അനാരോഗ്യത്തിലേക്ക് നയിക്കുമെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ അതും തെറ്റായ ധാരണയാണ്. മുലപ്പാലിലൂടെ കുഞ്ഞിന് ധാരാളം പോഷകാംശവും ആന്റിബോഡികളും ലഭിക്കുന്നുണ്ട്. മറ്റൊരു ഭക്ഷണത്തിലൂടെയും ലഭിക്കുന്നില്ലാത്ത അത്രയും പോഷകം മുലപ്പാലിലുണ്ട്. അതുകൊണ്ട് തന്നെ മുലപ്പാല്‍ കുടിക്കുന്ന, പ്രായത്തിന് അനുസരിച്ച് ഭാരവും പൊക്കവുമുള്ള കുഞ്ഞ് തികച്ചും ആരോഗ്യവാനാണെന്നു തന്നെ പറയാം. 

മുലപ്പാല്‍ ദീര്‍ഘകാലം കുടിച്ചാല്‍ പല്ലുകള്‍ക്ക് കേടുവരുമെന്ന തെറ്റായ ധാരണയും ആളുകളിലുണ്ട്. എന്നാല്‍ പല്ലുകളെ കേടാകാതെ തടയുന്ന ഘടകങ്ങളാണ് മുലപ്പാലിലുള്ളത് എന്നതാണ് വിദഗ്ധരുടെ മറുപടി. പകരം ഈ സമയത്ത് കഴിക്കുന്ന മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ പല്ലില്‍ പറ്റിപ്പിടിക്കുകയും കൃത്യമായി വൃത്തിയാക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് കുഞ്ഞിന്റെ പല്ലുകള്‍ കേടാകുന്നത്. എന്നാല്‍ പഴി കേള്‍ക്കുന്നത് മുലപ്പാലാണെന്ന് മാത്രം. ഗര്‍ഭകാലത്ത് അമ്മ കൃത്യമായ പോഷകാഹാരങ്ങള്‍ കഴിക്കാതിരിക്കുന്നതും ഭാവിയില്‍ കുഞ്ഞിന്റെ പല്ലുകള്‍ കേടാക്കാം. 

മുലയൂട്ടല്‍ നിര്‍ത്താന്‍
കയ്‌പ്പോ, അരുചിയോ ഉള്ള പദാര്‍ത്ഥങ്ങള്‍ പുരട്ടി പാല്‍കുടി നിര്‍ത്തുന്നത് നമ്മുടെ നാട്ടില്‍ സാധാരണമാണ്. എന്നാല്‍ അത്തരത്തിലുള്ള വഴികള്‍ കുഞ്ഞുങ്ങളെ മാനസികമായി ഏറെ ബാധിക്കാം. ഒറ്റയടിക്ക് നിര്‍ത്തിക്കളയാവുന്ന ബന്ധമല്ല മുലയൂട്ടല്‍ എന്നത്. കുഞ്ഞുങ്ങള്‍ക്ക് മാനസികമായും ശാരീരികമായും സുരക്ഷനല്‍കുന്ന ഒന്നില്‍നിന്നുള്ള വിട്ടുപോകല്‍ കൂടിയാണ് അത്. അതുകൊണ്ടുതന്നെ സമയമെടുത്ത് ക്ഷമയോടെ വേണം മുലയൂട്ടല്‍ നിര്‍ത്താന്‍.

അമേരിക്കന്‍ ശിശുരോഗവിദഗ്ധനായ ഡോ. ജെയ് ഗോഡന്റെ (Jay Gordon) നാച്വറല്‍ വീനിങ് മാര്‍ഗങ്ങള്‍ നേരത്തെ മുലയൂട്ടല്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുടരാവുന്നതാണ്. പത്ത് രാത്രി നീളുന്ന ഒരു വീനിങ് പ്ലാനാണ് അത്. കൃത്യമായ ടൈം പീരിഡുകളില്‍ ഇടവിട്ട് മുലയൂട്ടുകയും മുലയൂട്ടല്‍ ഒഴിവാക്കുകയും ചെയ്ത് പടിപടിയായി മുലയൂട്ടല്‍ നിര്‍ത്തുന്ന മാഗമാണ് ഡോക്ടര്‍ ഗോഡന്റേത്.

ചില കുഞ്ഞുങ്ങള്‍ തനിയെ പാലുകുടി നിര്‍ത്താറുണ്ട്. അമ്മയ്‌ക്കോ കുഞ്ഞിനോ ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് മുലയൂട്ടല്‍ നില്‍ക്കുന്നതെങ്കില്‍ അത് സ്വഭാവികമായി കണ്ടാല്‍മതി. ടെന്‍ഷനടിക്കേണ്ട കാര്യമില്ല. 

കടപ്പാട്: സ്വാതി ജഗദീഷ് 
സൈക്കോളജിസ്റ്റ്
ലാക്ടേഷന്‍ കൗണ്‍സിലര്‍