സ്വന്തം ജീവിതം എങ്ങനെ ജീവിക്കണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. എന്ത് സമ്മര്‍ദമുണ്ടായാലും മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് അത് ഡിസൈന്‍ ചെയ്യാമെന്ന് കരുതരുത്. അങ്ങനെ ചെയ്യുന്നത് താത്കാലികമായി സ്വസ്ഥത നല്‍കുമായിരിക്കാം. പക്ഷേ, ദാമ്പത്യത്തെപ്പോലെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു ബന്ധത്തില്‍ അതല്ല സ്ഥിതി. ഒരാള്‍ നിരന്തരമായി കീഴടങ്ങുകയും അങ്ങനെ കീഴടങ്ങുന്നത് താനാണെന്ന് അയാള്‍പോലും തിരിച്ചറിയാതിരിക്കുകയും ചെയ്താല്‍, ദാമ്പത്യമെന്നല്ല ഏത് ബന്ധവും സമ്പൂര്‍ണവിജയമായിരിക്കും.
ദാമ്പത്യത്തിന്റെ കാര്യത്തില്‍ അതിലുള്‍പ്പെട്ടവര്‍ പരസ്പരം പ്രതീക്ഷിക്കുന്നതും അതാണ്. അക്കാര്യം തുറന്നുപറയില്ലെന്നുമാത്രം. പകരം അതിന് സ്‌നേഹമെന്നും ത്യാഗമെന്നും മനസ്സിലാക്കലെന്നും ഒപ്പംനില്‍ക്കലെന്നുമൊക്കെ പേരിടും. പരസ്പരം പറ്റാവുന്നത്ര മായം തിരിയും. നുണകള്‍കൊണ്ട് കൊട്ടാരം പണിയും. തങ്ങള്‍ സംതൃപ്തജീവിതമാണ് നയിക്കുന്നതെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിനൊപ്പം അവരവരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്നതിനാല്‍, ഇതിലൊന്നും പ്രശ്‌നം തോന്നുകയുമില്ല. എന്നാല്‍, പ്രശ്‌നം തോന്നിക്കഴിഞ്ഞാല്‍, പിന്നെ കാര്യങ്ങളത്ര എളുപ്പമല്ല. എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളെയും വിഫലമാക്കിക്കൊണ്ട് ദാമ്പത്യമെന്ന സഖ്യം പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് സ്വയം തിരിച്ചറിയുന്നത് ഏറ്റവും വേദനാജനകമായ അനുഭവമാണ്. അത് മറ്റുള്ളവരെ മനസ്സിലാക്കിക്കൊടുക്കാനാണ് ഏറെപ്പേരും സമയം ചെലവാക്കുക. സത്യത്തില്‍ അവരവര്‍ക്കൊപ്പമിരുന്ന് അവരവരുടെ മുറിവുകളുണക്കേണ്ട സമയമാണത്.
Also Read
എത്ര സ്ഥൈര്യമുള്ളവരായാലും സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും വിലയിടിഞ്ഞുപോയെന്ന തോന്നലില്‍പ്പെട്ട് ഉലഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ലോകത്തെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ആശങ്കകൊണ്ട് പുറംലോകത്തിനുനേരേ നോക്കാന്‍ അധീരരായെന്നുവരും. കുടുംബത്തില്‍നിന്നും സൗഹൃദവലയങ്ങളില്‍നിന്നും കിട്ടുന്ന പിന്തുണ നാമമാത്രമായിരിക്കും. അതൊക്കെയും പലവുരു മനസ്സിലിട്ട് കറക്കി സാഹചര്യങ്ങളെ നേരിടാന്‍ പാകത്തില്‍ സ്വയം പരുവപ്പെടുത്തിയെടുക്കാന്‍ നല്ല അധ്വാനമുണ്ട്. പ്രധാനപ്പെട്ട ഒരു ഘട്ടമാണിത്. മനസ്സ് കലുഷിതമായിരിക്കുന്ന സമയത്ത് എടുക്കുന്ന തീരുമാനങ്ങള്‍ ബുദ്ധിപൂര്‍വമാകണമെന്നില്ല; ദാമ്പത്യം തുടരുന്ന കാര്യത്തിലായാലും അവസാനിപ്പിക്കുന്ന കാര്യത്തിലായാലും ഇതാണ് വസ്തുത.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സമ്മര്‍ദംകൊണ്ട് ദാമ്പത്യം തുടരാന്‍ തീരുമാനിക്കുന്നത് നമ്മുടെ നാട്ടില്‍ സാധാരണമാണ്. വേര്‍പെടാന്‍ തീരുമാനിച്ചവര്‍ അവസാനനിമിഷം ഓടിയടുക്കുന്നത് സിനിമയില്‍ മനോഹരമായിരിക്കും. പക്ഷേ, യഥാര്‍ഥ ജീവിതത്തില്‍ അതല്ല സ്ഥിതി. ഉപേക്ഷിക്കാന്‍ തീരുമാനിച്ച ദാമ്പത്യത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോള്‍ ചില കാര്യങ്ങള്‍ അണ്‍ലേണ്‍ ചെയ്യേണ്ടതായുണ്ട്, ചില വേസ്റ്റ് കൊട്ടകള്‍ തട്ടിയൊഴിക്കേണ്ടതുണ്ട്. ചില സോഫ്റ്റ്വേറുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. പലതും ഒന്നുമുതല്‍ തുടങ്ങേണ്ടതുണ്ട്. അതിന് തയ്യാറെടുക്കാന്‍ മാനസികമായ സുസ്ഥിതി ആവശ്യമാണ്. പലര്‍ക്കും ഇത് സാധിക്കാറില്ല.
'നീ അയാളുടെ കൂടെച്ചെല്ല്', 'നീ ചെന്ന് അവളെ വിളിച്ചുകൊണ്ടുവാ' എന്നൊക്കെ ആരെങ്കിലും നിര്‍ബന്ധിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി പുനഃസ്ഥാപിക്കപ്പെടേണ്ടതല്ല ദാമ്പത്യം. പറഞ്ഞുവന്നത്, അത്തരമൊരു തയ്യാറെടുപ്പിന്റെ ആവശ്യകതപോലും ആര്‍ക്കും മനസ്സിലാവില്ലെന്നാണ്. ഒരു തയ്യാറെടുപ്പുമില്ലാതെ കുടുംബത്തിന്റെ ഇഷ്ടത്തിന് വിവാഹംതന്നെ നടത്തുന്ന സമൂഹമാണല്ലോ നമ്മുടെത്! ചെറിയൊരു മത്സരപ്പരീക്ഷയ്ക്കുവേണ്ടി നാമെടുക്കുന്ന മുന്‍കരുതലുകള്‍ ആലോചിച്ചുനോക്കൂ. വിവാഹത്തിനും ദാമ്പത്യത്തിനും വിവാഹമോചനത്തിനുമൊക്കെ മനുഷ്യര്‍ക്ക് മാനസികവും ശാരീരികവുമായ സന്നദ്ധതവേണം. സമയം വേണം. ഓരോ മനുഷ്യനും അത് വ്യത്യാസപ്പെട്ടിരിക്കും. വേറിട്ടുജീവിച്ചതിനുശേഷം ദാമ്പത്യം തുടരാന്‍ അതിലേറെ അധ്വാനമുണ്ട്. പുറത്തുനില്‍ക്കുന്നവര്‍ കരുതുന്നതുപോലെ, അതത്ര കാല്പനികമല്ല. ഉപേക്ഷിക്കലും തിരിച്ചെടുക്കലുമൊക്കെ പലകുറി നടന്ന ഒരു ദാമ്പത്യത്തില്‍ തുടര്‍ന്ന ആളെന്നനിലയില്‍ അത് പറയാനുള്ള ലൈസന്‍സുണ്ടെന്ന് കൂട്ടിക്കോളൂ! അതെല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല.
കുഞ്ഞുമായി ഞാന്‍ എന്റെ വീട്ടിലേക്കുതന്നെയാണ് വന്നത്. ഭര്‍ത്താവും വന്നെങ്കിലും അദ്ദേഹം മറ്റൊരാളായി മാറിക്കഴിഞ്ഞുവെന്ന് എനിക്ക് തോന്നി. എന്റെ വീട്ടുകാരുമായി സംസാരിക്കുന്നത് അദ്ദേഹം നിര്‍ത്തി. പറയാനുള്ളത് ഹോം നഴ്സിനോട് പറയും. സിസേറിയന്റെ പ്രയാസങ്ങളും ഉറങ്ങാത്ത കുഞ്ഞുമൊക്കെക്കൂടി എന്റെ സൈ്വരം പാടേ നശിച്ചിരുന്നു. രണ്ടുദിവസത്തിനുശേഷം അദ്ദേഹം മടങ്ങിപ്പോയി. ഹോം നഴ്സ് ഒട്ടും സഹായമനസ്ഥിതിയുള്ള ആളായിരുന്നില്ല. അവര്‍ രാത്രി എന്റെ മുറിയില്‍ കിടക്കാന്‍ വിസമ്മതിച്ചു. പകല്‍ പത്തുമണിക്ക് കുളിച്ചാല്‍, പിന്നെ കുഞ്ഞിന്റെ തുണി കഴുകില്ലെന്നായി. രാത്രി കുഞ്ഞ് കരഞ്ഞാല്‍ അവര്‍ വരില്ല. കുഞ്ഞുമായി പാതിരാത്രിക്ക് ഹാളില്‍ തലങ്ങും വിലങ്ങും നടക്കലായിരുന്നു എന്റെ പ്രസവരക്ഷയിലെ പ്രധാനയിനം.
വീട്ടുകാര്‍ക്ക് എന്നോടുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായതുമില്ല. എന്ത് പറഞ്ഞാലും അത് വഴക്കില്‍ കലാശിക്കും. പ്രസവത്തെത്തുടര്‍ന്നുണ്ടായ വിഷാദം കാര്യങ്ങള്‍ വഷളാക്കുകയാണെന്ന് തോന്നിയതോടെ, കഴിവതും ആരോടും സംസാരിക്കാതെ കഴിച്ചുകൂട്ടി. പിടിവിട്ടുപോകാതെ മാനേജ് ചെയ്‌തേ പറ്റൂ എന്ന് ഞാന്‍ സ്വയം ശാസിച്ചു. ഒന്നല്ല, രണ്ട് കുഞ്ഞുങ്ങളാണ്. ഇങ്ങനെ അനിശ്ചിതത്വം നിറഞ്ഞ ഒരു ദാമ്പത്യത്തില്‍നിന്ന് ഇനിയെന്ത് പ്രതീക്ഷിക്കാനാണ്? പക്ഷേ, കുഞ്ഞുങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍നിന്ന് എനിക്കൊഴിയാനാവില്ല. അവരെ വളര്‍ത്തുകയെന്ന ലക്ഷ്യമുണ്ട് എന്റെ മുന്നില്‍. 
കുട്ടികളുടെ മുഖം കാണുമ്പോള്‍ അമ്മമാര്‍ക്ക് താനേ വരുന്ന ഒരു ബലമാണ് അപ്പോള്‍ രക്ഷയ്‌ക്കെത്തിയതെന്ന് ഞാന്‍ കരുതുന്നു. എട്ടുവര്‍ഷത്തെ സഹജീവിതം ഞാനൊന്ന് മറിച്ചുനോക്കി. പ്രതീക്ഷവയ്ക്കാന്‍ വല്ലതുമുണ്ടോ ബാക്കി? ചിരിച്ചതിലേറെ കരഞ്ഞു, സ്‌നേഹമാണെന്ന് തോന്നിച്ചതൊന്നും അതായിരുന്നില്ല, അഭിമാനത്തിന്റെ തരിപോലും ശേഷിച്ചിട്ടില്ല, നീക്കിവയ്പുകളുമില്ല... ഈ സഖ്യം പരാജയമാണ്. എല്ലാ അര്‍ഥത്തിലും നഷ്ടമാണെന്ന് ഒരുപക്ഷേ അദ്ദേഹത്തിനും തോന്നിയിട്ടുണ്ടാവാം. എല്ലാ കാര്യത്തിലും ലാഭനഷ്ടങ്ങള്‍ നോക്കുന്ന വ്യക്തിയെന്ന നിലയില്‍ അത് സ്വാഭാവികമാണല്ലോ.
പക്ഷേ, അതിനെക്കാളൊക്കെ വേദനിപ്പിച്ചത് സ്വന്തം വീട് എനിക്ക് നഷ്ടമായതാണ്. വിവാഹത്തോടെ ഞാനിരുന്ന ചില്ലയാണ് മുറിഞ്ഞുവീണത്. ഞങ്ങള്‍ നാലുപേര്‍മാത്രമുണ്ടായിരുന്ന കുഞ്ഞുലോകം വലുതാകുന്നതിന് പകരം ഞാന്‍ അവിടെനിന്ന് എന്നേക്കുമായി ഭ്രഷ്ടയായി. 'എന്ത് കുറ്റത്തിന്' എന്ന് എന്റെ മനസ്സ് ഭ്രാന്തമായി പിടഞ്ഞുകൊണ്ടിരുന്നു. നല്ല ഭാര്യയാവുന്നതില്‍ പരാജയപ്പെട്ടുവെന്നതിന്റെ ശിക്ഷയാണോ, നല്ല ഭാര്യയാവാന്‍ ശ്രമിച്ചപ്പോള്‍ നല്ല സഹോദരിയും നല്ല മകളുമാകുന്നതില്‍ പരാജയപ്പെട്ടതിന്റെ ശിക്ഷയാണോ എന്ന് തിരിച്ചും മറിച്ചും ആലോചിച്ചു. ഏതോ ഒരു ബന്ധം ടോക്‌സിക്കാണ്. ഇതുവരെയുള്ള സംഭവങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അത് ദാമ്പത്യമാണ്. അങ്ങനെയൊന്ന് തുടരാതിരിക്കുന്നതാണ് ഭാവിക്ക് നല്ലത്. പക്ഷേ, ഉപേക്ഷിക്കേണ്ടത് എന്റെ കുട്ടികളുടെ അച്ഛനെയാണ്. സത്യത്തില്‍ ഇതൊരു വിഷമവൃത്തമാണ്. നല്ലൊരുശതമാനം മനുഷ്യര്‍ ജീവിതത്തില്‍ ഏതെങ്കിലുമൊക്കെ സമയങ്ങളില്‍ ഇത്തരം അവസ്ഥകളില്‍ പെട്ടിട്ടുണ്ടാവും.
നാം നേരത്തേ പറഞ്ഞല്ലോ, ദാമ്പത്യം പരാജയമാണെന്ന് സ്വയം തിരിച്ചറിയാന്‍ പ്രയാസമാണ്. തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, അതുള്‍ക്കൊള്ളാനും ആ അറിവുണ്ടാക്കുന്ന പരിക്കുകളെ അതിജീവിക്കാനും അതിലേറെ പാടുപെടേണ്ടിവരും. പക്ഷേ, നമ്മുടെ സഖ്യം പരാജയമാണെന്ന് ഒപ്പമുള്ളയാളെ ബോധ്യപ്പെടുത്തുന്നത് ഏറക്കുറെ അസാധ്യംതന്നെയാണ്. ഒരിക്കലും പങ്കാളി അതംഗീകരിക്കില്ല. നൂറുനൂറ് കാരണങ്ങള്‍ നിലവിലുണ്ടെന്ന് അവരവര്‍ക്കറിയാമെങ്കിലും അതൊന്നും ദാമ്പത്യമൊഴിവാക്കാന്‍ പര്യാപ്തമാണെന്ന് സമ്മതിച്ചുതരില്ല. ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് ഇതരബന്ധങ്ങളുണ്ടായതിനാലാണ് ഇത്തരമൊരു പ്രശ്‌നം ഇപ്പോള്‍ പൊങ്ങിവന്നതെന്ന വ്യാഖ്യാനമാണുണ്ടാവുക. കുടുംബവും നീതിന്യായസംവിധാനങ്ങളുമുള്‍പ്പെടുന്ന സമൂഹത്തിനും അത് വിശ്വസിക്കാനാണ് ഇഷ്ടമുണ്ടാവുക. വേര്‍പെടാന്‍ തീരുമാനിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു തീവളയമാണ്.
ഗര്‍ഭകാലത്ത് നിരന്തരം ഫോണിലൂടെ അനുഭവിച്ചിരുന്ന പാതിരാത്തെറി ഒരിടവേളയ്ക്കുശേഷം പുനരാരംഭിച്ചു. രാത്രിയില്‍ വല്ലവിധേനയും കുഞ്ഞിനെ ഉറക്കി ഒന്നു കണ്ണടയ്ക്കുമ്പോള്‍ വരുന്ന ഫോണ്‍ കോള്‍ മാരകമായ ശല്യമായിരുന്നു. ഫോണ്‍ കട്ടുചെയ്താല്‍ വീണ്ടും വിളി. വയറ്റിലെ മുറിവുകാരണം എഴുന്നേറ്റിരുന്ന് കുഞ്ഞിന് പാലുകൊടുക്കുകയും അതിനെ കിടത്തി വീണ്ടും കിടക്കുകയുമൊക്കെ ചെയ്യുന്ന സമയം നല്ല വേദനയാണ്. ഫോണ്‍ ഓഫ് ചെയ്യലല്ലാതെ ഗതിയില്ല. അങ്ങനെ ചെയ്തതോടെ പാതിരാത്രിക്ക് ലാന്‍ഡ് ഫോണിലായി വിളി. നേരത്തേതന്നെ മൊത്തം അഭിമാനവും കപ്പലുകയറിയ എനിക്ക് പുതുതായി എന്തു നാണക്കേട്.
പക്ഷേ, സംഭവം പൊതുശല്യമായതോടെ വീട്ടിലത് പ്രശ്‌നമായി. ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ ഒരു ഇടതുനേതാവിനെ അച്ഛന്‍ നേരിട്ടുപോയി കാണുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഭര്‍തൃകുടുംബത്തോട് പലതവണ പറഞ്ഞിട്ടും ഫലമുണ്ടായിരുന്നില്ലല്ലോ. എന്തായാലും ഉപദ്രവിക്കരുതെന്ന് നേതാവ് ഉപദേശിച്ചിരിക്കണം. വിളിനിന്നു. വീണ്ടും ഞാന്‍ സ്വസ്ഥതയനുഭവിച്ചു. അച്ഛനില്ലാത്ത രണ്ടുകുട്ടികളെ വളര്‍ത്തുകയാണെന്ന് സങ്കല്പിച്ചു. അതെനിക്ക് ഒരാഘാതവുമുണ്ടാക്കിയില്ല. സൈ്വരവും സമാധാനവുമാണ് മനുഷ്യര്‍ക്കുവേണ്ടത്, ഇതുരണ്ടും സ്വപ്‌നം കാണാന്‍പോലും പറ്റാത്തവിധം കലുഷിതമായ ദാമ്പത്യമല്ല.
പതിയെ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. കുഞ്ഞ് കമിഴ്ന്നുവീഴുകയും മുട്ടിലിഴയുകയും ചെയ്തു. പാതിവഴിക്ക് നിന്നുപോയ ഗവേഷണത്തെപ്പറ്റി ഞാന്‍ വീണ്ടും ഓര്‍ത്തു. പുസ്തകങ്ങള്‍ പൊടിതട്ടിയെടുത്തു. മടിച്ചുമടിച്ചാണെങ്കിലും മാലതി ടീച്ചറെ വിളിച്ചു.
''ഗര്‍ഭപ്രസവാദി പീഡയൊക്കെ ഒഴിഞ്ഞ സ്ഥിതിക്ക് ഇനി ചെയ്യാലോ,'' ടീച്ചര്‍ ശാന്തസ്വരത്തില്‍ പറഞ്ഞു.
എന്റെ മുന്നില്‍ ലക്ഷ്യങ്ങളുണ്ടായി. പിഎച്ച്.ഡി. വേണം, പണ്ട് നിര്‍ത്തിയിടത്തുനിന്ന് വീണ്ടും എഴുതിത്തുടങ്ങണം, മോളെ സ്‌കൂളില്‍ ചേര്‍ക്കണം, സന്തോഷത്തോടെ ജോലിചെയ്യണം, അഭിമാനത്തോടെ ജീവിക്കണം. ഇതിനൊക്കെ തടസ്സമാകുന്നതെന്തായാലും അതിനെ മാറ്റിനിര്‍ത്തുകയാണ്, ഞാന്‍ മാറിനില്‍ക്കുകയല്ല വേണ്ടത്.
സുഹൃത്തുക്കളേ, ജീവിതം നീളത്തിലും വട്ടത്തിലുമൊക്കെയുള്ള യാത്രയാണ്. വിട്ടുപോന്നിടത്തൊക്കെ വീണ്ടും ചവിട്ടിപ്പോകേണ്ടിവരും. പ്രത്യേകിച്ച് ദാമ്പത്യം. ഒത്തുതീര്‍പ്പ് എന്ന വാക്ക് കണ്ടുപിടിച്ചിരിക്കുന്നതുതന്നെ ദാമ്പത്യത്തെ നിലനിര്‍ത്താനാണ്. സഹോദരന്റെ ദാമ്പത്യം നിലനിര്‍ത്താനുള്ള യജ്ഞവുമായി സഹോദരിയും ഭര്‍ത്താവും ഇടപെടുന്നു, ഇനിമേലില്‍ ഒരുപ്രശ്‌നവുമുണ്ടാവില്ലെന്ന് ഉറപ്പുതരുന്നു, ഭാര്യയോടും മക്കളോടുമുള്ള സ്‌നേഹത്തിന്റെ സാക്ഷ്യങ്ങള്‍ വരുന്നു. ഒക്കെ മംഗളമാകുന്നു. ഒരു വ്യവസ്ഥകൂടിയുണ്ട്: എറണാകുളത്തേക്ക് ട്രാന്‍സ്ഫര്‍ വാങ്ങണം, അങ്ങോട്ട് താമസം മാറണം. മോളെ അവിടെ ചേര്‍ക്കണം. കുഞ്ഞിനെ ക്രഷിലാക്കാം, അല്ലെങ്കില്‍ നോക്കാന്‍ ആളെവെയ്ക്കാം.
