ഹോസ്പിറ്റലില്‍ തനിച്ചു പോകുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്ന് എന്റെ കൂട്ടുകാരികളില്‍ ചിലര്‍ പറയുമായിരുന്നു. വിവാഹം കഴിക്കുന്നതുതന്നെ ആശുപത്രിയില്‍ പോകാന്‍ തുണയ്ക്കാണെന്ന് തമാശ പറഞ്ഞവരുമുണ്ട്. സാധ്യമായ ആരോഗ്യസ്ഥിതിയാണെങ്കില്‍ ആശുപത്രിയില്‍ തനിയേ പോകാനാണ് ഇപ്പോള്‍ ഞാനിഷ്ടപ്പെടുന്നത്. വെറും കൗതുകത്തിന്, ആ മാറ്റം എപ്പോള്‍ മുതലാണുണ്ടായതെന്ന് ആലോചിച്ചുനോക്കി. വിവാഹത്തിനുമുന്‍പ് അത്തരം താത്പര്യമില്ലായിരുന്നു. മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുപോയ ചരിത്രമേയുള്ളൂ.
വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ എന്തെങ്കിലും അസുഖം വന്നാല്‍ പങ്കാളിയില്‍നിന്ന് അത് മറച്ചുവെയ്ക്കാനുള്ള പ്രവണത എന്റെ തലമുറയില്‍ പലര്‍ക്കുമുണ്ടായിരുന്നു. ജോലികളില്‍ വിട്ടുവീഴ്ച ചെയ്യാത്തവളും സദാ കര്‍ത്തവ്യനിരതയും ഉത്തരവാദിത്വമുള്ളവളുമായ ഒരു ഭാര്യയാണെന്ന് തെളിയിക്കേണ്ടതിന്റെ ഭാഗമായി, ചെറിയ ചെറിയ അസുഖങ്ങള്‍ ഞാനും മറച്ചുവെച്ചു. അതറിഞ്ഞാല്‍ ഭര്‍ത്താവിന് അനിഷ്ടമായെങ്കിലോ. എന്നിട്ടും നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍ എനിക്ക് അദ്ദേഹത്തെ മെനക്കെടുത്തേണ്ടിവന്നു. ഡോക്ടറുടെ വാതില്‍ക്കല്‍ ഊഴം കാത്തുനില്‍ക്കുന്ന നിലയില്‍ എന്റെ വീരനായകനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചില്ല! എന്നിട്ടും ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ അത് വേണ്ടിവന്നതിനെപ്പറ്റി ഞാന്‍ നേരത്തേ പറഞ്ഞല്ലോ.
ഭാര്യയെയുംകൂട്ടി ഡോക്ടര്‍മാരെ കണ്ട് വന്നശേഷം വിശദവിവരങ്ങള്‍ സ്വന്തം മാതാപിതാക്കള്‍ക്കുമുന്നില്‍ തമാശമട്ടില്‍ അവതരിപ്പിക്കുന്ന ഏര്‍പ്പാടുകാരണം അദ്ദേഹമില്ലാതെ ആശുപത്രിയില്‍ പോകാനാണ് ഞാനിഷ്ടപ്പെട്ടത്. പോരാത്തതിന് അരോഗദൃഢഗാത്രനായ തനിക്ക് 'തളര്‍ന്ന' ഭാര്യയെയാണ് കിട്ടിയതെന്ന തമാശയും എനിക്കു രസിച്ചിരുന്നില്ല. എല്ലാത്തിനുമുപരിയായി, സ്വന്തം നിസ്സഹായതകളും ദീനതകളും സ്വയമറിഞ്ഞാല്‍ മതിയല്ലോ എന്നുചിന്തിക്കുന്ന ചിലരെങ്കിലുമുണ്ട്. അക്കൂട്ടത്തില്‍ ഞാനും പെടുമെന്നുമാത്രം. പക്ഷേ, നമ്മുടെ നാട്ടില്‍ തനിയേ ചെക്കപ്പിനെത്തുന്ന ഗര്‍ഭിണി ഇപ്പോഴും അല്പം പ്രശ്‌നംതന്നെയാണ്. അതില്‍ അവളുടെ ശാരീരിക-മാനസിക നിലകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചുള്ള കരുതലുമുണ്ടെന്നതു വിസ്മരിക്കുന്നില്ല. ഏതായാലും, പലകാരണങ്ങളാല്‍ തനിയേ പോകേണ്ടിവരുന്നവരുണ്ട് എന്നുമാത്രം.
ഗര്‍ഭകാലത്തെ അവസാനത്തെ പരിശോധനയ്ക്ക് ഞാന്‍ തനിയേയാണ് പോയത്. പ്രസവത്തിന് കുറച്ചുകൂടി ദിവസങ്ങളുണ്ടെന്ന ധൈര്യമായിരുന്നു. ആരെങ്കിലും ഒപ്പം വരുമെന്ന് പ്രതീക്ഷിച്ചില്ല. ആവശ്യപ്പെടാന്‍ മനസ്സും വന്നില്ല. ദുരഭിമാനമെന്നോ അഹങ്കാരമെന്നോ മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം. ചിലനേരങ്ങളില്‍ മനുഷ്യര്‍ അങ്ങനെയുമാണ്. അഭിമാനത്തിന്റെ നേരിയ നൂല്‍പ്പാലത്തിലൂടെ സ്വയം അപകടത്തിലാക്കിയും നടന്നുകളയും. ഗര്‍ഭസ്ഥശിശുവിന് അനക്കം കുറവായതിനാല്‍ മധുരം കഴിച്ച് വരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. പരിശോധനാമുറിയില്‍നിന്ന് പുറത്തെ കടയിലെത്തി ജ്യൂസ് ഒറ്റയടിക്കകത്താക്കി തിരിച്ചോടി.
പരിശോധനയ്ക്കുശേഷം അഡ്മിറ്റാകാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. വീട്ടിലെത്തി ആളും സാധനങ്ങളുമായി ഇന്നോ നാളെയോ വരണം. പുറത്തിറങ്ങി മിഴിച്ചുനിന്ന എന്റെ മുന്നില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവിനെ വിളിക്കണം; വീട്ടുകാരുടെ സഹായം കിട്ടണം; ഇതിലൊക്കെയുപരി, നേരത്തേ ഏര്‍പ്പാടാക്കിയ ഹോം നഴ്സ് വരണം. ഞാനാദ്യം ഹോം നഴ്സിങ് ഏജന്‍സിയില്‍ വിളിച്ചു. നിലവില്‍ അസൈന്‍ ചെയ്തിരിക്കുന്നയാള്‍ക്ക് മറ്റൊരിടത്ത് ഏപ്രില്‍ 30 വരെ തുടരേണ്ടതുണ്ട്. അവര്‍ മേയ് ഒന്നിനേ എത്തൂ. രണ്ടാഴ്ചത്തേക്ക് ബദല്‍ സംവിധാനമുണ്ടാക്കിയേപറ്റൂ. വീട്ടിലേക്ക് വിളിച്ചു. മോളുടെ കാര്യം മാത്രം ശ്രദ്ധിച്ചാല്‍മതിയെന്ന് ഓര്‍മിപ്പിച്ചു. അവളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് എനിക്ക് ശ്വാസംമുട്ടി. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്ന ദുരന്തദുശ്ശങ്ക പിന്നെയും അലട്ടിത്തുടങ്ങി.
ഏറ്റവുമവസാനം ഭര്‍ത്താവിനെ വിളിച്ചു. ''ഹലോ...'' അല്പം നീണ്ട ഒരിടവേളയ്ക്കുശേഷം അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ ഫോണിലൂടെ കേട്ടു. ''ചെക്കപ്പായിരുന്നു. ഡോക്ടര്‍ അഡ്മിറ്റാവാന്‍ പറഞ്ഞു.'' ശേഷം അപ്പുറത്തും ഇപ്പുറത്തും നിശ്ശബ്ദത.''കുഴപ്പമൊന്നുമില്ലല്ലോ?''ഏറെനേരത്തിനുശേഷം ചോദ്യം വന്നു.''ഇല്ല''പറഞ്ഞുതീര്‍ന്നതും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ''ഇലക്ഷന്‍ ഡ്യൂട്ടിയുണ്ട്. സാരമില്ല, ഞാന്‍ വരാം,'' ഏറ്റവും ശാന്തമായ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.
ആശുപത്രിയുടെ ഇടനാഴിയിലെ സ്റ്റീല്‍ കസേരയില്‍ ഞാന്‍ ഏറെനേരം വെറുതേയിരുന്നു. ഒരുപാട് ഗര്‍ഭിണികള്‍, ദമ്പതിമാര്‍, നവവിവാഹിതര്‍, ഇരുകൂട്ടരുടെയും മാതാപിതാക്കളാല്‍ അകമ്പടിസേവിക്കപ്പെടുന്നവര്‍-അവരെല്ലാം നടന്നുനീങ്ങുന്നത് ഞാന്‍ കണ്ടു. എല്ലാ മുഖങ്ങളിലും പ്രത്യാശയാണ്, സന്തോഷം നിറഞ്ഞ ഉത്കണ്ഠയാണ്, ലജ്ജയാണ്. ചിലരിലെങ്കിലും ആശങ്കയുണ്ട്. പക്ഷേ, അത് പങ്കുവെയ്ക്കലുകളില്‍ അലിഞ്ഞുപോകുന്നുണ്ട്. കണ്ണീര്‍പ്പാടത്തിലെ ''സ്‌നേഹവൈകൃതാല്‍ തമ്മില്‍ പരിക്കേറ്റ ദയനീയരായ'' രണ്ടു മനുഷ്യരായി ഞങ്ങളിരുവരെയും ഞാന്‍ ഞൊടിനേരത്തേക്കു സങ്കല്പിച്ചു. 
സ്‌നേഹം തുടങ്ങിവെയ്ക്കാന്‍ മാത്രമല്ല, നിലനിര്‍ത്താനും നമുക്ക് ചില ഫാന്റസികള്‍ വേണം. സ്‌നേഹിക്കപ്പെടുന്നതായി സ്വയം തെറ്റിദ്ധരിപ്പിക്കുന്നത് അന്തസ്സുകൂട്ടാനുള്ള വഴിയാണെന്ന് ഞാനിപ്പോഴും വിചാരിക്കാറുണ്ട്. ഞാനില്ലായിരുന്നെങ്കില്‍, ഞാനിപ്പോള്‍ സ്‌നേഹിക്കുന്നവര്‍ എന്തുചെയ്‌തേനെയെന്ന് ഞെളിയാറുണ്ട്. എന്റെ സ്‌നേഹം കിട്ടുന്നവര്‍ ഭാഗ്യംചെയ്തവരാണെന്ന് പ്രഖ്യാപിക്കാറുണ്ട്. ഞാനിത്രയൊക്കെ സ്‌നേഹിച്ചിട്ടും ഇവര്‍ക്കൊന്നും അതിന്റെ വില മനസ്സിലാവാത്തതെന്താണെന്ന് പരിഭവിക്കാറുണ്ട്. ഏറ്റവും കൂടുതല്‍ അതിജീവനതന്ത്രങ്ങള്‍ മനുഷ്യര്‍ക്ക് പയറ്റേണ്ടിവരുന്നത് സ്‌നേഹത്തിന്റെ മുന്നിലാണ്, അതു നിലനിര്‍ത്താന്‍ വേണ്ടിയാണ്.
പിറ്റേന്നുരാവിലേ അദ്ദേഹമെത്തി. മോള്‍ക്ക് ഉമ്മയുംകൊടുത്ത് ഹോസ്പിറ്റലിലേക്ക് പുറപ്പെടുമ്പോള്‍ ഞാന്‍ കരച്ചിലടക്കാന്‍ പാടുപെട്ടു. എന്താണ് എന്റെ സംഘര്‍ഷത്തിനു കാരണമെന്ന് ആരോടും പറഞ്ഞില്ല. ഹോം നഴ്സില്ലെങ്കിലും താന്‍ ബദല്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം എന്നോടുപറഞ്ഞു. ''നിനക്ക് ആള്‍ക്കാരില്ലെങ്കിലും എനിക്കുണ്ട്...'' ഞാന്‍ തലകുനിച്ചു. ശരിയാണ്, ദാമ്പത്യം പരാജയപ്പെട്ടുപോകുന്ന സ്ത്രീകള്‍ ബന്ധുക്കളില്ലാത്തവളാണ്. അവള്‍ വീട്ടുകാര്‍ക്കുപോലും സങ്കടവും അപമാനവുമുണ്ടാക്കും.
തിയേറ്ററില്‍ ശാന്തമായി ഞാന്‍ എന്റെ കുഞ്ഞിന്റെ വരവിനെ കാത്തുകിടന്നു. തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡോ. ശ്രീകൃഷ്ണ കിരണ്‍. ചില മനുഷ്യരുടെ പേര് ഓര്‍മയിലേക്കെത്തുമ്പോള്‍ത്തന്നെ നന്ദിയും ആദരവുംകൊണ്ട് കൈകൂപ്പിപ്പോകും. അത്തരത്തിലൊരാളായിരുന്നു അദ്ദേഹം. മറ്റെല്ലാ അലട്ടലുകളും വാരിപ്പിടിച്ചുകൊണ്ടുനടന്നിരുന്ന ഞാന്‍ ഗര്‍ഭത്തെക്കുറിച്ചുമാത്രം ആശങ്കപ്പെടാതെ ഒമ്പതുമാസം ജീവിച്ചതിന് അദ്ദേഹമാണ് കാരണക്കാരന്‍. ഡോക്ടര്‍ ഏറ്റവും സൗഹാര്‍ദത്തോടെ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. ആദ്യപ്രസവത്തിന്റെ ട്രോമകളൊക്കെ ഒഴിഞ്ഞുപോയെന്ന് എനിക്കുതോന്നി. കുഞ്ഞിനെ പുറത്തെടുത്തിട്ട് ഡോക്ടര്‍ പറഞ്ഞു: ''ആണ്‍കുഞ്ഞാണ്ട്ടോ, മിടുക്കനാണ്. ഫാമിലി കംപ്ലീറ്റഡ്.'' തൊട്ടുപിന്നാലെ കുഞ്ഞിന്റെ പിറവിക്കരച്ചില്‍ മുഴങ്ങി. എന്റെ മകന്റെ ആദ്യത്തെ ഒച്ച!
ഞാന്‍ യാതൊരു കരുതലുമെടുക്കാതിരുന്ന, അബോര്‍ഷനായിപ്പോയി എന്നു കരുതിയ, എനിക്കൊപ്പം ഓട്ടപ്പന്തയത്തില്‍ പങ്കെടുത്ത, പട്ടിണികിടന്ന, എത്രയോ രാത്രികള്‍ ഉറങ്ങാതെ തെറികേട്ട, ഞാന്‍ ആശങ്കപ്പെടുകയും കരയുകയും ചെയ്തപ്പോള്‍ എനിക്കൊപ്പം ഇളകിമറിഞ്ഞ, ഞാന്‍ ആത്മഹത്യചെയ്തിരുന്നെങ്കില്‍ ഒപ്പം ഇല്ലാതെയായിപ്പോകുമായിരുന്ന മനുഷ്യജീവിയുടെ ശബ്ദം!
ആരാണ് ഞാന്‍ ഒറ്റയ്ക്കാണെന്നു പറഞ്ഞത്. എനിക്കൊപ്പം ഒരു ഒറ്റയാള്‍പ്പട്ടാളമുണ്ടായിരുന്നല്ലോ...അകത്ത് അവനെനിക്ക് കാവല്‍ കിടക്കുകയായിരുന്നല്ലോ... ഞാന്‍ അവനെയല്ല, അവന്‍ എന്നെയല്ലേ കൊണ്ടുനടന്നിരുന്നത്... പിടിവിട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു. ഡോക്ടര്‍ കുഞ്ഞിനെ എന്റെ മുഖത്തോട് അടുപ്പിച്ചുപിടിച്ചു. തീരാത്ത നന്ദിയോടെ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഞാനവനെ ഉമ്മവെച്ചു. നഴ്സുമാരുടെ കൈയില്‍ അവന്‍ പുറത്തേക്കു പോകുന്നതു നോക്കിക്കൊണ്ട് സ്വസ്ഥതയോടെ ചെറിയൊരു മയക്കത്തിലേക്ക് വീണു. ബോധം തെളിയുമ്പോള്‍ എന്റെ നെറ്റിയിലും ഒരുമ്മപതിയുന്നതറിഞ്ഞു. ഭര്‍ത്താവാണ്. അദ്ദേഹം വലിയ വിജയാഹ്ലാദത്തിലാണ്. ആണ്‍കുട്ടി ഉണ്ടായിരിക്കുന്നു!
സന്തോഷിക്കാമോ, ഇതിന്റെ പിന്നാലെ വല്ലതും വരുമോ എന്നൊരങ്കലാപ്പിനുശേഷം ഭയന്നുഭയന്നാണെങ്കിലും ഞാന്‍ സന്തോഷിക്കാന്‍ തീരുമാനിച്ചു. വീട്ടിലെല്ലാവരും സന്തോഷത്തിലാണ്. കുഞ്ഞിനെ റൂമിലെത്തിച്ചപ്പോള്‍, ആശുപത്രിയില്‍ താന്‍ നിന്നുകൊള്ളാമെന്ന് ഭര്‍തൃസഹോദരി ഏറ്റു. മോളുമായി അമ്മ വീട്ടിലേക്കുപോയി. വേറാരും ഒപ്പം പോവാന്‍ തയ്യാറായില്ല. അവരെല്ലാം ഇതേ മുറിയില്‍ താമസിക്കുകയാണത്രേ.
അല്പം കഴിഞ്ഞ് ഭര്‍ത്താവും അളിയനും പുറത്തേക്കുപോയി. വന്നുകയറിയത് മദ്യപിച്ചതിനുശേഷമാണ്. ആഘോഷിച്ചതാണെന്നു പറഞ്ഞു. എ.സി. മുറിയാണ്. അസുഖകരമായ ഗന്ധമുണ്ട്. സിസ്റ്റര്‍മാര്‍ ഇടയ്ക്കിടെ വരുന്നതാണ്. പോരാത്തതിന് ഒരു സ്ത്രീ പ്രസവിച്ചുകിടക്കുന്ന മുറിയില്‍ സ്വകാര്യതയില്ലാത്തത് വലിയ പ്രശ്‌നമായി എനിക്കുതോന്നി. അളിയന്‍, രണ്ടു കുട്ടികള്‍, ഭര്‍ത്താവ്, സഹോദരി എന്നിവര്‍ ആ മുറിയില്‍ നിലത്തും സോഫയിലുമായി കിടപ്പാണ്.
എനിക്ക് യൂറിന്‍ ട്യൂബ് ഇട്ടിരിക്കുകയാണ്. രക്തം നിറയുന്ന പാഡുകള്‍ ഇടയ്ക്കിടെ മാറ്റണം. ഇരുന്ന് കുഞ്ഞിന് പാലുകൊടുക്കാന്‍ നന്നേ കഷ്ടപ്പെടണം. ഒറ്റ നൈറ്റി മാത്രമേ വേഷമായുള്ളൂ. കുഞ്ഞ് കരയുമ്പോള്‍ ഇടയ്ക്കിടെ പാലുകൊടുക്കണം, നവജാതശിശുവാണ്. അതിന് വലിച്ചുകുടിക്കാന്‍ പാകത്തില്‍ മുലകള്‍ സ്വതന്ത്രമാക്കി വെയ്ക്കണം. സ്ത്രീകള്‍ ഒപ്പമുള്ളതുപോലല്ല പുരുഷന്മാര്‍ അവിടെ ഉണ്ടായിരിക്കുന്നത്. എനിക്ക് യാതൊന്നും പറയാനാവാത്ത അവസ്ഥയാണ്. ഒന്നുകില്‍ അവര്‍ മനസ്സിലാക്കി പെരുമാറണം, അല്ലെങ്കില്‍ ഭര്‍ത്താവ് പറയണം. ഞാന്‍ പറഞ്ഞാല്‍, സഹായിക്കാമെന്നേറ്റ ഭര്‍തൃസഹോദരിക്ക് അഭിമാനക്ഷതമായാലോ? 
കുറേനേരം കഴിഞ്ഞപ്പോള്‍ ഞാന്‍ എനിക്കുള്ള പ്രയാസത്തെപ്പറ്റി ഭര്‍ത്താവിനോട് സൂചിപ്പിച്ചു. തത്ക്ഷണം അദ്ദേഹത്തിന്റെ മുഖം മാറി. ഞാനും എന്റെ വീട്ടുകാരും അദ്ദേഹത്തെയും വീട്ടുകാരെയും വിലവെയ്ക്കുന്നില്ല, രണ്ടാമത്തെ പ്രസവം ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഉത്തരവാദിത്വമാണ്, അതിനാണ് അവരെ വിളിച്ചുവരുത്തിയത്, വന്നത് അവരുടെ ഔദാര്യം, ബന്ധുക്കളില്ലാതെ കിടക്കുന്നവര്‍ അതൊക്കെ വലിയ കാര്യമായി കാണണം, സ്വന്തം സഹോദരി പ്രസവിച്ചപ്പോള്‍ മൂന്ന് സഹായികളുണ്ടായിരുന്നു, ഇതിപ്പോള്‍ പട്ടിപെറ്റതു പോലെയായി...എന്നിങ്ങനെ പിറ്റേന്ന് ഉച്ചവരെ നീണ്ട പ്രഭാഷണപരമ്പരയായിരുന്നു.
തൊട്ടതിനും പിടിച്ചതിനും വഴക്ക്, കുത്തുവാക്കുകള്‍, പിറുപിറുപ്പ്. എന്റെ ക്ഷമനശിച്ചു. വീട്ടിലേക്കു ഫോണ്‍ചെയ്ത്, ആരെങ്കിലും വന്നു നില്‍ക്കണം, അല്ലെങ്കില്‍ ആരെയെങ്കിലും തത്കാലത്തേക്ക് ഏര്‍പ്പാടാക്കണം എന്ന് ഞാനാവശ്യപ്പെട്ടു. അതിനെച്ചൊല്ലി വീണ്ടും കലാപം. കുഞ്ഞുങ്ങളും ഭാര്യയുമായി ആശുപത്രിയില്‍നിന്നുതന്നെ നേരേ പോകാനാണ് തീരുമാനം. ഭാര്യവീട്ടുകാര്‍ സംസ്‌കാരമില്ലാത്തവരാണ്.
എനിക്ക് ബി.പി. കയറി. എല്ലാവരും മുറിയില്‍നിന്നിറങ്ങിപ്പോകാന്‍ ഉച്ചത്തിലലറാനുള്ള തോന്നലിനെ ഞാന്‍ പാടുപെട്ടടക്കി. പ്രസവാനന്തരം സ്ത്രീകള്‍ വിഷാദത്തിന്റെ ചുഴിയിലേക്ക് വീണുപോകാറുണ്ട്. അതിനെ മറികടക്കാന്‍ പലദിക്കുകളില്‍നിന്നുള്ള പിന്തുണ അവര്‍ക്കാവശ്യമുണ്ട്. ഒന്നും കൊടുത്തില്ലെങ്കിലും അലട്ടാതെയെങ്കിലുമിരിക്കാം. അതുമൊരു സഹായമാണ്. പ്രസവാനന്തരവിഷാദത്തിനടിമപ്പെട്ട എത്രയോ അമ്മമാരും അവര്‍ വഴി കുഞ്ഞുങ്ങളും ദുരന്തങ്ങള്‍ക്കിരയായിട്ടുണ്ട്. പുതിയകാലത്ത് മനുഷ്യര്‍ അതേക്കുറിച്ച് കുറച്ചുകൂടി ബോധമുള്ളവരാണെന്നേയുള്ളൂ. അതിനെ തടയാന്‍ പ്രസവിച്ച സ്ത്രീക്ക് എന്തെങ്കിലും ചെയ്യാനാവുമോ എന്നറിയില്ല. പക്ഷേ, ഒരിക്കലും അത്തരമൊരവസ്ഥയിലേക്ക് പോകരുതെന്നും പോയാല്‍ എനിക്കും കുഞ്ഞുങ്ങള്‍ക്കുമാണ് അതിന്റെ നഷ്ടമെന്നും ഞാന്‍ മനസ്സിലുരുവിട്ടു. അതൊന്നും പോംവഴിയേ അല്ല. പക്ഷേ, തീര്‍ച്ചയായും ഒരു കച്ചിത്തുരുമ്പായിരുന്നെന്നു തോന്നുന്നു.
രണ്ടുദിവസത്തെ ശ്വാസംമുട്ടലിനുശേഷം പിറ്റേന്ന് രാവിലേ ഡ്യൂട്ടിമാറിയെത്തിയ സിസ്റ്റര്‍ എന്റെ സ്വകാര്യതാപ്രശ്‌നം നിസ്സാരമായി പരിഹരിച്ചു. മുറിയിലെ ആള്‍ക്കൂട്ടം കണ്ട് അവര്‍ ക്ഷുഭിതയായി: ''ഇത്രയുംപേര്‍ക്ക് ഇവിടെ നില്‍ക്കാനാവില്ല. സര്‍ജറി കഴിഞ്ഞ പേഷ്യന്റും പറഞ്ഞ സമയത്തിന് മൂന്നാഴ്ച മുന്‍പ് ജനിച്ച കുഞ്ഞുമാണ്. ഇന്‍ഫെക്ഷനുണ്ടാകും. ഇതുപറ്റില്ല.'' ഞാന്‍ അവരെ നന്ദിയോടെ നോക്കി. വേണ്ട, പറ്റില്ല എന്നൊക്കെ ആവശ്യമുള്ള സ്ഥലത്തും സമയത്തുമൊക്കെ വൃത്തിയായി പറയാന്‍ ഞാനെന്നു പഠിക്കും?
ആരുടെയെങ്കിലും നിസ്സഹായാവസ്ഥയില്‍ സഹായിക്കുമ്പോള്‍ തിരിച്ച് അവര്‍ എക്കാലവും തങ്ങള്‍ക്ക് വിധേയരായും ദീനരായും തുടരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഈ മനുഷ്യര്‍ക്കും അന്തസ്സുണ്ടെന്നോ അവകാശങ്ങളുണ്ടെന്നോ അവര്‍ അംഗീകരിക്കില്ല. തങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന്റെയും പരിഗണനയുടെയും കണക്ക് അവര്‍ സദാ സൂക്ഷിക്കും. പറ്റിയ ഔദാര്യത്തിന്റെ അപ്പക്കഷണങ്ങള്‍ക്കുള്ള വില പലരീതിയില്‍ ആവശ്യപ്പെടും. സഹായം കൈപ്പറ്റിയവര്‍ക്കാകട്ടെ അവര്‍ക്കെതിരായി ശബ്ദിക്കുക സാധ്യമാവില്ല. അത്തരമൊരു കുടുക്കില്‍ സഹായികള്‍ വിധേയരെ എന്നേക്കും കുടുക്കിയിടും.
Content Highlights: writer r rajasree column
Published: 08 Jul 2024, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented