അമ്മയെ 'നീ കിടക്കുകയാണോടീ' എന്നുചോദിച്ച് കിടക്കയിൽനിന്നു വലിച്ചിട്ടു തല്ലിയെന്ന് അവർ പറഞ്ഞു
ആർ.രാജശ്രീ
Last Updated: 18 March 2025, 10:30 AM IST
വര: ഉള്ള്യേരിക്കാരൻ
പ്രിയപ്പെട്ട സുഹൃത്തുക്കളേ, ചില മനുഷ്യർ ഒരിക്കലും അഴിച്ചുതീരാത്ത ചില വള്ളിക്കെട്ടുകളിൽ കുടുങ്ങിപ്പോകാറുണ്ട്. ഒരറ്റത്തുനിന്ന് അഴിച്ചുവരുമ്പോൾ മറ്റേയറ്റം കുടുങ്ങും. കുറേത്തവണയാകുമ്പോൾ ഇനി അഴിക്കാൻ ശ്രമിക്കേണ്ടെന്ന് അവർ തീരുമാനിക്കാൻ സാധ്യതയുണ്ട്. പുറത്തുനിന്നു നോക്കുന്നവർക്ക് കെട്ടഴിക്കലൊക്കെ വളരെ എളുപ്പമായിത്തോന്നും. എത്രയോ അവസരങ്ങളുണ്ടായിട്ടും എന്തുകൊണ്ട് പുറത്തുവന്നില്ല എന്നുചോദിക്കാൻ തോന്നും. അങ്ങനെ ചോദിക്കുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എത്ര അടുത്തവരായാലും അവർ നമ്മെ കാണുന്നത് എത്രയോ അകലെനിന്നാണ്; അവർക്കറിയാത്ത ഭാഷയിലും രീതിയിലുമുള്ള ഒരു ജീവിതത്തെ വിധിക്കാൻ ശ്രമിച്ച് അവരാണ് തോൽക്കുന്നത്. എങ്കിലും ചില വാക്കുകളേൽപ്പിക്കുന്ന മുറിവുകൾ ഉണങ്ങുകയില്ല.
To advertise here,
അത്രയ്ക്ക് മോശമായിരുന്നെങ്കിൽ എന്തുകൊണ്ട് ഇയാളെ ആദ്യമേ ഉപേക്ഷിച്ചില്ല എന്ന് പിൽക്കാലത്ത് ഒരു വിചാരണായോഗത്തിൽ ഭർതൃസഹോദരിയുടെ ഭർത്താവ് ചോദിക്കുകയുണ്ടായി. നേരത്തേതന്നെ ഈ വിവാഹബന്ധം വേണ്ട എന്ന നിലപാടെടുത്തിരുന്നുവെന്ന് ഞാൻ ഓർമ്മിപ്പിച്ചു. ആദ്യഘട്ടങ്ങളിലൊക്കെയും അളിയനുവേണ്ടി ഇടപെട്ടിരുന്നത് ഇദ്ദേഹംതന്നെയാണുതാനും. എല്ലാ ദാമ്പത്യങ്ങളിലും ഇതൊക്കെ പതിവാണ്, ഇനി ആവർത്തിക്കില്ല, ഇത്തവണത്തേക്ക് മാപ്പുകൊടുക്കണം എന്നതുതന്നെയായിരുന്നു എക്കാലവും പറഞ്ഞിരുന്ന ന്യായം. ഞാനത് ഓർമ്മിപ്പിച്ചു.
പക്ഷേ, അത് ചെവിക്കൊള്ളാത്തമട്ടിൽ അയാൾ പുലമ്പിയത്, ''കൊള്ളില്ല എന്നുകണ്ടപ്പോൾ ഉപേക്ഷിക്കാൻ പാടില്ലായിരുന്നോ? അപ്പോൾ ആദായമുണ്ടായിരുന്നു, അതുകൊണ്ടാണ്'' എന്നാണ്. ജീവിതത്തിലൊരിക്കലും ക്ഷമിക്കാൻ സാധിക്കാത്തവിധം ആ വാക്യവും ആദായം എന്ന വാക്കും അയാളുടെ അപ്പോഴത്തെ ശരീരഭാഷയും ഓർമ്മയിൽ തറഞ്ഞുകിടക്കുന്നു. മനുഷ്യർതമ്മിലുള്ള ബന്ധങ്ങളെ ആദായത്തിന്റെ അടിസ്ഥാനത്തിൽ കാണാൻ മിടുക്കുള്ള മനുഷ്യരുണ്ടാവും. അവരതിൽ ഉൾപ്പെട്ടതുകൊണ്ടാവാം അങ്ങനെ ചിന്തിക്കാൻ സാധിച്ചത്. ഇനി, അയാളുടെ ആദായസിദ്ധാന്തം സ്വീകരിച്ചാലും ഈ ബന്ധത്തിൽ ആദായമെടുക്കപ്പെട്ടതത്രയും എന്നിൽനിന്നാണല്ലോ! ഹ്രസ്വമെങ്കിലും സഹജീവിതകാലത്ത് ഞാനത് ഒരുപാടനുഭവിച്ചതുമാണല്ലോ!
അവർ സ്വക്ഷേത്രബലവാന്മാരായിരുന്ന ആ സഭയിൽ എന്റെ ഭാഗം പറയാൻ അച്ഛനും ഞാനുമാണ് ഉണ്ടായിരുന്നത്. അവരും ചില ബന്ധുക്കളും രാഷ്ട്രീയപ്രവർത്തകരുമുണ്ടായിരുന്നു. അന്നത്തേതുപോലെ അപമാനകരമായൊരനുഭവം മറ്റൊരിടത്തുനിന്നും എനിക്കുണ്ടായിട്ടില്ല. എന്തുസമ്മർദം ആരിൽനിന്നുണ്ടായാലും അത്തരത്തിൽ വിചാരണയ്ക്ക് നിന്നുകൊടുക്കരുതെന്നാണ് നിങ്ങളോടെനിക്ക് അപേക്ഷിക്കാനുള്ളത്. പിന്നീടൊരിക്കലും കൂട്ടിയൊട്ടിക്കാൻ കഴിയാത്തവണ്ണം നിങ്ങളുടെ അന്തസ്സ് തകർന്നുപോയേക്കും. വിവാഹബന്ധവുമായി ബന്ധപ്പെട്ടുനടക്കുന്ന ഘാപ് പഞ്ചായത്തുകളിൽ സ്ത്രീയുടെ അന്തസ്സ് ഒരു ഘടകമേയല്ല എന്ന ഓർമ്മയോടെവേണം അവിടങ്ങളിൽ ചെന്നു നിൽക്കാൻ.
എന്തായാലും ആ സമയത്ത് അയാളുടെ സിദ്ധാന്തം കേട്ടിരുന്ന രാഷ്ട്രീയനേതാക്കളിലൊരാൾ ഇടപെട്ട്, ''അങ്ങനെയൊന്നുമല്ല, ഈ ബന്ധം വേണ്ടെന്ന് അവർ പലതവണ ഞങ്ങളോടടക്കം പറഞ്ഞിട്ടുള്ളതാണ്'' എന്ന് പ്രസ്താവിച്ചതുമാത്രമാണ് അന്നത്തെ ഇരുട്ടിലുണ്ടായ ഒരേയൊരു വെള്ളിരേഖ. ചുരുക്കത്തിൽ നാം പറഞ്ഞുവന്നതിതാണ്: ആരുടെ കാര്യത്തിലായാലും, വിവാഹബന്ധം നിലനിർത്തിക്കാൻ ശയനപ്രദക്ഷിണം നടത്താൻ തയ്യാറാവുന്നവർപോലും, കാര്യങ്ങൾ മറ്റൊരുവിധത്തിലാവുമ്പോൾ, അവ തങ്ങൾക്കെതിരായി വരുമ്പോൾ വിശ്വരൂപം കാണിക്കുന്നതുകാണാം. അതൊരു സാമാന്യമായ വസ്തുതയാണ്. എല്ലാ വിവാഹമോചനങ്ങളും തങ്ങളുടെതല്ലാത്ത കാരണത്താൽ നടക്കുന്ന ഒരു നാട്ടിൽ പ്രത്യേകിച്ചും!
പ്രശ്‌നങ്ങൾ മുറുകിക്കൊണ്ടിരുന്നു. എങ്കിലും കുടുംബത്തിന്റെ കാര്യത്തിൽ നേരത്തേയെടുത്ത തീരുമാനങ്ങളിൽ മാറ്റമുണ്ടായില്ല. കോഴിക്കോട്ടേക്കുള്ള പറിച്ചുനടൽ മാത്രമാണ് താത്കാലികമായെങ്കിലുള്ള പരിഹാരം. ഏറ്റവും ദുർബലമായ അത്തരമൊരു പിടിവള്ളിയിൽ ഇരുകൂട്ടരും പ്രതീക്ഷയർപ്പിച്ചിരിക്കവേ ട്രാൻസ്ഫർ വന്നു. തിരിച്ച് കണ്ണൂരേക്ക്! അതോടെ പദ്ധതികൾ ചുരുട്ടിക്കെട്ടി പരണത്തുവച്ച് കോഴിക്കോട് വിടേണ്ടിവന്നു. നോവുകളുടെയും അപമാനങ്ങളുടെയും മുറിവുകൾ സൗഹൃദംകൊണ്ട് തണുപ്പിച്ച ചെറിയൊരു കാലയളവായിരുന്നു അത്. നേരത്തേ സൂചിപ്പിച്ചതുപോലെ, തുടർന്നുള്ള ജീവിതത്തെ നേരിടാനുള്ള ബലം തന്നത് ആ കോഴിക്കോട് കാലമാണ്.
കണ്ണൂരിൽ ഇത്തവണ പക്ഷേ, കാത്തിരുന്നത് കുറേക്കൂടി കയ്പുള്ള അനുഭവങ്ങളായിരുന്നു. തൊഴിലിടത്തിലും കുടുംബത്തിലും ഒരേപോലെ തിരിച്ചടികൾമാത്രമുണ്ടായ സമയം. ഭർത്താവിന്റെ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് ഏറ്റവുമടുത്ത സുഹൃത്തിനെ സ്ഥലംമാറ്റിയെന്ന ആരോപണമായിരുന്നു അതിൽ ഏറ്റവും ദുസ്സഹം. എത്ര നിഷേധിച്ചിട്ടും ഫലമുണ്ടായില്ല. വിവാഹജീവിതം നിലനിർത്താൻ കോഴിക്കോട്ടേക്കു താമസം മാറ്റാൻ തീരുമാനിച്ചിരുന്ന ഞങ്ങൾ അത്തരമൊരു നീക്കത്തിനു മുതിരേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ, എത്രപേരോട് വിശദീകരിക്കാൻ സാധിക്കും? എവിടംമുതൽ വിശദീകരിക്കും? സ്ഥലംമാറ്റംചെയ്യപ്പെട്ട സുഹൃത്ത് നിയമനടപടികൾക്കൊരുങ്ങിയപ്പോൾ സ്വാഭാവികമായും മറ്റൊരു പ്രശ്‌നംകൂടി വന്നു. നിയമപ്രകാരം എനിക്ക് എന്റെ ഹോംസ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടേണ്ടതാണ്.
പക്ഷേ, അവിടെ ഒഴിവില്ലാത്ത സാഹചര്യത്തിൽ, അവർ കേസ് ജയിക്കുകയാണെങ്കിൽ ഞാൻ ഇനിയും ദൂരേക്ക് മാറ്റപ്പെടും. അതുകൊണ്ട് ഹോംസ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടാനായി സ്വന്തം നിലയ്ക്ക് കോടതിയെ സമീപിക്കുന്നതാണ് നല്ലത്. അതിനൊരു വക്കീൽ വേണം. അതിനാവശ്യമായ കാര്യങ്ങൾ ചെയ്യണം. ഭർത്താവിന്റെ ഭാഗത്തുനിന്ന് അതിനൊന്നുമുള്ള സഹായങ്ങൾ ലഭിക്കുമെന്ന ഒരുപ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം അതൊക്കെയും താത്പര്യത്തോടെ ഏറ്റെടുത്തു. ഒരു പ്രതിസന്ധി വരുമ്പോൾ സഹായിക്കാൻ താനേ ഉണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തായ വക്കീലുണ്ട്. മിടുക്കനാണ്. അയാളോട് സംസാരിക്കാം. എന്തായാലും അദ്ദേഹം വാക്കുപാലിച്ചു. വക്കീൽ ഇക്കാര്യം ഏറ്റുവെന്നുപറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ വക്കീലിന്റെ നമ്പർ തന്നു. കാര്യങ്ങൾക്ക് തീരുമാനമാകാൻ അഞ്ചാറുമാസമെങ്കിലും സമയമെടുക്കുമെന്ന് വക്കീൽ പറഞ്ഞതായി അദ്ദേഹം അറിയിച്ചു. അക്കാര്യങ്ങൾ അങ്ങനെ കഴിഞ്ഞു. അപ്പോഴും എന്റെ പേരിലുള്ള ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. അന്നുമിന്നും കൂടെയുള്ള ഒന്നോ രണ്ടോ സുഹൃത്തുക്കൾ മാത്രമാണ് എന്നെ വിശ്വസിച്ചിരുന്നതെന്ന് ഓർക്കുന്നു.
തൊഴിലിടത്തിലും സൗഹൃദവലയങ്ങളിലും സംഘടനാബന്ധങ്ങളിലുമുണ്ടാകുന്ന ഉലച്ചിലുകൾ പുരുഷനെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരിക്കും. അവ ആരോഗ്യകരമായി പരിഹരിക്കേണ്ടവയാണെന്ന കാര്യത്തിൽ അയാൾക്കും ചുറ്റുമുള്ളവർക്കും സംശയമുണ്ടാവില്ല. പക്ഷേ, ഒരു സ്ത്രീയുടെ കാര്യത്തിൽ സംഗതികൾ തിരിച്ചാണ്. അവളുടെ തൊഴിൽ ശമ്പളത്തിനുവേണ്ടിയുള്ളതാണ്; സൗഹൃദങ്ങൾ അനാവശ്യമാണ്; സംഘടനാംഗത്വവും രാഷ്ട്രീയനിലപാടുകളും പരിഹാസ്യമോ അവഗണിക്കപ്പെടേണ്ടവയോ ആണ്. അതുകൊണ്ടുതന്നെ ചുറ്റും നടക്കുന്ന കോലാഹലങ്ങൾ എന്നെ എപ്രകാരമാണ് ബാധിക്കുന്നതെന്ന് ആരും തിരിച്ചറിഞ്ഞില്ല. ഒന്നും സംഭവിക്കുന്നില്ലെന്ന് സ്വയം സമാധാനിപ്പിക്കുന്നതിനും ഒരു പരിധിയുണ്ട്. ഒരുഘട്ടം കഴിഞ്ഞാൽ മനസ്സ് അതംഗീകരിച്ചുതരില്ല. ഇല്ല, പ്രശ്‌നമുണ്ട് എന്ന് അത് കുതറിത്തുടങ്ങും; ഏതുമാർഗത്തിലാണ് സ്വസ്ഥത കിട്ടുകയെന്ന് അന്വേഷിച്ചുതുടങ്ങും.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നടക്കുന്ന സമയത്ത് ഞങ്ങൾ തമ്മിലുള്ള പ്രത്യക്ഷസമരങ്ങളുടെ ആവൃത്തിയും തീവ്രതയും കുറഞ്ഞിരുന്നു. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹം തോന്നുന്നത് ആ സമയത്താണ്. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയ്ക്കുപോകാനുള്ള അവസരം കിട്ടിയപ്പോൾ അത് ഉപയോഗിക്കാൻതന്നെ തീരുമാനിച്ചു. ഭർത്താവിൽനിന്ന് അതു മറച്ചുവച്ചതുമില്ല. തായ്ലൻഡിൽ പോകാമെങ്കിൽ ഗോവ അത്ര വലിയ വെല്ലുവിളിയല്ലല്ലോ. അദ്ദേഹത്തിന് സിനിമയോ സാഹിത്യമോ യാത്രയോ താത്പര്യമുള്ള മേഖലകളല്ല. കുടുംബത്തിലെ സ്ത്രീകൾക്ക് യോജിച്ചതാണവയെന്ന അഭിപ്രായവുമില്ല. എങ്കിലും അദ്ദേഹം എതിർത്തില്ല. പക്ഷേ, യാത്രാദിവസമായ രണ്ടാം ശനിയാഴ്ച രാവിലേ പതിവുപോലെ അദ്ദേഹം ചേർത്തലയിൽനിന്ന് കണ്ണൂരിലെ വീട്ടിലേക്കെത്തി. എനിക്ക് യാത്രയുള്ളതുകാരണം അക്കുറി വരില്ലെന്നു പറഞ്ഞിരുന്നതാണ്. മറന്നുപോയതാവുമോ? അന്നുരാത്രിയാണ് എനിക്ക് ഗോവയ്ക്കു പോകേണ്ടതെന്ന് ഞാൻ ഓർമ്മിപ്പിച്ചു. ഞാൻ യാത്രക്കാര്യം പറഞ്ഞതും അദ്ദേഹം എതിർക്കാതിരുന്നതുമൊക്കെ തമാശ മാത്രമായി കണ്ടാൽമതിയെന്നു മറുപടികിട്ടി. എന്താണുചെയ്യേണ്ടതെന്ന രൂപമില്ലാതെ ഞാൻ പുകഞ്ഞു. ബാഗ് തയ്യാറാക്കിവച്ചിട്ടുണ്ട്. ഒരുക്കങ്ങളൊക്കെ കഴിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളോട് കണ്ണൂരിൽനിന്ന് ഞാൻ കയറുമെന്നു പറഞ്ഞു. അവർ കാത്തുനിൽക്കും.
കളിയാക്കിയതിന്, ചോക്കലേറ്റ് കിട്ടാത്തതിന്, ഭക്ഷണം വിളമ്പിയപ്പോൾ ഒഴിഞ്ഞുപോയതിന്, സിനിമയ്ക്ക്-യാത്രയ്ക്ക് കൊണ്ടുപോകാത്തതിന്, സീരിയൽ കാണാനനുവദിക്കാത്തതിന് ആത്മഹത്യചെയ്ത സ്ത്രീകളെക്കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ അവരുടെ ചെയ്തിയിലെ ബാലിശത്വത്തെക്കുറിച്ച് ചിലരെങ്കിലും ആക്ഷേപിച്ചിരിക്കാം. പക്ഷേ, നിസ്സഹായതയുടെയും അപമാനത്തിന്റെയും ഏറ്റവും നിന്ദ്യമായ പടിയിലാണ് സ്വന്തം നിലയെന്നു തോന്നിയതിനാലാവും അവരതു ചെയ്തിരിക്കുകയെന്ന് എത്രപേർക്കു തോന്നുമെന്ന് എനിക്കറിയില്ല. ചവിട്ടിയമർത്തിയ മാരകമായ ട്രോമകളെ ട്രിഗർ ചെയ്യാൻ ചെറിയൊരു സംഭവമോ വാക്കോ പ്രവൃത്തിയോ മതിയെന്നതാണു സത്യം. ആ നിമിഷം പെട്ടെന്നുണ്ടായ ഒരു തോന്നലിൽ ഞാൻ വാതിലിൽ തലയിട്ടടിച്ചു. എന്തായാലും പോകുമെന്നു പറഞ്ഞു. അതിന്റെ പേരിൽ എന്തുസംഭവിച്ചാലും സാരമില്ല. ചില തീരുമാനങ്ങൾ അങ്ങനെയാണുണ്ടാവുക. ചിലതു നേരിടാനുള്ള ധൈര്യവും അങ്ങനെതന്നെ.
എന്തായാലും മുറിഞ്ഞ നെറ്റിയുമായി വൈകിയെങ്കിലും ഞാൻ സ്റ്റേഷനിലേക്ക് ഓടിയെത്തി. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറിപ്പറ്റി. അപ്പോൾ അങ്ങനെയൊരു യാത്ര സാധ്യമായിരുന്നില്ലെങ്കിൽ ഞാൻ അനുഭവിക്കാനിടയുണ്ടായിരുന്ന ആത്മനിന്ദയെക്കുറിച്ചാലോചിക്കുമ്പോൾ ഇപ്പോഴും നടുക്കമുണ്ടാകാറുണ്ട്. അത്തരം ആത്മനിന്ദയിലാഴ്ന്നുകിടന്ന് ജീവിതം തള്ളിനീക്കുന്ന സ്ത്രീകൾ എനിക്കുചുറ്റും എത്രയെങ്കിലുമുണ്ടെന്ന് തിരിച്ചറിയുന്നുമുണ്ട്.
എനിക്ക് ശരിക്കും ആത്മനിന്ദയ്ക്കുള്ള അവസരങ്ങൾ വരുന്നതേയുണ്ടായിരുന്നുള്ളൂ. ഗോവയിലെ രണ്ടാംദിവസം നാട്ടിൽനിന്ന് ഒരു സുഹൃത്തു വിളിച്ചു. ''നീ അയാളോടു പറയാതാണോ ഗോവയ്ക്ക് പോയിരിക്കുന്നത്?'' ഞാൻ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു. പക്ഷേ, സുഹൃത്ത് അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. എന്നെ വഴിതെറ്റിക്കുന്ന കൂട്ടത്തിലുള്ളയാളാണെന്നുപറഞ്ഞ് അവരെ എന്റെ ഭർത്താവ് ഫോണിൽ വഴക്കുപറഞ്ഞത്രേ. അതെനിക്ക് കടുത്ത നടുക്കമുണ്ടാക്കിയ സംഭവമായിരുന്നു. എത്ര എതിർപ്പുകളുണ്ടായാലും അത്തരമൊരു നീക്കം അദ്ദേഹത്തിൽനിന്നുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എനിക്കൊപ്പമുള്ള സുഹൃത്തുക്കളുടെ ഫോണിലേക്കായിരുന്നു തുടർന്നുള്ള അദ്ദേഹത്തിന്റെ വിളി. മദ്യപിച്ചാണ് സംസാരമെന്ന് അവരൊക്കെയും സാക്ഷ്യപ്പെടുത്തി. ഏവരും ഒരേപോലെ അസ്വസ്ഥരായി. അദ്ദേഹത്തെ അങ്ങോട്ടു വിളിക്കുന്നതാണ് കരണീയമെന്നു തോന്നിയപ്പോൾ ഞാൻ വിളിച്ചുനോക്കി. പക്ഷേ, ആ കോൾ അദ്ദേഹം എടുത്തുമില്ല.
താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ കോണിപ്പടിയിൽ ഞാൻ തളർന്നിരുന്നു. ആരുടെയും മുഖത്തേക്കു നോക്കാൻവയ്യ. ശരിക്കും എന്തുതെറ്റിനുള്ള ശിക്ഷയാണ് ഞാനനുഭവിക്കുന്നത്? ആരാണ് ശരിക്കും അപരാധി? ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഞാൻ വിഡ്ഢിയെപ്പോലെ ഇരിപ്പാണ്. അപ്പോൾ ഒരു കോൾ വന്നു. ഭർതൃസഹോദരിയാണ്. ഇത്തവണ എന്ത് ഒത്തുതീർപ്പാണ് എന്ന മടുപ്പോടെ അതെടുത്തു. പക്ഷേ, കേട്ട കാര്യങ്ങൾ വിചിത്രമായിരുന്നു. പ്രായമായ മാതാപിതാക്കളെ സഹോദരൻ വീട്ടിൽനിന്നു തല്ലിപ്പുറത്താക്കിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു. ഞാനും മക്കളും അവധിക്ക് വീട്ടിലെത്തുമ്പോൾ മാത്രമാണ് അവർ സമാധാനമായി ജീവിക്കുന്നത്. അപ്പോൾ ഇദ്ദേഹത്തിന് മറ്റൊരു മുഖമാണ്.
അല്ലാത്തപ്പോൾ സുഹൃത്തുക്കളുമായി മദ്യപാനമാണ്. കാറിൽ കുപ്പികൾ സൂക്ഷിക്കുന്നുണ്ട്. അച്ഛനെയും അമ്മയെയും ചീത്തവിളിയാണ്, തല്ലിപ്പരിക്കേൽപ്പിക്കുന്നുമുണ്ട്. അവരെ താൻ തത്കാലത്തേക്ക് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. എന്റെ ഭർത്താവിനെപ്പറ്റിത്തന്നെയാണോ കേൾക്കുന്നതെന്ന് ഞാനാദ്യം സംശയിച്ചു. വിശ്വസിക്കാൻ പറ്റാത്തതുകൊണ്ട് ഫോൺ കട്ട് ചെയ്ത് അമ്മായിയമ്മയെ വിളിച്ചു. ''അമ്മേ, ഞാനിക്കേട്ടത് ശരിയാണോ? നിങ്ങൾ ഇത്രകാലമായിട്ടും എന്നോടിത് പറയാതിരുന്നതെന്തുകൊണ്ടാണ്?'' എനിക്കത് അവരിൽനിന്നുതന്നെ കേൾക്കണമെന്നുണ്ടായിരുന്നു. നാളെയൊരുകാലം നാത്തൂൻ ഇതൊക്കെ നിഷേധിച്ചാലും ഇക്കാര്യത്തിലെടുക്കുന്ന നിലപാടിനെക്കുറിച്ചോർത്ത് പിന്നീടെനിക്ക് ഖേദിക്കേണ്ടി വരരുത്.
''നിങ്ങൾതമ്മിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടല്ലോ മോളേ, ഇതുകൂടിയാവണ്ട എന്നുകരുതി പറയാതിരുന്നതാണ്,'' അമ്മ പറഞ്ഞു. എനിക്ക് അമ്മായിയച്ഛനോടുകൂടി സംസാരിക്കേണ്ടിയിരുന്നു. നേരത്തേയുണ്ടായിരുന്ന പ്രശ്‌നങ്ങൾ മറക്കാറായിട്ടില്ല. എന്നാലും ഞാൻ അദ്ദേഹത്തോടും വിവരങ്ങൾ ചോദിച്ചു. കാര്യങ്ങൾ കുറേയായി അങ്ങനെതന്നെയാണ് എന്ന മറുപടി കിട്ടി. ഞാൻ ശരിക്കും തളർന്നുപോയി. ഒരു മനുഷ്യന് ഇങ്ങനെ അഭിനയിക്കാൻ സാധിക്കുമോ? എന്തായാലും ഇത്തരത്തിൽ പെരുമാറുന്നയാളെ വിശ്വസിച്ച് ജീവിക്കാനാവില്ല. സ്വന്തം അമ്മയെ, നീ കിടക്കുകയാണോടീ എന്നുചോദിച്ച് കിടക്കയിൽനിന്നു വലിച്ചിട്ടു തല്ലിയെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. ആ ഫോൺകോൾ കാതിൽനിന്നു മാഞ്ഞുപോവില്ല. നാളെ എത്രപേർ വട്ടത്തിൽ നിന്ന് ആവർത്തിച്ചുനിഷേധിച്ചാലും കേട്ടത് ഇല്ലാതാവില്ല. സ്വന്തം അമ്മയോട് മോശമായി പെരുമാറുന്ന ഒരാളിൽനിന്ന് ഭാര്യക്കും മക്കൾക്കും യാതൊന്നും പ്രതീക്ഷിക്കാനില്ല. അയാൾ എത്രവലിയ കുടുംബസ്‌നേഹിയായാലും കാര്യമില്ല. എന്തുകാരണം പറഞ്ഞാലും അതൊന്നും നിലനിൽക്കില്ല.
ബന്ധം ഉപേക്ഷിച്ചു, ഉപേക്ഷിച്ചു എന്ന് ഞാൻ പലതവണ സ്വയം തെര്യപ്പെടുത്തിയിട്ടുണ്ട്, മറ്റുള്ളവരോടും പറഞ്ഞിട്ടുണ്ട്. പക്ഷേ, അത്തരം നിശ്ചയങ്ങളൊക്കെയും അടുത്ത മഴയ്ക്ക് ഇല്ലാതായിപ്പോവുകയായിരുന്നു പതിവ്. പലവിധം ഒഴികഴിവുകളിലൂടെ ഞാനും ഈ ബന്ധം നിലനിർത്തി. മധ്യസ്ഥരെയും ബന്ധുക്കളെയും ഒത്തുതീർപ്പുകലാപരിപാടികളെയും കുറ്റംപറഞ്ഞുകൊണ്ടായാലും അതു മുന്നോട്ടുകൊണ്ടുപോകുകതന്നെയല്ലേ ഞാൻ ഇക്കാലമത്രയും ചെയ്തത്. 'പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങി നീയുണ്ണുവാൻ വരാറില്ലേ' എന്ന ലൈനായിരുന്നല്ലോ ഞാനും എന്റെ ദാമ്പത്യവും തമ്മിൽ!
പക്ഷേ, ഇത്തവണ മരത്തിന്റെ തായ്ത്തടിയിൽ കുറേക്കൂടി ആഴത്തിൽ വെട്ടുവീണിരിക്കുന്നു. അവസാനത്തെ തന്തുവും പൊട്ടി അത് അലച്ചുവീണുകഴിഞ്ഞു. ഞങ്ങളിരുവരും ജീവിച്ചിരിപ്പുണ്ടെങ്കിലും എല്ലാ അർഥത്തിലും ഇതാണ് ആ ബന്ധത്തിന്റെ അവസാനനിമിഷം! ഇനിയെങ്കിലും ഞാനത് അംഗീകരിച്ചേമതിയാകൂ. എന്റെ ശരീരത്തിലുടനീളം ഒരു പെരുപ്പുകയറി. ഗോവയിലെ പ്രമീള കോർട്ട് അപ്പാർട്ട്മെന്റിലെ ഗ്രൗണ്ട് ഫ്‌ളോറിലേക്കിറങ്ങുന്ന പടിമേൽ അശരണയായിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു.
Content Highlights: rajasree about indian marriages
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Most Commented