ഇത്തവണ എനിക്ക് തിരിച്ച് ഒരു വ്യവസ്ഥയുണ്ടായിരുന്നു. ഇതൊക്കെയാവാം, പക്ഷേ, ഇനി എന്നോട് അന്തസ്സില്ലാതെയും സ്‌നേഹരഹിതമായും പെരുമാറരുത്. അത് അംഗീകരിക്കപ്പെട്ടു. ഒരര്‍ഥത്തിലുള്ള നല്ലനടപ്പ്. ഭര്‍ത്താവ് വീണ്ടും വീട്ടിലെത്തി. സ്‌നേഹമുള്ള മരുമകനായി. രണ്ടുകുഞ്ഞുങ്ങളുമായി ഇരിക്കുന്ന അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഞാന്‍ അന്ന് എടുത്തിരുന്നു. അതിലും ഭംഗിയുള്ള ഒരു ഫോട്ടോ പിന്നീടെനിക്ക് എടുക്കാനായിട്ടില്ലെന്ന് സ്‌നേഹത്തോടെ ഓര്‍ക്കുന്നു.
തുടര്‍ന്നുള്ള മാസങ്ങള്‍ പ്രശ്‌നരഹിതമായി നീങ്ങി. എറിഞ്ഞുകളയാനൊരുങ്ങിയ ജീവിതത്തിന് പ്രത്യേക സൗന്ദര്യമുണ്ടെന്ന് ഞാന്‍ ലജ്ജയോടെ തിരിച്ചറിഞ്ഞു. പ്രസവാവധി കഴിഞ്ഞ് ബ്രണ്ണനില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. വരുന്ന ജൂണില്‍ ഞാന്‍ എറണാകുളത്തേക്ക് പോവുകയാണെന്ന് സുഹൃത്തുക്കളോടു പറഞ്ഞു. മറ്റൊരുജീവിതം സാധ്യമായാലോ... എറണാകുളത്ത് മോള്‍ക്ക് അഡ്മിഷന്‍ ശരിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം എന്നെവിളിച്ച് പറഞ്ഞു.
താമസസ്ഥലം അന്വേഷിക്കുന്നു. ഞങ്ങള്‍ മാത്രം ചേര്‍ത്തലയില്‍ താമസിച്ച കാലത്തെ ദുരനുഭവങ്ങള്‍ ഓര്‍ത്തെങ്കിലും, അവ മനഃപൂര്‍വം മറക്കാന്‍ ഞാന്‍ തീരുമാനിച്ചു. സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ച ദിവസംതന്നെ എറണാകുളത്തേക്ക് അപേക്ഷിക്കുകയുംചെയ്തു. വിവരം അദ്ദേഹത്തെ അറിയിച്ചു. ജീവിതത്തിന് ഒരു പ്രത്യേകതയുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി ജോലികിട്ടി, കല്യാണം കഴിച്ചു, ഒന്നിച്ചുതാമസിക്കാന്‍ പാകത്തില്‍ ഗവണ്‍മെന്റ് നിയമനം കിട്ടി, ട്രാന്‍സ്ഫര്‍ കിട്ടി, വീടുവെച്ചു, കുട്ടിയുണ്ടായി. ഇതൊക്കെയാണല്ലോ ശരാശരി മലയാളിയുടെ പ്രോഗ്രസ് കാര്‍ഡിലെ മാര്‍ക്കുകള്‍!
ഒരു ചക്രം വിജയകരമായി പൂര്‍ത്തിയായി എന്നുതന്നെ കരുതിയതാണ്. ഇതൊക്കെക്കഴിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് അടുത്തഘട്ടത്തിലേക്ക് ഞാന്‍ എടുത്തെറിയപ്പെട്ടത്. സത്യത്തില്‍ ജീവിതത്തിലെ ഒരുഘട്ടത്തിലും നാം സെറ്റിലാവുന്നതേയില്ല. കാര്യങ്ങള്‍ മറ്റൊരുവഴിക്കായിരുന്നു.
മനുഷ്യനൊന്നു നിശ്ചയിക്കും, മറ്റൊന്നവനു വന്നിടും
മതി സീതേ,യലങ്കാര,മഭിഷേകം നടന്നിടാ...
Content Highlights: writer r rajasree column
Published: 21 Jul 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented